പരീക്ഷണങ്ങളെ അതിജയിക്കുന്ന വിശ്വാസദാർഢ്യം

A steadfast faith that overcomes trials

“അല്ലാഹുവേ, മുഹമ്മദ് നബി (സ) യുടെ മേലിലും അവിടുത്തെ കുടുംബത്തിന്മേലും നീ സ്വലാത്ത് ചൊരിയേണമേ. ഞങ്ങൾക്ക് ക്ഷമ ചൊരിഞ്ഞു തരികയും ഞങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചു നിർത്തുകയും ചെയ്യേണമേ. നിന്റെ അനുഗ്രഹങ്ങൾ ഞങ്ങൾക്കു നൽകുകയും അതിന് നന്ദി കാണിക്കാൻ തൗഫീഖ് നൽകുകയും ചെയ്യേണമേ…”
പ്രസംഗം തുടർന്നു:
ഓ ജനങ്ങളേ! നിങ്ങൾ ക്ഷമ കൈക്കൊള്ളുവിൻ. തീർച്ചയായും ഈ ദുനിയാവ് ആപത്തുകളും മുസീബത്തുകളും നിറഞ്ഞതാണ്. അതിലല്ലാത്തത് വളരെ അപൂർവ്വമാണ്. ഒരു അനുഗ്രഹവും അതിനോടൊപ്പം ഒരു ശിക്ഷയോ ആപത്തോ ഇല്ലാതെ ഉണ്ടാകുന്നില്ല. ഒരു സന്തോഷവും ദുഃഖത്തോടൊപ്പമല്ലാതെ ഇല്ല. ഒരു വിശാലതയും ഇടുക്കത്തോടൊപ്പമല്ലാതെ അനുഭവപ്പെടാറുമില്ല.
അതുകൊണ്ട്, ദുനിയാവിന് അതിന്റെ അവകാശം നൽകുക. എന്നാൽ നിങ്ങളുടെ വിഹിതം ശരീഅത്തിന്റെ കൈകൊണ്ടു മാത്രം സ്വീകരിക്കുക. കാരണം, ദുനിയാവിൽ നിന്ന് ഈ വിധം സ്വീകരിക്കുന്നത് ഒരു ഔഷധ ചികിത്സയാണ്.

ഓ യുവാവേ! നീ അല്ലാഹുവിന്റെ വഴി തേടുന്ന ഒരു ‘മുരീദ്’ ആണെങ്കിൽ ശരീഅത്തിന്റെ കൈകളിൽ നിന്ന് നിന്റെ വിഹിതം സ്വീകരിക്കുക. ഇനി നീ സത്യാനുസാരിയായ ഒരു ‘സ്വാദിഖ്’, അല്ലാഹുവിലേക്ക് എത്തിച്ചേർന്ന ഒരു ‘വാസ്വിൽ’, ഇലാഹി സാമീപ്യം സിദ്ധിച്ച ഒരു ‘മുഖർറബ്’ ആണെങ്കിൽ, അല്ലാഹുവിന്റെ കല്പന എന്ന കൈകളിൽ നിന്ന് അത് സ്വീകരിക്കുക. അപ്പോൾ എല്ലാ കാര്യങ്ങളും നിന്റെ മുന്നിലേക്ക് നയിക്കപ്പെടും. അല്ലാഹുവിന്റെ കല്പനകൾ നിന്നിൽ പ്രവർത്തിച്ചു തുടങ്ങും.

ജനങ്ങൾ മൂന്ന് വിഭാഗമാണ്:

ആമ്മ് അഥാവ സാധാരണക്കാർ: ശരീഅത്തിന്റെ കൽപനകളെ മുറുകെപ്പിടിക്കുന്ന മുത്തഖിയായ മുസ്ലിമാണവൻ. അവൻ ശരീഅത്തിനെ ഒരിക്കലും വേർപിരിയുന്നില്ല. അല്ലാഹു പറഞ്ഞതുപോലെ അവൻ പ്രവർത്തിക്കുന്നു:
“പ്രവാചകൻ നിങ്ങൾക്ക് നൽകിയത് നിങ്ങൾ സ്വീകരിക്കുക, തടഞ്ഞതിൽ നിന്ന് വിട്ടുനിൽക്കുക.”* (വിശുദ്ധ ഖുർആൻ)
ഖാസ്സ് അഥവാ പ്രത്യേകക്കാർ/ഉന്നതർ: ബാഹ്യവും ആന്തരികവുമായ അമൽ പൂർത്തിയാകുമ്പോൾ അവന്റെ ഹൃദയത്തിൽ ഒരന്തർദൃഷ്ടി വെളിച്ചം വീശുന്നു. ശരീഅത്തിൽ നിന്ന് അവൻ സ്വീകരിച്ച ശേഷം, അവന്റെ ഹൃദയം പര്യാപ്തമാവുകയും അല്ലാഹുവിന്റെ ദിവ്യബോധനത്തിനായി (ഇൽഹാം) കാത്തിരിക്കുകയും ചെയ്യുന്നു. അല്ലാഹു പ്രസ്താവിച്ചതുപോലെ:
“അതിന്റെ അധർമ്മവും തഖ്‌വയും അവൻ അതിന് തോന്നിപ്പിച്ചു.” (വിശുദ്ധ ഖുർആൻ)
ഖാസ്സുൽ ഖാസ്സ് അഥവാ അബ്ദാലുകൾ: അവർ അല്ലാഹുവിൽ നിന്നുള്ള ആന്തരിക പ്രേരണയും (ഇൽഹാം) ഇലാഹീ കൽപ്പനകളും അനുസരിച്ച് പ്രവർത്തിക്കുന്നവരാണ്. ഈ മൂന്ന് കാര്യങ്ങൾക്ക് പുറത്തുള്ളതെല്ലാം ആത്മീയ നാശവും, രോഗവും, ഹറാമും, മതപരമായ ശൂന്യതയും, ഹൃദയത്തിലെ അന്ധകാരവുമാണ്.

