വേദം

The BooK-Al Kitab

വേലിയേറ്റ തിരമാല എന്ന നമ്മുടെ അടിസ്ഥാന രൂപകത്തെ മുൻനിർത്തി, എന്ത് രൂപമാണ് അത് കൈക്കൊള്ളുന്നത് എന്ന് ചോദിച്ചാൽ, പ്രധാനമായും ഒരു ഗ്രന്ഥത്തിന്റെ അഥവാ പരിശുദ്ധ ഖുർആനിന്റെ രൂപം എന്നാണ് ഉത്തരം.
ഇസ്ലാമിലെ ഏറ്റവും മൗലികമായ വിശ്വാസപ്രമാണങ്ങളിൽ ഒന്നനുസരിച്ച് അല്ലാഹുവിന്റെ ‘സൃഷ്ടിക്കപ്പെടാത്ത വചനം’ (1) ആണ് പരിശുദ്ധ ഖുർആൻ. അതിൽ ‘മുങ്ങിപ്പോകാൻ ആഗ്രഹിക്കുന്നതിനെ’ (ഇസ്തിഗ്‌റാഖ്) കുറിച്ച് സ്വൂഫികൾ സംസാരിക്കുന്നുണ്ട്. മറ്റൊരു സ്വൂഫി പ്രയോഗം കടമെടുത്താൽ, സൃഷ്ടിക്കപ്പെട്ടത് സൃഷ്ടിക്കപ്പെടാത്തതിലും, നശ്വരമായത് ശാശ്വതമായതിലും, പരിമിതമായത് അനന്തതയിലും ‘വിലയം പ്രാപിക്ക'(ഫനാ) ലാണ് അവരുടെ ലക്ഷ്യം.

ജീവിതത്തിലുടനീളം പരിശുദ്ധ ഖുർആൻ പാരായണം ചെയ്യുക എന്നതായിരുന്നു ചില സ്വൂഫികളെ സംബന്ധിച്ചിടത്തോളം അല്ലാഹുവിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പ്രധാന മാർഗ്ഗം. ഇതു തന്നെയാണ് ഏതൊരു ആത്മീയ പാതയുടെയും അന്തസ്സത്ത. അറബി ഭാഷ വളരെ കുറച്ചുമാത്രം അറിയാവുന്ന സ്വൂഫികൾ പോലും — ഉദാഹരണത്തിന് ഇന്ത്യയിലും പശ്ചിമാഫ്രിക്കയിലുമുള്ളവർ—പരിശുദ്ധ ഖുർആൻ നിരന്തരമായി പാരായണം ചെയ്യാറുണ്ട്. അർത്ഥം ഗ്രഹിക്കാതെ ഓതിയാൽ വായനക്കാരുടെ മനസ്സ് അതിൽ പൂർണ്ണമായി പങ്കുചേരില്ല എന്നും ആയതിനാൽ അത്തരം വായന ആത്മാവിൽ അപൂർണ്ണമായ ഫലമേ ഉളവാക്കൂ എന്നും വാദിക്കുന്നവർ ഉണ്ടാവാം. എന്നാൽ അങ്ങനെ വായിക്കുമ്പോഴും ഇലാഹി വചനത്തിന്റെ ദിവ്യസാന്നിധ്യത്തിൽ പങ്കുചേരുകയാണ് എന്ന ബോധം അവരുടെ പ്രജ്ഞയിൽ ആഴത്തിൽ പതിയുന്നുണ്ട് എന്നാണ് മറുപടി. അങ്ങനെ അവരുടെ പാരായണം ദീർഘവും നിരന്തരവുമായ ഇലാഹി നാമ കീർത്തനത്തിനു തുല്യമായി മാറുന്നു.
മാത്രമല്ല, പരിശുദ്ധ ഖുർആൻ ഒരു പ്രവാഹവും വേലിയിറക്കവുമാണെന്ന് അവർ തിരിച്ചറിയുന്നുണ്ട്. അത് അല്ലാഹുവിൽ നിന്ന് അവരിലേക്ക് ഒഴുകിയെത്തുന്നുവെന്നും അതിലെ സൂക്തങ്ങൾ തങ്ങളെ അല്ലാഹുവിലേക്ക് തന്നെ തിരികെ എത്തിക്കുന്ന അത്ഭുത ദൃഷ്ടാന്തങ്ങളാണെന്നും (ആയാത്ത് ) അവർ മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെയാണ് അവർ അത് പാരായണം ചെയ്യുന്നതും.

പരിശുദ്ധ ഖുർആൻ തന്നെ ഈ കാഴ്ചപ്പാടിനെ ശരിവെക്കുന്നുണ്ട്. പരിശുദ്ധ ഖുർആന്റെ മുഖ്യപ്രമേയം തന്നെ സാക്ഷാൽ അല്ലാഹുവാണ്. ദിവ്യവെളിപാട് വഴി വേദം അല്ലാഹുവിൽ നിന്ന് നേരിട്ട് വരുന്നു. ‘നേരായ പാത’യിലൂടെ അത് അവനിലേക്ക് തന്നെ തിരികെ കൊണ്ടുപോവുകയും ചെയ്യുന്നു. ഇതാണ് രണ്ടാമത്തെ പ്രമേയം. ആദ്യത്തെ ഏഴ് പ്രാരംഭ സൂക്തങ്ങൾക്ക് തൊട്ടുപിന്നാലെ, പരിശുദ്ധ ഖുർആന്റെ പ്രധാന ഭാഗം ആരംഭിക്കുന്നത് തന്നെ ഈ ആധികാരികതയും ഫലപ്രാപ്തിയും ഉറപ്പിച്ചു പ്രഖ്യാപിച്ചുകൊണ്ടാണ്: ‘അലിഫ്-ലാം-മീം— യാതൊരു സംശയവുമില്ലാത്ത ഗ്രന്ഥമാണിത്. ഭയഭക്തിയുള്ളവർക്ക് മാർഗ്ഗദർശനവുമാണ്.’
ഈ ആദ്യക്ഷരങ്ങളിലെ ഒന്നാമത്തേത് അല്ലാഹുവിനെയും, രണ്ടാമത്തേത് റസൂൽ(സ്വ) (2) അഥവാ അല്ലാഹുവിന്റെ സന്ദേശവാഹകനായ ‘ദൂതനെയും’, മൂന്നാമത്തേത് അവിടുത്തെ ലൗകിക പ്രകൃതത്തെ പ്രതിനിധീകരിക്കുന്ന മുഹമ്മദ് എന്ന നാമത്തെയുമാണ് കുറിക്കുന്നത്. ഇവയിൽ തെളിയുന്ന തുടർച്ച കാരണം, ഈ അക്ഷരങ്ങൾ തിരമാലയുടെ പ്രവാഹത്തെ അടയാളപ്പെടുത്തുന്നു. ‘മാർഗ്ഗദർശനം’ എന്നത് അതിന്റെ വേലിയിറക്കമാണ്.

ഖുർആനിക അധ്യായങ്ങൾ ആരംഭിക്കുന്ന കാരുണ്യത്തിന്റെ രണ്ട് നാമങ്ങളായ അർ-റഹ്‌മാൻ, അർ-റഹീം എന്നിവയും ഇതേ ആധികാരികതയെയും ഫലപ്രാപ്തിയെയും അടിവരയിടുന്നു. ഇതിൽ ആദ്യത്തേത്, സ്വതവേ കവിഞ്ഞൊഴുകുന്ന അപാരമായ നന്മയുടെയും സൗന്ദര്യത്തിന്റെയും ഭാവത്തിലുള്ള സാക്ഷാൽ ‘സമുദ്രത്തെ’ സൂചിപ്പിക്കുന്നു. അതിനാൽ, വിശാലമായ അർത്ഥത്തിൽ, തിരമാലയുടെ പ്രവാഹം, സൃഷ്ടിക്കുകയും വെളിപ്പെടുത്തുകയും മാലാഖമാരായ ദൂതന്മാരെയും മനുഷ്യരായ പ്രവാചകന്മാരെയും നിയോഗിക്കുന്ന കാരുണ്യത്തെയും കുറിക്കാൻ അർ-റഹ്‌മാൻ എന്ന നാമം ഉപയോഗിക്കാവുന്നതാണ്. ‘നാം അത് അവതരിപ്പിച്ചു’ അല്ലെങ്കിൽ ‘താങ്കളെ (മുഹമ്മദ്(സ്വ) യെ) നാം ദൂതനായി നിയോഗിച്ചു’ തുടങ്ങിയ വാക്കുകൾ പരിശുദ്ധ ഖുർആനിലുടനീളം ആവർത്തിച്ചുവരുന്ന പ്രമേയങ്ങളാണ്.

അനന്തതയുടെ ആകർഷണത്തെയും അർ-റഹീമിന്റെ കാരുണ്യത്തെയും സംബന്ധിക്കുന്ന സൂക്തങ്ങൾ പരിശുദ്ധ ഖുർആനിൽ അങ്ങോളമിങ്ങോളം സമൃദ്ധമായി ഉണ്ട്. മനുഷ്യനെ അവന്റെ ഉറവിടത്തിലേക്ക് തിരിച്ചുവിളിക്കുകയും, മാനുഷികവും ഭൗമികവുമായ പരിമിതികളെ അതിജീവിച്ച് അനന്തതയിലേക്ക് മുന്നേറാൻ അവനെ പ്രാപ്തനാക്കുകയും ചെയ്യുന്ന ഇലാഹി കാരുണ്യത്തിന്റെ വിവിധ തലങ്ങളാണ് ഈ സൂക്തങ്ങൾ അനാവരണം ചെയ്യുന്നത്.
ഉദാഹരണം:
• ‘തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു (3).
• ‘അല്ലാഹു അവൻ ഇച്ഛിക്കുന്നവരെ ശാന്തിയുടെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു’ (4)
• ‘അവനിലേക്കാണ് അന്തിമമായ മടക്കം’ (5)
• ‘അല്ലാഹുവിന്റെ വിളിക്ക് നിങ്ങൾ ഉത്തരം നൽകുക’ എന്ന കല്പന.(6)
• ‘കാര്യങ്ങളെല്ലാം മടങ്ങിച്ചെല്ലുന്നത് അല്ലാഹുവിങ്കലേക്കല്ലയോ?’ (7) എന്ന ചോദ്യം.

അന്തിമതയുടെ അടയാളങ്ങൾ ആഴത്തിൽ പതിഞ്ഞ ഒന്നാണ് പരിശുദ്ധ ഖുർആൻ. പ്രവാചക പരമ്പരയിലെ അവസാന വേദഗ്രന്ഥമായതുകൊണ്ടുതന്നെ, ‘അന്ത്യദിന’ത്തെക്കുറിച്ചുള്ള ബോധ്യം അതിൽ നിറഞ്ഞുനിൽക്കുന്നു: “ആ അന്ത്യസമയം എപ്പോഴാണ് വന്നെത്തുകയെന്ന് അവർ നിന്നോട് ചോദിക്കുന്നു. പറയുക: ‘അതിനെക്കുറിച്ചുള്ള അറിവ് എന്റെ രക്ഷിതാവിങ്കൽ മാത്രമാണുള്ളത്; നിശ്ചിത സമയത്ത് അതിനെ വെളിപ്പെടുത്താൻ അവനല്ലാതെ മറ്റാർക്കും കഴിയില്ല. ആകാശഭൂമികളിൽ അതീവ ഭീതിജനകമായ ഒരു സംഭവമായിരിക്കുമത്. തികച്ചും അപ്രതീക്ഷിതമായി മാത്രമേ അത് നിങ്ങളിലേക്ക് വന്നെത്തൂ.’ സൃഷ്ടിപ്പിന്റെയും ദിവ്യബോധനത്തിന്റെയും ആശയങ്ങളെ പൂർണ്ണതയിലെത്തിക്കുന്ന ഒരു സ്ഥിര പ്രമേയമായി ഈ അന്ത്യസമയത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ പരിശുദ്ധ ഖുർആനിലുടനീളം ആവർത്തിച്ചു വരുന്നുണ്ട്.

മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പർശിക്കുന്ന ഒന്നാണ് ഇസ്‌ലാമിക വെളിപാട്. ഭൗതികമായ ഒന്നിനെയും അത് ‘സീസറിന്’ മാത്രമായി മാറ്റിവെക്കുന്നില്ല. പ്രവർത്തനത്തിനൊത്ത പ്രതിപ്രവർത്തനമുണ്ടാകുമെന്ന പ്രകൃതിനിയമം പോലെ, ഭൗതികലോകത്തേക്ക് അത് എത്രത്തോളം വ്യാപിച്ചുവോ, അത്രയും ആഴത്തിലും പരപ്പിലുമാണ് അതിന്റെ വേലിയിറക്കവും. അതായത്, അത് അതിഭൗതികമായ പരമസത്യത്തിന്റെ മണ്ഡലത്തിലേക്ക് അത്രമേൽ ആഴത്തിൽ മടങ്ങിച്ചെല്ലുന്നു. ചില സന്ദർഭങ്ങളിൽ, സൃഷ്ടിയും സ്രഷ്ടാവും നാഥനും ദാസനും തമ്മിലുള്ള ദ്വന്ദ്വങ്ങളെപ്പോലും പൂർണ്ണമായി മറികടന്ന് സാക്ഷാൽ ദൈവികസത്തയുടെ തലത്തിലേക്ക് തന്നെ അത് എത്തിച്ചേരുന്നു. (9)

പരിശുദ്ധ ഖുർആൻ ബഹുജനങ്ങളുടെ ഗ്രന്ഥമാണ്. എന്നാൽ അതോടൊപ്പം തന്നെ ആത്മീയമായി തെരഞ്ഞെടുക്കപ്പെട്ട ന്യൂനപക്ഷത്തിന്റെ ഗ്രന്ഥം കൂടിയാണത്. വ്യത്യസ്ത തലങ്ങളിലൂടെയാണ് പരിശുദ്ധ ഖുർആൻ ഈ സവിശേഷത നിലനിർത്തുന്നത്. ഒന്നാമതായി, ഓരോ വിശ്വാസിക്കും ഉൾക്കൊള്ളാൻ കഴിയുന്നതും അവർ അനിവാര്യമായും സ്വീകരിക്കേണ്ടതുമായ ബാഹ്യാർത്ഥമുള്ള ‘തുറന്ന’ സൂക്തങ്ങളാൽ സമ്പന്നമാണത്. എങ്കിലും, ആന്തരികാർത്ഥത്തിൽ അവ ഏറ്റവും അനുയോജ്യമായി ഭവിക്കുന്നത് സ്വൂഫികൾക്കാണ്. ഉദാഹരണത്തിന്, പ്രാരംഭ അധ്യായമായ ഫാതിഹയിലെ “ഞങ്ങളെ നേരായ വഴിയിൽ നയിക്കേണമേ” എന്ന പ്രാർത്ഥന. നിർബന്ധ നിസ്കാരങ്ങളിൽ ആവർത്തിച്ചു വരുന്നതിനാൽ, ഇസ്‌ലാമിൽ ഏറ്റവും കൂടുതൽ ഉരുവിടപ്പെടുന്ന പ്രാർത്ഥനയാണിത്.

എന്നിരുന്നാലും, ഈ പ്രാർത്ഥന വിശേഷിച്ചും സ്വൂഫികൾക്ക് വേണ്ടിയുള്ളതാണ്. കാരണം, ആത്മീയ പാതയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ് അവർ. മറ്റാർക്കും സാധിക്കാത്തവിധം ഈ സൂക്തത്തിലേക്ക് സ്വയം ഇഴുകിച്ചേരാനും സമർപ്പിക്കാനും അവർക്ക് കഴിയുന്നു. മാത്രമല്ല, ‘ഏറ്റവും നേരായ വഴി’ എന്ന പ്രയോഗത്തിലെ നിശ്ചയവാക്ക് (അൽ) ആവശ്യപ്പെടുന്ന ആഴത്തോട് പൂർണ്ണമായി നീതിപുലർത്തുന്നതും അവരാണ്. ‘അല്ലാഹുവിലേക്ക് ഏറ്റവും നേരെയുള്ള വഴി ഏതാണ്?’ എന്ന് നിരന്തരം അന്വേഷിക്കുന്ന ആളാണ് യഥാർത്ഥ ആത്മജ്ഞാനി. ഈ അന്വേഷണത്തിന്റെ ഉത്തരമായിട്ടാണ് സ്വൂഫിസം തന്നെ നിലകൊള്ളുന്നത്. കാരണം അല്ലാഹുവിലേക്ക് നേരിട്ടെത്തിക്കുന്ന വഴിയാണത്. അതുകൊണ്ടാണ് ‘വഴി’ എന്നർത്ഥം വരുന്ന ‘ത്വരീഖത്ത്’ എന്ന പദം (10) സ്വൂഫി സരണിയെ കുറിക്കാൻ ഉപയോഗിക്കുന്നത്.

ഇതുപോലെ ഏവർക്കും പ്രിയങ്കരമായ മറ്റൊരു വചനമാണ് പ്രതിസന്ധിഘട്ടങ്ങളിൽ വിശ്വാസികൾ ഉരുവിടാറുള്ള ‘ഇസ്തിർജാഅ്’: “തീർച്ചയായും നാം അല്ലാഹുവിനുള്ളവരാണ്, അവനിലേക്ക് തന്നെ മടങ്ങുന്നവരുമാണ്” (11). സ്വൂഫിസത്തിന്റെ സാരാംശം മുഴുവൻ ഈ സൂക്തത്തിൽ ഉൾക്കൊണ്ടിരിക്കുന്നുവെന്ന് സ്വൂഫികൾ കരുതുന്നു. അവരുടെ ആത്മീയ സദസ്സുകളിലും തസ്ബീഹ് മാലകളിലും ഇത് നിരന്തരം ആവർത്തിക്കപ്പെടാറുണ്ട്. ഓരോ വിശ്വാസിയും ഏതെങ്കിലും തരത്തിൽ ‘അല്ലാഹുവിനുള്ളവൻ’ ആണെങ്കിലും, മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി ഒരു സൂഫി സ്വയം പൂർണ്ണമായി അവനിലേക്ക് സമർപ്പിച്ചവനാണ്.

ഈ രണ്ട് സൂക്തങ്ങളുടെയും പശ്ചാത്തലത്തിൽ നോക്കുമ്പോൾ, സ്വൂഫിസമെന്നത് അല്ലാഹുവിലേക്കുള്ള ‘തിരിച്ചുപോക്കിന്റെ ചലന’മാണ്. വേലിയിറക്കം എന്ന് ഇതിനെ വിശേഷിപ്പിക്കാം. സ്വൂഫി കാഴ്ചപ്പാടിൽ, സാധാരണക്കാർ നേരായ ദിശയിലേക്ക് തിരിഞ്ഞുനിൽക്കുന്നവരാണെങ്കിലും ഒരിടത്ത് തന്നെ തുടരുന്നവരാണ്. സ്വൂഫികൾക്കിടയിൽത്തന്നെ, ആത്മീയപാതയിലൂടെ മുന്നേറുന്നവരെ ‘സഞ്ചാരികൾ’ (സാലികൂൻ) എന്നും, വൃത്തത്തിന് പുറത്ത് താരതമ്യേന നിശ്ചലമായി നിൽക്കുന്നവരെ വേറെയായും വേർതിരിച്ചു കാണാറുണ്ട്.

സമാന സൂക്തങ്ങളെ ‘തുറന്നവ’ എന്ന് വിശേഷിപ്പിക്കാം. കാരണം, ആത്മീയ അഭിലാഷങ്ങളുടെ സമസ്ത ശ്രേണികൾക്കും വ്യത്യസ്ത തലങ്ങളിൽ ബാധകമാണ് അവ. എന്നിരുന്നാലും, ഇതിലെ ഏറ്റവും താഴ്ന്ന തലവും ഉയർന്ന തലവും തമ്മിലുള്ള അന്തരം തന്നെ
അർത്ഥവ്യത്യാസം ഉണ്ടാക്കാൻ പര്യാപ്തമാണ്. വാസ്തവത്തിൽ, പരിശുദ്ധ ഖുർആനിലെ ഓരോ സൂക്തത്തിനും ‘ഒരു ബാഹ്യവശവും ആന്തരികവശവും’ ഉണ്ടെന്ന് പ്രവാചകൻ(സ്വ) പറഞ്ഞിട്ടുമുണ്ട്. ഉൾസാരങ്ങളുടെ രണ്ട് ഉദാഹരണങ്ങൾ നാം കണ്ടുകഴിഞ്ഞു. പരാമൃഷ്ട സൂക്തങ്ങളുടെ ‘ബാഹ്യാർത്ഥ’ത്തിലേക്ക് വന്നാൽ, ‘നേർവഴി’ എന്നത് ഇസ്ലാമിക നിയമങ്ങളിൽ നിന്ന് വ്യതിചലിക്കാതിരിക്കലാണ്. എന്നാൽ ആ ‘മടക്കയാത്ര’ അതിന്റെ ഏറ്റവും ബാഹ്യമായ അർത്ഥത്തിൽ, ഭക്തിനിർഭരമായ ജീവിതത്തിലൂടെ മരണത്തിലേക്കുള്ള സഞ്ചാരമാണ്. ബാഹ്യവും ആന്തരികവുമായ ഈ രണ്ട് അർത്ഥങ്ങളും സ്വൂഫികളെ സംബന്ധിച്ചിടത്തോളം പ്രസക്തമാണ്. എന്നാൽ ഭൂരിപക്ഷത്തെ സംബന്ധിച്ച്, ഒരുകൂട്ടം വാക്കുകളിൽ നിന്ന് ഒന്നിലധികം അർത്ഥങ്ങൾ ഗ്രഹിക്കാൻ പൊതുവേ അവരുടെ മനസ്സ് പാകപ്പെട്ടിട്ടുണ്ടാവില്ല. കൂടാതെ, ‘യാത്ര’ (സുലൂക് ) എന്നതുകൊണ്ട് സ്വൂഫികൾ എന്താണ് അർത്ഥമാക്കുന്നത് എന്ന് മനസ്സിലാക്കാനും അവർക്ക് ബുദ്ധിമുട്ടായിരിക്കും. പരിമിതമായ അഹം ഉപേക്ഷിച്ച് സ്വന്തം ദൈവിക മൂലതത്ത്വത്തിലേക്ക് ആന്തരികമായി ഊളിയിടുന്ന അഥവാ വേലിയിറക്കം നടത്തുന്ന പ്രക്രിയ ആണത്.

പല സൂക്തങ്ങളിലും ബാഹ്യവും ആന്തരികവുമായ അർത്ഥങ്ങൾ തികച്ചും വ്യത്യസ്തമായ തലങ്ങളിലാണ് പ്രയോഗിക്കപ്പെടുന്നത്. ഒരിക്കൽ, അവിശ്വാസികൾക്കെതിരായ ഒരു യുദ്ധത്തിൽ നിന്ന് മടങ്ങിവരുമ്പോൾ പ്രവാചകൻ(സ്വ) പറഞ്ഞു: ‘നാം ചെറിയ യുദ്ധത്തിൽനിന്ന് വലിയ യുദ്ധത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു’. അനുചരന്മാർ ചോദിച്ചു: ‘എന്താണ് ആ വലിയ യുദ്ധം?’ പ്രവാചകൻ മറുപടി നൽകി: ‘ഇച്ഛകൾക്കെതിരെയുള്ള പോരാട്ടം’. വിശുദ്ധയുദ്ധത്തെയും അവിശ്വാസികളെയും പരാമർശിക്കുന്ന പരിശുദ്ധ ഖുർആനിലെ എല്ലാ സൂക്തങ്ങളുടെയും ആന്തരിക അർത്ഥം ഗ്രഹിക്കാനുള്ള താക്കോൽ ഇവിടെയാണുള്ളത്.
പ്രവാചകവചനത്തിൽ ഓരോരുത്തർക്കും ഉൾക്കൊള്ളാൻ എന്തെങ്കിലുമൊക്കെയുണ്ട് എന്നതും, സ്വന്തം മനസ്സിനുള്ളിലെ അധമവികാരങ്ങളോടും വഴിപിഴച്ച ചിന്തകളോടും പോരാടിയ അനുഭവം തങ്ങൾക്കുണ്ടെന്ന് ഭൂരിഭാഗം വിശ്വാസികളും അവകാശപ്പെടുമെന്നതും ശരിയാണ്. എന്നാൽ, ഇടയ്ക്കിടെയുണ്ടാകുന്ന പ്രലോഭനങ്ങളെ ചെറുത്തുതോൽപ്പിക്കലും, നിരന്തരമായ ഒരു സമ്പൂർണ്ണ യുദ്ധം നയിക്കലും തമ്മിൽ വലിയ അന്തരമുണ്ട്. ‘വലിയ ആത്മീയ പോരാട്ടം’ (ജിഹാദുൽ അക്ബർ) അതിന്റെ പൂർണ്ണാർത്ഥത്തിൽ സ്വൂഫിസം തന്നെയാണ്; അല്ലെങ്കിൽ കൂടുതൽ കൃത്യമായി പറഞ്ഞാൽ, അത് സ്വൂഫികൾക്കു മാത്രം സാധ്യമാകുന്ന അതിന്റെയൊരു വശമാണ്. പരിശുദ്ധ ഖുർആൻ ആഹ്വാനം ചെയ്യുന്നു: “ബഹുദൈവാരാധകരോട് നിങ്ങൾ സമ്പൂർണ്ണമായി പോരാടുക” (11). മറ്റൊരിടത്ത് പറയുന്നു: “കുഴപ്പങ്ങൾ ഇല്ലാതാവുകയും, സമർപ്പണം പൂർണ്ണമായും അല്ലാഹുവിന് മാത്രമായി മാറുകയും ചെയ്യുന്നതുവരെ അവരോട് നിങ്ങൾ പോരാടുക.” (12). ഈ കൽപ്പനകളെ ആന്തരികതലത്തിൽ ഉൾക്കൊള്ളാൻ ആത്മജ്ഞാനിക്ക് മാത്രമേ സാധിക്കൂ. സ്വന്തം അധമവാസനകൾക്കെതിരെ ചിട്ടയായ ചെറുത്തുനിൽപ്പ് തുടരുന്നതും, ആ പോരാട്ടത്തെ പൂർണ്ണതയിലെത്തിക്കുന്നതും എങ്ങനെയെന്ന് യഥാർത്ഥത്തിൽ അറിയാവുന്നത് അങ്ങനെയൊരാൾക്കു മാത്രമാണ്. മുഴുവൻ ആത്മാവും ‘അല്ലാഹുവിന് മാത്രമായി’ മാറുന്നതുവരെ ശത്രുവിന്റെ തട്ടകത്തിലേക്ക് പ്രവേശിക്കാൻ കഴിയുന്നതും അങ്ങനെ ഒരാൾക്ക് മാത്രമായിരിക്കും. ഈ ആന്തരിക സമരത്തിന്റെ അത്യധികമായ അപകടസാധ്യതകൾ കാരണമാണ് യഥാർത്ഥ ആത്മീയ ജ്ഞാനമാർഗ്ഗം ആർക്കും അത്ര എളുപ്പത്തിൽ പ്രാപ്യമല്ലാത്തത്.
ബാഹ്യമായ അനുഷ്ഠാനമാർഗ്ഗം മനഃപൂർവ്വമല്ലെങ്കിലും വാസ്തവത്തിൽ ശത്രുവുമായി താൽക്കാലിക സന്ധിയിലാവുന്ന അവസ്ഥയാണ്. അവിടെ ഇടയ്ക്കിടെയുള്ള അപ്രധാനമായ ചില ഏറ്റുമുട്ടലുകൾ മാത്രമേ നടക്കുന്നുള്ളൂ. ശത്രുവിൻ്റെ മുഴുവൻ രോഷത്തെയും ഇളക്കിവിട്ട ശേഷം പോരാട്ടം ഉപേക്ഷിക്കുകയും, തദ്ഫലമായി അധമവാസനകൾ ആത്മാവിനെ കീഴ്പ്പെടുത്താൻ ഇടയാക്കുകയും ചെയ്യുന്നതിനേക്കാൾ എത്രയോ ഭേദമാണ് ഒരു ബാഹ്യമാർഗ്ഗിയായി മാത്രം തുടരുന്നത്.

സ്വൂഫികൾക്ക് മാത്രം ബാധകമാകുന്ന ആന്തരിക അർത്ഥങ്ങളുടെ മറ്റനവധി ഉദാഹരണങ്ങൾ എടുത്തു കാണിക്കാൻ സാധിക്കും. എങ്കിലും അവയിൽ പലതും തുടർന്നുള്ള അധ്യായങ്ങളിൽ വരുന്നതിനാൽ, പരിശുദ്ധ ഖുർആനുമായി സ്വൂഫികൾക്കുള്ള പൊതുവായ ആത്മബന്ധത്തെക്കുറിച്ചു മാത്രമേ ഇവിടെ പ്രതിപാദിക്കുന്നുള്ളൂ. മറ്റു മുസ്‌ലിംകളിൽ നിന്ന് അവരെ വേറിട്ടു നിർത്തുന്നത് ഇതാണ്: നശ്വരമായതിനു പകരം മനപ്പൂർവ്വം അവർ ശാശ്വതമായതിനെ തിരഞ്ഞെടുത്തു. ആ തീരുമാനം കേവലം സൈദ്ധാന്തികമോ ബുദ്ധിപരമോ ആയിരുന്നില്ല. മറിച്ച്, ഉൺമയുടെ ആഴങ്ങളെ സ്പർശിക്കുകയും ആത്മീയ പാതയിൽ മുന്നേറാൻ പ്രേരിപ്പിക്കുകയും ചെയ്ത ഗാഢവും ആത്മാർഥവുമായ തിരഞ്ഞെടുപ്പായിരുന്നു അത്.

വിശുദ്ധ ഖുർആൻ തന്നെ ഈ തെരഞ്ഞെടുപ്പിന്റെ മൂർത്തരൂപം ആണ്. ഐഹികജീവിതവും പരലോകവും തമ്മിലുള്ള ആഴമേറിയ അന്തരത്തെക്കുറിച്ച് അത് നിരന്തരം ഓർമിപ്പിക്കുന്നു. ഒപ്പം, ശ്രേഷ്ഠമായത് ഉപേക്ഷിച്ച് അധമമായതിനെയും നന്മയ്ക്ക് പകരം തിന്മയെയും തെരഞ്ഞെടുക്കുന്നവരുടെ ഭോഷ്കിനെ അത് നിശിതമായി വിമർശിക്കുകയും ചെയ്യുന്നു. ഈ വിഡ്ഢിത്തത്തിന് നേർവിപരീതമായി സ്വൂഫിസത്തെ ഒരു ‘മൂല്യബോധം’ അല്ലെങ്കിൽ ‘ഔചിത്യബോധം’ എന്ന് വിശേഷിപ്പിക്കാം. മുൻഗണനാക്രമം പാലിച്ച് ജീവിക്കുന്നതിൽ, ഇതര മതങ്ങളിലെ സമാന ജ്ഞാനികളെയല്ലാതെ സ്വൂഫികളോട് മാറ്റുരയ്ക്കാൻ മറ്റാർക്കാണ് സാധിക്കുക? അതിനാൽ ഇതൊരു അപൂർണ്ണമായ നിർവ്വചനമല്ല. സമാനമായി പരിശുദ്ധ ഖുർആൻ സ്വയം വിശേഷിപ്പിക്കുന്നത് ‘അൽ-ഫുർഖാൻ’ എന്നാണ്; അതായത് മൂല്യങ്ങളുടെ മാനദണ്ഡം, അല്ലെങ്കിൽ ലളിതമായി പറഞ്ഞാൽ ‘സത്യാസത്യ വിവേചകം’.
എല്ലാറ്റിനെയും അതതിന്റെ സ്ഥാനത്ത് വെക്കാനും, കൃത്യമായ നിഗമനങ്ങളിലെത്താനും സഹായിക്കുന്ന വ്യക്തമായൊരു മൂല്യവ്യവസ്ഥ മുന്നോട്ടുവെക്കുന്നു എന്നതാണ് പരിശുദ്ധ ഖുർആനിക സന്ദേശത്തിന്റെ മുഖ്യസവിശേഷത. ശരിയും തെറ്റും, സത്യവും അസത്യവും, മതവും മതമില്ലായ്മയും തമ്മിൽ മാത്രമല്ല അത് വേർതിരിക്കുന്നത്.
മതാനുഷ്ഠാനങ്ങളുടെ തലത്തിൽത്തന്നെ, അതീവ താല്പര്യത്തോടെ മുന്നേറുന്ന ‘മുൻനിരക്കാരെ’ന്നും, സാധാരണ നിലയിൽ മാത്രം അനുഷ്ഠാനങ്ങൾ നിർവഹിക്കുന്നവരെന്നും അത് വ്യത്യാസപ്പെടുത്തുന്നുണ്ട്. ഇതിനെ വലിയൊരു ‘ആത്മീയ പോരാട്ട’മായി കാണുകയാണെങ്കിൽ, ആ പോരാട്ടത്തിനിറങ്ങുന്നവരും നിഷ്ക്രിയരായി വീട്ടിലിരിക്കുന്നവരും തമ്മിലും വ്യത്യാസമുണ്ട്. രണ്ട് വിഭാഗങ്ങൾക്കും പ്രതിഫലമുണ്ടെങ്കിലും പരിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നു: “രണ്ടു കൂട്ടർക്കും അല്ലാഹു സൽഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്; എങ്കിലും വീട്ടിലിരിക്കുന്നവരേക്കാൾ ആത്മസമർപ്പണം നടത്തുന്നവർക്ക് അവൻ മഹത്തായ ശ്രേഷ്ഠത കൽപ്പിച്ചിരിക്കുന്നു”(13).

മറ്റൊരു സമാന വേർതിരിവാണ് ഇലാഹിസാമീപ്യം നേടിയ ‘മുമ്പേ നടക്കുന്നവരും’ (മുഖർറബൂൻ—മുഖ്യ മലക്കുകളെ സൂചിപ്പിക്കാൻ കൂടിയുപയോഗിക്കുന്ന പദം) ‘വലതുവശക്കാരും’ (തിന്മയുടെ ആൾക്കാരായ ഇടതു വശക്കാർക്ക് പുറമെ) തമ്മിലുള്ളത്(14). ഒപ്പം, ദൈവസാമീപ്യം സിദ്ധിച്ച ഉന്നതരായ ‘ദൈവദാസന്മാരെ’ പരിശുദ്ധ ഖുർആൻ ‘സദ്‌വൃത്തരുമായി’ (അബ്‌റാർ) താരതമ്യം ചെയ്യുന്നുമുണ്ട്(15). ഈ സദ്‌വൃത്തർ മുമ്പേ നടക്കുന്നവർക്കും വലതുവശക്കാർക്കും ഇടയിലുള്ളവരാണ്. സ്വർഗ്ഗത്തിലെ രണ്ട് പ്രധാന നീരുറവകളിൽ നിന്ന് ‘മുമ്പേ നടക്കുന്നവർ’ നേരിട്ട് ആസ്വദിക്കുമ്പോൾ, ‘സദ്‌വൃത്തർക്ക്’ ലഭിക്കുന്നത് ആ സത്ത് ചേർത്ത പാനീയമാണ്. എന്നാൽ ‘വലതുവശക്കാർക്ക്’ സാധാരണ പാനീയങ്ങൾ മാത്രമാണ് ലഭിക്കുന്നത്. ഏറെ ആഴമുള്ള ഈ പ്രതീകാത്മകതയ്ക്ക് പ്രത്യേക വ്യാഖ്യാനങ്ങളുടെ ആവശ്യമില്ല. ഇസ്‌ലാമിക സമൂഹത്തിന്റെ ഭൂതകാലത്തിലേക്കും വർത്തമാനത്തിലേക്കും കണ്ണോടിച്ചാൽത്തന്നെ ഇത് സുതരാം വ്യക്തമാകും.

ആത്മീയ പദവികളിലെ ഉപവിഭാഗങ്ങൾ എത്രതന്നെയുണ്ടായാലും, മൂന്ന് പ്രധാന ശ്രേണികൾ ഇവയാണ്:
• ഒന്നാമതായി, ‘സഞ്ചാരികൾ’ ആയ ആ സൂഫികൾ
• രണ്ടാമതായി, താരതമ്യേന ‘നിശ്ചലാവസ്ഥയിലുള്ളവർ’ എങ്കിലും സ്വൂഫിസത്തിന്റെ സുഗന്ധം ജീവിതത്തിലും വിശ്വാസത്തിലും ഉൾക്കൊള്ളുന്നവർ
• മൂന്നാമതായി, ബാഹ്യാചാരങ്ങളിൽ മാത്രം ഒതുങ്ങുന്ന ഭൂരിപക്ഷം.

സത്യവും അസത്യവും വേർതിരിക്കുന്ന ഖുർആനിക അധ്യാപനങ്ങൾ എല്ലാവർക്കും ഗ്രഹിക്കാൻ വേണ്ടിയുള്ളതാണെന്നത് ശരിയാണ്. എന്നാൽ, ഏതൊരു പദവിശ്രേണിയുടെയും യാഥാർത്ഥ്യം പൂർണ്ണമായി മനസ്സിലാകണമെങ്കിൽ അതിന്റെ ഉയർന്ന തലത്തിൽ നിൽക്കുന്നവർക്കേ സാധിക്കൂ. പരിശുദ്ധ ഖുർആൻ ഈ പദവികളെ നിർവചിക്കുന്നത് ആ ഉന്നതതലത്തിൽ നിന്നുകൊണ്ടാണ്. ആത്മീയമായി സദാ മുന്നേറാൻ വെമ്പുന്ന സ്വൂഫിയാണ് ഈ പദവികളുടെ ഏറ്റവും മുകളിലുള്ളത്. അതിനാൽത്തന്നെ പരിശുദ്ധ ഖുർആനിന്റെ ആന്തരിക ഭാവങ്ങളോട് ഏറ്റവും അടുത്തുനിൽക്കുന്നതും അവരാണ്.

സ്വൂഫിസത്തിന്റെ ദർശനങ്ങളും വഴികളും പരിശുദ്ധ ഖുർആനിൽത്തന്നെ ആഴ്ന്നിറങ്ങിയതായതിനാൽ, ഈ അധ്യായത്തിലെ ആശയം മറ്റ് അധ്യായങ്ങളിലേക്കും സ്വാഭാവികമായി പടരും. പരിശുദ്ധ ഖുർആനിലെ ചില സൂക്തങ്ങളുടെ അക്ഷരാർത്ഥം പോലും സ്വൂഫികൾക്ക് മാത്രമുള്ളതാണെന്ന കാര്യം ഇവിടെ പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. മറ്റുള്ളവ പിന്നീട് വിശദീകരിക്കാമെന്നിരിക്കെ, ഒരു ഉദാഹരണം മാത്രം ഇവിടെ സൂചിപ്പിക്കാം:
“നാം അവന് അവന്റെ കണ്ഠനാഡിയേക്കാൾ അടുത്തവനാകുന്നു” ((16).

‘ഞങ്ങളെ നേർവഴിയിൽ നയിക്കേണമേ’ എന്ന പ്രാർത്ഥന പോലെ എല്ലാവർക്കും അവരവരുടെ കാഴ്ചപ്പാടനുസരിച്ച് വ്യാഖ്യാനിക്കാൻ തുറന്നുകിടക്കുന്ന ഒന്നല്ല ഇത്. ബാഹ്യാർത്ഥത്തിന് പിന്നിൽ ആന്തരികാർത്ഥം മറഞ്ഞിരിക്കുന്ന മറ്റു വചനങ്ങളെപ്പോലെയുമല്ല ഇത്. മറിച്ച്, വളരെ അപൂർവ്വമായി സംഭവിക്കുന്നതുപോലെ, ഇതിന്റെ ‘അക്ഷരാർത്ഥം’ തന്നെയാണ് അതിന്റെ ആന്തരിക സത്യവും. പരമമായ യാഥാർത്ഥ്യത്തിന്റെ പെട്ടെന്നുള്ള ഈ വെളിപ്പെടുത്തൽ സൃഷ്ടിക്കുന്ന ആശ്ചര്യവും മിന്നൽപ്രഭാവവുമാണ് ഇതിന്റെ ആവരണമായി വർത്തിക്കുന്നത്.

ആ വിസ്മയത്തിൽ അന്ധാളിച്ചുപോകുന്ന ഭൂരിഭാഗം ആളുകളും മറ്റു വചനങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയാണ് ചെയ്യുക. എന്നാൽ, ഈ വചനത്തെ അതിന്റെ നേർപ്പൊരുളിൽത്തന്നെ ഉൾക്കൊള്ളുന്ന ചുരുക്കം ചിലർക്കാകട്ടെ, ഇത്രമേൽ ഗാഢമായ ഇലാഹി സാമീപ്യത്തിൽ എങ്ങനെ ജീവിക്കണമെന്ന് കാട്ടിത്തരുന്ന ഒരു ആത്മീയ വഴികാട്ടിയെ—ശൈഖിനെ—തേടുകയല്ലാതെ മറ്റു വഴിയില്ല.

അടിക്കുറിപ്പുകൾ
1. ഹിന്ദുമതത്തെയും യഹൂദമതത്തെയും പോലെ, ഇസ്ലാമും ‘ദിവ്യവെളിപാടും’ ‘പ്രചോദനവും’ തമ്മിൽ വ്യക്തമായ വേർതിരിവ് കാണിക്കുന്നുണ്ട്. ദൈവികതയുടെ തന്നെ ഭാഗമോ അതിന്റെ ബാഹ്യരൂപമോ ആണ് ദിവ്യവെളിപാട്. എന്നാൽ പ്രചോദിതമായ രചന ദിവ്യ ചൈതന്യത്തിന്റെ സ്വാധീനത്തിൽ മനുഷ്യൻ രചിക്കുന്നതാണ്. ക്രിസ്തുമതത്തിൽ യേശുക്രിസ്തു തന്നെയാണ് വെളിപാട്. അതേസമയം സുവിശേഷങ്ങൾ പ്രചോദനത്തിന്റെ തലത്തിൽ നിലകൊള്ളുന്നു.
2. അറബിയിൽ ഒരു വാക്കിന്റെ ആദ്യാക്ഷരം പോലെ തന്നെ അവസാന അക്ഷരത്തിനും ആ വാക്കിനെ മുഴുവനായി പ്രതിനിധീകരിക്കാൻ സാധിക്കും. ചില സന്ദർഭങ്ങളിൽ, ഈ പശ്ചാത്തലത്തിലെ ലാം എന്ന അക്ഷരം, മുഹമ്മദ് നബി(സ്വ) ക്ക് ദിവ്യവെളിപാട് എത്തിച്ചുകൊടുത്ത പ്രധാന മാലാഖയായ ജിബ്‌രീൽ(അ) നെ കുറിക്കുന്നതായും വ്യാഖ്യാനിക്കാറുണ്ട്.
3. പരിശുദ്ധ ഖുർആനിൽ അർ-റഹീം (പരമകാരുണികൻ) എന്ന നാമത്തിന് തൊട്ടുമുമ്പായി സാധാരണ വരുന്നത് അൽ-ഗഫൂർ (ഏറെ പൊറുക്കുന്നവൻ) എന്ന നാമമാണ്.
4. ഖുർആൻ 10:25
5. ഖുർആൻ 96:8
6. ഖുർആൻ 8:24
7. ഖുർആൻ 7:187.
8. മറ്റേതെങ്കിലും ദിവ്യവെളിപാട് ഈ തലത്തിൽ എത്താതെ പോകുന്നു എന്നല്ല ഇതിനർത്ഥം. ഉദാഹരണത്തിന്, ക്രിസ്തുമതം ജീവിതത്തെ പൂർണ്ണമായി ഉൾക്കൊള്ളുന്നത് പരോക്ഷമായിട്ടാണെന്നതുപോലെ, ഈ തലത്തിലെത്തുന്നതും പരോക്ഷമായാണ്. എന്നാൽ പരിശുദ്ധ ഖുർആൻ ഇവ രണ്ടും ചെയ്യുന്നത് തികച്ചും പ്രത്യക്ഷമായിട്ടാണ്.
9. ഇത് ഭാഗികമായി സ്വിറാത്ത് (പാത) എന്ന പദത്തിന് തുല്യമാണെങ്കിലും കൂടുതൽ വിശാലമായ അർത്ഥമുള്ളതാണ്. ‘മാർഗ്ഗവും ഉപാധികളും’ എന്ന് ഇതിനെ പരിഭാഷപ്പെടുത്താവുന്നതാണ്.
10. ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ, ഖുർആൻ 2:156.
11. ഖുർആൻ 9:36.
12. ഖുർആൻ 8:39.
13. ഖുർആൻ 4:95.
14. ഖുർആൻ 56:8–40
15. ഖുർആൻ 76:5–6; 83:18–28
16. ഖുർആൻ 50:16

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy