ദിവ്യസ്നേഹവും പരീക്ഷണങ്ങളും

Divine love and tribulations

ശവ്വാൽ പന്ത്രണ്ടിന് വെള്ളിയാഴ്ച പ്രഭാതത്തിൽ മദ്രസയിൽ വെച്ച് അല്ലാഹു തൃപ്തിപ്പെട്ട അബ്ദുൽ ഖാദിർ ജീലാനി(റ) പറഞ്ഞു:
പ്രവാചകൻ (സ്വ) പറഞ്ഞതായി നിവേദനം:
“തീർച്ചയായും അല്ലാഹു തന്റെ പ്രിയപ്പെട്ടവനെ ശിക്ഷിക്കുകയില്ല, മറിച്ച് പരീക്ഷിക്കുക തന്നെ ചെയ്യും.”
അല്ലാഹുവിങ്കൽ സ്ഥിരപ്പെട്ട കാര്യം, അല്ലാഹു തന്റെ ദാസനെ ഭൗതികമായതോ പാരത്രികമായതോ ആയ ഏതെങ്കിലും നന്മയ്ക്കല്ലാതെ പരീക്ഷിക്കുകയില്ല എന്നതാണ്. അതിനാൽ അവൻ പരീക്ഷണത്തിൽ തൃപ്തിയടഞ്ഞവനും, അല്ലാഹുവിനെക്കുറിച്ച് തെറ്റായ ചിന്തയില്ലാതെ ക്ഷമിക്കുന്നവനുമായിരിക്കും. അല്ലാഹുവിലുള്ള ചിന്ത അവനെ പരീക്ഷണത്തെക്കുറിച്ചുള്ള ചിന്തയിൽ നിന്ന് തെറ്റിച്ചു.

ഓ ലൗകിക കാര്യങ്ങളിൽ മുഴുകിയവരേ! നിങ്ങളുടെ ശ്വാസ നാളങ്ങളാൽ അല്ലാതെ ഹൃദയത്താൽ സംസാരിക്കാൻ കഴിയാത്ത ഈ പദവികളിൽ ഉള്ളവരെക്കുറിച്ച് സംസാരിക്കുന്നത് നിങ്ങൾ ഉപേക്ഷിക്കുക. നിങ്ങൾ അല്ലാഹുവിൽ നിന്നും, അവന്റെ വചനങ്ങളിൽ നിന്നും, അവന്റെ പ്രവാചകന്മാരിൽ നിന്നും, അവരെ സത്യസന്ധമായി പിൻപറ്റിയ യഥാർത്ഥ മാർഗ്ഗത്തിൽ നിന്നും തിരിഞ്ഞുപോയവരാണ്. അല്ലാഹുവിന്റെ പ്രതിനിധികളും അവന്റെ കൽപനകൾ ഏൽപ്പിക്കപ്പെട്ടവരുമായ (വസ്വിയ്യത്ത് ചെയ്യപ്പെട്ടവരുമായ) ആ ഉത്തമന്മാരെ നിങ്ങൾ അവഗണിക്കുകയാണ്. അല്ലാഹു നിശ്ചയിച്ചു തന്ന വിധിയെയും അവൻ നൽകിയ കഴിവിനെയും കുറിച്ച് നിങ്ങൾ തർക്കിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. സർവ്വശക്തനായ അല്ലാഹുവിന്റെ ദാനങ്ങളിൽ നിങ്ങൾ ജനങ്ങളോട് അസൂയപ്പെടുന്നു. അല്ലാഹുവിന്റെയോ അവന്റെ സ്വാലിഹീങ്ങളായ ദാസന്മാരുടെയോ അടുക്കൽ നിങ്ങളുടെ വാക്കുകൾ കേൾക്കപ്പെടുകയില്ല. നിങ്ങൾ സത്യസന്ധമായി തൗബ ചെയ്യുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നതുവരെ.
വിധിയോടും അല്ലാഹുവിന്റെ തീരുമാനത്തോടും നിങ്ങൾ യോജിക്കുക. ഐശ്വര്യത്തിലും ദാരിദ്ര്യത്തിലും, ആരോഗ്യത്തിലും രോഗത്തിലും, നിങ്ങൾ ഇഷ്ടപ്പെടുന്നതിലും വെറുക്കുന്നതിലും അല്ലാഹു നിങ്ങളെ ബഹുമാനിക്കുന്നതിലും നിന്ദിക്കുന്നതിലും നിങ്ങൾ പൊരുത്തപ്പെടുക.

(ജനങ്ങളേ!) നിങ്ങൾ പിന്തുടരുക, നിങ്ങൾ പിൻപറ്റപ്പെടുന്നവരാകുന്നതുവരെ. സേവനം ചെയ്യുക, നിങ്ങൾ സേവിക്കപ്പെടുന്നവരാകുന്നതുവരെ. ഉത്തമന്മാരെയും വിധികൾ നൽകപ്പെട്ടവരെയും പിൻപറ്റുക, അവർ നിങ്ങളെ പിൻപറ്റുകയും നിങ്ങൾക്ക് സേവനം ചെയ്യുകയും ചെയ്യുന്നതുവരെ. അവർക്ക് കീഴടങ്ങുക, അവർ നിങ്ങൾക്ക് കീഴടങ്ങുന്നതുവരെ. നിങ്ങൾ കേട്ടിട്ടില്ലേ:
“നിങ്ങൾ എപ്രകാരം ചെയ്യുന്നുവോ അപ്രകാരം പ്രതിഫലം നൽകപ്പെടും – നിങ്ങൾ എപ്രകാരമാകുന്നുവോ അപ്രകാരം നിങ്ങളുടെ മേൽ ഭരണം നൽകപ്പെടും.”
നിങ്ങളുടെ പ്രവൃത്തികൾ നിങ്ങളുടെ കാര്യകർത്താക്കളാണ്. അല്ലാഹു തന്റെ ദാസന്മാരോട് അക്രമം കാണിക്കുന്നവനല്ല. അവൻ കുറഞ്ഞതിന് വലിയ പ്രതിഫലം നൽകും. ശരിയായതിനെ തെറ്റെന്നോ, സത്യസന്ധനെ വ്യാജനെന്നോ വിളിക്കുകയില്ല.

(യുവാവേ!) നീ സേവനം ചെയ്യുകയാണെങ്കിൽ, നീ സേവിക്കപ്പെടും. നീ (അല്ലാഹുവിന് വേണ്ടി) നിലകൊള്ളുകയാണെങ്കിൽ അല്ലാഹുവും(നിനക്കുവേണ്ടി) നിലകൊള്ളും. അല്ലാഹുവിന്റെ സേവനത്തിൽ ഏർപ്പെടുക. ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയാത്ത ഈ രാജാക്കന്മാരുടെ സേവനത്തിൽ മുഴുകി അല്ലാഹുവിൽ നിന്ന് തെറ്റിപ്പോകരുത്. അവർ നിങ്ങൾക്ക് എന്താണ് നൽകുക? നിങ്ങൾക്ക് വിധിക്കപ്പെടാത്തത് അവർക്ക് നൽകാൻ കഴിയുമോ? അതോ അവർക്ക് നിങ്ങൾക്ക് വീതിച്ചു നൽകാൻ കഴിയുമോ?
അല്ലാഹു വിഭജിച്ചു നൽകാത്തത് അവർക്ക് നൽകാൻ കഴിയില്ല. അവരുടെ ദാനം അല്ലാഹുവിൽ നിന്നുള്ള പുതിയൊരു തുടക്കമാണെന്ന് നീ പറയുകയാണെങ്കിൽ, നീ സത്യനിഷേധിയായിരിക്കുന്നു. അല്ലാഹു അല്ലാതെ ഉപകാരം ചെയ്യാനോ, ഉപദ്രവിക്കാനോ, മുൻപോട്ട് കൊണ്ടുപോകാനോ, പിന്നോട്ട് തള്ളാനോ കഴിയുന്നവനില്ലെന്ന് നിനക്കറിയില്ലേ? നീ പറയുകയാണെങ്കിൽ: “എനിക്കിതറിയാം, പക്ഷേ ഞാൻ എങ്ങനെ ഇത് പ്രാവർത്തികമാക്കും?”

അയ്യോ! നിന്റെ ദുനിയാവ് കാരണം നിന്റെ പരലോകം എങ്ങനെയാണ് നീ നശിപ്പിക്കുന്നത്? അല്ലാഹുവിനുള്ള اطاعة (അനുസരണം) നീ എങ്ങനെയാണ് ഇല്ലാതാക്കുന്നത്? നിന്റെ ശരീരത്തെയും ഇച്ഛകളെയും പിശാചിനെയും സൃഷ്ടികളെയും അനുസരിച്ചുകൊണ്ട് നിന്റെ പരലോകം നീ നശിപ്പിക്കുന്നു. മറ്റുള്ളവരോട് പരാതിപ്പെട്ടുകൊണ്ട് നിന്റെ തഖ്‌വയെ നീ എങ്ങനെ തകർക്കുന്നു? അല്ലാഹു സൂക്ഷ്മത പുലർത്തുന്നവർക്ക് സംരക്ഷകനും സഹായിയുമാണെന്നും അവരിൽ നിന്ന് പ്രയാസങ്ങൾ അകറ്റുന്നവനാണെന്നും നിനക്കറിയില്ലേ?

അവൻ അവർക്ക് അധ്യാപകനും, സ്വന്തം ദാസന്മാരെ അറിയുന്നവനും, അവരെ കരം പിടിച്ച് വിഷമങ്ങളിൽ നിന്ന് രക്ഷിക്കുന്നവനും, അവരുടെ ഹൃദയങ്ങളെ നോക്കുന്നവനും, അവർ പ്രതീക്ഷിക്കാത്ത വഴിയിലൂടെ അവർക്ക് ഉപജീവനം നൽകുന്നവനുമാണ്.
അല്ലാഹു തആലാ അവന്റെ ചില ഗ്രന്ഥങ്ങളിൽ അരുളിച്ചെയ്തിരിക്കുന്നു:
“ആദമിന്റെ മകനേ! നിന്റെ നല്ലവനായ അയൽക്കാരനിൽ നിന്ന് നീ ലജ്ജിക്കുന്നതുപോലെ എന്നിൽ നിന്നും നീ ലജ്ജിക്കുക.”
പ്രവാചകൻ (സ്വ) പറഞ്ഞു:
“ഒരു ദാസൻ തന്റെ വാതിലുകൾ അടയ്ക്കുകയും, ജനങ്ങളിൽ നിന്ന് മറഞ്ഞിരിക്കാൻ തിരശ്ശീലകൾ താഴ്ത്തുകയും, അല്ലാഹുവിനോട് പാപം ചെയ്യാനായി തനിച്ചിരിക്കുകയും ചെയ്യുമ്പോൾ അല്ലാഹു അരുളിച്ചെയ്യുന്നു: ‘ഓ ആദമിന്റെ മകനേ! എന്നെ നോക്കുന്നവരിൽ ഏറ്റവും നിസ്സാരനായവനായാണോ നീ എന്നെ കണക്കാക്കിയത്?'”

തുടരും…

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy