ഇഖ്ദുദ്ദമീൻ: ഇന്ത്യയും ആദ്യകാല ഇസ്ലാമും: 4
ഖാള്വി അത്ഹർ മുബാറക് പുരി
സ്വതന്ത്രപരിഭാഷയും വ്യാഖ്യാനവും: ദർവേശ് അൻവാരി.
പ്രവാചകർ മുഹമ്മദ്(സ) തങ്ങളുടെയും സ്വഹാബികളുടെയും കാലഘട്ടത്തിൽ ഇന്ത്യയിലെ സ്വഹാബികളുടെ സാന്നിധ്യത്തെ സംബന്ധിച്ച് ഉയർന്നുവന്ന വിവിധ പ്രചാരണങ്ങളെയും ഐതിഹ്യങ്ങളെയും പണ്ഡിതന്മാരും ചരിത്രകാരന്മാരും എപ്രകാരമാണ് വിലയിരുത്തിയത് എന്നതിനെക്കുറിച്ചുള്ള അന്വേഷണമാണിത്. സ്വഹാബികളുടെ ഇന്ത്യയിലെ വരവ്, ഇന്ത്യൻ രാജാക്കന്മാരുമായുള്ള കൂടിക്കാഴ്ചകൾ തുടങ്ങിയവയെക്കുറിച്ച് പ്രചരിക്കുന്ന പല നിവേദനങ്ങളും ചരിത്രപരമായോ പ്രാമാണികമായോ സ്ഥിരീകരിക്കപ്പെടാത്തവയാണെന്ന് വ്യക്തമാക്കുകയാണ് ഈ ഭാഗത്ത് ഗ്രന്ഥകാരൻ.

പ്രവാചകർ മുഹമ്മദ്(സ) തങ്ങളുടെയും സ്വഹാബികളുടെയും കാലഘട്ടത്തിൽ ഇന്ത്യയിലെ സ്വഹാബികളുടെ സാന്നിധ്യത്തെ സംബന്ധിച്ച് ഉയർന്നുവന്ന വിവിധ പ്രചാരണങ്ങളെയും ഐതിഹ്യങ്ങളെയും പണ്ഡിതന്മാരും ചരിത്രകാരന്മാരും എപ്രകാരമാണ് വിലയിരുത്തിയത് എന്നതിനെക്കുറിച്ചുള്ള അന്വേഷണമാണിത്. സ്വഹാബികളുടെ ഇന്ത്യയിലെ വരവ്, ഇന്ത്യൻ രാജാക്കന്മാരുമായുള്ള കൂടിക്കാഴ്ചകൾ തുടങ്ങിയവയെക്കുറിച്ച് പ്രചരിക്കുന്ന പല നിവേദനങ്ങളും ചരിത്രപരമായോ പ്രാമാണികമായോ സ്ഥിരീകരിക്കപ്പെടാത്തവയാണെന്ന് വ്യക്തമാക്കുകയാണ് ഈ ഭാഗത്ത് ഗ്രന്ഥകാരൻ.
ബാബാ രത്തൻ ഹിന്ദിയും അവകാശവാദങ്ങളും
സ്വഹാബിമാരുടെ ചരിത്രം രേഖപ്പെടുത്തിയ പ്രമുഖ ഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്ന പ്രശസ്തമായ ഒരു കഥയാണ് ബാബ രത്തൻ ഹിന്ദിയുടേത്. പ്രമുഖ പണ്ഡിതൻ ഇബ്നു ഹജർ അൽ-അസ്ഖലാനി(റ) ഇത് സംബന്ധിച്ച് അവതരിപ്പിച്ച നിരീക്ഷണം പരിശോധിക്കാം:
തന്റെ അൽ-ഇസ്വാബ ഫീ തംയീസി സ്വഹാബ എന്ന ഗ്രന്ഥത്തിൽ, സ്വഹാബികളുടെ കൂട്ടത്തിൽ തെറ്റായി ഉൾപ്പെടുത്തപ്പെട്ടവരുടെ പട്ടികയിലാണ് ഇബ്നു ഹജർ(റ) ബാബാ രത്തൻ ഹിന്ദിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. അഞ്ചാം നൂറ്റാണ്ടിന്റെ അവസാനം വരെ രഹസ്യമായി ജീവിച്ചെന്നും, ആറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്രത്യക്ഷപ്പെട്ട് താൻ ഒരു സ്വഹാബിയാണെന്ന് അവകാശപ്പെടുകയായിരുന്നുവെന്നുമാണ് ഇയാളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളത്. ഇയാളുടെ മക്കളായ മഹ്മൂദ്, അബ്ദുള്ള, കൂടാതെ മൂസാ ബിൻ മുജല്ലി അദ്-ദസ്തൂരി തുടങ്ങിയവരാണ് ഇയാളിൽ നിന്ന് നിവേദനങ്ങൾ ഉദ്ധരിച്ചിട്ടുള്ളത്. മുൻകാല ചരിത്രഗ്രന്ഥങ്ങളിലൊന്നും ഇയാളെക്കുറിച്ച് സൂചനകളില്ല.
ഇമാം ദഹബി(റ) ഇത് കെട്ടുകഥയാണെന്ന് പറയുന്നുണ്ട്. അത്-തജ്രീദ് എന്ന ഗ്രന്ഥത്തിൽ ഇമാം ദഹബി കുറിക്കുന്നു:
“ആറാം നൂറ്റാണ്ടിനു ശേഷം കിഴക്കൻ പ്രദേശങ്ങളിൽ പ്രത്യക്ഷപ്പെട്ട് സ്വഹാബിയാണെന്ന് അവകാശപ്പെട്ട വ്യക്തിയാണ് രത്തൻ ഹിന്ദി. വിവരമില്ലാത്ത ചിലർ ഇയാളിൽ നിന്ന് കാര്യങ്ങൾ കേട്ടുവെന്നതൊഴിച്ചാൽ, അങ്ങനെ ഒരാൾ യഥാർത്ഥത്തിൽ ജീവിച്ചിരുന്നിട്ടില്ല. വ്യാജവാദികൾ കെട്ടിച്ചമച്ച ഒരു പേരാണിത്.”
കൂടാതെ മീസാനുൽ ഇഅ്തിദാൽ എന്ന ഗ്രന്ഥത്തിൽ ഇയാൾ യാതൊരു സംശയവുമില്ലാത്ത കള്ളനും ദജ്ജാലുമാണെന്ന് വ്യക്തമാക്കുന്ന ദഹബി, സ്വഹാബികളുടെ പ്രവാചകബന്ധത്തെ ദുരുപയോഗം ചെയ്യുന്ന ഇത്തരം വാദങ്ങൾ അല്ലാഹുവിനും റസൂൽ(സ) തങ്ങൾക്കുമെതിരെയുള്ള ധാർഷ്ട്യമാണെന്നും നിരീക്ഷിക്കുന്നു. ഹിജ്റ 632-ൽ ഇയാൾ മരണപ്പെട്ടതായി പറയപ്പെടുന്നുണ്ടെങ്കിലും ഇയാളുടെ പേരിൽ നിരവധി കെട്ടുകഥകൾ നിർമ്മിക്കപ്പെടുകയായിരുന്നു. നൂറ്റാണ്ടുകളോളം ജീവിച്ചു എന്ന് പറയപ്പെടുന്ന ഇദ്ദേഹത്തെ കുറിച്ച് ഹിജ്റ 650-ൽ അന്തരിച്ച പ്രമുഖ മുഹദ്ദിസ് അബുൽ ഫദായിൽ റദിയുദ്ദീൻ അൽ-സഗ്ഗാനി അൽ-ലാഹോരി തന്റെ അൽ-മൗദൂആത് എന്ന ഗ്രന്ഥത്തിൽ രതൻ അൽ-ഹിന്ദിയുടെ വാദങ്ങളെ പൂർണ്ണമായി തള്ളിക്കളയുന്നു.
നബി (സ) തങ്ങളുടെ വിയോഗത്തിന് മുമ്പ് ഇപ്രകാരം പറയുകയുണ്ടായി:
“നിങ്ങളുടെ ഈ രാത്രിയെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇന്നുള്ളവരിൽ ഒരാൾ പോലും നൂറു വർഷത്തിന് ശേഷം ഭൂമുഖത്ത് ബാക്കിയുണ്ടാവുകയില്ല”. അബു തുഫൈൽ ആമിർ ബിൻ വാസില (റ) അല്ലാതെ സ്വഹാബികളിൽ ആരും തന്നെ അതിനുശേഷം ജീവിച്ചിരുന്നിട്ടില്ല. ഒരു നിവേദനപ്രകാരം ഹിജ്റ 110-ൽ മക്കയിലാണ് ആ സ്വഹാബിയുടെ വിയോഗം സംഭവിച്ചത്. കവിതയിൽ പറയുന്നതുപോലെ:
“സ്വഹാബികളിൽ അവസാനം മരണപ്പെട്ടത് അബു തുഫൈൽ ആമിർ ബിൻ വാസില ആണ്.”
അതുകൊണ്ടൊക്കെ തന്നെയാണ് രത്തൻ ഹിന്ദി സ്വഹാബിയാണെന്ന വാദം സ്വീകരിക്കാൻ സാധിക്കാത്തത്. അതിനാൽ നൂറ്റാണ്ടുകൾക്ക് ശേഷം ജീവിച്ചിരുന്നതായി അവകാശപ്പെടുന്ന ഇത്തരക്കാരുടെ വാദങ്ങൾ ബുദ്ധിപരമായും പ്രാമാണികമായും നിലനിൽക്കുന്നതല്ല.
എന്നിരുന്നാലും സ്വലാഹ് അൽ-സ്വഫദി ബുദ്ധിപരമായ സാധ്യതയായി (തജ്‌വീസ് അഖ്‌ലി) ഇതിനെ അംഗീകരിക്കുകയും, ശൈഖ് മജ്ദുദ്ദീൻ അൽ-ശീറാസി തലമുറകളായി ആളുകൾക്കിടയിൽ ഈ വാർത്ത പ്രശസ്തമായതിനാൽ ഇതിനെ പരാമർശിക്കുകയും ചെയ്തിട്ടുണ്ട്.
സർബാതക് രാജാവിന്റെ കഥ
ഇന്ത്യയിലെ കനൗജ് (Qannauj) രാജാവായിരുന്ന സർബാതക്കിനെക്കുറിച്ച് പ്രചരിക്കുന്ന നിവേദനവും ചരിത്രപരമായി തള്ളിക്കളയപ്പെട്ട ഒന്നാണ്.
ഇബ്നുൽ അസീറിന്റെ ‘ഉസ്ദുൽ ഗാബ’യിലെ പരാമർശം പരിശോധിക്കാം:
ഇഷാഖ് ബിൻ ഇബ്രാഹിം അൽ-തൂസിയിൽ നിന്ന് മക്കി ബിൻ അഹ്മദ് അൽ-ബർദഈ ഉദ്ധരിക്കുന്ന റിപ്പോർട്ട് പ്രകാരം, കനൗജിൽ വെച്ച് 925 വയസ്സുള്ള സർബാതക് രാജാവിനെ കണ്ടതായും, അദ്ദേഹം ഇസ്ലാം സ്വീകരിച്ചിരുന്നതായും പറയുന്നു. ഹുദൈഫ ബിൻ അൽ-യമാൻ(റ), അംറ് ബിൻ അൽ-ആസ്(റ), ഉസാമ ബിൻ സൈദ്(റ), അബു മൂസാ അൽ-അഷ്അരി (റ) തുടങ്ങിയ പത്ത് സ്വഹാബികളെ പ്രവാചകൻ (സ) തങ്ങളുടെ കത്തുമായി അദ്ദേഹത്തിന്റെ അടുത്തേക്ക് അയച്ചുവെന്നാണ് വാദം.
ഇബ്നു മന്ദ ഉൾപ്പെടെയുള്ള പ്രമുഖ ഗ്രന്ഥകർത്താക്കൾ ഈ നിവേദനം പൂർണ്ണമായി ഒഴിവാക്കി. അടിസ്ഥാനമില്ലാത്ത വാദങ്ങളെ സ്ഥിരീകരിക്കുന്നതിനേക്കാൾ നല്ലത് അവ ഉപേക്ഷിക്കുന്നതാണെന്ന് ചരിത്രകാരന്മാർ വ്യക്തമാക്കുന്നു. ഇമാം ദഹബിയും ഇബ്നു ഹജറും ഇത് വ്യക്തമായ വ്യാജകഥയാണെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ചേരമാൻ പെരുമാളുടെ മക്കായാത്ര: ചരിത്രവും ഐതിഹ്യവും
മലബാറിലെ രാജാവിന്റെ ഇസ്ലാം ആശ്ലേഷണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഐതിഹ്യങ്ങളെ ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ) തന്റെ തുഹ്ഫത്തുൽ മുജാഹിദീൻ എന്ന പ്രശസ്ത ചരിത്രഗ്രന്ഥത്തിൽ വിശകലനം ചെയ്യുന്നുണ്ട്.
പ്രവാചകന്റെ (സ) കാലത്ത് ചന്ദ്രൻ പിളർന്നത് കണ്ട് മലബാറിലെ രാജാവ് ഇസ്ലാം സ്വീകരിക്കുകയും, പ്രവാചകനെ നേരിൽ കാണാൻ യാത്രതിരിച്ച് മടക്കയാത്രയിൽ ശഹറിൽ വെച്ച് മരണപ്പെടുകയും ചെയ്തു എന്ന പ്രചാരണം മലബാർ മുസ്ലിങ്ങൾക്കിടയിൽ പ്രശസ്തമാണെങ്കിലും, ഇതിന് ചരിത്രപരമായ സാധൂകരണമില്ലെന്ന് തുഹ്ഫത്തുൽ മുജാഹിദീനിലെ പരാമർശം(റ) വ്യക്തമാക്കുന്നു.
ഈ സംഭവം യഥാർത്ഥത്തിൽ ഹിജ്റ 200-ന് ശേഷമാണ് നടന്നിട്ടുള്ളതെന്നാണ് തുഹ്ഫയിലെ സൂചന. ‘സാമൂതിരി’ (Samothiri) എന്നത് ‘സാമൂരി’ എന്നതിന്റെ അറബി രൂപമാണെന്നും, അത് മലബാർ ഭരിച്ചിരുന്ന ചേരമാൻ പെരുമാൾ രാജവംശത്തിലെ ഭരണാധികാരികളെ സൂചിപ്പിക്കുന്നതാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.
(മലബാറിലെയും വാണിജ്യ പ്രാധാന്യമുണ്ടായിരുന്ന മറ്റ് ദക്ഷിണേന്ത്യൻ തീരദേശ പട്ടണങ്ങളിലെയും ആദ്യകാല ഇസ് ലാമിക സാന്നിധ്യത്തെ കുറിച്ച് സൂക്ഷ്മ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങളല്ല ഇദ്ദേഹത്തിന്റേതെന്ന് വ്യക്തമാണ്. തുഹ്ഫത്തുൽ മുജാഹിദീൻ എന്ന പതിനാറാം നൂറ്റാണ്ടിലെഴുതപ്പെട്ട ഗ്രന്ഥം മാത്രമാണ് ഇവ്വിഷയത്തിൽ ഇദ്ദേഹം അവലംബിച്ചിട്ടുള്ളത് എന്നതുകൊണ്ടായിരിക്കാം ഇങ്ങനെയൊരു നിഗമനം. എന്നാൽ ഈ അവലംബ ഗ്രന്ഥം രചിക്കപ്പെടുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ കേരളീയ പണ്ഡിതന്മാർക്കിടയിലും പ്രമുഖ ഖാളിമാർക്കിടയിലും പ്രചരിച്ചിരുന്ന അരിസാലത്തു ഫീ ളുഹൂരിൽ ഇസ്ലാം ദിയാരി മലൈബാർ പോലുള്ള ഗ്രന്ഥങ്ങൾ പരിശോധിക്കാനോ അതിലെ വിവരണങ്ങളെ പരിഗണിക്കാനോ ഇദ്ദേഹത്തിന് സാധിച്ചിട്ടില്ല. മാത്രമല്ല ഇന്നും ശ്രീകണ്ഠപുരം, കൊയിലാണ്ടി കൊല്ലം പോലുള്ള പുരാതന വാണിജ്യകേന്ദ്രങ്ങളിൽ ശേഷിക്കുന്ന ഖബറുകളുടെ മീസാൻ കല്ലുകളിൽ എഴുതപ്പെട്ട പുരാതന അറബി ലിപി രൂപങ്ങൾ ഇസ് ലാമിക സാന്നിധ്യത്തിന്റെ പ്രാചീനത തെളിയിക്കാൻ പര്യാപ്തമാണെന്നിരിക്കെ അത്തരം ചരിത്രസ്രോതസ്സുകളൊന്നും അദ്ദേഹത്തിന്റെ ശ്രദ്ധയിൽ വന്നിട്ടില്ല. അതുകൊണ്ട് തന്നെ ചന്ദ്രൻ പിളർന്ന സംഭവത്തിന് സാക്ഷിയായ ചേരമാൻ പെരുമാൾ മക്കത്തുപോയി ഇസ് ലാം സ്വീകരിച്ച സംഭവം ഗ്രന്ഥകാരന്റെ ലളിതയുക്തിക്കപ്പുറം പശ്ചാത്തല തെളിവുകൾ കൊണ്ട് സാധൂകരിക്കപ്പെടുന്നതാണ് എന്ന കാര്യം സവിശേഷം ഇവിടെ ഓർമ്മപ്പെടുത്തുന്നു.)
കയ്യെഴുത്തുപ്രതിയായ ‘മജ്മൂഅത്തുർ റസാഇൽ’ എന്ന ഗ്രന്ഥത്തിൽ ‘ജംഉൽ ജവാമിഇ’നെ ഉദ്ധരിച്ചുകൊണ്ട് ഞാൻ കണ്ടത്: പ്രവാചകൻ (സ) തങ്ങൾ അഞ്ച് സ്വഹാബികളുടെ കൈവശം സിന്ധിലെ ജനങ്ങൾക്ക് കത്തയച്ചു. അവർ സിന്ധിലെ ‘നീരുൻ’ (Nirun) എന്ന കോട്ടയിൽ എത്തിയപ്പോൾ അവിടുത്തെ ചില നിവാസികൾ ഇസ്ലാം സ്വീകരിച്ചു. തുടർന്ന് സ്വഹാബികളിൽ രണ്ടുപേർ സിന്ധിൽ നിന്നുള്ള ദൂതനോടൊപ്പം മടങ്ങി. സിന്ധിലെ ജനങ്ങൾ ഇസ്ലാം പരസ്യമാക്കുകയും അവരെ നിയമങ്ങൾ പഠിപ്പിക്കുകയും ചെയ്തു. അവർ അവിടെവെച്ച് മരണപ്പെടുകയും അവരുടെ ഖബറുകൾ ഇപ്പോഴും അവിടെ നിലനിൽക്കുകയും ചെയ്യുന്നു.
എന്നാൽ, ഈ വിവരണത്തിന്റെ ഭാഷാപരമായ ഘടനയും സനദിലെ ബലഹീനതയും പരിശോധിക്കുമ്പോൾ, പ്രവാചകകാലത്ത് സ്വഹാബികൾ സിന്ധിൽ എത്തിയിരുന്നു എന്നതിന് മറ്റ് യാതൊരു ചരിത്രപരമായ തെളിവുകളുമില്ലെന്ന് ഖാദി വ്യക്തമാക്കുന്നു.(ഹദീസ് നിവേദന ശാസ്ത്രത്തിന്റെ സൂക്ഷ്മ മാനദണ്ഡങ്ങൾ വെച്ചുള്ള നിലപാടാണിത്. എന്നാൽ ഇതിന്റെ ചരിത്രപരതയെ പരിഗണിക്കുമ്പോൾ ഇത്തരം പുരാതന കൈയ്യെഴുത്ത് പ്രതികളിലെ ഈ പരാമർശം തന്നെ ഈ വസ്തുത സാധൂകരിക്കുന്ന പ്രമാണമാണ്)

സിന്ധിലേക്ക് അഞ്ച് സ്വഹാബികൾ വന്നെന്ന വാദം
കയ്യെഴുത്തുപ്രതിയായ ‘മജ്മൂഅത്തുർ റസാഇൽ’ എന്ന ഗ്രന്ഥത്തിൽ ‘ജംഉൽ ജവാമിഇ’നെ ഉദ്ധരിച്ചുകൊണ്ട് ഞാൻ കണ്ടത്: പ്രവാചകൻ (സ) തങ്ങൾ അഞ്ച് സ്വഹാബികളുടെ കൈവശം സിന്ധിലെ ജനങ്ങൾക്ക് കത്തയച്ചു. അവർ സിന്ധിലെ ‘നീരുൻ’ (Nirun) എന്ന കോട്ടയിൽ എത്തിയപ്പോൾ അവിടുത്തെ ചില നിവാസികൾ ഇസ്ലാം സ്വീകരിച്ചു. തുടർന്ന് സ്വഹാബികളിൽ രണ്ടുപേർ സിന്ധിൽ നിന്നുള്ള ദൂതനോടൊപ്പം മടങ്ങി. സിന്ധിലെ ജനങ്ങൾ ഇസ്ലാം പരസ്യമാക്കുകയും അവരെ നിയമങ്ങൾ പഠിപ്പിക്കുകയും ചെയ്തു. അവർ അവിടെവെച്ച് മരണപ്പെടുകയും അവരുടെ ഖബറുകൾ ഇപ്പോഴും അവിടെ നിലനിൽക്കുകയും ചെയ്യുന്നു.
എന്നാൽ, ഈ വിവരണത്തിന്റെ ഭാഷാപരമായ ഘടനയും സനദിലെ ബലഹീനതയും പരിശോധിക്കുമ്പോൾ, പ്രവാചകകാലത്ത് സ്വഹാബികൾ സിന്ധിൽ എത്തിയിരുന്നു എന്നതിന് മറ്റ് യാതൊരു ചരിത്രപരമായ തെളിവുകളുമില്ലെന്ന് ഖാദി വ്യക്തമാക്കുന്നു.(ഹദീസ് നിവേദന ശാസ്ത്രത്തിന്റെ സൂക്ഷ്മ മാനദണ്ഡങ്ങൾ വെച്ചുള്ള നിലപാടാണിത്. എന്നാൽ ഇതിന്റെ ചരിത്രപരതയെ പരിഗണിക്കുമ്പോൾ ഇത്തരം പുരാതന കൈയ്യെഴുത്ത് പ്രതികളിലെ ഈ പരാമർശം തന്നെ ഈ വസ്തുത സാധൂകരിക്കുന്ന പ്രമാണമാണ്)
തമീം അദ്-ദാരി (റ) വിന്റെ സാന്നിധ്യം
വാമൊഴി നിവേദനങ്ങൾ പ്രകാരം തമീം അദ്-ദാരി (റ) ദക്ഷിണേന്ത്യയിൽ വരികയും അവിടെ മരണപ്പെടുകയും ചെയ്തു, അദ്ദേഹത്തിന്റെ ഖബർ ഇപ്പോഴും മദ്രാസിന് (ചെന്നൈ) സമീപം നിലനിൽക്കുന്നു എന്നാണ്. എന്നാൽ ചരിത്രപരമായോ നിവേദനങ്ങൾ വഴിയോ ഇത് ശരിയല്ല.(ദക്ഷിണേന്ത്യയിൽ വന്നത് തമീമുദ്ദാരി(റ) ആണെന്നോ ചെന്നൈയിലുള്ള ഖബർ അദ്ദേഹത്തിന്റേതാണെന്നോ ആരെങ്കിലും അവകാശവാദമുന്നയിക്കുന്നുണ്ടോ എന്നറിയില്ല. എന്നാൽ തമീമുൽ അൻസാരി(റ) വിന്റെ ദക്ഷിണേന്ത്യയിലെ സാന്നിധ്യത്തെ കുറിച്ചും ചെന്നൈയിലുള്ള ഖബർ അദ്ദേഹത്തിന്റേതാണെന്നതിനെ കുറിച്ചും അവകാശ വാദങ്ങളുണ്ട്. തമീം ബിൻ സൈദ് അൻസാരി(റ) എന്നറിയപ്പെട്ട ഈ സ്വഹാബി ഉമർ(റ) വിന്റെ ഭരണകാലത്ത് സിന്ധ് ഇന്ത്യൻ അതിർത്തി പ്രദേശങ്ങളിലേക്ക് എത്തിയതായി ചില പ്രാദേശിക വിവരങ്ങൾ സൂചിപ്പിക്കുന്നതായി കാണുന്നുണ്ട്) കാരണം, തമീം ബിൻ ഔസ് ബിൻ ഖാരിജ ബിൻ സുദൈദ് അൽ-ദാരി (റ) ഹിജ്റ 9-ാം വർഷത്തിലാണ് ഇസ്ലാം സ്വീകരിച്ചത്. അദ്ദേഹം മദീനയിലാണ് താമസിച്ചിരുന്നത്, പിന്നീട് ശാമിലേക്ക് (സിറിയ) മാറുകയും ഫലസ്തീനിൽ താമസിക്കുകയും ചെയ്തു. പ്രവാചകൻ (സ) അദ്ദേഹത്തിന് ബൈത്തുൽ മുഖദ്ദസിന് അടുത്തുള്ള ‘ഐനൂൻ’ എന്ന ഗ്രാമം നൽകുകയും കത്ത് എഴുതിക്കൊടുക്കുകയും ചെയ്തിരുന്നു. തമീം അദ്-ദാരി(റ) യും ലഖ്മ്, ജുദാം ഗോത്രങ്ങളിലെ 30 ആളുകളും ഒരു ചെറിയ കപ്പലിൽ മെഡിറ്ററേനിയൻ കടലിൽ സഞ്ചരിക്കവേ ദജ്ജാലിനെ കണ്ട ഒരു ദ്വീപിൽ ചെന്നെത്തിയിരുന്നു. അദ്ദേഹം ഇന്ത്യയിൽ വന്നിരുന്നു എന്നതിനോ, ഇവിടെ മരണപ്പെട്ട് മറവ് ചെയ്യപ്പെട്ടു എന്നതിനോ യാതൊരുവിധ തെളിവുമില്ല.(എന്നാൽ ചെന്നൈയിൽ കബറുള്ള തമീമുൽ അൻസാരി(റ) എന്നറിയപ്പെട്ട തമീം ബിൻ സൈദ് അൻസാരി(റ) വിനെ കുറിച്ചുള്ള സൂക്ഷ്മ വിവരങ്ങൾ ഗ്രന്ഥകാരൻ അന്വേഷിച്ചിട്ടില്ല എന്നതിനാൽ അദ്ദേഹത്തിന്റെ ഉപരിസൂചിത പ്രസ്താവന യഥാർത്ഥ വസ്തുതകളിൽ നിന്ന് വളരെ വിദൂരത്താണെന്ന് പറയേണ്ടിവരും)
ഉപസംഹാരം
പ്രവാചകന്റെയും സ്വഹാബിമാരുടെയും കാലത്ത് ഇന്ത്യയും അറബ് ലോകവും തമ്മിൽ വ്യാപാരബന്ധങ്ങൾ നിലനിന്നിരുന്നു എന്നത് വസ്തുതയാണെങ്കിലും, സ്വഹാബികൾ നേരിട്ട് ഇന്ത്യയിലെത്തിയെന്നോ, ഇന്ത്യൻ രാജാക്കന്മാർ പ്രവാചകനെ നേരിൽ കണ്ട് സ്വഹാബികളായി എന്നോ ഉള്ള അവകാശവാദങ്ങൾ ഭൂരിഭാഗവും പിൽക്കാലത്ത് രൂപപ്പെട്ട ഐതിഹ്യങ്ങളും വ്യാജ നിർമ്മിതികളുമാണ് എന്നാണ് ഈ ഭാഗത്ത് അത്ഹർ മുബാറക് പുരി വാദിക്കുന്നത്. ചരിത്രവിചക്ഷണന്മാരും ഹദീസ് വിശാരദന്മാരും കൃത്യമായ പരിശോധനകളിലൂടെ ഇത്തരം നിവേദനങ്ങളുടെ അപ്രാമാണികത വ്യക്തമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം വാദിക്കുന്നു.
തുടരും…



