രിസാലത്തു ആദാബി സുലൂക്കിൽ മുരീദ്: അദ്ധ്യായം: 6
ഹബീബ് അബ്ദുല്ലാഹിബ്നു അലവി അൽ ഹദ്ദാദ്(റ):
പരിഭാഷ: മഖ്ദൂമിശാഹ് അൻവാരി
സത്യമാർഗ്ഗം തേടുന്നവൻ (മുരീദ്) പാപങ്ങളിൽ നിന്നും നിഷിദ്ധ കാര്യങ്ങളിൽ നിന്നും ജനങ്ങളിൽ വെച്ച് ഏറ്റവും അകന്നവനായിരിക്കണം. നിർബന്ധ കാര്യങ്ങളും കൽപിക്കപ്പെട്ട കാര്യങ്ങളും ഏറ്റവും നന്നായി സൂക്ഷിക്കുന്നവനും, പുണ്യകർമ്മങ്ങളിൽ അതിയായി ആഗ്രഹമുള്ളവനും, നന്മകളിലേക്ക് തിടുക്കം കൂട്ടുന്നവനുമായിരിക്കണം. കാരണം, അല്ലാഹുവിലേക്ക് തിരിയുന്നതിലും, അവന്റെ അനുസരണത്തിൽ നിലകൊള്ളുന്നതിലും, ആരാധനകളിൽ നിന്ന്(ഇലാഹിസ്മരണയിൽ നിന്ന്) ശ്രദ്ധതിരിക്കുന്ന എല്ലാ കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്നതിലുമല്ലാതെ ഒരു മുരീദ് മറ്റുള്ളവരിൽ നിന്ന് വേർതിരിഞ്ഞു നിൽക്കുന്നില്ല.
അവൻ തന്റെ ശ്വാസങ്ങളുടെ കാര്യത്തിൽ ജാഗ്രതയുള്ളവനും(ഓരോ ശ്വാസവും ദിക്റോടുകൂടിയവനും) തന്റെ സമയങ്ങളുടെ കാര്യത്തിൽ പിശുക്കനുമായിരിക്കണം. അല്ലാഹുവിലേക്ക് അടുപ്പിക്കുന്നതും പരലോകത്ത് ഉപകരിക്കുന്നതുമായ കാര്യങ്ങളിലല്ലാതെ തന്റെ സമയത്തിൽ നിന്നുള്ള ചെറുതോ വലുതോ ആയ ഒന്നും അവൻ ചെലവഴിക്കരുത്.

വിവിധ തരം ആരാധനകളിൽ നിന്ന് അവൻ നിത്യമായി ചെയ്യുന്ന ചില ദിക്റുകളും വിർദുകളും (ക്രമമായ പ്രാർത്ഥനകൾ) ഉണ്ടായിരിക്കണം; പ്രയാസമുള്ള സമയത്താകട്ടെ എളുപ്പമുള്ള സമയത്താകട്ടെ അതിലൊന്നുപോലും ഉപേക്ഷിക്കാൻ അവൻ അനുവാദം നൽകരുത്.
മഹത്തായ പരിശുദ്ധ ഖുർആൻ പാരായണം അവൻ വർദ്ധിപ്പിക്കണം. അതിന്റെ അർത്ഥങ്ങൾ ചിന്തിച്ചും അക്ഷരങ്ങൾ വ്യക്തമായി ഉച്ചരിച്ചും (തർതീലോടെ) ആയിരിക്കണം അത്. അല്ലാഹുവിന്റെ കല്പനകൾ പാരായണം ചെയ്യുമ്പോൾ സംസാരിക്കുന്നവനായ അല്ലാഹുവിന്റെ മഹത്വം തന്റെ മനസ്സിൽ നിറഞ്ഞുനിൽക്കണം.
അശ്രദ്ധരായ ആളുകൾ പരിശുദ്ധ ഖുർആൻ ഓതുന്നത് പോലെ അവൻ ഓതരുത്; വ്യക്തമായ നാവുകളും ഉയർന്ന ശബ്ദങ്ങളും ഉണ്ടാകും, എന്നാൽ ഹൃദയം ഭയഭക്തിയിൽ നിന്നും അല്ലാഹുവിനെ മഹത്വപ്പെടുത്തുന്നതിൽ നിന്നും ശൂന്യമായിരിക്കും. തുടക്കം മുതൽ ഒടുക്കം വരെ പരിശുദ്ധ ഖുർആൻ അവതരിക്കപ്പെട്ടതുപോലെ അവർ ഓതിത്തീർക്കും, എന്നാൽ അതിന്റെ അർത്ഥം അവർക്കറിയില്ല, എന്തിനാണ് അത് അവതരിപ്പിച്ചതെന്നും അവർക്കറിയില്ല! അവർ അറിഞ്ഞിരുന്നുവെങ്കിൽ അതനുസരിച്ച് പ്രവർത്തിക്കുമായിരുന്നു. കാരണം, ഉപകരിക്കുന്നതാണ് യഥാർത്ഥ അറിവ്.
ഒരാൾ അറിയുകയും അതനുസരിച്ച് പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ, അറിവില്ലാത്തവനും അവനും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല; എന്നല്ല, അറിവുള്ളവന്റെ മേൽ അല്ലാഹുവിന്റെ തെളിവ് കൂടുതൽ ശക്തമായതിനാൽ അവൻ വലിയ കുറ്റക്കാരനാകുന്നു. അതിനാൽ വിവരമില്ലാത്ത അജ്ഞൻ ഇവനേക്കാൾ നല്ല അവസ്ഥയിലായിരിക്കും! അതുകൊണ്ടാണ് പറയപ്പെട്ടിട്ടുള്ളത്:
“നിനക്ക് ഉപകരിക്കാത്ത എല്ലാ അറിവും നിനക്കെതിരെയുള്ള കുറ്റപത്രമാണ്; എന്നാൽ അജ്ഞതയേക്കാൾ നല്ലത് അത് തന്നെയാണ്.”
ഹേ മുരീദ്! രാത്രിയിലെ നിസ്കാരത്തിൽ (തഹജ്ജുദിൽ) നിനക്കൊരു പങ്ക് ഉണ്ടായിരിക്കട്ടെ. കാരണം, രാത്രി സമയം അടിയാൻ തന്റെ രക്ഷിതാവുമായി തനിച്ചിരിക്കുന്ന സുഖകരമായ സമയമാണ്. അതിനാൽ അതിൽ പ്രാർത്ഥനയും പാപമോചനവും നീ വർദ്ധിപ്പിക്കുക. കഴിവും ശക്തിയുമില്ലായ്മയും അങ്ങേയറ്റത്തെ വിനയവും പ്രകടിപ്പിക്കുന്ന ഹൃദയത്തോടെ, അധമത്വത്തിന്റെ എളിയ നാവിനാൽ നിന്റെ രക്ഷിതാവിനോട് പ്രാർത്ഥിക്കുക.
രാത്രിയിലെ നമസ്കാരം ഉപേക്ഷിക്കാതിരിക്കാൻ നീ ജാഗ്രത പാലിക്കുക. അല്ലാഹുവിനെ സ്മരിക്കുന്നവനായി ഉണർന്നിരിക്കുന്ന അവസ്ഥയിലല്ലാതെ അത്താഴ സമയം (സുബ്ഹിക്ക് തൊടുമുമ്പുള്ള സമയം) നിന്റെ മേൽ കടന്നുവരരുത്.
തുടരും