ഓ ജനങ്ങളേ! അല്ലാഹുവിന്റെ വിധിവിലക്കുകൾ നിങ്ങളിൽ പ്രകടമാകുന്നത് നിങ്ങൾ എങ്ങിനെ നേരിടുന്നുവെന്ന് നോക്കൂ. നിങ്ങൾ അതിൽ ഉറച്ചുനിൽക്കുന്നുണ്ടോ അതോ പരാജയപ്പെടുന്നുവോ? നിങ്ങൾ വിശ്വസിക്കുന്നുവോ അതോ നിഷേധിക്കുന്നുവോ? ഇലാഹി വിധിയോട് വിയോജിക്കുന്നവന് അല്ലാഹുവിന്റെ പൊരുത്തം ലഭിക്കില്ല. വിധിയിൽ തൃപ്തിപ്പെടാത്തവന് അനുഗ്രഹങ്ങൾ നൽകപ്പെടുകയുമില്ല.
ഓ വിഡ്ഢീ! നീ കാര്യങ്ങളെ മാറ്റാൻ ആഗ്രഹിക്കുന്നു, എന്നാൽ ഇലാഹി വിധിക്ക് മുന്നിൽ നീ വഴങ്ങേണ്ടതുണ്ട്. പരീക്ഷണങ്ങൾ ഉണ്ടാകുമ്പോഴാണ് കപടമായ വാദങ്ങളും യഥാർത്ഥ മാണിക്യങ്ങളും വേർതിരിച്ചറിയുന്നത്. ആദ്യം നിന്റെ സ്വന്തം നഫ്സിനെ ശകാരിക്കുകയും തിരുത്തുകയും ചെയ്യുക. നിന്റെ നഫ്സിനെ കീഴടക്കാൻ കഴിഞ്ഞാൽ മാത്രമേ നിനക്ക് മറ്റുള്ളവരെ തിരുത്താൻ സാധിക്കൂ.
നിന്റെ ഈമാനിന്റെ ശക്തിക്കനുസരിച്ച് തിന്മകളെ തടയാൻ നിനക്ക് കഴിയും. എന്നാൽ ഈമാൻ ദുർബലമാണെങ്കിൽ സ്വന്തം വീട്ടിൽ ഒതുങ്ങിയിരിക്കേണ്ടി വരും. മനുഷ്യരിലും ജിന്നുകളിലുമുള്ള പിശാചുക്കളെ നേരിടുമ്പോഴാണ് സത്യവിശ്വാസത്തിന്റെ പാദങ്ങൾ ഉറച്ചുനിൽക്കുന്നത്. വിപത്തുകളും മുസ്വീബത്തുകളും ഇറങ്ങിവരുമ്പോഴാണ് ഈമാൻ പരീക്ഷിക്കപ്പെടുന്നത്. അല്ലാത്തപക്ഷം ആ ഈമാനിന് സ്ഥിരതയില്ല.

നിന്റെ ഹൃദയം സൃഷ്ടികളിൽ നിന്നെല്ലാം മാറ്റി നിർത്തി, പടച്ചവനായ അല്ലാഹുവിലേക്ക് മാത്രം തിരിച്ചുവെക്കുക. അപ്പോൾ അല്ലാഹു തനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ നിന്നിലേക്ക് പ്രിയങ്കരമാക്കിത്തരും. അതുകൊണ്ടാണ് പ്രവാചകൻ (സ) അരുളിയത്:
“നിങ്ങളുടെ ഈ ദുനിയാവിൽ നിന്ന് സുഗന്ധവും സ്ത്രീകളും എനിക്ക് പ്രിയങ്കരമാക്കപ്പെട്ടു, എന്റെ കൺകുളിർമ നിസ്കാരത്തിലാണ് ആക്കപ്പെട്ടിരിക്കുന്നത്.”
നിന്റെ ഹൃദയത്തിൽ നിന്ന് അല്ലാഹുവല്ലാത്ത സർവ്വതിനെയും ഒഴിഞ്ഞു നിർത്തുക. അങ്ങനെ അല്ലാഹു തനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ നിന്റെ ഹൃദയത്തിൽ പ്രിയങ്കരമാക്കി തരുന്നതാണ്.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy