ഇശ്ഖെ മജാസി, ഇശ്ഖെ ഹഖീഖി: ഇലാഹി പ്രണയത്തിന്റെ ഉൾപൊരുൾ

Ishq-e-Majazi, Ishq-e-Haqiqi: The Inner Essence of Divine Love

മുൻ കുറിപ്പുകളിൽ തസ്വവ്വുഫിന്റെ ആന്തരിക തത്വങ്ങളെ കുറിച്ചും, നഫ്സിന്റെ (Nafs-അഹന്ത/) ശുദ്ധീകരണത്തെക്കുറിച്ചും, ആത്മീയ പാതയിലെ രണ്ട് തരം ജ്ഞാനങ്ങളായ ഇൽമുൽ മുആമലയെ (Ilm al-Mu'amala – പ്രായോഗിക ആത്മീയ ജ്ഞാനം) കുറിച്ചും, ഇൽമുൽ മുകാശഫയെ (Ilm al-Mukashafa – ദിവ്യബോധനത്തിലൂടെയുള്ള ആന്തരിക ജ്ഞാനം) കുറിച്ചും നമ്മൾ ചർച്ച ചെയ്തിരുന്നു. അതുപോലെ, ഖുർആനികമായി വിശദീകരിക്കാവുന്ന ഇൽമുൽ യഖീൻ (Ilm al-Yaqin – അറിവിലൂടെയുള്ള ഉറപ്പ്), ഐനുൽ യഖീൻ (Ayn al-Yaqin – അനുഭവത്തിലൂടെയുള്ള ഉറപ്പ്), ഹഖുൽ യഖീൻ (Haqq al-Yaqin – യാഥാർത്ഥ്യമായുള്ള ഉറപ്പ്) എന്നീ വ്യത്യസ്ത ആത്മീയ പരിവർത്തനങ്ങളെക്കുറിച്ചും കഴിഞ്ഞ ഭാഗങ്ങളിൽ വിശദീകരിച്ചു.
ആ കുറിപ്പുകൾക്ക് ലഭിച്ച പ്രതികരണങ്ങൾ മറ്റൊരു വിഷയം കൂടി വിശദീകരിക്കേണ്ടതുണ്ടെന്ന് എന്നെ ബോധ്യപ്പെടുത്തി. ആത്മീയമായി ഇലാഹി പ്രണയം അത്രമേൽ റൊമാന്റിസൈസ് (Romanticize) ചെയ്യപ്പെടാറുണ്ട്. എന്നാൽ, സോഷ്യൽ മീഡിയയിൽ പലപ്പോഴും അത് തെറ്റിദ്ധരിക്കപ്പെട്ട രീതിയിലാണ് അവതരിപ്പിക്കപ്പെടാറുള്ളത്.

ഭയത്തിന്റെ ലോകവും സ്നേഹത്തിന്റെ ലോകവും

വളരെ ലളിതമായി ഇത് മനസ്സിലാക്കാൻ നമുക്ക് രണ്ട് കുട്ടികളെ സങ്കൽപ്പിക്കാം. ഒരാൾ വളർന്നത് ഭയത്തിന്റെ അന്തരീക്ഷത്തിലാണ്; തെറ്റ് ചെയ്താൽ ശിക്ഷ ലഭിക്കും, അനുസരിച്ചില്ലെങ്കിൽ മാതാപിതാക്കളുടെ കോപത്തിന് ഇരയാകും. നല്ല പ്രവൃത്തികൾ ചെയ്യുന്നതുപോലും ശിക്ഷ ഒഴിവാക്കാനോ അംഗീകാരം നേടാനോ വേണ്ടിയാണ് അവൻ പഠിച്ചത്.
മറ്റൊരു കുട്ടി വളർന്നത് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും അന്തരീക്ഷത്തിലാണ്. അവനും നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടായിരുന്നുവെങ്കിലും, അവയുടെ പിന്നിലെ നന്മയും മൂല്യങ്ങളും അവന് ബോധ്യപ്പെടുത്തിയിരുന്നു. തെറ്റുകൾ തിരുത്തിയത് ഭയപ്പെടുത്തിക്കൊണ്ടുമാത്രമല്ല, എന്തുകൊണ്ടാണ് ശരിയായത് തിരഞ്ഞെടുക്കേണ്ടതെന്ന് മനസ്സിലാക്കിക്കൊണ്ടായിരുന്നു. ആ ഉദാത്തമായ സ്നേഹത്തെ മനസ്സിലാക്കാനും സ്വന്തം സ്വഭാവത്തെ സംസ്കരിക്കാനും അവന് അതുവഴി സാധിച്ചു.
ആദ്യത്തെ കുട്ടി മാതാപിതാക്കളുടെ നിരീക്ഷണത്തിലായിരിക്കുമ്പോൾ നിയമങ്ങൾ അനുസരിച്ചേക്കാം. എന്നാൽ ആ നിരീക്ഷണം ഇല്ലാതാകുമ്പോൾ, അവൻ പഠിച്ച അനുസരണത്തിന്റെ പ്രധാന കാരണം ഭയമായിരുന്നെങ്കിൽ, സ്വന്തം ആഗ്രഹങ്ങളെ നിയന്ത്രിക്കാൻ അവന് സാധിച്ചുകൊള്ളണമെന്നില്ല. കാരണം, മനുഷ്യന്റെ ആഗ്രഹങ്ങളും മോഹങ്ങളും അതിനേക്കാൾ ആഴത്തിൽ നമ്മിൽ വേരൂന്നിയവയാണ്. ഭയം മാത്രമാണ് അടിസ്ഥാനമെങ്കിൽ, മാതാപിതാക്കളുടെ സാമീപ്യമില്ലാതാകുമ്പോൾ അവർ തെറ്റിലേക്ക് വീണുപോയേക്കാം. പിന്നെ ഒരിക്കലും നേരിൽ കാണുകയോ അനുഭവിക്കുകയോ ചെയ്യാത്ത റബ്ബിനോടുള്ള കേവലം ഭയത്തിൽ മാത്രം ഒരാൾക്ക് എങ്ങനെയാണ് ആത്മീയ ശുദ്ധി നിലനിർത്താനാവുക?
രണ്ടാമത്തെ കുട്ടിയാകട്ടെ, ആരും കാണാത്തപ്പോഴും ശരിയായത് തിരഞ്ഞെടുക്കാൻ കൂടുതൽ പ്രാപ്തനാകുന്നു. കാരണം അവൻ പഠിച്ചത് കേവലം നിയമങ്ങൾ മാത്രമല്ല, അവയുടെ പിന്നിലുള്ള ധാർമിക മൂല്യങ്ങളാണ്. അവന്റെ ഉള്ളിൽ സ്നേഹവും ഉത്തരവാദിത്തബോധവും ധാർമിക മനസാക്ഷിയും ആ ഉദാത്തമായ സ്നേഹത്തിലൂടെ വളർന്നിരിക്കുന്നു. ഇത് അവന്റെ ആന്തരിക സ്വഭാവമായി (Character) മാറുന്നു. എന്റെ തന്നെ വ്യക്തിപരമായ അനുഭവത്തിൽനിന്ന് സാക്ഷ്യപ്പെടുത്താവുന്ന ഒരനുഭവമാണിത്.

ഇസ്ലാമിലെ ഇഹ്‌സാൻ (Ihsan) എന്ന ആശയം പ്രസക്തമാകുന്നത് ഇവിടെയാണ്. നബി ﷺ ഇഹ്‌സാനെ വിശദീകരിച്ചത് ഇങ്ങനെയാണ്:
“നീ അല്ലാഹുവിനെ കാണുന്നതുപോലെ അവനെ ആരാധിക്കുക. നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നു.”* (സ്വഹീഹ് മുസ്ലിം – ഹദീസ് ജിബ്‌രീൽ).
ഇത് ആരോ നമ്മെ നിരീക്ഷിക്കുന്നുവെന്ന കേവലം ഭയത്തിന്റെ ഭാഷയല്ല; മറിച്ച്, മനുഷ്യന്റെ ഉള്ളിൽ വളരേണ്ട നിരന്തരമായ ഇലാഹി ബോധത്തിന്റെയും ദിവ്യപ്രണയത്തിന്റെയും ഭാഷയാണ്.

ഖൗഫും മഹബ്ബത്തും: ഭയവും സ്നേഹവും തമ്മിലുള്ള അന്തരം

ഇസ്ലാമിക ആത്മീയ പാരമ്പര്യത്തിൽ ഖൗഫ് (Khawf – ഭയം), മഹബ്ബത്ത് (Mahabba – സ്നേഹം) എന്നിവ പരസ്പരം ഇല്ലാതാക്കേണ്ട വികാരങ്ങളല്ല; അവയ്ക്ക് ഓരോന്നിനും കൃത്യമായ സ്ഥാനമുണ്ട്. എന്നാൽ, ഭയം മാത്രം ദീനിന്റെ മുഴുവൻ അനുഭവമായി മാറുമ്പോൾ സ്നേഹത്തിന്റെ സൗന്ദര്യം തന്നെ നഷ്ടപ്പെടുന്നു. പരിശുദ്ധ ഖുർആൻ പറയുന്നു:
“വിശ്വസിച്ചവർ അല്ലാഹുവിനോടുള്ള സ്നേഹത്തിൽ കൂടുതൽ ശക്തരാണ്.” (സൂറത്തുൽ ബഖറ 2:165).
അല്ലാഹുവിനെ ഭയന്ന് തെറ്റിൽനിന്ന് വിട്ടുനിൽക്കുന്നതും, അല്ലാഹുവിനെ സ്നേഹിക്കുന്നതിനാൽ തെറ്റിനെ സ്വന്തം ഹൃദയത്തിന് അന്യമായി കാണുന്നതും തമ്മിൽ വലിയൊരു ആത്മീയ വ്യത്യാസമുണ്ട്. ആദ്യത്തേത് മതനിയമങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാൻ സഹായിക്കുമ്പോൾ, രണ്ടാമത്തേത് ആ നിയമങ്ങളുടെ ധാർമിക ലക്ഷ്യത്തെ മനുഷ്യന്റെ സ്വഭാവത്തിലേക്ക് കൂടുതൽ ആഴത്തിൽ പ്രവേശിപ്പിക്കുന്നു. ഇവിടെയാണ് ഇശ്ഖെ മജാസിയിൽനിന്ന് ഇശ്ഖെ ഹഖീഖിയിലേക്കുള്ള പരിവർത്തനം ആരംഭിക്കുന്നത്.

സാധാരണയായി എല്ലാവരും പറയാറുള്ള ഒരു കാര്യമുണ്ട്: “അല്ലാഹുവിനെ സ്നേഹിക്കാൻ എളുപ്പമാണ്, എന്നാൽ മനുഷ്യനെ സ്നേഹിക്കാനാണ് പാട്.” എന്നാൽ, തസ്വവ്വുഫിലെ പരിശീലനം ഇതിന് നേർവിപരീതമാണ്. സ്വൂഫി ആത്മീയ പാതയിൽ മനുഷ്യനെ സ്നേഹിച്ച്, എല്ലാ അർത്ഥത്തിലും ക്ഷമയും സഹനവും മറ്റുള്ള അവസ്ഥകളെയും പരിവർത്തിപ്പിച്ചാൽ മാത്രമേ ഇശ്ഖെ ഹഖീഖിയിലേക്ക് (Eshq-e Haqiqi – യഥാർത്ഥ ദിവ്യപ്രണയം) ഉയരാനാവൂ. ഹുഖൂഖുൽ ഇബാദ് അഥവാ സൃഷ്ടികളോടുള്ള ബാ​ദ്ധ്യതകൾ പൂർത്തീകരിക്കാതെ സ്രഷ്ടാവിനെ പ്രീതിപ്പെടുത്താനാവില്ല. കേവലം പുസ്തകങ്ങളിൽ മാത്രം അടയിരിക്കുന്ന പ്യൂരിറ്റൻ (Puritan) വാദികൾക്ക് ഇത് ഒരിക്കലും മനസ്സിലാകണമെന്നില്ല. അറിവിനെ അതിന്റെ യാഥാർത്ഥ്യത്തിലേക്ക് ഗ്രഹിക്കാനും അത് അകമേയുള്ള അനുഭവമാക്കി മാറ്റാനും അവർക്ക് കഴിഞ്ഞെന്ന് വരില്ല. ആത്മീയ സാധകന്റെ യഥാർത്ഥ യുദ്ധഭൂമി അവന്റെ സ്വന്തം ജീവിതം തന്നെയാണ്. ആത്മീയ ഗുരുനാഥന്റെ ശിക്ഷണവുമില്ലാതെ ഈ യുദ്ധഭൂമിയിൽ ധാർമികമായി മുന്നേറാനാവില്ല.

ഇശ്ഖെ: ഇശ്ഖെ മജാസിയും ഇശ്ഖെ ഹഖീഖിയും

മനുഷ്യന്റെ പ്രണയവും അല്ലാഹുവിനോടുള്ള പ്രണയവും ഒരിക്കലും ഒന്നല്ല. തസ്വവ്വുഫിനെക്കുറിച്ച് സംസാരിക്കുമ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന വാക്കുകളിലൊന്നാണ് ഇശ്ഖ് (Eshq – തീവ്രമായ പ്രണയം). ചിലർക്ക് അതൊരു കവിതയാണ്, മറ്റുചിലർക്ക് വികാരമാണ്, വേറൊരാൾക്ക് പ്രണയത്തിന്റെ ലഹരിയാണ്. എന്നാൽ ആത്മീയ പാരമ്പര്യത്തിലൂടെ ഈ ആശയത്തെ സമീപിച്ചാൽ, ഇശ്ഖ് എന്നത് കേവലം വികാരത്തിന്റെ തീവ്രതയല്ല, മറിച്ച് മനുഷ്യന്റെ അസ്തിത്വത്തെക്കുറിച്ചും അവന്റെ ആഗ്രഹങ്ങളെക്കുറിച്ചുമുള്ള ആഴത്തിലുള്ള അന്വേഷണമാണെന്ന് കാണാം.

വിശുദ്ധ ഖുർആനിൽ സ്നേഹത്തെ സൂചിപ്പിക്കാൻ ഹുബ്ബ് (Hubb) എന്ന പദമാണ് ഉപയോഗിക്കുന്നത്. എങ്കിലും പേർഷ്യൻ, ഉർദു പാരമ്പര്യങ്ങളിൽ ഹൃദയത്തോട് കൂടുതൽ അടുത്തുനിൽക്കുന്ന ‘ഇശ്ഖ്’ എന്ന പദം വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. മനസ്സിലാക്കാനായി സ്നേഹത്തെ രണ്ടായി തരം തിരിക്കാം:
ഇശ്ഖെ മജാസി (عشق مجازی): സൃഷ്ടികളോടുള്ള പ്രണയം; രൂപകാത്മകമോ ലൗകികമോ ആയ പ്രണയം.
ഇശ്ഖെ ഹഖീഖി (عشق حقیقی): പരമസത്യമായ അല്ലാഹുവിനോടുള്ള പ്രണയം.

മനുഷ്യസ്നേഹത്തിന് ഒട്ടേറെ പരിമിതികളുണ്ടെങ്കിലും, മനുഷ്യനെ സ്നേഹിക്കുന്ന അനുഭവം സ്വന്തം നഫ്സിനെ തിരിച്ചറിയാനുള്ള വലിയൊരു അവസരമായി മാറിയേക്കാം. ഇശ്ഖെ മജാസി മനുഷ്യനെ മറ്റൊരു വ്യക്തിയിലൂടെ സ്വന്തം ഹൃദയത്തെ തിരിച്ചറിയാൻ സഹായിക്കുമ്പോൾ, ഇശ്ഖെ ഹഖീഖി ആ ഹൃദയത്തിന്റെ പരമമായ അഭിമുഖീകരണം അല്ലാഹുവിലേക്കാകണമെന്ന് ആവശ്യപ്പെടുന്നു.
പരിശുദ്ധ ഖുർആൻ പറയുന്നു:
“അവൻ അവരെ സ്നേഹിക്കുന്നു; അവർ അവനെയും സ്നേഹിക്കുന്നു.” (സൂറത്തുൽ മാഇദ 5:54).
ഈ ചെറിയ വചനത്തിൽ വലിയൊരു ആത്മീയ ലോകമുണ്ട്. സ്നേഹം എന്നത് ഇവിടെ ഏകപക്ഷീയമായൊരു ആഗ്രഹമല്ല; മറിച്ച്, ദൈവികാനുഗ്രഹവും മനുഷ്യന്റെ സമർപ്പണവും തമ്മിലുള്ള ബന്ധമായാണ് അത് പ്രത്യക്ഷപ്പെടുന്നത്. റബ്ബ് തന്റെ ദാസന്മാരായ വിശുദ്ധ മാർഗ്ഗം പൂകിയവരുടെ ആത്മാവിന് മരണമില്ലെന്നും അവർ എന്നെന്നും ജീവിച്ചിരിക്കുന്നവരാണെന്നും വ്യക്തമാക്കുന്നുണ്ട്.
ഇമാം അബൂഹാമിദ് അൽ-ഗസാലി (റ) തന്റെ ‘ഇഹ്‌യാ ഉലൂമിദ്ദീൻ’ എന്ന ഗ്രന്ഥത്തിന്റെ കിതാബുൽ മഹബ്ബ വശ്ശൗഖ് വൽ ഉൻസ് വർരിദാ എന്ന ഭാഗത്ത് ഇലാഹി സ്നേഹം, ആത്മീയമായ ആഗ്രഹം, അല്ലാഹുവുമായുള്ള അടുപ്പബോധം (Uns), അവന്റെ വിധിയിലുള്ള സംതൃപ്തി (Ridha) എന്നിവ വിശദീകരിക്കുന്നുണ്ട്. തൗബ (Tawba), സബ്റ് (Sabr), ശുക്റ് (Shukr) തുടങ്ങിയ ആത്മീയ ഗുണങ്ങളാണ് പ്രണയത്തിലേക്ക് നയിക്കുന്ന വഴികളെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

പ്രവാചക മാതൃകയും ആത്മീയ ഉത്തരവാദിത്തവും

തസ്വവ്വുഫിന്റെ യാത്ര കേവലം തെറ്റുകളിൽനിന്ന് ഒഴിഞ്ഞുനിൽക്കാനുള്ള പരിശീലനം മാത്രമല്ല; മറിച്ച്, ഹൃദയം എന്തിനെയാണ് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് എന്ന ചോദ്യത്തിലേക്ക് നമ്മെ നയിക്കുന്ന പാതയാണ്. ഉപാധികളില്ലാത്ത ഇലാഹി സ്നേഹത്തിലേക്ക് യാത്ര ചെയ്യുന്ന മനുഷ്യന് പൂർണ്ണമായും തന്റെ നഫ്സിനെ മെരുക്കാനും അത് ശ്രദ്ധയിലേക്കും ശുദ്ധിയിലേക്കും പരിവർത്തിക്കാനും സാധിക്കും.
ആദ്യകാല സ്വൂഫി ഗുരുക്കന്മാരിലൊരാളായ ജുനൈദ് അൽ-ബഗ്ദാദി (റ) വ്യക്തമാക്കുന്നത് പോലെ, സ്നേഹിക്കുന്നവന്റെ സ്വഭാവം പ്രിയപ്പെട്ടവനോടുള്ള സ്നേഹത്താൽ പരിവർത്തനം ചെയ്യപ്പെടുന്നു. അല്ലാഹുവിനെ സ്നേഹിക്കുന്നുവെന്ന് പറയുന്ന ഒരാളുടെ സ്വഭാവത്തിൽ ആ സ്നേഹത്തിന്റെ പ്രതിഫലനം എവിടെയാണ്?
അവൻ കൂടുതൽ നീതിമാനാകുന്നുണ്ടോ?
കൂടുതൽ കരുണയുള്ളവനാകുന്നുണ്ടോ?
സ്വന്തം അഹങ്കാരത്തെ തിരിച്ചറിയുന്നുണ്ടോ?
മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ നിന്ന് പിന്തിരിയുന്നുണ്ടോ?

പരിശുദ്ധ ഖുർആൻ ഓർമ്മിപ്പിക്കുന്നു:
“പറയുക: നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കിൽ എന്നെ പിന്തുടരുക; അല്ലാഹു നിങ്ങളെ സ്നേഹിക്കും.”(സൂറത്തു ആലു ഇംറാൻ 3:31).
ഇവിടെ ഇലാഹി സ്നേഹം പ്രവാചകൻﷺ തങ്ങളുടെ മാതൃകയിൽനിന്ന് വേർപെടുത്തപ്പെടുന്നില്ല. ശരീഅത്ത് (Shariah – ഇസ്ലാമിക നിയമസംഹിത) ഒരു കപ്പലാണെങ്കിൽ, ആത്മീയ പ്രണയത്തിലൂടെ ലഭിക്കുന്ന മഅ്‌രിഫാ (Ma'rifha – ദിവ്യജ്ഞാനം) അതിന്റെ ലക്ഷ്യസ്ഥാനമാണ്. പ്രവാചകനെ സ്നേഹിക്കുന്നുവെന്ന് പറയുമ്പോൾ അവിടുത്തെ കരുണയും നീതിയും ക്ഷമയും വിനയവും ജീവിതത്തിൽ പകർത്താൻ നാം തയ്യാറാകേണ്ടതുണ്ട്. ഇലാഹി സ്നേഹത്തിന്റെ പേരിൽ മനുഷ്യരെ അപമാനിക്കാനും അനീതി പ്രവർത്തിക്കാനും ആർക്കും അവകാശമില്ല.

ഇൻസാനിയത്ത്: മനുഷ്യത്വത്തിന്റെ ആത്മീയത

പ്രണയവും ഇൻസാനിയത്തും(Insaniyyah – മനുഷ്യത്വം) ഗുരുവിന്റെ ശിക്ഷണത്തിൽ നിന്ന് ഉൾക്കൊണ്ട പ്രധാനപ്പെട്ട പാഠങ്ങളിലൊന്നാണ് മനുഷ്യനാകാനുള്ള പരിശീലനം. ഒരാൾ വലിയ പണ്ഡിതനായിരിക്കാം, നിരവധി ഗ്രന്ഥങ്ങൾ പഠിച്ചിരിക്കാം, മതപരമായ വിഷയങ്ങളിൽ വാദിക്കാനുള്ള കഴിവുണ്ടായിരിക്കാം; എന്നാൽ മറ്റൊരു മനുഷ്യന്റെ വേദന മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ ആ അറിവുകൊണ്ട് യാതൊരു കാര്യവുമില്ല.
പരിശുദ്ധ ഖുർആൻ പ്രഖ്യാപിക്കുന്നു:
“ആദമിന്റെ സന്തതികളെ നാം ആദരിച്ചിരിക്കുന്നു.” (സൂറത്തുൽ ഇസ്രാഅ് 17:70).
മനുഷ്യൻ ഏത് മതത്തിൽ ജനിച്ചു എന്നതിനുമുമ്പ് അവൻ ആദമിന്റെ സന്തതിയാണ്. അവന്റെ മാനവികമായ അന്തസ്സിനെ അംഗീകരിക്കുക എന്നത് ആത്മീയ ചിന്തയിലെ പ്രധാന ഘടകമാണ്. മനുഷ്യനെ സ്നേഹിക്കാൻ കഴിയാത്ത ഒരാൾക്ക് ഇലാഹി സ്നേഹത്തെക്കുറിച്ച് എത്ര മനോഹരമായി സംസാരിക്കാമെങ്കിലും, ആ സ്നേഹത്തിന്റെ പ്രായോഗികമായ അർത്ഥത്തെക്കുറിച്ച് ചോദ്യങ്ങൾ അവശേഷിക്കും.
ജീവിതം നമ്മെ പഠിപ്പിക്കുന്ന ഒരു പ്രധാന സത്യമുണ്ട്: സ്നേഹം സ്വന്തമാക്കാനുള്ള ആഗ്രഹത്തിൽ നിന്ന് മോചിതമാകുമ്പോൾ അതിന്റെ സ്വഭാവം മാറുന്നു. അത് കൂടുതൽ നിസ്വാർത്ഥവും ഉത്തരവാദിത്തമുള്ളതും കരുണയുമുള്ളതായി മാറുന്നു. മനുഷ്യനെ സ്നേഹിക്കുന്നതിലൂടെ അവൻ തന്റെ നഫ്സിന്റെ പരിമിതികളെ തിരിച്ചറിയുകയും, ആ തിരിച്ചറിവ് അവനെ ആത്മശുദ്ധീകരണത്തിലേക്കും ഒടുവിൽ ഇലാഹി സ്നേഹത്തിന്റെ ആഴങ്ങളിലേക്കും നയിക്കുകയും ചെയ്യുന്നു.

ഇശ്ഖെ മജാസിയിൽനിന്ന് ഇശ്ഖെ ഹഖീഖിയിലേക്കുള്ള ഈ യാത്രയിൽ, മനുഷ്യൻ തന്റെ സ്നേഹത്തിലെ ഉടമസ്ഥതാ ബോധത്തെയും അസൂയയെയും അഹങ്കാരത്തെയും തിരിച്ചറിയേണ്ടതുണ്ട്. ഹൃദയത്തിന്റെ രോഗങ്ങൾ കൃത്യമായി പരിശോധിച്ച് ഡയഗ്നോസ് (Diagnose) ചെയ്യുന്ന മുറബ്ബിയായ (Murabbi – ആത്മീയ ഗുരു) ആത്മീയ ഗുരുക്കന്മാരെ ഹൃദയത്തിന്റെ സ്പെഷ്യലിസ്റ്റുകളായി കാണാം. ഗുരുവിന്റെ ശിക്ഷണത്തിലൂടെ ഹൃദയം ശുദ്ധീകരിക്കപ്പെടുമ്പോൾ, മനുഷ്യൻ സകലവിധ വേവലാതികളിൽ നിന്നും മോചിതനായി പുഞ്ചിരിയോടെ സകലതിനെയും സ്വീകരിക്കുന്നവനായി മാറുന്നു.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy