പ്രവാചക കാലത്തെ അറേബ്യയിലെ ഇന്ത്യൻ സാന്നിധ്യവും സംസ്കാരവും

Indian Presence in Arabia During the Time of the Prophet: Ethnic and Cultural Evidence

പ്രാചീന കാലം മുതൽ പ്രവാചകൻ ﷺ യുടെ കാലം വരെ അറബികളും ഇന്ത്യയും തമ്മിൽ കച്ചവടം, ഉപജീവനം, മതം തുടങ്ങിയ വിവിധ മേഖലകളിൽ ശക്തമായ ബന്ധങ്ങളും ബന്ധുത്വങ്ങളും നിലനിന്നിരുന്നു. അറബ് നാട്ടിലും അതിന്റെ തീരങ്ങളിലും നഗരങ്ങളിലും ഒന്നിലധികം ഇന്ത്യൻ വംശജരുടെ സമൂഹങ്ങൾ ഉണ്ടായിരുന്നു. സിന്ധികൾ, ഹിന്ദികൾ, ജാട്ട് (Zutt), സയാബിജ, അസാവറ, അഖാമറ, അസാസിറ, സയാബിദ തുടങ്ങി അറബികളിൽ തങ്ങളുടെ പുരാതന ആചാരങ്ങളും ഇന്ത്യക്കാരുടെ ശീലങ്ങളും നിലനിർത്തിക്കൊണ്ട് ജീവിച്ചിരുന്ന വിവിധ വർഗ്ഗക്കാർ പ്രദേശവാസികളായി മാറിയിരുന്നു. അവരുടെ ശരീരഘടന, നിറം, രൂപം, വസ്ത്രധാരണം, മുടി എന്നിവയിലൂടെ അവർ തിരിച്ചറിയപ്പെട്ടിരുന്നു. പ്രവാചകൻ ﷺ യും സഹാബികളും തലമുറകളായുള്ള ഇന്ത്യൻ ജനവിഭാഗങ്ങളെയും വ്യക്തികളെയും കുറിച്ച് അറിവുള്ളവരായിരുന്നു. ഹദീസുകളിൽ അവരുടെ പേരുകളും വിവരങ്ങളും പരാമർശിക്കപ്പെട്ടിട്ടുണ്ട്. പ്രവാചകൻ ﷺ യുടെ നിയോഗ വാർത്ത സരൻ ദ്വീപിൽ (ശ്രീലങ്ക) എത്തിയപ്പോൾ, അവിടുത്തെ ജനങ്ങൾ പ്രവാചകനെക്കുറിച്ച് അന്വേഷിക്കാൻ ഒരു മതദൂതസംഘത്തെ അയക്കുകയുണ്ടായി. എന്നാൽ അവർ മദീനയിൽ എത്തിയപ്പോഴേക്കും പ്രവാചകൻയുടെ വിയോ​ഗം സംഭവിച്ചിരുന്നു. ഇന്ത്യയിലെ രാജാക്കന്മാരിൽ ഒരാൾ പ്രവാചകൻ ﷺ യ്ക്ക് ഇഞ്ചി അടങ്ങിയ ഒരു ജാർ സമ്മാനമായി അയച്ചുകൊടുക്കുകയുണ്ടായി; അത് പ്രവാചകൻ ﷺ തനിക്കും സഹാബികൾക്കും ഭക്ഷണമായി നൽകി എന്ന് ഈ ഹദീസ് റിപ്പോർട്ട് ചെയ്ത സ്വഹാബിയിൽ നിന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ജാഹിലിയ്യാ കാലത്തെ അറബികളും ഇന്ത്യക്കാരും മതപരമായ വിശ്വാസങ്ങളിൽ പല നിലക്കും സാമ്യമുള്ളവരായിരുന്നു; വസ്തുക്കളുടെ സവിശേഷതകൾ വിലയിരുത്തുന്നതിലും കാര്യങ്ങളുടെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുന്നതിലും രണ്ടു കൂട്ടരുടെയും ചിന്താരീതികളിൽ ചില സമാനതകളുണ്ടായിരുന്നു. അറബികൾക്കും ഇന്ത്യക്കാർക്കും ഏഴ് ഗ്രഹങ്ങളുടെ പേരിൽ സ്ഥാപിക്കപ്പെട്ട ഏഴ് വിഗ്രഹാലയങ്ങൾ ഉണ്ടായിരുന്നു. പ്രവാചകനായ ഇബ്രാഹീം (അ) അല്ലാഹുവിന്റെ കൽപ്പനപ്രകാരം നിർമ്മിച്ച കഅ്ബയെ വിഗ്രഹാലയങ്ങളുടെ സ്ഥാനത്തുനിന്നും അവർ ഒഴിവാക്കിയിരുന്നു. അതിനാൽ, പ്രവാചകൻ ﷺ യെക്കുറിച്ചും അവിടുത്തെ മതത്തെക്കുറിച്ചും കേട്ടപ്പോൾ, അതിന്റെ യാഥാർത്ഥ്യം അന്വേഷിക്കാൻ ഇന്ത്യക്കാർ മുതിർന്നു. ഇന്ത്യയിൽ ചില സഹാബികൾ വന്നതിനെക്കുറിച്ചും, ഇന്ത്യൻ രാജാക്കന്മാർ പ്രവാചകന്റെ അടുത്തേക്ക് പോകുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തതിനെക്കുറിച്ചും ചില നിവേദനങ്ങൾ ഉണ്ട്. ഇന്ത്യക്കാരായ ആരെങ്കിലും പ്രവാചകൻ ﷺ യുടെ കാലത്ത് — അറബ് നാട്ടിൽ വെച്ചോ ഇന്ത്യയിൽ വെച്ചോ — ഇസ്‌ലാം സ്വീകരിച്ചതായി ഉറപ്പിച്ചു പറയാൻ തെളിവുകളില്ല. ഇമാം ഹാകിം(റ) അബൂ സഈദിനിൽ ഖുദ് രി(റ) വിൽ നിന്ന് ഉദ്ധരിച്ച ഒരു ഇന്ത്യൻ രാജാവ് തിരുനബി(സ) തങ്ങൾക്ക് ഇഞ്ചി നിറച്ച ഭരണി സമ്മാനമായി നൽകി എന്ന ഹദീസ് തെളിവാണെങ്കിലും ​ഗ്രന്ഥകാരൻ അതിവിടെ പരാമർശിക്കുന്നില്ല) എന്നാൽ ഇന്ത്യക്കാരായ രണ്ടുപേർ പ്രവാചകൻ ﷺ യുടെ കാലത്ത് ജീവിച്ചിരുന്നതായി കാണാം: ഒന്നാമൻ ‘ബിർസത്വൻ അൽ-ഹിന്ദി അൽ-യമനി അൽ-മുദ്‌രിക്’ എന്നയാളും, രണ്ടാമൻ പ്രവാചകന്റെ വേർപാടിന് ശേഷം സത്യവിശ്വാസികളുടെ മാതാവ് ആഇശ (റ) യെ ചികിത്സിച്ച ഒരു ഇന്ത്യൻ വൈദ്യനുമാണ്. പ്രവാചകൻ ﷺ ഇന്ത്യയിലേക്കുള്ള മുന്നേറ്റത്തെക്കുറിച്ച് സംസാരിക്കുകയും, അതിൽ പങ്കെടുക്കുന്നവർക്ക് നരകവിമുക്തി എന്ന സന്തോഷവാർത്ത അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഉമർ ബിൻ അൽ-ഖത്താബ് (റ) വിന്റെ ഭരണകാലത്ത് ഉസ്മാൻ ബിൻ അബിൽ ആസ് അൽ-ഥഖഫി(റ), അൽ-ഹകം(റ), അൽ-മുഗീറ(റ) എന്നിവരുടെ നേതൃത്വത്തിൽ ഇന്ത്യയുടെ അതിർത്തികളിൽ മൂന്ന് മുന്നേറ്റങ്ങൾ നടക്കുകയുണ്ടായി. ഈ മുന്നേറ്റങ്ങളിലൂടെ പ്രവാചകൻ ﷺ യുടെ സത്യവചനങ്ങൾ പുലരുകയുണ്ടായി.

പ്രാചീന അറബ് നാട്ടിലെ ഇന്ത്യക്കാർ

അറബ് നാടിന്റെ വിവിധ ഭാഗങ്ങളിൽ സിന്ധികളും സയാബിജക്കാരും മറ്റ് ഇന്ത്യൻ വംശജരും വസിച്ചിരുന്നു. ബഹ്‌റൈൻ, ഒമാൻ, യമൻ, നജ്‌റാൻ, യമാമ, ഉബുല്ല, മക്ക, മദീന എന്നിവിടങ്ങളിലെല്ലാം അവർ ഉണ്ടായിരുന്നു. ചില പ്രദേശങ്ങളിൽ അവരുടെ ശക്തി വർദ്ധിക്കുകയും അവർ ഒത്തുചേരുകയും ചെയ്തു. പ്രവാചകൻ ﷺ യുടെ ബാല്യകാലത്ത്, യമനിൽ സിന്ധിൽ നിന്നുള്ള ഒരു വലിയ വിഭാഗം ജനങ്ങളുണ്ടായിരുന്നു; അവർ അവിടെ അധികാരം പിടിച്ചെടുക്കാൻ പലഘട്ടങ്ങളായി എത്തിയിരുന്നു. മസ്രൂഖ് ഇബ്നു അബ്രഹ യമൻ ഭൂമിയിൽ അക്രമം കാണിക്കുകയും അവിടുത്തെ രാജാക്കന്മാരെ കീഴടക്കുകയും ചെയ്തപ്പോൾ, സൈഫ് ഇബ്നു ദീ യസൻ കിസ്ര അൽ-നൂശിർവാനെ സമീപിച്ചു പറഞ്ഞു:
“രാജാവേ, കറുത്ത വർഗ്ഗക്കാർ ഞങ്ങളുടെ നാട് കീഴടക്കിയിരിക്കുന്നു!”
കിസ്ര ചോദിച്ചു:
“ഏത് കറുത്ത വർഗ്ഗക്കാർ? حبشة (അബിസീനിയക്കാരാണോ) അതോ سند (സിന്ധികളാണോ)?” അദ്ദേഹം പറഞ്ഞു: “അല്ല, ഹബശക്കാരാണ്.” മറ്റൊരു നിവേദനത്തിൽ പറയുന്നു: “രാജാവേ, സുഡാനികൾ (കറുത്ത വർഗ്ഗക്കാർ) ഞങ്ങളുടെ നാട് കീഴടക്കി വൻ അതിക്രമങ്ങൾ പ്രവർത്തിച്ചിരിക്കുന്നു.”
കിസ്ര പറഞ്ഞു: “നിങ്ങളുടെ നാടിനെക്കുറിച്ച് പറയപ്പെട്ടതുപോലെ, സുഡാനികൾ അതിനെ കീഴടക്കിയെന്നോ? ഹബശക്കാരാണോ അതോ സിന്ധികളാണോ?”
അദ്ദേഹം പറഞ്ഞു:
“അല്ല, ഹബശക്കാരാണ്.”
ബഹ്‌റൈൻ, ഖത്ത്, ഹജർ, ദാരിൻ, സുഹാർ, ഖത്വീഫ് തുടങ്ങിയ പ്രദേശങ്ങളിൽ വലിയൊരു വിഭാഗം ഇന്ത്യക്കാർ താമസിച്ചിരുന്നു. അവർക്ക് അബ്ദുൽ ഖൈസ്, റബീഅ, ബക്കർ ബിൻ വാഇൽ, ലകീസ് ബിൻ അബ്ദിൽ ഖൈസ് എന്നീ പ്രമുഖ അറബ് ഗോത്രങ്ങളുമായി ശക്തമായ ബന്ധമുണ്ടായിരുന്നു. അഖ്നസ് ബിൻ ശിഹാബ് എന്ന കവി പാടിയതുപോലെ:
“ലകീസിന് ബഹ്‌റൈനും സൈഫും മുഴുവൻ സ്വന്തമാണ്,
ഇന്ത്യയിൽ നിന്നുള്ള ശക്തരായ യോദ്ധാക്കൾ അവർക്കൊപ്പം ചേരുമ്പോൾ…
അബൂത്വാലിബ് പാടിയത്:
“ഹിന്ദ് കന്യകമാരുടെ വംശത്തിന് സമാനമായ സ്നേഹം പ്രകടമാക്കുന്ന ജനവിഭാഗം…”
അബ്ദുള്ള ബിൻ മുഅമ്മർ പാടിയത്:
“ജാ‍ട്ട് വംശജരായ അബ്ദുൽ ഖൈസ് ഞങ്ങളിൽ നിന്ന് സ്വയം പര്യാപ്തരായിരിക്കുന്നു…
മറ്റൊരു കവി പാടിയത്:”ഞങ്ങൾ വാഇൽ, ബൽഹാർ എന്നിവരുടെ വംശവുമായി വന്നു,അവരോടൊപ്പം തമീമും അസാവറയും അണിനിരന്നു…” അബൂബക്കർ (റ) വിന്റെ ഭരണകാലത്ത് ഇസ്‌ലാം ഉപേക്ഷിച്ചുപോയ (മുർതദ്ദുകളായ) ആളുകൾക്കെതിരെ യുദ്ധം ചെയ്യാൻ ഇറങ്ങിത്തിരിച്ച സംഘത്തിൽ ഈ കൂട്ടരും ഉണ്ടായിരുന്നു. അവരുടെ നേതാക്കൾ അൽ-ഹുത്വമ് ബിൻ ദബീഅയും ഖൈസ് ബിൻ സഅ്ലബയുടെ സഹോദരൻ അഖൂബയുമായിരുന്നു.

പ്രവാചകൻ ﷺ യും ഇന്ത്യക്കാരും

പ്രവാചകൻ ﷺ യും സഹാബികളും ഇന്ത്യക്കാരെ അവരുടെ രൂപഭാവങ്ങൾ കൊണ്ടും ശരീരഘടന കൊണ്ടും തിരിച്ചറിഞ്ഞിരുന്നു. ജാമിഉ തിർമിദിയിൽ ഇബ്നു മസ്ഊദ് (റ) നിവേദനം ചെയ്തതായി കാണാം:
“പ്രവാചകൻ ﷺ ഇശാ പ്രാർത്ഥനയ്ക്ക് ശേഷം എന്റെ കൈപിടിച്ച് മക്കയിലെ താഴ്‌വരയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ എനിക്കായി ഒരു വര വരച്ചു തന്നശേഷം പറഞ്ഞു: ‘ഞാൻ തിരികെ വരുന്നതുവരെ നീ ഈ വര വിട്ടുപോകരുത്. നിന്റെ അടുക്കൽ ചില പുരുഷന്മാർ വരും, നീ അവരോട് സംസാരിക്കരുത്; അവർ നിന്നോട് സംസാരിക്കുകയുമില്ല.’ തുടർന്ന് പ്രവാചകൻ ﷺ മുന്നോട്ടുപോയി. ഞാൻ അവിടെ ഇരിക്കെ, എന്റെ അടുക്കൽ ചില ആളുകൾ വന്നു; അവരുടെ മുടിയും ശരീരവും ജാട്ട് (Zutt) വംശജരെപ്പോലെ ഉണ്ടായിരുന്നു. അവർ നഗ്നത മറക്കാത്തവരായിരുന്നു; അവർ വരയ്ക്കപ്പുറത്തേക്ക് കടന്നുവന്നതുമില്ല. പിന്നീട് അവർ പ്രവാചകൻ ﷺ യുടെ അടുത്തേക്ക് മടങ്ങിപ്പോയി.” സ്വഹീഹുൽ ബുഖാരിയിൽ ‘അൻബിയാക്കളുടെ (പ്രവാചകന്മാരുടെ) ഹദീസുകൾ’ എന്ന അധ്യായത്തിൽ ഇബ്നു ഉമർ (റ) വിൽ നിന്ന് നിവേദനം ചെയ്യുന്നു: പ്രവാചകൻ ﷺ പറഞ്ഞു: “ഞാൻ ഈസാ (അ), മൂസാ (അ), ഇബ്രാഹീം (അ) എന്നിവരെ കണ്ടു. ഈസാ (അ) വിശാലമായ നെഞ്ചുള്ള, ചുവന്ന നിറമുള്ളയാളായിരുന്നു. എന്നാൽ മൂസാ (അ) ജാട്ട് (Zutt) വംശജരായ മനുഷ്യരെപ്പോലെ നീളമുള്ള ശരീരപ്രകൃതിയുള്ള ആളായിരുന്നു.” അൽ-ഇസ്വാബയിൽ ഇബ്നു അൽ-കൽബി നിവേദനം ചെയ്യുന്നു: ബനൂ അൽ-ഹാരിസ് ഗോത്രത്തിൽ നിന്നുള്ള ഒരു സംഘം പ്രവാചകൻ ﷺ യുടെ അടുക്കൽ വന്നപ്പോൾ, അവിടുന്ന് ചോദിച്ചു: “ഇന്ത്യക്കാരെപ്പോലെ കാണപ്പെടുന്ന ഇവർ ആരാണ്?” ഇബ്നു ഹിശാം, ഇബ്നു സഅ്ദ്, അൽ-ത്വബരി എന്നിവർ നിവേദനം ചെയ്യുന്നു: ഖാലിദ് ബിൻ അൽ-വലീദ് (റ) നജ്‌റാനിൽ നിന്ന് ബനൂ അൽ-ഹാരിസ് ബിൻ കഅ്ബ് ഗോത്രത്തിലെ പന്ത്രണ്ടോളം ആളുകളുമായി പ്രവാചകന്റെ അടുക്കൽ വന്നു. അവരെ കണ്ടപ്പോൾ പ്രവാചകൻ ﷺ പറഞ്ഞു: “ഇന്ത്യക്കാരെപ്പോലെ തോന്നിക്കുന്ന ഈ ആളുകൾ ആരാണ്?” അപ്പോൾ ചോദിക്കപ്പെട്ടു: “അല്ലാഹുവിന്റെ ദൂതരേ, ഇവർ ബനൂ അൽ-ഹാരിസ് ബിൻ കഅ്ബ് ഗോത്രക്കാരാണ്.”

മദീനയിലേക്കുള്ള സരൻ ദ്വീപ് (ശ്രീലങ്ക) ദൂതസംഘം

പ്രവാചകൻ ﷺ യെക്കുറിച്ചുള്ള വിവരങ്ങൾ പ്രവാസികളിൽ നിന്നും കച്ചവടക്കാരിൽ നിന്നും ഇന്ത്യക്കാർ കേട്ടപ്പോൾ, അവരിൽ സ്നേഹവും താല്പര്യവും ഉടലെടുത്തു. അവിടുന്ന് കൊണ്ടുവന്ന ദീനിനെക്കുറിച്ച് അന്വേഷിക്കാൻ അവർ ആഗ്രഹിച്ചു. ‘അജാഇബുൽ ഹിന്ദ്’ എന്ന ഗ്രന്ഥത്തിൽ പറയുന്നു: സരൻ ദ്വീപിലെ (ശ്രീലങ്ക) ജനങ്ങൾക്ക് പ്രവാചകന്റെ ആഗമനത്തെക്കുറിച്ച് വിവരം ലഭിച്ചപ്പോൾ, കാര്യങ്ങൾ നേരിട്ടറിഞ്ഞു വരാൻ അവർ ബുദ്ധിമാനും പ്രാപ്തനുമായ ഒരു ദൂതനെ മദീനയിലേക്ക് അയച്ചു. എന്നാൽ അദ്ദേഹം മദീനയിൽ എത്തുമ്പോഴേക്കും പ്രവാചകൻ ﷺ വിടപറഞ്ഞിരുന്നു.

ഇന്ത്യൻ രാജാവിന്റെ സമ്മാനം

അബൂബക്കർ (റ) ഇഹലോകവാസം വെടിയുകയും ഉമർ ബിൻ അൽ-ഖത്താബ് (റ) ഭരണം ഏറ്റെടുക്കുകയും ചെയ്ത സമയത്താണ് ദൂതൻ എത്തിയത്. മടങ്ങും വഴി അദ്ദേഹം ഉമർ (റ) വിന്റെ ഭരണകാലത്ത് മരണപ്പെട്ടു. പ്രവാചകൻ ﷺ യുടെ കാലത്ത് ചില ഇന്ത്യൻ രാജാക്കന്മാർ അവിടുത്തേക്ക് സമ്മാനങ്ങൾ അയച്ചുകൊടുത്തിരുന്നു. അൽ-ഹാകിം ‘മുസ്തദ്റകി’ൽ അബൂ സഈദ് അൽ-ഖുദ്‌രി (റ) വിൽ നിന്ന് നിവേദനം ചെയ്യുന്നു: “ഇന്ത്യയിലെ ഒരു രാജാവ് പ്രവാചകൻ ﷺ യ്ക്ക് ഇഞ്ചി അടങ്ങിയ ഒരു വലിയ ജാർ (അഥവാ പാത്രം) സമ്മാനമായി നൽകി. അവിടുന്ന് അതിൽ നിന്ന് ഓരോ കഷ്ണം വീതം തൻ്റെ സഹാബികൾക്ക് ഭരണത്തിനായി കൊടുത്തു; എനിക്കും ഒരു കഷ്ണം ഭക്ഷിക്കാൻ തന്നു.” അൽ-ഹാകിം പറയുന്നു: “ഈ ഗ്രന്ഥത്തിന്റെ തുടക്കം മുതൽ ഇവിടം വരെ ഇന്ത്യൻ പുരുഷന്മാരെ പരാമർശിക്കുന്ന ഇതിനേക്കാൾ കൃത്യമായ മറ്റൊരു ഹദീസും ലഭിച്ചിട്ടില്ല.” അറബികൾ ഇഞ്ചിയെ വളരെ വിശിഷ്ടവും സുഗന്ധമുള്ളതുമായ ഔഷധമായി വിശേഷിപ്പിക്കാറുണ്ട്. (ഈ ഹദീസ് ഉദ്ധരിക്കുമ്പോൾ സ്വാഭാവികമായും ചേരമാൻ പെരുമാളുടെ മതം മാറ്റവും അറേബ്യ യാത്രയും പരാമർശിക്കപ്പെടേണ്ടതാണെങ്കിലും ഇത്തരം സന്ദർഭങ്ങളിൽ ദക്ഷിണേന്ത്യയിലെ ഇസ് ലാമിക സാന്നിധ്യത്തിന്റെ സാധ്യതകളൊന്നും പരി​ഗണിക്കാത്ത വിധത്തിലുള്ള ഒരു വ്യാഖ്യാന രീതിയാണ് അത്ഹർ മുബാറക് പുരി പുലർത്തുന്നത് എന്ന കാര്യം ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യകാലത്ത് തന്നെയുള്ള ദക്ഷിണേന്ത്യയിലെ ഇസ് ലാമിക സാന്നിധ്യത്തെ അടയാളപ്പെടുത്തുന്ന ലിഖിതങ്ങളുൾപ്പെടെയുള്ള പല പുരാവസ്തു തെളിവുകളും ഇപ്പോഴും കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ പ്രദേശങ്ങളിൽ ശേഷിച്ചിരിക്കെ ​ഗ്രന്ഥകാരന്റെ ഈ അശ്രദ്ധ ഇവിടെ സവിശേഷം പരാമർശിക്കപ്പെടേണ്ടത് തന്നെയാണ്)

പ്രവാചകനും സ്വഹാബികളും ഇന്ത്യൻ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചത്

അറബ് നാട്ടിൽ പ്രചാരത്തിലുണ്ടായിരുന്നതും വിപണിയിൽ ലഭ്യമായിരുന്നതുമായ നിരവധി ഇന്ത്യൻ ഉൽപ്പന്നങ്ങൾ പ്രവാചകൻ ﷺ യും സഹാബികളും ഉപയോഗിച്ചിരുന്നു. പ്രവാചകൻ ﷺ ഇന്ത്യൻ ഔഷധങ്ങളായ കസ്തൂരി (Musk), ഇന്ത്യൻ കോസ്റ്റസ്/കുഷ്ത് (Qust al-Hindi), കർപ്പൂരം (Camphor), ഇഞ്ചി (Ginger) എന്നിവ ഉപയോഗിച്ച് ചികിത്സിക്കാൻ നിർദ്ദേശിക്കുകയും, ഇന്ത്യൻ തേക്ക് (Saj), ഇന്ത്യൻ വാൾ (Seef al-Hindi) എന്നിവ ഉപയോ​ഗിക്കുകയും ചെയ്തിട്ടുണ്ട്. ഖുർആനിൽ കാഫൂർ (കർപ്പൂരം), മിസ്ക് (കസ്തൂരി), സൻജബീൽ (ഇഞ്ചി) എന്നിവ പരാമർശിക്കപ്പെട്ടിട്ടുണ്ട്; ഇവയുടെ പേരുകൾ ഇന്ത്യൻ പദങ്ങളുമായി സാമ്യമുള്ളവയാണ്. ഭാഷകൾ തമ്മിലുള്ള കൈമാറ്റത്തിലൂടെ അറബികൾ ഈ വാക്കുകൾ തങ്ങളുടെ തനതായ ഉച്ചാരണശൈലിയിൽ ഉപയോഗിക്കുകയായിരുന്നു. ഹദീസുകളിൽ കസ്തൂരിയെക്കുറിച്ച് ധാരാളം പരാമർശങ്ങളുണ്ട്. അനസ് (റ) പറയുന്നു: “പ്രവാചകൻ ﷺ സ്വയം പുരട്ടാൻ ഉപയോഗിച്ചിരുന്ന ഒരു സുഗന്ധക്കൂട്ടുണ്ടായിരുന്നു (സുക്ക). കസ്തൂരിയിൽ നിർമ്മിച്ച ആ കൂട്ട് പ്രവാചകൻ ﷺ തൻ്റെ തലയിലും താടിയിലും പുരട്ടുമായിരുന്നു.” അവിടുന്ന് സഹാബികളോട് പറഞ്ഞു: “നിങ്ങളുടെ ഏറ്റവും മികച്ച സുഗന്ധദ്രവ്യം കസ്തൂരിയാണ്.”

സുഗന്ധദ്രവ്യങ്ങളും നിർമ്മാണ വസ്തുക്കളും

പ്രവാചകൻ ﷺ അലൂവ (ഒരുതരം സുഗന്ധ മരം) പുകച്ച് സുഗന്ധം പരത്താറുണ്ടായിരുന്നു. നവവി സ്വഹീഹ് മുസ്ലിമിന്റെ വ്യാഖ്യാനത്തിൽ പറയുന്നു: “ഇന്ത്യൻ കോസ്റ്റസ് (ഖുസ്ത് അൽ-ഹിന്ദി) തൊണ്ടയിലെ വീക്കത്തിനും (tonsillitis) പ്ലൂറിസി (pleurisy) രോഗത്തിനും ഔഷധമാണ്. പ്രവാചകൻ ﷺ അത് ഉപയോഗിക്കാൻ കൽപ്പിക്കുകയും ചെയ്തു.”
സ്വഹീഹുൽ ബുഖാരിയിൽ ‘വൈദ്യശാസ്ത്രം’ എന്ന അധ്യായത്തിൽ പ്രവാചകൻ ﷺ പറഞ്ഞതായി കാണാം:
“നിങ്ങൾ ഈ ഇന്ത്യൻ അഗർവുഡ് (ഇന്ത്യൻ കോസ്റ്റസ്) ഉപയോഗിക്കുക; കാരണം അതിൽ ഏഴ് രോഗങ്ങൾക്കുള്ള ശമനമുണ്ട്. മൂക്കിലൂടെ വലി ക്കുന്നതിലൂടെ തൊണ്ടയിലെ രോഗത്തിനും, വശങ്ങളിൽ പുരട്ടുന്നതിലൂടെ ശ്വാസകോശ രോഗങ്ങൾക്കും അത് പ്രയോജനപ്പെടും.”
അൽ-ബലാദുരി ‘അൻസാബുൽ അഷ്‌റാഫി’ൽ പറയുന്നു: അസ്അദ് ബിൻ സുറാറ പ്രവാചകൻ ﷺ യ്ക്ക് ഒരു കട്ടിൽ സമ്മാനമായി അയച്ചുകൊടുത്തു. അതിന്റെ കാലുകൾ ഇന്ത്യൻ തേക്കുമരം (Saj) കൊണ്ട് നിർമ്മിച്ചതായിരുന്നു. പ്രവാചകൻ ﷺ അതിലാണ് ഉറങ്ങാറുണ്ടായിരുന്നത്. അവിടുത്തെ വേർപാടിന് ശേഷം അബൂ അയ്യൂബ് അൽ-അൻസാരി (റ) വും അതിലാണ് ഉറങ്ങിയിരുന്നത്; പിന്നീട് അദ്ദേഹത്തിന്റെ മരണശേഷം പ്രവാചകൻ ﷺ യുടെ ജനാസ അതിൽ വച്ചാണ് നിസ്കരിച്ചത്. ഇബ്നു ഖുതൈബ(റ) പറയുന്നു: ആഇശ (റ) വിന്റെ കട്ടിൽ ഈന്തപ്പനനാരുകൾ നെയ്തുണ്ടാക്കിയതും ഇന്ത്യൻ തേക്കുമരം കൊണ്ടുള്ളതുമായിരുന്നു. മുആവിയ (റ) വിന്റെ ഭരണകാലത്ത് അത് നാലായിരം ദിർഹമിന് വാങ്ങപ്പെടുകയുണ്ടായി. ഇന്ത്യൻ തേക്കുമരം അക്കാലത്ത് വൻമതിലുകൾക്കും കവാടങ്ങൾക്കും നിർമ്മാണങ്ങൾക്കും ഉപയോഗിച്ചിരുന്നതായി ചരിത്രരേഖകളിൽ കാണാം.

ഇന്ത്യൻ ആയുധങ്ങൾ

ഇബ്നു സഅ്ദ് ‘ത്വബഖാത്തി’ലും അൽ-ബലാദുരി ‘അൻസാബി’ലും നിവേദനം ചെയ്യുന്നു: പ്രവാചകൻ ﷺ യ്ക്ക് ബനൂ ഖൈനുഖാഇലെ യുദ്ധമുതലുകളിൽ നിന്ന് മൂന്ന് വാളുകൾ ലഭിക്കുകയുണ്ടായി: ഖൽഈ (Qal’i) വാൾ, ബത്താർ (Battar) വാൾ, അതഫ് (Hataf) വാൾ. ഇവയിൽ ‘ഖൽഈ’ വാളുകൾ ഇന്ത്യയിൽ നിർമ്മിച്ച പ്രശസ്തമായ വാളുകളായിരുന്നു. അബൂ ദുൽഫ് അൽ-യൻബുഈ പറയുന്നു: ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ നിർമ്മിക്കപ്പെടുന്ന ഖൽഈ വാളുകൾ ഏറെ പ്രശസ്തമാണ്. ‘അൽ-മുഅർറബ്’ എന്ന ഗ്രന്ഥത്തിൽ അൽ-ജവാലീഖി പറയുന്നു: ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട മികച്ച വാളുകൾക്ക് ‘ഖൽഈ’ എന്ന് വിളിക്കപ്പെട്ടിരുന്നു. ഇന്ത്യൻ വാളുകൾ
കഅ്ബ് ബിൻ സുഹൈർ (റ) തൻ്റെ പ്രശസ്തമായ കവിതയിൽ പ്രവാചകൻ ﷺ യെ ഉപമിച്ചത് ഇന്ത്യൻ വാളിനോടാണ് (മുഹന്നദ്):”തീർച്ചയായും പ്രവാചകൻ പ്രകാശം ചൊരിയുന്ന ദീപമാണ്, അല്ലാഹുവിന്റെ ഊരിപ്പിടിച്ച ഇന്ത്യൻ വാളുകളിൽ (മുഹന്നദ്) പെട്ട വാളാണ് അവിടുന്ന്…”

ബീർസത്വൻ അൽ-ഹിന്ദി അൽ-യമനി

ഇബ്നു ഹജർ അൽ-അസ്ഖലാനി ‘അൽ-ഇസ്വാബ’യിൽ പ്രവാചകൻ ﷺ യുടെ കാലം ലഭിച്ചവരുടെ കൂട്ടത്തിൽ ഇദ്ദേഹത്തെ ഉൾപ്പെടുത്തിപ്പറയുന്നു: ഇദ്ദേഹം പ്രവാചകർ(സ) യുടെ ജീവിതകാലത്തോ ശേഷമോ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്, എന്നാൽ പ്രവാചകനെ നേരിൽ കണ്ടിട്ടില്ല. ഇദ്ദേഹം കിസ്ര രാജാക്കന്മാരുടെ കാലത്തുണ്ടായിരുന്ന ഒരു ഇന്ത്യൻ ശൈഖ് ആയിരുന്നു. Hashish ചെടിയുടെ ഔഷധ ​ഗുണം അദ്ദേഹം ജീവിച്ച പ്രദേശങ്ങളിൽ ആദ്യമായി വെളിപ്പെടുത്തിയതും പ്രചരിപ്പിച്ചതും ഇദ്ദേഹമാണ്; യമനിലും ഇദ്ദേഹത്തിന്റെ കാര്യം പ്രശസ്തമായിരുന്നു. പിന്നീട് ഈ ശൈഖ് ഇസ്‌ലാം ആശ്ലേഷിക്കുകയുണ്ടായി. ഷീറാസി തൻ്റെ പുസ്തകത്തിൽ തൻ്റെ ശൈഖായ ജാഫർ ബിൻ മുഹമ്മദ് അൽ-ഷീറാസിയിൽ നിന്ന് ഉദ്ധരിച്ച് ഇദ്ദേഹത്തെ പരാമർശിച്ചിട്ടുണ്ട് (3).(ദീർഘകാലം ആയുസ്സ് ലഭിച്ച ഒരാളായിരുന്നു ഇദ്ദേഹം)

ജാട്ട് (സത്ത്) വിഭാഗത്തിൽപ്പെട്ട ഒരു വൈദ്യൻ

ഇമാം ബുഖാരി ‘അൽ-അദബുൽ മുഫ്രദിൽ’ ഇബ്നു ഉമർ (റ) വിൽ നിന്ന് നിവേദനം ചെയ്യുന്നു: അൻസാരികളിൽപ്പെട്ട ഒരു പെൺകുട്ടിക്ക് ആഇശ (റ) യോട് ശത്രുത തോന്നി, അവർ ആഇശ (റ) യ്ക്ക് ആഭിചാരം (സിഹർ) ചെയ്തു. തുടർന്ന് ആഇശ (റ) രോഗബാധിതയായപ്പോൾ അവരുടെ സഹോദരപുത്രന്മാർ ജാട്ട് (സത്ത്) വിഭാഗത്തിൽപ്പെട്ട ഒരു ഭാരതീയ വൈദ്യനെ (Jat Physician) അവരെ ചികിത്സിക്കാനായി കൊണ്ടുവന്നു. (​ഗ്രന്ഥകാരൻ പറയുന്നു): ഈ ജാട്ട് വംശജനായ വൈദ്യൻ പ്രവാചകൻ ﷺ യുടെ കാലത്ത് ജീവിക്കുകയോ, അവിടുത്തെ കാലത്തൊ ശേഷമോ ഇസ്‌ലാം സ്വീകരിക്കുകയോ ചെയ്തിട്ടുണ്ടാകാം; അദ്ദേഹം മദീനയിലെ നിവാസികളിൽ ഒരാളായിരുന്നു.

ബാദാൻ — ഇന്ത്യൻ രാജാവ്

അൽ-ദഹബി ‘തജ്‌രീദു അസ്മാഇ സ്വഹാബ’യിൽ പറയുന്നു: ബാദാൻ ഒരു ഇന്ത്യൻ രാജാവായിരുന്നു; ഇബ്നു ബശ്രൂസ് ഇദ്ദേഹത്തെ പരാമർശിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു:
“കിസ്ര രാജാവ് വധിക്കപ്പെട്ടപ്പോൾ ബാദാൻ ഇസ്‌ലാം സ്വീകരിക്കുകയും പ്രവാചകൻ ﷺ യുടെ അടുത്തേക്ക് ദൂതന്മാരെ അയക്കുകയും ചെയ്തു.” ഇബ്നു ഹിശാം ഉദ്ധരിക്കുന്നു: ബാദാൻ തന്നോടൊപ്പമുള്ള പേർഷ്യക്കാരോടൊപ്പം ഇസ്‌ലാം ആശ്ലേഷിച്ച വിവരം പ്രവാചകൻ ﷺ യെ അറിയിച്ചപ്പോൾ, പ്രവാചകന്റെ അടുക്കൽ നിന്നുള്ള ദൂതന്മാർ അവരോട് ചോദിച്ചു: “നിങ്ങൾ ആരിൽ പെട്ടവരാണ്?” അവർ പറഞ്ഞു: “ഞങ്ങൾ നിങ്ങളിൽ പെട്ടവരാണ്, അഹ്‌ലുൽ ബൈത്തിൽ പെട്ടവരാണ്.” (ഖാദി പറയുന്നു): പിന്നീട് അൽ-ദഹബി യമനിലെ രാജാവായ ‘ബാദാൻ അൽ-ഫാരിസി’യെ പരാമർശിക്കുന്നുണ്ട്. എന്നാൽ ഇബ്നു ഹജർ അൽ-അസ്ഖലാനി ‘അൽ-ഇസ്വാബ’യിൽ ദഹബിയുടെ ഈ അഭിപ്രായത്തെ നിഷേധിച്ചുകൊണ്ട് പറയുന്നു: ദഹബി ‘ബാദാൻ ഇന്ത്യൻ രാജാവാണ്’ എന്ന് പറഞ്ഞതിൽ പുനഃപരിശോധന ആവശ്യമാണ്; യഥാർത്ഥത്തിൽ ശരി അദ്ദേഹം യമന്റെ രാജാവാണ് എന്നതാണ് (4). എന്നാൽ സത്യം എന്തെന്നാൽ, ഇന്ത്യയിലെ രാജാവായ ബാദാനും യമനിലെ രാജാവായ ബാദാനും, പേർഷ്യക്കാരനായ ബാദാനും ഒരാൾ തന്നെയാണ്. കിസ്ര രാജാവ് യമനിലേക്ക് അധികാരം നൽകി അയച്ച വ്യക്തിയായിരുന്നു അദ്ദേഹം. പ്രവാചകൻ ﷺ അവിടുത്തെ പ്രബോധനവുമായി രംഗത്തുവരികയും ഇദ്ദേഹം ഇസ്‌ലാം സ്വീകരിക്കുകയും ചെയ്യുന്നതുവരെ അദ്ദേഹം അവിടെ ഭരണം തുടർന്നു. അദ്ദേഹം ‘അബ്നാഉ്’, ‘അസാവറ’ വിഭാഗങ്ങളിൽപ്പെട്ടവനായിരുന്നു. യമൻ ഭരിച്ചിരുന്ന ഇദ്ദേഹം പേർഷ്യക്കാരനായതുകൊണ്ട് ‘ഫാരിസി’ എന്നും, ഭാരതീയ പാരമ്പര്യമുള്ള ‘അസാവറ’ വിഭാഗത്തിൽപ്പെട്ട കുടുംബമായതുകൊണ്ട് ‘ഇന്ത്യൻ രാജാവ്’ എന്നും അറിയപ്പെടാൻ സാധ്യതയുണ്ട്. കിസ്ര രാജാവ് ഇദ്ദേഹത്തെ യമനിലെ ഭരണാധികാരിയാക്കുകയായിരുന്നു. ഇദ്ദേഹം അഹ്നഫ് ബിൻ ഖൈസിന്റെ ബന്ധുക്കളിൽപ്പെട്ട ആളുമായിരുന്നു. ഇദ്ദേഹം ആറായിരം സൈനികരുടെ സംരക്ഷണത്തിൽ സമാധാന കരാറിലൂടെ ഇസ്‌ലാം സ്വീകരിക്കാൻ പ്രവാചകന്റെ അടുത്തേക്ക് ദൂതന്മാരെ അയച്ചതായി ചരിത്രത്തിൽ കാണാം.

ഈ അദ്ധ്യായത്തിൽ നിന്ന് വ്യക്തമാകുന്ന വസ്തുതകൾ മുൻനിറുത്തി ഒരു വിശകലനം നൽകാം:

ഇസ്‌ലാമിന്റെ ആവിർഭാവത്തിന് മുമ്പും പ്രവാചകത്വ കാലഘട്ടത്തിലും അറേബ്യൻ ഉപദ്വീപും ഇന്ത്യൻ ഉപഭൂഖണ്ഡവും തമ്മിൽ നിലനിന്നിരുന്ന വാണിജ്യ, സാമൂഹിക, സാംസ്കാരിക ബന്ധങ്ങളെ ചരിത്രപരമായി വിശകലനം ചെയ്യുകയാണ് ഇഖ്ദുദ്ദമീന്റെ ഈ ഭാ​ഗം. ഇന്ത്യൻ സാന്നിധ്യത്തെ അടയാളപ്പെടുത്തുന്ന നരവംശശാസ്ത്രപരവും ഭൂമിശാസ്ത്രപരവുമായ വിവരണങ്ങൾ ഉൾക്കൊള്ളുന്ന പുരാതന അറബ് ഗ്രന്ഥങ്ങളിലെ പരാമർശങ്ങളും ഗോത്രങ്ങളുടെയും സ്ഥലങ്ങളുടെയും വസ്തുക്കളുടെയും നാമങ്ങളും ഈ ഭാ​ഗത്ത് പരാമർശിക്കപ്പെടുന്നു.

പൂർവ്വകാല സമുദ്രവ്യാപാര ചരിത്രത്തിൽ അറേബ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് അയ്യായിരത്തിലധികം വർഷത്തെ പഴക്കമുണ്ട്. പ്രവാചകത്വ കാലഘട്ടത്തിൽ (Classified as the Era of Risalah) അറേബ്യൻ നഗരങ്ങളിലും തുറമുഖങ്ങളിലും ഇന്ത്യക്കാരുടെ സാന്നിധ്യം വ്യാപകമായിരുന്നു. കേവലം ഒരു കച്ചവട ബന്ധത്തിനപ്പുറം, ജനവിഭാഗങ്ങളുടെ കുടിയേറ്റം, സാംസ്കാരിക വിനിമയം, ഔഷധ-ഭാഷാ പ്രയോഗങ്ങൾ എന്നിവയിൽ ഈ ബന്ധം ആഴത്തിൽ വേരോടിയിരുന്നു. ചരിത്രാന്വേഷണങ്ങൾ വെളിപ്പെടുത്തുന്നത് പ്രവാചക സദസ്സിൽ ഇന്ത്യൻ വംശജരുടെ സാന്നിധ്യവും, അറബ് ജീവിതത്തിൽ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ സ്വാധീനവും പ്രകടമായിരുന്നു എന്നാണ്.

ജനവിഭാഗങ്ങളും നരവംശശാസ്ത്രപരമായ തിരിച്ചറിവുകളും (Ethnographic Identity)

പ്രവാചക കാലഘട്ടത്തിൽ അറേബ്യയിൽ ജീവിച്ചിരുന്ന പ്രധാന ഇന്ത്യൻ ജനവിഭാഗങ്ങളെ അറബിക് ഗ്രന്ഥങ്ങൾ വംശീയ നാമങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അവയിൽ പ്രധാനം താഴെ പറയുന്നവയാണ്:
സത്ത് (الزط – Zutt):
അറബി ഉറവിടങ്ങളിൽ ‘സത്ത്’ എന്ന് പരാമർശിക്കുന്നത് വടക്കേ ഇന്ത്യയിലെ പ്രശസ്തമായ ‘ജാട്ട്’ (Jat) ജനവിഭാഗത്തെയാണ്. കായികശേഷിക്കും ദീർഘകായത്തിനും പേരുകേട്ട ഇവരുടെ രൂപഭാവങ്ങളെക്കുറിച്ച് പ്രവാചകൻ ﷺ വിശേഷിപ്പിച്ചതായി ഹദീസുകളിൽ കാണാം. പ്രവാചകൻ മൂസാ (അ) ന്റെ ശാരീരിക ഘടനയെ വർണ്ണിക്കുമ്പോൾ “ജാട്ട് വംശജരെപ്പോലെ ഉന്നത കായൻ” എന്ന് പ്രവാചകൻ ﷺ ഉപമിച്ചിട്ടുണ്ട്.
സയാബിജ (السيابجة – Sayabija):
സിന്ധ് മേഖലയിൽ നിന്നും മലബാർ ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സമുദ്രതീരങ്ങളിൽ നിന്നും കുടിയേറിയ ‘ശബക്/സബക്’ (Sabakan) അല്ലെങ്കിൽ സിന്ധി നാവിക വിഭാഗങ്ങളെയാണ് സയാബിജ എന്ന് വിളിച്ചിരുന്നത്. അറബ് നാവിക വ്യൂഹത്തിലും തുറമുഖ സംരക്ഷണത്തിലും ഇവർ പ്രധാന പങ്കുവഹിച്ചു.
അസാവറ (الأساورة – Asawira):
ഇന്ത്യൻ സൈനിക നിരയിൽ നിന്നും പേർഷ്യൻ സൈന്യത്തിന്റെ ഭാഗമായി പിന്നീട് അറേബ്യൻ അതിർത്തികളിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ ‘അശ്വാരൂഢർ'(അശ്വവീരർ) അല്ലെങ്കിൽ ‘ക്ഷത്രിയ സൈനിക കൂട്ടായ്മകളെയാണ്’ ഈ പദം സൂചിപ്പിക്കുന്നത്.
അഖാമറ, അസാസിറ, സയാബിജ (Al-Akhamira, Al-Asasira):
ദക്ഷിണേന്ത്യൻ മലബാർ തീരങ്ങളിൽ നിന്നും ഗുജറാത്തി കച്ചവട കുടുംബങ്ങളിൽ നിന്നും കടൽമാർഗ്ഗം അറബ് തുറമുഖങ്ങളിലെത്തി തദ്ദേശീയ പൗരന്മാരായി മാറിയ വിവിധ കച്ചവട ഗോത്ര സമൂഹങ്ങളാണിവർ.

പ്രാചീന സ്ഥലനാമങ്ങളും അവയുടെ ആധുനിക ഭൂമിശാസ്ത്രവും (Geographical Mapping)

ചരിത്രരേഖകളിൽ പരാമർശിക്കപ്പെടുന്ന പല സ്ഥലനാമങ്ങളും ആധുനിക ഭൂമിശാസ്ത്രത്തിൽ കൃത്യമായി അടയാളപ്പെടുത്താൻ സാധിക്കും:
ചരിത്രരേഖകളിൽ പരാമർശിക്കപ്പെടുന്ന പല പുരാതന സ്ഥലനാമങ്ങളും ആധുനിക ഭൂമിശാസ്ത്രവുമായി കൃത്യമായി കൂട്ടിയിണക്കാൻ സാധിക്കും. അറബിക് ഗ്രന്ഥങ്ങളിൽ ‘സരൻ ദ്വീപ്’ (سرنديب) എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഇന്നത്തെ ശ്രീലങ്ക (Sri Lanka) യെയാണ്; പ്രവാചകർ മുഹമ്മദ്(സ) തങ്ങളുടെ ആ​ഗമന വാർത്ത കേട്ട് അതിൻ്റെ സത്യാവസ്ഥ അന്വേഷിക്കുന്നതിനായി രാജാവ് ദൂതനെ അയച്ചത് ഇവിടെ നിന്നായിരുന്നു. ഉമവി ഭരണകാലത്ത് ഇസ്‌ലാമിക രാജ്യത്തിന്റെ കിഴക്കൻ അതിർത്തിയായി മാറിയ ‘അസ്വാൻ’ / ‘അസ്സുഗ്ദ്’ (أسوان / الصغد) എന്ന പ്രദേശം ഇന്നത്തെ മധ്യേഷ്യയിലെ സൂഗ്ദിയാന (Sogdiana) യെ സൂചിപ്പിക്കുന്നു. ഭാരതീയ കച്ചവടക്കപ്പലുകൾ വൻതോതിൽ വന്നടുത്തിരുന്ന പുരാതന ഇറാഖി തുറമുഖമായ ‘ഉബുല്ല’ (الأبلة), ഇന്നത്തെ ബസറ(Basra) യുടെ പ്രാന്തപ്രദേശമാണ്. ജാട്ടുകളും അസാവറ വംശജരുമായ ഭാരതീയർ വൻതോതിൽ അധിവസിച്ചിരുന്ന വാണിജ്യ കേന്ദ്രങ്ങളായ ഹജർ, ഖത്വീഫ്, ദാരിൻ (هجر، القطيف، دارين) എന്നിവ കിഴക്കൻ സൗദി അറേബ്യൻ തീരങ്ങളിലുള്ള അൽ-അഹ്സ, ഖത്വീഫ് (Al-Ahsa & Qatif) എന്നീ പ്രദേശങ്ങളാണ്. കൂടാതെ, ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്ന ‘റൂം’ (الروم) എന്നത് അന്നത്തെ കിഴക്കൻ റോമൻ സാമ്രാജ്യമായ ബൈസന്റൈൻ സാമ്രാജ്യത്തെയാണ് (Byzantine Empire) അടയാളപ്പെടുത്തുന്നത്.

പ്രവാചക സദസ്സിലെ ഇന്ത്യൻ വംശജരുടെ സാന്നിധ്യം:

ഖാദി അത്ഹർ മുബാറക് പൂരിയുടെ വിവരണം അനുസരിച്ച് പ്രവാചക സദസ്സിൽ ഭാരതീയ പ്രഭാവം പലവിധത്തിൽ ദൃശ്യമായിരുന്നു:
രൂപസാദൃശ്യം മൂലമുള്ള തിരിച്ചറിവ്:
ബനൂ അൽ-ഹാരിസ് ഗോത്രക്കാർ മദീനയിലെത്തിയപ്പോൾ അവരെ കണ്ട് “ഇന്ത്യക്കാരെപ്പോലെ കാണപ്പെടുന്ന ഇവർ ആരാണ്?” എന്ന് പ്രവാചകൻ ﷺ ചോദിച്ച സംഭവം, അവിടുത്തേക്ക് ഇന്ത്യക്കാരുടെ ശാരീരിക സവിശേഷതകളെക്കുറിച്ച് (നിറം, മുടി, ഉയരം) കൃത്യമായ ധാരണയുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നു.
ഇന്ത്യൻ ചികിത്സകന്റെ സാന്നിധ്യം:
പ്രവാചകർ(സ) യുടെ വേർപാടിന് ശേഷം സത്യവിശ്വാസികളുടെ മാതാവ് ആഇശ (റ) യെ ചികിത്സിക്കാൻ ‘സത്ത്’ (ജാട്ട്) വിഭാഗത്തിൽപ്പെട്ട ഒരു ഇന്ത്യൻ വൈദ്യൻ (Indian Physician) എത്തിയിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു.

പേർഷ്യൻ-ഇന്ത്യൻ ഭരണാധികാരി ബാദാൻ:
യമനിലെ കിസ്രയുടെ പ്രവിശ്യാ ഭരണാധികാരിയായിരുന്ന ബാദാൻ രാജാവ് ഭാരതീയ പാരമ്പര്യമുള്ള ‘അസാവറ’ വിഭാഗത്തിൽപ്പെട്ട കുടുംബാംഗമായിരുന്നുവെന്നും, പിന്നീട് അദ്ദേഹം പ്രവാചകന്റെ സന്ദേശം സ്വീകരിച്ച് ഇസ്‌ലാം ആശ്ലേഷിച്ചുവെന്നും ചരിത്രകാരന്മാർ വിലയിരുത്തുന്നു.
ശ്രീലങ്കൻ രാജാവിന്റെ ദൂത്:
പ്രവാചകന്റെ പവിത്രതയെക്കുറിച്ച് വ്യാപാരികളിൽ നിന്ന് കേട്ടറിഞ്ഞ സരൻ ദ്വീപ് (ശ്രീലങ്ക) രാജാവ് കാര്യങ്ങൾ അന്വേഷിച്ചറിയാൻ ഒരു ദൂതനെ മദീനയിലേക്ക് അയച്ചു. എന്നാൽ ദൂതൻ മദീനയിലെത്തുമ്പോഴേക്കും പ്രവാചകൻ ﷺ വിടപറഞ്ഞിരുന്നു.

അറബ് ദൈനംദിന ജീവിതത്തിലെ ഇന്ത്യൻ ഉൽപ്പന്നങ്ങൾ

അറേബ്യൻ സംസ്കാരത്തിലും ഭാഷയിലും ഇന്ത്യൻ വസ്‌തുക്കൾ ചെലുത്തിയ സ്വാധീനം ചെറുതല്ല:
സുഗന്ധദ്രവ്യങ്ങളും ഔഷധങ്ങളും:
കസ്തൂരി (Musk), കർപ്പൂരം (Camphor), ഇഞ്ചി (Zanjabil/Ginger) എന്നിവ അറബികൾ ധാരാളമായി ഉപയോഗിച്ചു. പ്രവാചകൻ ﷺ ഉപയോഗിക്കുകയും നിർദ്ദേശിക്കുകയും ചെയ്ത ‘ഖുസ്ത് അൽ-ഹിന്ദി’ (ഇന്ത്യൻ അഗർവുഡ്) തൊണ്ടയിലെയും ശ്വാസകോശത്തിലെയും രോഗങ്ങൾക്ക് മികച്ച ഔഷധമായി ബുഖാരിയിൽ വ്യക്തമാക്കുന്നുണ്ട്.
നിർമ്മാണ സാമഗ്രികൾ (Saj Wood):
ഇന്ത്യൻ തേക്കുമരം (സാജ് – الساج) ഉപയോഗിച്ചാണ് പ്രവാചകനും പിന്നീട് അനുചരന്മാരും ഉപയോഗിച്ച കട്ടിലുകളും കവാടങ്ങളും നിർമ്മിച്ചിരുന്നത്. പ്രവാചകന്റെ കട്ടിലിന്റെ കാലുകളും വാതിലുകളും നിർമ്മിച്ചിരുന്നത് തേക്കുകൊണ്ടാണെന്ന് നിവേദനങ്ങളുണ്ട്.
വാളുകൾ (Se​if al-Hindi / Al-Muhannad):
ഇന്ത്യയിൽ നിർമ്മിച്ച ‘ഖൽഈ’ വാളുകളും ‘മുഹന്നദ്’ (ഇന്ത്യൻ നിർമ്മിത വാൾ) ഖഡ്ഗങ്ങളും അറബികൾക്കിടയിൽ അത്യധികം പ്രശസ്തമായിരുന്നു. പ്രശസ്ത കവി കഅ്ബ് ബിൻ സുഹൈർ (റ) പ്രവാചകനെ വിശേഷിപ്പിച്ചത്
“അല്ലാഹുവിന്റെ ഊരിപ്പിടിച്ച ഇന്ത്യൻ വാളുകളിൽ പെട്ട പ്രകാശപൂരിതമായ വാൾ” എന്നാണ്.

സൈദ്ധാന്തിക നിഗമനം

ചുരുക്കത്തിൽ പ്രവാചകകാല അറേബ്യൻ നാഗരികതയും ഇന്ത്യൻ ഉപഭൂഖണ്ഡവും തമ്മിൽ നിലനിന്നിരുന്ന ബന്ധം കേവലം ആകസ്മികമായ ചില വാണിജ്യ ഇടപാടുകളിൽ മാത്രം ഒതുങ്ങുന്ന ഒന്നായിരുന്നില്ല. മറിച്ച്, അത് ‘നാവിക സംസ്‌കാര രൂപീകരണവും അതിർത്തി കടന്നുള്ള ജനവിഭാഗ കുടിയേറ്റവും’ (Transoceanic Migration & Cross-Cultural Networks) വഴി വികസിച്ചുവന്ന ക്രിയാത്മകമായ ഒരു സാമൂഹിക, സാംസ്കാരിക പാരസ്പര്യമായിരുന്നു എന്ന് ഈ ഭാ​ഗം വ്യക്തമാക്കുന്നു.
നരവംശശാസ്ത്രപരമായ കാഴ്ചപ്പാടിൽ (Anthropological Perspective), അറേബ്യൻ സമൂഹത്തിനുള്ളിൽ ജാട്ടുകൾ (സത്ത്), സയാബിജ, അസാവറ തുടങ്ങിയ ഭാരതീയ ജനവിഭാഗങ്ങൾക്ക് കൃത്യമായ ഒരു സാമൂഹിക-തൊഴിൽപരമായ ഇടം (Socio-Occupational Niche) ഉണ്ടായിരുന്നു. കായികശേഷി, നാവിക വൈദ​ഗ്ദ്യം, വൈദ്യശാസ്ത്രപരമായ അറിവുകൾ, യോദ്ധാക്കളുടെ പങ്ക് എന്നിവയിലൂടെ ഇവർ അറേബ്യൻ സാമൂഹിക ഘടനയിലേക്ക് പദവികളോടെ ലയിച്ചു ചേർന്നു (Structural Assimilation). പ്രവാചക സദസ്സിലും അനുചരന്മാർക്കിടയിലും ഇന്ത്യക്കാരുടെ ഭൗതിക സവിശേഷതകളെക്കുറിച്ചും അവരുടെ കഴിവുകളെക്കുറിച്ചുമുണ്ടായിരുന്ന കൃത്യമായ തിരിച്ചറിവ്, രണ്ട് വേറിട്ട വംശീയ നാഗരികതകൾ തമ്മിലുള്ള സാംസ്കാരിക സൗഹാർദ്ദത്തിന്റെ തെളിവാണ്.
സംസ്കാര പഠനങ്ങളുടെ സൈദ്ധാന്തിക പരിപ്രേക്ഷ്യത്തോടെ സമീപിച്ചാൽ ‘ഖുസ്ത് അൽ-ഹിന്ദി’, ‘സാജ്’ (തേക്ക്), ‘മുഹന്നദ്’ (ഇന്ത്യൻ വാളുകൾ) തുടങ്ങിയ ഉൽപ്പന്നങ്ങൾ അറേബ്യൻ ജീവിതത്തിലേക്ക് എത്തിയത് കേവല നിത്യോപയോഗ സാധനങ്ങളായല്ല; മറിച്ച്, ഉന്നത ഗുണനിലവാരത്തിന്റെയും സാംസ്കാരിക മൂല്യത്തിന്റെയും പ്രതീകങ്ങളായാണ് (Cultural Markers) എന്ന് തിരിച്ചറിയാനാവും. അറേബ്യൻ സാഹിത്യത്തിലും കാവ്യഭാഷയിലും ഭാരതീയ നാമങ്ങളും ഉൽപ്പന്നങ്ങളും പ്രയോഗിക്കപ്പെട്ടത് (ഉദാഹരണത്തിന്: കഅ്ബ് ബിൻ സുഹൈറിന്റെ പ്രവാചക പ്രശസ്തി കാവ്യം) ആ സമൂഹത്തിന്റെ വൈജ്ഞാനിക അന്തരീക്ഷത്തിൽ ഭാരതീയ സാന്നിധ്യം എത്രത്തോളം ആഴത്തിൽ വേരോടിയിരുന്നു എന്ന് അടിവരയിടുന്നു.

ഉപസംഹാരം
മുബാറക് പൂരിയുടെ ‘അൽ-ഇഖ്ദുദ്ദമീൻ’ മുൻനിർത്തിയുള്ള ഈ ചരിത്രാന്വേഷണം വെളിപ്പെടുത്തുന്നത്, പ്രവാചക കാലഘട്ടത്തിലെ അറേബ്യൻ ഉപദ്വീപ് വിവിധ സംസ്കാരങ്ങൾ സംഗമിക്കുന്ന ഒരു ‘ബഹുസാംസ്കാരിക സന്ധികേന്ദ്രം’ (Multicultural Hub) ആയിരുന്നുവെന്നാണ്. അതിൽ ഏറ്റവും ദൃശ്യവും സ്വാധീനമുള്ളതുമായ സാംസ്കാരിക മുദ്ര പതിപ്പിക്കാൻ ഇന്ത്യൻ സാന്നിധ്യത്തിനും അവരുടെ സാംസ്കാരിക സംഭാവനകൾക്കും സാധിച്ചിരുന്നു. ഇസ്‌ലാമിന്റെ ആദ്യനാളുകളിൽ തന്നെ ഇന്ത്യയും അറേബ്യയും തമ്മിൽ ആഴത്തിലുള്ള സാംസ്കാരിക, ജനകീയ വിനിമയങ്ങൾ നിലനിന്നിരുന്നു എന്ന് ഈ വസ്തുതകൾ തെളിയിക്കുന്നു. ഭാരതീയരായ ജാട്ടുകളുടെയും സയാബിജകളുടെയും അറേബ്യൻ വാസം, ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ പ്രചാരം, ഭാഷാപരമായ വിനിമയങ്ങൾ എന്നിവയെല്ലാം രണ്ട് വ്യത്യസ്ത സംസ്കാരങ്ങൾ തമ്മിൽ നിലനിന്നിരുന്ന പാരസ്പര്യത്തിന്റെ ചരിത്രപരമായ സാക്ഷ്യങ്ങളാണ്.

തുടരും…

ഗ്രന്ഥസൂചി (References & Sources):

  1. അൽ-മുബാറക് പൂരി, അഥർ. അൽ-ഇഖ്ദുദ്ദമീൻ ഫീ അസ്മാഇ മൻ വറദ മിന സ്വഹാബതി വത്താബിഈന ഇലൽ ഹിന്ദ് (الإقد الثمين).
  2. ഇബ്നു കഥീർ. അൽ-ബിദായ വന്നഹായ.
  3. ഇബ്നു ഹജർ അൽ-അസ്ഖലാനി. അൽ-ഇസ്വാബ ഫീ തമ്യീസി സ്വഹാബ.
  4. അൽ-ബലാദുരി. അൻസാബുൽ അഷ്‌റാഫ്.
  5. അൽ-ഹാകിം. അൽ-മുസ്തദ്റക് അലസ് സ്വഹീഹൈൻ.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy