അല്ലാഹുവിലേക്ക് പാശ്ചാത്തപിച്ചു മടങ്ങുന്നതെങ്ങിനെ?

The journey along the path of Taubah

اُطْلُبْ مَتٰابًا بِالنَّدٰامَةِ مُقْلِعًا
وَبِعَزْمِ تَرْكِ الذَّنْبِ فِيهَا اسْتُقْبِلٰا
وَبَرٰاءَةٍ مِنْ كُلِّ حَقِّ الْآدَمِي
وَلِهٰذِهِ الْأَرْكٰانِ فَارْعَ وَكَمِّلٰا

പാപങ്ങളില്‍ നിന്ന് ശുദ്ധിയായി ഖേദത്തോടെ മടങ്ങിവരലിനെ നീ തേടിക്കോ. ഭാവിയില്‍ പാപങ്ങളിലേക്ക് ഇനി മടങ്ങുകയില്ല എന്നുറപ്പിക്കുകയും ചെയ്ത നിലയില്‍.
സജറിൽ നിന്ന് ഇൻതിബാഹ്, യഖ്ളത്ത്, നദാമത്ത്, തൗബ, അസ്മ്, മുഹാസബ തുടങ്ങിയ കാര്യങ്ങളിലേക്ക് ഒരു വിശ്വാസി മുന്നേറുന്നു.

തൗബയുടെ മാർഗത്തിലെ സുലൂക്കിനെ കുറിച്ച്….

ഇമാം ശരീഷി എന്ന പേരിൽ അറിയപ്പെട്ട അഹ്മദ് ബിൻ മുഹമ്മദ് ബിൻ അഹമ്മദ് കലഫൽ ബക്കരി(റ) (വഫാത്ത്, ഹിജ്റ 641) എന്നവരുടെ റാഇയത്തു ശരീഷി എന്ന കവിതയുടെ ഭാഗം ചുവടെ നൽകുന്നു. തുടർന്ന് അബ്ദുൽബാരി ഉസ്താദിൻ്റെ ദർസിൽ നിന്നുള്ള വിശദീകരണം വായിക്കാം._

الرائية الشريشية (റാഇയത്തു ശരീഷി)

وَإِذَا مَا بَدَا مِنْ بَاطِنٍ حَالَةُ الزَّجْرِ
فَمَا هُوَ إِلَّا الْبِرُّ مِنْ مَنْحِ ذِي الْبِرِّ
(മനസ്സിന്റെ ഉള്ളിൽ ‘സജർ’ എന്ന അവസ്ഥ വെളിപ്പെട്ടാൽ, അത് പുണ്യവാനായ അല്ലാഹുവിന്റെ പക്കൽ നിന്നുള്ള കേവലമായ ഔദാര്യം മാത്രമാണ്.)
وَمِنْ حُكْمِ حَالِ الِانْتِبَاهِ إِذَا بَدَا
شُهُودُكَ حَالُ النَّفْسِ فِي غَايَةِ الْفَقْرِ
(‘ഇൻതിബാഹ്’ എന്ന അവസ്ഥ വെളിപ്പെട്ടാൽ അതിന്റെ ഫലം, നിന്റെ സ്വന്തം അവസ്ഥ അങ്ങേയറ്റത്തെ ദാരിദ്ര്യത്തിലും (അല്ലാഹുവിലേക്കുള്ള ആവശ്യകതയിലും) ആണെന്ന ദർശനമാണ്.)
فَتَسْتَغْفِرُ الرَّحْمَنَ مِنْ كُلِّ زَلَّةٍ
وَتَسْأَلُهُ عَفْوًا يُرَى الْبِشْرُ فِي النَّشْرِ
(അപ്പോൾ നീ നിന്റെ ഓരോ വീഴ്ചകളിൽ നിന്നും റഹ്‌മാനായ റബ്ബിനോട് പാപമോചനം തേടുകയും, ആ സന്തോഷം നിന്നിൽ പ്രകടമാകുന്ന വിധത്തിലുള്ള വിട്ടുവീഴ്ച അവനോട് ഇരക്കുകയും ചെയ്യുന്നു.)
وَإِنْ ذُكِرَتْ دُنْيَا اعْتَبَرْتَ وَإِنْ جَرَى
لِأُخْرَاكَ ذِكْرٌ كُنْتَ مُنْشَرِحَ الصَّدْرِ
(ദുൻയാവിനെക്കുറിച്ച് പരാമർശിക്കപ്പെട്ടാൽ നീ അതിൽ നിന്ന് പാഠം ഉൾക്കൊള്ളുന്നു, നിന്റെ പരലോകത്തെക്കുറിച്ച് ഓർത്താൽ നിന്റെ മനസ്സ് പ്രസന്നമാവുകയും ചെയ്യുന്നു.)
وَمِنْ بَعْدِهِ الْحَالُ الَّذِي هُوَ يَقْظَةٌ
وُرُودٌ يَرُدُّ الْكَسْرَ فِي غَايَةِ الْجَبْرِ
(അതിനുശേഷം വരുന്ന അവസ്ഥയാണ് ‘യഖ്‌ളത്ത്’ (ഉണർച്ച). നിന്റെ ആത്മീയമായ തകർച്ചകളെ പരിഹരിച്ച് (ജബ്ർ) നിന്നെ ഉന്നതിയിലേക്ക് നയിക്കുന്ന ഒരു വരവാണത്.)

ഉപരിലോകത്തുനിന്ന് മനുഷ്യന്റെ മനസ്സിലേക്ക് ചില പ്രകാശിക്കുന്ന ചിന്തകള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. അവയെ മുഖവിലക്കെടുത്ത് പ്രവര്‍ത്തിക്കുമ്പോഴാണ് മനുഷ്യന് ആധ്യാത്മികമായ വിജയം ലഭിക്കുന്നത്. ദുന്‍യാവിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകിപ്പോകുമ്പോള്‍ അല്ലാഹുവിന്റെ ഭാഗത്തുനിന്ന് നമ്മുടെ മനസ്സിലേക്ക് ഇറങ്ങിവരുന്ന ചിന്തകളെ തിരിച്ചറിയാന്‍ പോലും സാധിക്കുകയില്ല. സത്യാന്വേഷണ ബുദ്ധിയോടെ, നന്മയുടെ മാര്‍ഗം ആരായുന്ന മനസ്സോടെ ഇരിക്കുന്നവരെ അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള പ്രകാശിക്കുന്ന ചിന്തകള്‍ ‘ഞെട്ടിച്ചുകളയും’ (സജര്‍).

“ഇങ്ങനെയൊന്നും ജീവിച്ചാല്‍ പോര, അല്ലാഹുവിനെ കണ്ടുമുട്ടുന്ന ദിവസത്തിനുവേണ്ടി ഒരുങ്ങണം” എന്ന ബോധോദയത്തെക്കുറിച്ചാണ് ‘സജര്‍’ എന്ന് പറയുന്നത്. അത് നമ്മുടെ പ്രയത്‌നം കൊണ്ട് ലഭിക്കുന്നതല്ല, അല്ലാഹുവില്‍ നിന്ന് ഔദാര്യമായി വന്നുചേരുന്ന അനുഗ്രഹമാണ്. അതിലേക്ക് നയിക്കുന്ന എന്തെങ്കിലും ചെറിയൊരു സംഭവം ജീവിതത്തില്‍ ഉണ്ടാവുകയും ചെയ്തേക്കാം. അങ്ങനെയൊരു ‘സജറി’ലൂടെ അല്ലാഹു നമുക്ക് പുതിയൊരു തുടക്കം നൽകുമ്പോഴാണ് കുറ്റങ്ങളെത്തൊട്ട് ഖേദിച്ചു മടങ്ങുവാനുള്ള ഉള്‍പ്രേരണയുളവാകുന്നത്.

സ്വൂഫികളില്‍ പ്രസിദ്ധരായ ഇബ്രാഹീം ഇബ്‌നു അദ്ഹം (റ) വിന്റെ ജീവിതത്തില്‍ ഈയൊരു ബോധോദയമുണ്ടായ ചരിത്രം ഇപ്രകാരമാണ്. മഹാനവര്‍കള്‍ ഒരു പ്രഭുവായി കൊട്ടാരത്തില്‍ ജീവിച്ചിരുന്ന നാളില്‍ തന്റെ ശയനമുറിയിലേക്ക് കടന്നുവന്നപ്പോള്‍ തന്റെ മെത്തയില്‍ ഭൃത്യയായ പെണ്ണ് കിടന്നുറങ്ങുന്നു. ഉടനെ അദ്ദേഹത്തിന് ദേഷ്യം വരികയും ഭൃത്യയെ പ്രഹരിക്കുകയും ചെയ്തു. അടികൊണ്ട വേദനയില്‍ ഞെട്ടിയുണര്‍ന്നുകൊണ്ട് ആ സ്ത്രീ കരയാന്‍ തുടങ്ങി. കുറച്ചു കരഞ്ഞ ശേഷം അവര്‍ പിന്നെ ചിരിക്കുവാന്‍ തുടങ്ങി. ചിരി കണ്ടപ്പോള്‍ ഇബ്രാഹീം ഇബ്‌നു അദ്ഹം ചോദിച്ചു: “എന്താണ് കരച്ചിലിന് ശേഷം ചിരിക്കുന്നത്? എന്നെ കളിയാക്കുകയാണോ?”. ആ സ്ത്രീ പറഞ്ഞു: “കളിയാക്കി ചിരിച്ചതല്ല. ഈ മെത്തയില്‍ അല്പസമയം കിടന്നതിന് എന്റെ യജമാനനായ നിങ്ങളെന്നെ അടിച്ചെങ്കില്‍, എന്നും ഇവിടെ കിടന്നുറങ്ങുന്ന നിങ്ങള്‍ക്ക് നിങ്ങളുടെ യജമാനന്‍ എത്ര അടി തരാനുണ്ടാകുമെന്ന് ഞാന്‍ ചിന്തിച്ചു. അപ്പോള്‍ എനിക്ക് കിട്ടിയത് നിസ്സാരമായ അടിയാണല്ലോ എന്ന ആശ്വാസം വന്നു. അതാണ് ചിരിക്കാന്‍ കാരണം.”

ഈ വാക്കുകള്‍ അദ്ദേഹത്തിന് ‘സജര്‍’ ഉണ്ടാക്കി.
‘സജറി’നെത്തുടര്‍ന്ന് ‘ഇന്‍തിബാഹ്’ ഉണ്ടാകും. ആ ഇന്‍തിബാഹിലാണ് അല്ലാഹുവിലേക്ക് മടങ്ങുവാനുള്ള ബോധമുണ്ടാകുന്നത്. മുടക്കുമുതല്‍ പോലും ലഭിക്കാത്ത വിധത്തില്‍ നഷ്ടത്തിലാണ് ജീവിതം പോകുന്നതെന്ന തിരിച്ചറിവാണ് ‘ഇന്‍തിബാഹ്’. ആ ഇന്‍തിബാഹില്‍നിന്നും അവന് ‘യഖ്‌ളത്ത്’ ഉണ്ടാകുന്നു (കഴിഞ്ഞകാലത്തെ വീഴ്ചകളെ വിലയിരുത്താനുള്ള ബോധം). തന്റെ കഴിഞ്ഞുപോയ കാലത്ത് സംഭവിച്ചുപോയ പാപങ്ങളെക്കുറിച്ചാലോചിച്ചുകൊണ്ട് ഖേദമുണ്ടാവുകയും കുറ്റങ്ങളില്‍നിന്ന് മാറിനില്‍ക്കാനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്നത് യഖ്‌ളത്ത് എന്ന ഹാലിലാണ്.

ഈ രൂപത്തില്‍ ആന്തരികമായ തലത്തില്‍നിന്നും ഉയര്‍ന്നുവന്ന് തന്റെ ജീവിതത്തെത്തന്നെ തിരുത്തിക്കുറിക്കുന്ന ഒരു പരിവര്‍ത്തനമാണ് തൗബ. അതിനുപകരം ഒരു ഏടില്‍ എഴുതിവെച്ചിട്ടുള്ള ഏതാനും പാശ്ചാത്താപത്തിന്റെ വചനങ്ങള്‍ ഉരുവിടുന്നതിലേക്ക് പരിമിതപ്പെടുത്തിയാല്‍ അത് കേട്ടുവിശ്വസിക്കുന്ന ജനങ്ങളെ മുഴുവന്‍ വഞ്ചിക്കലാണ്. തൗബയുടെ ഏട് എന്ന പേരില്‍ അച്ചടിച്ച ഏട് ലഭ്യമാണ്. അത് പാരായണം ചെയ്യലാണ് തൗബ എന്ന ധാരണ സമൂഹത്തില്‍ വ്യാപകമാണ്. അത് പാരായണം ചെയ്യലല്ല തൗബ എന്ന് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.

തൗബയില്‍ ഒരു വ്യക്തിക്കുണ്ടാകേണ്ട മാനസികാവസ്ഥ എന്താണെന്ന് മനസ്സിലാക്കാന്‍ ഒരു ഉദാഹരണം പറയാം. ഒരു ദരിദ്രനായ വ്യക്തിയുടെ കയ്യില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഒരു രത്‌നക്കല്ലുണ്ടായിരുന്നു. ആ കല്ലിന്റെ വില അദ്ദേഹത്തിനറിയാതെ അത് ഒരു മൂലയിലിട്ടു. പിന്നീട് ആക്രിക്കച്ചവടക്കാരന് നിസ്സാരമായ പൈസക്ക് എടുത്തു കൊടുത്തു. കുറച്ചുകാലം കഴിഞ്ഞ് ഒരു വിശ്വസ്തനായ സുഹൃത്ത് അദ്ദേഹത്തിനോട് ആ കല്ലിനെക്കുറിച്ച് പറയുകയാണ്. ഒരു ഗ്രാമിന് പത്തായിരം രൂപ വിലവരുന്ന കല്ലായിരുന്നുവത്. ഇത് കേട്ടതോടെ അവന്റെ മനസ്സിലുണ്ടാകുന്ന അവസ്ഥ എന്തായിരിക്കും? തന്റെ ദാരിദ്ര്യാവസ്ഥ മുഴുവന്‍ മറികടക്കാന്‍ കഴിയുന്ന മൂല്യമുള്ള കല്ലിനെ തിരിച്ചറിയാതെ കൈവിട്ടുപോയതില്‍ അതിയായി ദുഃഖിക്കുകയും അതിന്റെ പേരില്‍ അവന്‍ വിഷാദരോഗിയാവുകയും ചെയ്യും. ഇനിയൊരിക്കലും കയ്യില്‍ വരുന്ന കല്ലുകളെ അങ്ങനെ നിസ്സാരമായി കാണുന്നതല്ല എന്ന തീരുമാനത്തില്‍ അവന്‍ ഉറച്ചുനില്‍ക്കുകയും ചെയ്യും.
ഇതാണ് തവ്വാബായ (തൗബയുള്ള) ഒരു മനുഷ്യന്റെ മാനസികാവസ്ഥ. പരലോകത്തേക്ക് സമ്പാദിക്കാന്‍ കഴിയുന്ന ആരോഗ്യവും ഒഴിവുസമയവും വെറുതെ കളഞ്ഞു. ആ സമയങ്ങളെ ഉപയോഗപ്പെടുത്തി ഇല്‍മും ദിക്‌റും കരസ്ഥമാക്കാന്‍ ശ്രദ്ധിച്ചില്ല. നിസ്‌കാരങ്ങള്‍ സമയാസമയങ്ങളില്‍ നിര്‍വഹിച്ചില്ല. അങ്ങനെ നഷ്ടപ്പെട്ടുപോയ സമയങ്ങള്‍ രത്‌നത്തേക്കാള്‍ വിലപ്പെട്ടതായിരുന്നു. ആ നഷ്ടങ്ങളെ തിരിച്ചറിയുന്നത് ഒരു വിശ്വസ്തനായ സുഹൃത്ത് കാര്യം ഓര്‍മിപ്പിക്കുമ്പോഴാണ്. അല്ലെങ്കില്‍ ഒരുപക്ഷേ, പരിശുദ്ധ ഖുര്‍ആനിലെ ഒരു ആയത്തോ, ഹദീസോ, മറ്റു വല്ലവരുടേയും വാക്കുകളോ ആയിരിക്കും.

അതിലൂടെ അവന് വെളിച്ചം കിട്ടുമ്പോഴാണ് അവന്‍ ഉണരുന്നത്. ആ ഉണര്‍ച്ചയില്‍ അവന്‍ തന്റെ ഭൂതകാലത്തെ സത്യസന്ധമായി വിലയിരുത്താന്‍ തുടങ്ങിയപ്പോള്‍ ധാരാളം തിന്മകളും വീഴ്ചകളും സംഭവിച്ചതായി അവന് തന്നെ സ്വയം വിലയിരുത്താന്‍ സാധിക്കും. മറ്റുള്ളവരുടെ മുമ്പില്‍ അവന്റെ ദോഷങ്ങളും വീഴ്ചകളും അല്ലാഹു മറച്ചുവെച്ചിട്ടുണ്ടാകുമെങ്കിലും വ്യക്തിപരമായി അവന് അവന്റെ വീഴ്ചകളെക്കുറിച്ച് നല്ല ധാരണയുണ്ടാകും. അതനുസരിച്ച് അവന്‍ അവനെത്തന്നെ ആത്മവിചാരണ ചെയ്ത് പാപങ്ങളില്‍ നിന്ന് ശുദ്ധിയാവുകയും നന്മകളെ വീണ്ടെടുക്കാന്‍ പരിശ്രമിക്കുകയും ചെയ്യും.
ഒരാളുടെ മനസ്സിലേക്ക് സജര്‍ വന്നുകഴിഞ്ഞാല്‍ അവന്റെ മനസ്സില്‍ തീ കത്തുംപോലെ നീറുന്ന അവസ്ഥയായിരിക്കും. അല്ലാഹുവിന്റെ ശിക്ഷയ്ക്ക് പാത്രമാകാവുന്ന അവസ്ഥയിലാണ് താനുള്ളതെന്ന ബോധ്യത്തില്‍ അവനെങ്ങനെ മനഃസ്സമാധാനം ലഭിക്കും? ഒരു ഉറുമ്പിന്റെ കടിയോ കൊതുകിന്റെ കടിയോ സഹിക്കാനാകാത്ത മനുഷ്യന് കബറിലും മഹ്ശറയിലും അവസാനം നരകത്തിലും ശിക്ഷ ഏറ്റുവാങ്ങാനുള്ള സഹനശക്തിയുണ്ടോ? അതുകൊണ്ട് കുറ്റത്തില്‍ കിടക്കുന്ന ഈ അവസ്ഥയില്‍നിന്നും ഉടനെ തൗബ ചെയ്തു ശുദ്ധിയായില്ലെങ്കില്‍ കാര്യം വലിയ അപകടത്തിലാണെന്ന് അവന് ബോധ്യപ്പെടുന്നു.

അതോടെ അവന് അവന്റെ ഐഹികമായ കാര്യങ്ങളിലുള്ള താല്‍പ്പര്യങ്ങള്‍ കുറയുകയും ഉറക്കം പോലും നഷ്ടപ്പെട്ട് അവന്‍ ദുഃഖിതനാകുന്നു. ആ ബോധ്യത്തിനെയാണ് ‘ഇന്‍തിബാഹ്’ എന്ന് നേരത്തെ പറഞ്ഞത്. ഏതെല്ലാം കുറ്റങ്ങളില്‍നിന്ന് ഏത് വിധത്തില്‍ മോചിതനാകാന്‍ കഴിയുമെന്ന് മനസ്സിലാക്കുന്ന ഹാലിനെയാണ് ‘യഖ്‌ളത്ത്’ എന്ന് പറഞ്ഞത്. ഇത് രണ്ടുമായി കഴിഞ്ഞാല്‍ അവന്റെ മനസ്സിലേക്ക് ‘നദാമത്ത്’ ഉണ്ടാവുകയും കുറ്റത്തില്‍ നിന്ന് പിന്മാറുകയും ഭാവിയില്‍ കുറ്റത്തിലേക്കില്ല എന്ന ‘അസ്മില്‍’ (ഉറച്ച തീരുമാനം) എത്തുകയും ചെയ്യും. അപ്പോഴാണ് പൂര്‍ണ്ണമായ തൗബയാകുന്നത്.
തെറ്റായ കാര്യങ്ങളെക്കുറിച്ചുള്ള ഉല്‍ബോധനത്തിലൂടെയാണ് തെറ്റ് തിരിച്ചറിയാനും അതില്‍ ഖേദവും ദുഃഖവും ഉണ്ടാകാനും നിമിത്തമാവുകയുള്ളൂ. ഉല്‍ബോധനങ്ങളിലൂടെ മനുഷ്യന്റെ ഖല്‍ബ് ഉണരുകയും കുറ്റങ്ങളില്‍നിന്ന് ഖേദിച്ചു മടങ്ങുകയും ചെയ്യുന്നില്ലെങ്കില്‍ ആ ഖല്‍ബിന് എന്തോ കുഴപ്പമുണ്ട്. ഖല്‍ബിന് രോഗം ബാധിച്ചിട്ടുണ്ടോ? ഖല്‍ബ് മരിച്ചുപോയോ? എന്ന് പരിശോധിക്കണം.

ഖല്‍ബില്ലെങ്കില്‍ ‘സജറോ’ ‘ഇന്‍തിബാഹോ’ ‘യഖ്‌ളത്തോ’ നദാമത്തോ ‘മുക്ക്‌ലി’ ആകലോ ‘അസ്‌മോ’ ഉണ്ടാകുന്നതല്ല. ഖല്‍ബ് മരിച്ചാല്‍ അതിന് യാതൊരു ചലനവും സാധിക്കില്ല എന്ന് പറയേണ്ടതില്ലല്ലോ? രോഗം ബാധിച്ച ഖല്‍ബാണെങ്കില്‍ അതിന് ശരീരേച്ഛയുടെ പ്രേരണകളേയും ശൈത്വാന്റെ ദുര്‍ബോധനത്തേയും സാഹചര്യങ്ങളേയും മറികടന്നു പ്രവര്‍ത്തിക്കാനുള്ള ശക്തിയുണ്ടാകുന്നതല്ല. അല്ലാഹുവില്‍ നിന്ന് മാപ്പ് ലഭിക്കുവാനും പ്രതിഫലം കരസ്ഥമാക്കുവാനും കഴിയുന്ന നല്ല നല്ല അവസരങ്ങളെ ഉപയോഗപ്പെടുത്താന്‍ കഴിയാതെ പോയതിലും കുറ്റങ്ങള്‍ സംഭവിച്ചതിലും ദുഃഖമോ ഖേദമോ തോന്നാത്തത് മനുഷ്യന്റെ ഹൃദയം മരിച്ചുപോയതിന്റെ ലക്ഷണമാണെന്ന് ‘ഹിക്കമുല്‍ അത്താഇയ്യ’യില്‍ പറഞ്ഞിട്ടുണ്ട്. ഈ അവസ്ഥയില്‍ ഹൃദയത്തെ ജീവിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം.

ഹിക്കമിലെ മറ്റൊരു വാചകം നോക്കുക: “തന്റെ ന്യൂനതയെക്കുറിച്ച് ജനങ്ങളേക്കാള്‍ ഏറ്റവും അറിയുന്നവന്‍ സ്വയം തന്നെയാണല്ലോ? അതിനാല്‍ ജനങ്ങളുടെ പുകഴ്ത്തല്‍ കേട്ട് സ്വന്തം നഫ്‌സിന്റെ കുറ്റങ്ങളെക്കുറിച്ചുള്ള ബോധ്യത്തില്‍ നിന്ന് പിന്മാറേണ്ടതില്ല. അങ്ങനെ ജനങ്ങളുടെ പുകഴ്ത്തലിനൊത്ത് ഉയരുന്നവന്‍ ഏറ്റവും വിഡ്ഢിയാണ്.”
തന്റെ കുറ്റങ്ങള്‍ കാരണം ഖേദമുണ്ടാക്കുന്ന തീ ഹൃദയത്തില്‍ ആളിക്കത്തുമ്പോള്‍ മാത്രമേ തൗബയിലേക്ക് പ്രേരണയുണ്ടാവുകയുള്ളൂ. ഹൃദയത്തിലേക്ക് ഈ തീ ലഭിക്കുന്നത് അല്ലാഹുവിന്റെ തനിച്ച ഔദാര്യത്താല്‍ ആയിരിക്കാം. അല്ലെങ്കില്‍ ദീനിയായ ഉല്‍ബോധനം കേള്‍ക്കലിലൂടെയോ അറിവ് പഠിക്കുന്നതിലൂടെയോ സ്വാലിഹീങ്ങളുമായി സഹവസിക്കുന്നതിലൂടെയോ വന്നുചേരുന്നതാകാം. ഏത് വിധേനയായാലും തീ കത്താതെ ഖേദിച്ചു മടങ്ങല്‍ എന്നത് സംഭവിക്കുന്നതല്ല. അല്ലാഹു അവന്റെ തനി ഔദാര്യത്താല്‍ കുറ്റങ്ങളെക്കുറിച്ച് ഖേദിക്കുന്ന തീ കത്തുന്ന മാനസികാവസ്ഥ ഒരാളിലേക്ക് നിക്ഷേപിച്ചുകൊടുത്താല്‍ അതിനെ ആ വ്യക്തിക്ക് ഉപയോഗപ്പെടുത്തി കൂടുതല്‍ തീ കരസ്ഥമാക്കുവാനും അതിന്റെ ചൂടില്‍ തൗബയിലേക്കും നന്മയിലേക്കും സഞ്ചരിക്കാനും സാധിക്കും.

സൗജന്യമായി ഒരു വിത്ത് ലഭിച്ചാല്‍ അത് മണ്ണില്‍ നട്ടു വളര്‍ത്തി ചെടിയാക്കി മരമാക്കി അതിന്റെ ഫലം അനുഭവിക്കാമല്ലോ?
ഇതേപോലെ അല്ലാഹു നല്‍കുന്ന ഒരു ഉള്‍പ്രേരണയില്‍ കുറ്റങ്ങളെക്കുറിച്ച് ഉണര്‍ന്നു പ്രവര്‍ത്തിക്കാനും ഇല്‍മിലൂടെയും അമലിലൂടെയും മുന്നേറി നന്മയില്‍ വിജയം കരസ്ഥമാക്കാനും സാധിക്കും. സൗജന്യമായി കിറ്റ് വിതരണം ചെയ്യുന്നുണ്ടെന്നറിഞ്ഞാല്‍ അതിനുവേണ്ടി പോയി ക്യൂ നില്‍ക്കുന്നതുപോലെ അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള പ്രകാശം വരുന്ന സമയങ്ങളേയും സദസ്സുകളേയും സ്ഥലങ്ങളേയും അതിന്റെ അവസരത്തില്‍ പോയി ഉപയോഗപ്പെടുത്തണം. വെള്ളിയാഴ്ച രാവില്‍ ദുആക്ക് ഉത്തരമുണ്ട് എന്ന് പറയുമ്പോള്‍ ആ സമയത്തെ അതിനായി ഉപയോഗപ്പെടുത്തല്‍ അല്ലാഹുവിന്റെ സൗജന്യത്തിന് വേണ്ടി ക്യൂ നില്‍ക്കലാണ്.

അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള ഒരു പ്രത്യേക പ്രകാശത്തെ പ്രാപിക്കുമ്പോള്‍ ഓരോ വ്യക്തിക്കും ദീനിയായി ലഭിക്കേണ്ടതിലേക്ക് അവന്‍ നയിക്കപ്പെടുകയാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ സംഭവിക്കുന്നത്. ദുആക്ക് ഉത്തരം ലഭിക്കുക എന്ന് പറയുമ്പോള്‍ അത് മനുഷ്യന് നന്നാകുവാനുള്ള അവസരമാണെന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്. ദുആക്ക് ഉത്തരം ലഭിക്കുന്ന അവസരത്തില്‍ എന്തും ദുആ ചെയ്തു വാങ്ങിക്കാമല്ലോ? അല്ലാഹുവില്‍ നിന്ന് ഉത്തരം ലഭിക്കലാകട്ടെ അവന്റെ സമീപത്തിലേക്ക് ഒരാളെ അണച്ചുകൂട്ടലാണ്.

ആമിന ബുക്സ് പ്രസിദ്ധീകരിക്കുന്ന ഈ ​ഗ്രന്ഥം ഉടൻ വിപണിയിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy