എന്താണ് സ്വൂഫിസം? അദ്ധ്യായം: 4
മാർട്ടിൻ ലിങ്സ്
പരിഭാഷ: എ.കെ. അബ്ദുൽ മജീദ്
മുഹമ്മദ് നബി(സ്വ) യുടെ വിയോഗ ശേഷം, അവിടുത്തെ സ്വഭാവം എങ്ങനെയുള്ളതായിരുന്നു എന്ന് തിരുനബി(സ്വ) യുടെ ഏറ്റവും പ്രിയപ്പെട്ട പത്നി ആഇശ(റ) യോട് ചോദിച്ചപ്പോൾ അവർ നൽകിയ മറുപടി ഇതായിരുന്നു: “ഖുർആൻ തന്നെയായിരുന്നു തിരുനബിയുടെ സ്വഭാവം”. പ്രവാചകനുമായുള്ള തൻ്റെ ഗാഢവും ദൃഢവുമായ അനുഭവങ്ങളിൽ നിന്നാണ് അവർ അതു മനസ്സിലാക്കിയത്. തനിക്ക് അവതരിച്ച വിശുദ്ധ ഗ്രന്ഥത്തിന്റെ മൂർത്തീഭാവം തന്നെയായിരുന്നു അവിടുന്ന് എന്നാണ് അവർ മനസ്സിലാക്കിയത് എന്നർത്ഥം. സന്ദേശവും സന്ദേശവാഹകനും തമ്മിലുള്ള ഈ സാമ്യം അത്ഭുതകരമല്ല. കാരണം, ‘റസൂൽ’ (സന്ദേശവാഹകൻ) ദിവ്യസന്ദേശം സ്വീകരിക്കുന്നയാൾ മാത്രമല്ല. ദിവ്യവെളിപാട് പോലെ തന്നെ തിരുനബി(സ്വ) യും അദൃശ്യലോകത്തുനിന്ന് ഈ ഭൗതികലോകത്തേക്ക് ‘അയക്കപ്പെട്ട’വരാണ്. ‘റസൂൽ’ എന്ന വാക്കിൻ്റെ അർത്ഥവും അതാണ്.

മുഹമ്മദ് നബി(സ്വ) യുടെ വിയോഗ ശേഷം, അവിടുത്തെ സ്വഭാവം എങ്ങനെയുള്ളതായിരുന്നു എന്ന് തിരുനബി(സ്വ) യുടെ ഏറ്റവും പ്രിയപ്പെട്ട പത്നി ആഇശ(റ) യോട് ചോദിച്ചപ്പോൾ അവർ നൽകിയ മറുപടി ഇതായിരുന്നു: “ഖുർആൻ തന്നെയായിരുന്നു തിരുനബിയുടെ സ്വഭാവം”. പ്രവാചകനുമായുള്ള തൻ്റെ ഗാഢവും ദൃഢവുമായ അനുഭവങ്ങളിൽ നിന്നാണ് അവർ അതു മനസ്സിലാക്കിയത്. തനിക്ക് അവതരിച്ച വിശുദ്ധ ഗ്രന്ഥത്തിന്റെ മൂർത്തീഭാവം തന്നെയായിരുന്നു അവിടുന്ന് എന്നാണ് അവർ മനസ്സിലാക്കിയത് എന്നർത്ഥം. സന്ദേശവും സന്ദേശവാഹകനും തമ്മിലുള്ള ഈ സാമ്യം അത്ഭുതകരമല്ല. കാരണം, ‘റസൂൽ’ (സന്ദേശവാഹകൻ) ദിവ്യസന്ദേശം സ്വീകരിക്കുന്നയാൾ മാത്രമല്ല. ദിവ്യവെളിപാട് പോലെ തന്നെ തിരുനബി(സ്വ) യും അദൃശ്യലോകത്തുനിന്ന് ഈ ഭൗതികലോകത്തേക്ക് ‘അയക്കപ്പെട്ട’വരാണ്. ‘റസൂൽ’ എന്ന വാക്കിൻ്റെ അർത്ഥവും അതാണ്.
പരിശുദ്ധ ഖുർആനും മുഹമ്മദ് നബി(സ്വ) യും തമ്മിലുള്ള സമാനതയുടെ ഏറ്റവും ശ്രദ്ധേയമായ വശം അവ രണ്ടിൻ്റെയും അഗാധമായ സ്വാധീനശക്തിയിലാണ്. കരയിലേക്ക് ആഞ്ഞടിക്കുന്ന വൻതിരമാല പോലെയാണത്. പരിശുദ്ധ ഖുർആൻ മനുഷ്യജീവിതത്തിന്റെ സർവ്വമേഖലകളെയും ഉൾക്കൊള്ളുന്നതുപോലെ, മുഹമ്മദ് നബി(സ്വ) യുടെ നിയോഗവും മനുഷ്യജീവിതത്തിന്റെ പൊതുവും സ്വകാര്യവുമായ എല്ലാ അനുഭവങ്ങളിലേക്കും അസാധാരണമായ വൈവിധ്യത്തോടെ ആഴ്ന്നിറങ്ങുന്നു(1).
തിരമാലയുടെ കയറ്റിറക്കങ്ങൾ പോലെ തന്നെ ആയിരുന്നു അതും. ലൗകികമായ പൂർണ്ണതയോടൊപ്പം പരലോകത്തോടുള്ള തീവ്രമായ ആത്മീയ ആകർഷണവും പ്രവാചകനിൽ മേളിച്ചിരുന്നു. ഈ സമന്വയം ഇസ്ലാമിലും, വിശേഷിച്ച് സ്വൂഫിസത്തിലും മായാത്ത മുദ്ര പതിപ്പിച്ചു. പ്രവാചകന്റെ പ്രസിദ്ധമായ ഈ വചനത്തിൽ അതുകാണാം: “ആയിരം കൊല്ലം ജീവിക്കുമെന്ന പോലെ നീ ഈ ദുനിയാവിന് വേണ്ടി പ്രവർത്തിക്കുക. നാളെ മരിക്കുമെന്ന പോലെ പരലോകത്തിന് വേണ്ടിയും പ്രവർത്തിക്കുക”.
ഭൂമിയിലെ അല്ലാഹുവിന്റെ പ്രതിനിധി എന്ന നിലയിൽ മനുഷ്യൻ നിർവഹിക്കേണ്ട തികഞ്ഞ അർപ്പണബോധവും ക്ഷമാപൂർവ്വമായ പൂർണ്ണതയുമാണ് ഒരു വശത്ത് ഇത് ആവശ്യപ്പെടുന്നത്. മറുവശത്ത്, ഏത് നിമിഷത്തിലും ഈ ലോകം വിട്ടുപോകാൻ തയ്യാറായിരിക്കണമെന്നും ഇത് ആവശ്യപ്പെടുന്നു.
ഈ രണ്ട് കൽപ്പനകളും ദൈവേച്ഛ മാത്രം മുൻനിർത്തിയുള്ളതാണ്. രണ്ടാമത്തെ കൽപ്പനയുടെ വെളിച്ചത്തിൽ ചിന്തിക്കുമ്പോൾ, ആദ്യത്തേത് ഒരുതരം അനാസക്തിയോടെ ചെയ്യേണ്ടതാണെന്ന് വ്യക്തമാണ്. കാരണം വിടപറയാനുള്ള സന്നദ്ധത അമിതമായ ലൗകിക ഭ്രമത്തെ തടയുന്നു. അതിനാൽ തന്നെയാണ് ഒരു വൈരുധ്യവുമില്ലാതെ പ്രവാചകന് ഇപ്രകാരം പറയാൻ കഴിഞ്ഞത്: “ഈ ലോകത്ത് ഒരു അപരിചിതനെപ്പോലെയോ അല്ലെങ്കിൽ ഒരു വഴിയാത്രക്കാരനെപ്പോലെയോ കഴിയുക”.
പാശ്ചാത്യ ലോകത്ത് തിരുനബി(സ്വ) യുടെ ഐഹിക ജീവിതത്തിന്റെ വിപുലത പലപ്പോഴും കേവല ‘ഭൗതികത’യായി തെറ്റിദ്ധരിക്കപ്പെട്ടതുകൊണ്ട്, അവിടുത്തെ ആത്മീയതയെ കൂടുതൽ ഊന്നിപ്പറയേണ്ടതുണ്ട്. എന്നാൽ മുൻപ് കണ്ടതുപോലെ, ഈ രണ്ട് വശങ്ങളും പരസ്പരവിരുദ്ധമല്ല. മറിച്ച് പരസ്പരപൂരകങ്ങളും അന്യോന്യം ആശ്രയിച്ചുനിൽക്കുന്നവയുമാണ്. പരിശുദ്ധ ഖുർആൻ പ്രവാചകനെ മാതൃകയായി ഉയർത്തിക്കാട്ടുമ്പോൾ, പ്രധാനമായും ഊന്നൽ നൽകുന്നത് ഈ വിരക്തിയുടെ തലത്തിലാണ് എന്നത് ശ്രദ്ധേയമാണ്: “തീർച്ചയായും, അല്ലാഹുവിലും അന്ത്യദിനത്തിലും പ്രതീക്ഷയർപ്പിക്കുകയും അല്ലാഹുവെ ധാരാളമായി ഓർക്കുകയും ചെയ്യുന്നവർക്ക് അല്ലാഹുവിന്റെ ദൂതനിൽ ഉത്തമ മാതൃകയുണ്ട്” (3).
അന്ത്യദിനത്തെക്കുറിച്ചുള്ള ഈ പരാമർശം ഓർമ്മിപ്പിക്കുന്നത്, പരിശുദ്ധ ഖുർആനെപ്പോലെ തന്നെ പ്രവാചകനെയും ആ അന്ത്യനാൾ സദാ ചിന്താകുലനാക്കിയിരുന്നു എന്നാണ്. അവിടുത്തെ ദൗത്യത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായ ‘ഇസ്റാഅ്-മിഅ്റാജ്’ (നിശാപ്രയാണവും വാനാരോഹണവും) (3) സംഭവത്തിൽ നിന്നും ഈ ചിന്തയെ വേർപെടുത്താനാവില്ല. വിടപറയാനുള്ള അവിടുത്തെ സന്നദ്ധത ഉന്നത തലങ്ങളിൽ നിന്ന് മറ്റു തലങ്ങളിലേക്കും പെട്ടെന്ന് വ്യാപിച്ചതുപോലെയായിരുന്നു അത്. അങ്ങനെ നബി(സ്വ) ക്ക് ആ അന്ത്യനാഴിക മുൻകൂട്ടി അനുഭവവേദ്യമാവുകയും പുനരുത്ഥാനത്തിന്റെ നേർക്കാഴ്ച ലഭിക്കുകയും ചെയ്തു.
മക്കയിൽ നിന്ന് അത്ഭുതകരമായി എത്തിച്ചേർന്ന ജറുസലേമിലെ ശിലയിൽ വെച്ച് അവിടുന്ന് ‘അപസൃഷ്ടിക്കപ്പെട്ടു’. അതായത്, ശരീരം ആത്മാവിലേക്കും, ആത്മാവ് പവിത്രാത്മാവിലേക്കും പവിത്രാത്മാവ് ദിവ്യസാന്നിധ്യത്തിലേക്കും വിലയം പ്രാപിച്ചു (4). ഈ ‘പുനർവിലയനം’ സ്വൂഫി മാർഗ്ഗത്തിന്റെ പാതയെ അടയാളപ്പെടുത്തുന്നു. അതോടൊപ്പം ഇതിലെ ‘മുൻകൂട്ടിയുള്ള അനുഭവം’ എന്ന വശവും പ്രാധാന്യമർഹിക്കുന്നു. മുൻ അധ്യായത്തിൽ ‘മുൻകടന്നവർ’ എന്ന് പരിഭാഷപ്പെടുത്തിയ ‘സാബിഖൂൻ’ എന്ന പദത്തിന്റെ അടിസ്ഥാന അർത്ഥങ്ങളിലൊന്നാണിത്. ഇസ്ലാമിലെ ആത്മജ്ഞാനികളെ കുറിക്കാൻ പരിശുദ്ധ ഖുർആൻ ഉപയോഗിച്ച ഒരു വാക്കാണത്. ഈ സന്ദർഭത്തിൽ പ്രവാചകന്റെ മറ്റൊരു വചനവും ഓർമ്മവരുന്നു: “മരിക്കുന്നതിന് മുൻപേ നിങ്ങൾ മരിക്കുക”. എല്ലാ ആത്മീയധാരകളിലും സമാനമായ ആശയങ്ങളും മുൻകൂട്ടിയുള്ള അനുഭവങ്ങളും ഉണ്ടെന്നത് ശരിയാണെങ്കിലും ഈ കാലഘട്ടത്തിലെ അവസാനത്തെ ആത്മീയ ധാരയെന്ന നിലയിൽ സ്വൂഫിസം സവിശേഷ പ്രാധാന്യമർഹിക്കുന്നു.
അന്ത്യനാഴികയുടെ ആകർഷണത്തോടുള്ള സംവേദനക്ഷമതയാണ് സ്വൂഫിസത്തിൻ്റെ സവിശേഷത. ഈ കാലഘട്ടത്തിലെ പ്രതികൂല ബാഹ്യസാഹചര്യങ്ങൾക്ക് പകരമായി ദൈവികമായി ലഭിച്ച അധിക ഊർജ്ജമാണിത് എന്നതിൽ സംശയമില്ല.
ഈ ഉൾക്കാഴ്ചയോടൊപ്പം അതേ ദിശയിലുള്ള സജീവമായ പ്രയത്നവും ഒത്തുചേരണമെന്ന് സ്വൂഫികൾക്ക് ഉത്തമ ബോധ്യമുണ്ട്. മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ ഇതിലും അവർ തങ്ങളുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ‘പ്രവാചകന്റെ അനന്തരാവകാശികൾ’ ആണ്. അന്ത്യനാഴികയുടെ പ്രവാചകനാണ് മുഹമ്മദ് നബി(സ്വ). ദിശാബോധത്തിന്റെയും തീർത്ഥാടനത്തിന്റെയും സജീവ ദൗത്യത്തെ പൂരിപ്പിക്കുന്നു ആ വ്യക്തിത്വം. ദിശയിൽ അതീവ ശ്രദ്ധാലുവായിരുന്നു അവിടുന്ന് എന്ന് പരിശുദ്ധ ഖുർആൻ പറയുന്നുണ്ട് (5). ആ ശ്രദ്ധ തൻ്റെ ജനതയിൽ ഉണ്ടാക്കിയ ആഴത്തിലുള്ള സ്വാധീനത്തിൽ നിന്ന് തന്നെ അതിന്റെ പ്രാധാന്യം നമുക്ക് അളക്കാവുന്നതാണ്. ഇന്നത്തെ കാലത്തും ഇസ്ലാമിക സമൂഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് ‘ദിശാബോധം’ അഥവാ ഒരു കേന്ദ്രത്തിലേക്കുള്ള തിരിയൽ ആണ്. ‘അല്ലാഹുവിനായുള്ളവർ’ എന്ന ബോധവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഈ ആത്മീയ സമ്പത്ത്. നിസ്സംശയമായും അല്ലാഹു കനിഞ്ഞുനൽകിയ മറ്റൊരു അനുഗ്രഹമാണത്.
പൊതുസമൂഹത്തേക്കാൾ കൂടുതൽ ആത്മസമർപ്പണവും ‘മാർഗ്ഗബോധവും’ പുലർത്തുന്ന സ്വൂഫികൾക്ക് ഇത് വിശേഷിച്ചും ബാധകമാണ്. അവർ മറ്റുള്ളവരെപ്പോലെ നിർബന്ധ നിസ്കാരം നിർവഹിക്കുമ്പോൾ മാത്രമല്ല മക്കയുടെ ദിശയിലേക്ക് തിരിയുന്നത്. സാധ്യമായ മറ്റു പല ആത്മീയ കർമ്മങ്ങളിലും ആ ദിശയിലേക്ക് തിരിഞ്ഞിരിക്കാൻ അവർ ഇഷ്ടപ്പെടുന്നു. അങ്ങനെ ബാഹ്യമായ അഥവാ പ്രതീകാത്മകമായ ഏകാഗ്രത അവരുടെ ആന്തരികമായ ഏകാഗ്രതയ്ക്ക് ഉപോൽബലകമായി വർത്തിക്കുന്നു.
പ്രവാചകനും അവിടുത്തെ അടുത്ത അനുയായികളും മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്യേണ്ടിവന്നത് ലൗകികമായ അനിവാര്യതയായിരുന്നു. അങ്ങനെയാണ് ആ പ്രവാചക കാലഘട്ടത്തിൽ തന്നെ, നാടുകടത്തപ്പെട്ട ഒരാൾ സ്വന്തം ഭവനത്തിലേക്ക് ഉറ്റുനോക്കുന്ന തീവ്രതയോടെയുള്ള ദിശാബോധം രൂപപ്പെട്ടതും അതൊരു പ്രവാചക മാതൃകയായി മാറിയതും. ഇന്നും ആ ഗൃഹാതുരത്വം ഏറെക്കുറെ നിലനിൽക്കുന്നുണ്ട്. ഒരു മുസ്ലിം—അറബിയാകട്ടെ അല്ലാത്തവനാകട്ടെ—തന്റെ ആത്മീയ വേരുകൾ മക്കയിലാണെന്ന ബോധം ഉള്ളിലേറ്റുന്നുണ്ട് (6). എല്ലാ വർഷവും ഓരോ ഇസ്ലാമിക സമൂഹങ്ങളിൽ നിന്നും തീർത്ഥാടകർ യാത്രതിരിക്കുമ്പോഴും തിരിച്ചെത്തുമ്പോഴും ഈ ബോധം നിരന്തരം പുതുക്കപ്പെടുന്നു. കൂടാതെ, അഞ്ചുനേരത്തെ നിസ്കാരത്തിലെ ഓരോ റക്അത്തും അവസാനിക്കുന്നത് ഒരു സാഷ്ടാംഗ പ്രണാമത്തിലാണ്. മക്കയുടെ ദിശയിലേക്ക് ആത്മാവിനെ പൂർണ്ണമായി സമർപ്പിക്കുന്ന ഒന്നായി അതിനെ വിശേഷിപ്പിക്കാം.
എങ്കിലും, “ദൈവസ്മരണയാണ് ഏറ്റവും വലുത്” (7) എന്നത് മറന്നുകൂടാ. ബാഹ്യ കേന്ദ്രത്തിലേക്ക് തിരിയുന്നതിനേക്കാൾ ‘വലുത്’ ആന്തരിക കേന്ദ്രത്തിലേക്ക് തിരിയുന്നതാണ് എന്നതും ഈ പ്രധാന ആശയത്തിന്റെ ഒരർത്ഥമാണ്. ബാഹ്യമായ തിരിയൽ അടിസ്ഥാനപരമായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത് ആന്തരികമായ തിരിയലിനു വേണ്ടിയായതിനാൽ ഇവ രണ്ടും ഒരേസമയം സംഭവിക്കുക എന്നതാണ് ഉത്തമം. “ആരാധനാ കർമ്മങ്ങൾ നിർവഹിക്കുമ്പോൾ നമ്മിലുണ്ടാകുന്ന ദൈവസ്മരണയുടെ അളവനുസരിച്ചാണ് ആ കർമ്മങ്ങൾ ശക്തമോ ദുർബലമോ എന്ന് വിലയിരുത്തപ്പെടുന്നത്” എന്ന് ശൈഖ് അൽ-അലവി പ്രസ്താവിച്ചിട്ടുണ്ട്
പ്രവാചകനും അവിടുത്തെ അടുത്ത അനുയായികളും മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്യേണ്ടിവന്നത് ലൗകികമായ അനിവാര്യതയായിരുന്നു. അങ്ങനെയാണ് ആ പ്രവാചക കാലഘട്ടത്തിൽ തന്നെ, നാടുകടത്തപ്പെട്ട ഒരാൾ സ്വന്തം ഭവനത്തിലേക്ക് ഉറ്റുനോക്കുന്ന തീവ്രതയോടെയുള്ള ദിശാബോധം രൂപപ്പെട്ടതും അതൊരു പ്രവാചക മാതൃകയായി മാറിയതും. ഇന്നും ആ ഗൃഹാതുരത്വം ഏറെക്കുറെ നിലനിൽക്കുന്നുണ്ട്. ഒരു മുസ്ലിം—അറബിയാകട്ടെ അല്ലാത്തവനാകട്ടെ—തന്റെ ആത്മീയ വേരുകൾ മക്കയിലാണെന്ന ബോധം ഉള്ളിലേറ്റുന്നുണ്ട് (6). എല്ലാ വർഷവും ഓരോ ഇസ്ലാമിക സമൂഹങ്ങളിൽ നിന്നും തീർത്ഥാടകർ യാത്രതിരിക്കുമ്പോഴും തിരിച്ചെത്തുമ്പോഴും ഈ ബോധം നിരന്തരം പുതുക്കപ്പെടുന്നു. കൂടാതെ, അഞ്ചുനേരത്തെ നിസ്കാരത്തിലെ ഓരോ റക്അത്തും അവസാനിക്കുന്നത് ഒരു സാഷ്ടാംഗ പ്രണാമത്തിലാണ്. മക്കയുടെ ദിശയിലേക്ക് ആത്മാവിനെ പൂർണ്ണമായി സമർപ്പിക്കുന്ന ഒന്നായി അതിനെ വിശേഷിപ്പിക്കാം.
എങ്കിലും, “ദൈവസ്മരണയാണ് ഏറ്റവും വലുത്” (7) എന്നത് മറന്നുകൂടാ. ബാഹ്യ കേന്ദ്രത്തിലേക്ക് തിരിയുന്നതിനേക്കാൾ ‘വലുത്’ ആന്തരിക കേന്ദ്രത്തിലേക്ക് തിരിയുന്നതാണ് എന്നതും ഈ പ്രധാന ആശയത്തിന്റെ ഒരർത്ഥമാണ്. ബാഹ്യമായ തിരിയൽ അടിസ്ഥാനപരമായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത് ആന്തരികമായ തിരിയലിനു വേണ്ടിയായതിനാൽ ഇവ രണ്ടും ഒരേസമയം സംഭവിക്കുക എന്നതാണ് ഉത്തമം. “ആരാധനാ കർമ്മങ്ങൾ നിർവഹിക്കുമ്പോൾ നമ്മിലുണ്ടാകുന്ന ദൈവസ്മരണയുടെ അളവനുസരിച്ചാണ് ആ കർമ്മങ്ങൾ ശക്തമോ ദുർബലമോ എന്ന് വിലയിരുത്തപ്പെടുന്നത്” എന്ന് ശൈഖ് അൽ-അലവി പ്രസ്താവിച്ചിട്ടുണ്ട് (8). ബാഹ്യമായ ആചാരങ്ങളുടെ ആന്തരിക നിർവ്വഹണം എന്ന ഈ വിഷയം പിന്നീട് വിശദമായി പരിശോധിക്കാം. ഇവിടെ വ്യക്തമാക്കാനുള്ള കാര്യം, സ്വൂഫികളെ സംബന്ധിച്ചിടത്തോളം ആത്മീയ പാത എന്നത് കേവലം ‘വലിയ വിശുദ്ധ യുദ്ധം’ (ജിഹാദുൽ അക്ബർ) മാത്രമല്ല; അതിലുമുപരി അത് ‘മഹത്തായ നമസ്കാരവും’ ‘മഹത്തായ തീർത്ഥാടനവും’ കൂടിയാണ്.
മക്കയുടെ മധ്യത്തിലുള്ള ‘ദൈവഭവന’മായ കഅ്ബ
(‘ക്യൂബ്’ അഥവാ ഘനചതുരം), നമ്മുടെ ആത്മസത്തയുടെ കേന്ദ്രത്തിന്റെ പ്രതീകമാണ്. പ്രവാസിയായ മനുഷ്യൻ മക്കയുടെ ദിശയിലേക്ക് തിരിയുമ്പോൾ—അവനൊരു സ്വൂഫിയാണെങ്കിൽ—പരമപ്രധാനമായി അഭിലഷിക്കുന്നത് ഈ ആന്തരികമായ മടക്കമാണ്. ഛിന്നഭിന്നമായ തന്റെ പരിമിത വ്യക്തിസത്തയെ ദൈവികസത്തയുടെ അനന്തതയിലേക്ക് പുനരേകീകരിക്കാനാണ് അവൻ കൊതിക്കുന്നത്.
മനുഷ്യൻ പ്രവാസിയായതുകൊണ്ട് തന്നെ, ആത്മീയ കേന്ദ്രം പെട്ടെന്ന് പ്രാപ്യമല്ലാത്ത ഒന്നാകുമ്പോൾ അത് ഭവനത്തിന്റെ കൂടുതൽ ശക്തമായ പ്രതീകമായി മാറുന്നു. ഇസ്ലാമിന്റെ ആദ്യഘട്ടത്തിൽ മക്കയിൽ വെച്ചുതന്നെ ഖിബ്ല ജറുസലേമിലേക്ക് മാറ്റപ്പെട്ടതിന്റെ ഒരു കാരണം തീർച്ചയായും ഇതായിരിക്കാം. മനുഷ്യൻ ഒന്നാമതായി പ്രവാസിയാകുന്നത് അല്ലാഹുവിൽ നിന്നുള്ള അവന്റെ വേർപിരിയൽ കൊണ്ടാണ്. രണ്ടാമതായി സ്വർഗ്ഗത്തിൽ നിന്നുള്ള പുറത്താക്കപ്പെടൽ വഴിയും.
അതുകൊണ്ടുതന്നെ മനുഷ്യൻ രണ്ട് ഭവനങ്ങളിലേക്ക് മടങ്ങേണ്ടതുണ്ട്. മനുഷ്യന്റെ ഈ രണ്ടാമത്തെ പ്രവാസത്തിന്റെ പശ്ചാത്തലത്തിലാണ് നിശാപ്രയാണത്തിൽ (ഇസ്റാഅ്) പ്രവാചകൻ തന്റെ ‘ലംബമായ’ വാനാരോഹണത്തിന് (മിഅ്റാജ്) മുൻപായി മക്കയിൽ നിന്ന് ജറുസലേമിലേക്ക് ‘തിരശ്ചീനമായി’ നയിക്കപ്പെട്ടത്. തന്റെ ജനതയിലെ ‘മുൻകടന്നവർ’ (സാബിഖൂൻ) പിന്തുടരേണ്ട ആത്മീയ പാതയുടെ ഏറ്റവും പൂർണ്ണമായൊരു മാതൃകയായി അവിടുത്തെ യാത്ര മാറാൻ വേണ്ടിയായിരുന്നു ഇത്. ഭൗമികാവസ്ഥയുടെ കേന്ദ്രത്തിൽ നിന്ന്, അഥവാ മാനുഷിക പൂർണ്ണതയുടെ പദവിയിൽ നിന്ന് മാത്രമേ അസ്തിത്വത്തിന്റെ ഉന്നത തലങ്ങളിലേക്ക് പ്രവേശനം സാധ്യമാകൂ. നിശാപ്രയാണത്തിന്റെ ആദ്യഭാഗം ഈ സത്യത്തിന്റെ പ്രതീകാത്മകമായ സാക്ഷ്യപ്പെടുത്തലാണ്. പ്രവാചകൻ(സ്വ) തന്നെ ആ കേന്ദ്രത്തിന്റെ മൂർത്തീഭാവമാണെങ്കിലും (അത് ജറുസലേം ആകട്ടെ മക്ക ആകട്ടെ) വ്യക്തികൾക്കതീതമായ ഒരു പ്രപഞ്ചസത്യമായിട്ടാണ് ഈ സ്ഥലക്രമം കാണിച്ചുതരുന്നത്.
മനുഷ്യന് നഷ്ടപ്പെട്ടുപോയ പൂർണ്ണത പ്രവാചകനിൽ പുനരവതരിക്കപ്പെടുന്നു. തിരമാലയുടെ ഒഴുക്കിന്റെ ഉച്ചസ്ഥായിയാണത്. അവിടെനിന്നാണ് ഇറക്കത്തിന്റെ തുടക്കം. ‘ഭൗമികമായ നിറവും’ അതോടൊപ്പം ഏത് നിമിഷവും ‘വിടപറയാനുള്ള സന്നദ്ധതയും’ ചേർന്നതാണ് ഉത്തമ മാതൃകയെന്ന് നാം കണ്ടുകഴിഞ്ഞു. തിരമാലയുടെ കയറ്റിറക്കങ്ങൾക്കിടയിൽ തുലനം ചെയ്യപ്പെട്ട ഈ പൂർണ്ണതയിലേക്കാണ് ഒരു ആത്മീയ അന്വേഷകന്റെ പ്രാരംഭ അഭിലാഷം തിരിയേണ്ടത്. എല്ലാ ആത്മീയ ധാരകളും ലക്ഷ്യംവെക്കുന്ന ആ സ്വർഗ്ഗീയ കവാടത്തിലൂടെയാണ് ദിവ്യദൂതൻ ഈ ലോകത്തേക്ക് പ്രവേശിക്കുന്നതും തിരികെ പോകുന്നതും. എന്നാൽ അന്വേഷകനായ സാധാരണ മനുഷ്യൻ ഈ ലോകത്തേക്ക് പ്രവേശിച്ചിരിക്കുന്നത് കേവല പ്രപഞ്ച കവാടത്തിലൂടെയാണ്. അതിനാൽ അതേ കവാടത്തിലൂടെ താഴേക്ക് ഒലിച്ചുപോകാതിരിക്കാൻ, അവന്റെ ചെറിയ പ്രവേശന തരംഗം ആ മഹത്തായ തിരമാലയുടെ പരകോടിയിലെത്തണം. എങ്കിൽ മാത്രമേ അവന്റെ ദുർബലമായ ഒഴുക്ക് ആ മഹാപ്രവാഹത്താൽ കീഴടക്കപ്പെടുകയുള്ളൂ. അങ്ങനെയാണ് അതിലൂടെ മുന്നോട്ട് വലിച്ചുകൊണ്ടുപോകപ്പെടുക (9). അന്വേഷകന് സ്വന്തം പ്രയത്നം കൊണ്ട് മാത്രം ഈ കേന്ദ്രബിന്ദുവിൽ എത്തിച്ചേരാനാകില്ല. എന്നാൽ പ്രവാചകൻ(സ്വ) സദാ ആ കേന്ദ്രത്തിൽ സന്നിഹിതനാണ്. അവിടെയല്ലാത്തവർക്കായി ഒരു ‘പിടിവള്ളി’, അഥവാ തന്നിലേക്ക് ചെന്നെത്തുന്ന ആത്മീയ പരമ്പരയുടെ ചങ്ങല നീട്ടാൻ തിരുനബി(സ്വ)ക്ക് സാധിക്കും.
ഓരോ സ്വൂഫി സരണിയും ഈ രീതിയിലാണ് പ്രവാചകനിൽ നിന്ന് കൈമാറി വന്നിട്ടുള്ളത്. ഒരു ത്വരീഖത്തിൽ ചേരുക എന്നാൽ ആ സവിശേഷമായ ആത്മീയ ചങ്ങലയുമായി ബന്ധം സ്ഥാപിക്കുക എന്നാണ് അർത്ഥം. ഇത് അന്വേഷകന് പ്രാഥമികമായൊരു കേന്ദ്രസ്ഥാനം നൽകുന്നു. അതായത്, ആദിമമായ ശുദ്ധാവസ്ഥയിലേക്കുള്ള പുനരേകീകരണമാണത്. അതിനെ പിന്നീട് പ്രായോഗിക തലത്തിൽ സാക്ഷാത്കരിക്കേണ്ടതുണ്ട്.
സ്വൂഫിസത്തിലെ അനുസരണ പ്രതിജ്ഞാ കർമ്മത്തിന്റെ മഹത്തായ മാതൃക ഇസ്ലാമിക ചരിത്രത്തിലെ നിർണ്ണായകമായ ഒരു ഘട്ടത്തിൽ നടന്നതാണ്. പ്രവാചകന്റെ വിയോഗത്തിന് ഏകദേശം നാല് വർഷം മുമ്പ്, ഒരു മരത്തണലിൽ വെച്ച്, ഇസ്ലാമിലേക്ക് കടന്നുവന്നപ്പോൾ ചെയ്ത പ്രതിജ്ഞയ്ക്ക് പുറമെ തന്നോട് സവിശേഷമായ കൂറ് പ്രഖ്യാപിക്കാൻ (ബൈഅത്തുർ രിള്വാൻ) അവിടെയുണ്ടായിരുന്ന സ്വഹാബികളോട് തിരുനബി(സ്വ) ആവശ്യപ്പെട്ടു. ചില സ്വൂഫി സരണികളിൽ പരസ്പരം കൈപിടിച്ചുള്ള ഈ രീതിക്ക് പുറമെ മറ്റു രൂപങ്ങളും സ്വീകരിക്കാറുണ്ട് (10). അതിലൊന്ന് ഈ ചങ്ങലയെ ഒരു രക്ഷാപാശമായി ഓർമ്മിപ്പിക്കുന്നതാണ്. ശൈഖ് തന്റെ തസ്ബീഹ് മാലയുടെ ഒരറ്റം നീട്ടുകയും, ശിഷ്യൻ മറ്റേ അറ്റം മുറുകെ പിടിക്കുകയും ചെയ്തുകൊണ്ട് പ്രതിജ്ഞാ വചനങ്ങൾ ഉരുവിടുന്നു. ഈ ആത്മീയ ശൃംഖലയുമായുള്ള ബന്ധം, വന്ന വഴിയിലേക്ക് തന്നെ ഒലിച്ചുപോകുന്നതിൽ നിന്ന് ശിഷ്യനെ തടയും. മാത്രമല്ല, ആത്മീയ ‘യാത്രയ്ക്ക്’ അർഹതയുള്ളവനാണെങ്കിൽ ആ പാതയിലൂടെ മുന്നേറാനുള്ള കരുത്തും അത് നൽകുന്നു. അന്വേഷകന്റെ സ്വന്തം പ്രയത്നങ്ങൾക്ക് അതീതമാണ് ആ ശൃംഖലയുടെ ആകർഷണബലം. എങ്കിലും ആ ശക്തി പ്രവർത്തനക്ഷമമാകാൻ സ്വന്തം പ്രയത്നവും അനിവാര്യമാണ്. ഒരു ഖുദ്സീ ഹദീസിൽ ഇപ്രകാരം കാണാം: “അവൻ (എന്റെ അടിമ) എന്നിലേക്ക് ഒരു ചാൺ അടുത്താൽ, ഞാൻ അവനിലേക്ക് ഒരു മുഴം അടുക്കും. അവൻ എന്നിലേക്ക് ഒരു മുഴം അടുത്താൽ ഞാൻ അവനിലേക്ക് ഒരു മാറ് അടുക്കും. അവൻ എന്നിലേക്ക് നടന്നു വന്നാൽ, ഞാൻ അവനിലേക്ക് ഓടിയെത്തും”.
ആത്മീയമായ ദിവ്യാനുഗ്രഹത്തിന്റെ (ബറകത്ത്) പ്രവർത്തനങ്ങളെ സ്ഥലവുമായി ബന്ധപ്പെട്ട ഉപമകൾകൊണ്ട് പൂർണമായി വിശദീകരിക്കാനാവില്ല. ആത്മീയ പാതയിൽ ആദ്യം തിരശ്ചീനമായി സഞ്ചരിക്കുകയും പിന്നീട് മുകളിലേക്ക് ഉയരുകയും ചെയ്യുന്നു എന്നു കരുതുന്നത് കാര്യങ്ങളെ ലളിതവത്കരിക്കലാവും. കാരണം, ആത്മീയ പാരമ്പര്യശൃംഖലയുമായുള്ള ബന്ധത്തിലൂടെ കൈവരുന്ന ഉൽക്കർഷം യാത്രയുടെ ആദ്യഘട്ടത്തിൽത്തന്നെ രണ്ടാംഘട്ടത്തിലെ ആത്മീയ ഉയർച്ചയുടെ അനുഭവം പ്രദാനം ചെയ്യുന്നു.
ഇനിയും സാക്ഷാത്കരിക്കപ്പെടാത്ത സാധ്യതകൾ ഇതിനകം യാഥാർഥ്യമായിക്കഴിഞ്ഞതുപോലെ സങ്കൽപിച്ച് അവയെ ലക്ഷ്യമാക്കിക്കൊണ്ടാണ് ആത്മീയ യാത്ര മുന്നോട്ടുപോകുന്നത്.
അതിനാൽ, ആത്മീയ പാതയുടെ തുടക്കത്തിലുള്ള സാധകൻ പോലും ഉയർന്ന ആത്മീയാവസ്ഥ ലക്ഷ്യമിടണം. എന്നാൽ, ആ ലക്ഷ്യത്തിലെത്തുന്നതിന് തടസ്സമായി നിൽക്കുന്ന തന്റെ കുറവുകളെക്കുറിച്ചും പരിമിതികളെക്കുറിച്ചും അയാൾക്ക് വ്യക്തമായ ബോധം ഉണ്ടായിരിക്കുകയും വേണം.
ആത്മീയ പാരമ്പര്യശൃംഖല ചരിത്രപരമായും തുടർച്ചയായും തിരുനബി(സ്വ) യുടെ കാലംവരെ എത്തിച്ചേരുന്നുവെന്ന കാര്യം നാം ഓർക്കണം. ആത്മീയമായ ഈ ഉയർച്ചയുടെ അടിസ്ഥാനം തിരുനബി(സ്വ) യുടെ ഐഹിക ജീവിതത്തിൽ പൂർണമായി പ്രകടമായിരുന്ന പരിപൂർണതയാണ്. നബി(സ്വ) യുടെ സ്വഭാവത്തിൽ ഇതിനകം ലയിച്ചുചേരുകയും കേന്ദ്രസ്ഥാനത്തെത്തുകയും ആ സ്വഭാവങ്ങൾ സ്വാംശീകരിക്കുകയും ചെയ്ത ശൈഖിന്റെ സാന്നിധ്യത്തിലൂടെയാണ് ശിഷ്യന്റെ അനുഭവപരിധിയിലേക്ക് ആ പരിപൂർണ്ണത എത്തിച്ചേരുന്നത്.
ഗുരുവും ശിഷ്യനും തമ്മിലുള്ള ഉടമ്പടിയുടെ ആദിമ മാതൃക പരിശുദ്ധ ഖുർആനിൽ ഇപ്രകാരം പരാമർശിക്കപ്പെടുന്നു: “ആ മരച്ചുവട്ടിൽ വെച്ച് വിശ്വാസികൾ അങ്ങയോട് പ്രതിജ്ഞ ചെയ്തപ്പോൾ അല്ലാഹു അവരിൽ തൃപ്തനായി. അവരുടെ ഹൃദയങ്ങളിലുള്ളത് അവൻ അറിഞ്ഞു; അതിനാൽ അവൻ അവർക്ക് മനശ്ശാന്തി നൽകുകയും, ആസന്നമായ വിജയം അവർക്ക് പ്രതിഫലമായി നൽകുകയും ചെയ്തു.” (11)
ഇവിടെ ‘മരം’ എന്നത് ജീവവൃക്ഷത്തെയാണ് സൂചിപ്പിക്കുന്നത്. ബൈഅത്ത് (അനുസരണ പ്രതിജ്ഞ) വഴി പ്രതീകാത്മകമായി ലഭിക്കുന്ന കേന്ദ്രസ്ഥാനത്തെയും അത് കുറിക്കുന്നു. ‘ആസന്നമായ വിജയം’ എന്നാൽ ആ കേന്ദ്രസ്ഥാനം യാഥാർത്ഥ്യമാകുന്നതാണ്.
ബാഹ്യലോകത്തെ കേന്ദ്രമായ മക്ക, രക്തച്ചൊരിച്ചിലില്ലാതെ പ്രവാചകന്റെ സൈന്യത്തിന് മുന്നിൽ വാതിലുകൾ തുറന്നുകൊടുത്തത് രണ്ടു വർഷത്തിന് ശേഷമാണ്. അതോടെയാണ് ഈ വചനത്തിന്റെ ബാഹ്യാർത്ഥം പൂർണ്ണമായി തെളിഞ്ഞത്.
തുടർന്ന്, വരാനിരിക്കുന്ന മറ്റു ചില യുദ്ധമുതലുകളെക്കുറിച്ചും പരിശുദ്ധ ഖുർആൻ പറയുന്നു. അക്ഷരാർത്ഥത്തിൽ ഇത് പേർഷ്യയുടെയും, പിന്നീട് ഇസ്ലാമിക സാമ്രാജ്യത്തിന്റെ ഭാഗമായി മാറിയ വിദൂര കിഴക്കൻ-പടിഞ്ഞാറൻ നാടുകളുടെയും സമ്പത്തിനെക്കുറിച്ചാണ്. എന്നാൽ ഈ പ്രയോഗം വഴി ബാഹ്യാർത്ഥത്തിനപ്പുറമുള്ള, കൂടുതൽ ആഴമേറിയ ഒരു ആന്തരികാർത്ഥവും വ്യക്തമാകുന്നു: “നിങ്ങൾക്ക് ഇതുവരെ നേടാൻ കഴിഞ്ഞിട്ടില്ലാത്ത, എന്നാൽ അല്ലാഹു തന്റെ നിയന്ത്രണത്തിലാക്കി വെച്ചിരിക്കുന്ന മറ്റു പലതും (വിജയങ്ങളും നേട്ടങ്ങളും) വേറെയുമുണ്ട്.” (12)
സ്വൂഫികളെ സംബന്ധിച്ചിടത്തോളം ഈ വാക്കുകൾ പ്രധാനമായും സൂചിപ്പിക്കുന്നത് ദിവ്യമായ അനന്തതയുടെ ഭണ്ഡാരങ്ങളെയാണ്. ആ അനന്തതയെ ഉൾക്കൊള്ളാൻ ആ അനന്തനായ സ്രഷ്ടാവിന് മാത്രമേ സാധിക്കൂ (13).
വിജയത്തെക്കുറിച്ചുള്ള ദിവ്യവാഗ്ദാനം ഇത്രയും പരമോന്നതമായ അന്തിമഫലം വരെ എത്തുമെന്നത്, മുൻവചനത്തിലെ ‘റളിയ’ (തൃപ്തിപ്പെട്ടു) എന്ന ക്രിയയിൽ തന്നെ ഉൾക്കൊണ്ടിരിക്കുന്നു. ഇതിന്റെ നാമരൂപമാണ് ‘രിള്വാൻ’ (പ്രീതി/തൃപ്തി). എന്നാൽ ‘തൃപ്തി’ എന്ന ലളിതമായ വിവർത്തനം ഇതിന്റെ ആശയത്തെ പൂർണ്ണമായി ഉൾക്കൊള്ളുന്നില്ല. ഇത് മനസ്സിലാക്കാൻ, പരിശുദ്ധ ഖുർആൻ പ്രകാരം ‘അല്ലാഹുവിന്റെ രിള്വാൻ സ്വർഗ്ഗത്തേക്കാൾ മഹത്തരമാണ്’ എന്ന് ഓർക്കണം (14).
ഈ ആശയം കൂടുതൽ വ്യക്തമാക്കാൻ, പ്രവാചകന്റെ ഇസ്റാഅ്-മിഅ്റാജ് യാത്രയെ ആത്മീയ മാർഗ്ഗത്തിന്റെ അടയാളമായി വിവരിക്കുമ്പോൾ ഉപയോഗിക്കുന്ന ‘പുനരാഗിരണം’ (തിരികെ വലിച്ചെടുക്കൽ) എന്ന പദം നോക്കാം. ഇതേ പ്രാപഞ്ചിക സത്യത്തെക്കുറിച്ച് പറയുന്ന ഈ ഉദ്ധരണി ഇവിടെ ഏറെ പ്രസക്തമാണ്:
“പരമമായ ഉണ്മയ്ക്ക് വിരുദ്ധമായി നമുക്ക് നിലനിൽക്കാനാവില്ല. പരമജ്ഞാനത്തിന് വിരുദ്ധമായി ചിന്തിക്കാനും നമുക്ക് കഴിയില്ല. അനന്തതയുടെ താളത്തോട് നമ്മുടെ താളങ്ങളെ ചേർക്കുകയല്ലാതെ വേറെ വഴിയില്ല. നാം ശ്വാസമെടുക്കുമ്പോൾ വായുവിന്റെ ഒരു ഭാഗം സ്വീകരിക്കുകയും മറ്റൊരു ഭാഗം പുറത്തേക്ക് വിടുകയും ചെയ്യുന്നു. പ്രപഞ്ചാവിഷ്കാരത്തിന്റെ പുനരാഗിരണത്തിന്റെ കാര്യത്തിലും ഇത് സത്യമാണ്. അവിടുത്തെ പ്രകൃതത്തിന് ഇണങ്ങുന്നവ, അതായത് അല്ലാഹുവിനോട് സാമീപ്യം പുലർത്തുന്നവ മാത്രമേ നിലനിൽക്കുകയുള്ളൂ” (15).
ഈ വരികൾ, മുമ്പ് സൂചിപ്പിച്ച ‘ഇലാഹി സാമീപ്യം സിദ്ധിച്ചവർ’ (മുഖർറബൂൻ) എന്ന ഖുർആനിക പ്രയോഗത്തെ ഓർമ്മിപ്പിക്കുന്നു. ‘രിള്വാൻ’ പോലെ ഈ പദവും ഏറ്റവും ഉയർന്ന ഔലിയാക്കളെക്കുറിച്ച് മാത്രമാണ് ഉപയോഗിക്കുന്നത്. ‘രിള്വാൻ’ എന്നാൽ അല്ലാഹു നമ്മെ പുറന്തള്ളാതെ സ്വീകരിച്ച് തന്നിലേക്ക് ചേർത്തുനിർത്തുന്നു എന്നാണ് അർത്ഥം. മറ്റൊരു രീതിയിൽ പറഞ്ഞാൽ, സ്വൂഫിസത്തിന്റെ പരമമായ ലക്ഷ്യം അല്ലാഹുവിനാൽ ‘ഉള്ളിലേക്ക് ശ്വസിക്കപ്പെടുക’ എന്നതാണ്. പിന്നീട് ‘പുറന്തള്ളപ്പെടുക’ എന്നതല്ല.
‘രിള്വാൻ’ സ്വർഗ്ഗത്തേക്കാൾ മഹത്തരമാണെന്ന് പറയുമ്പോൾ, ‘സ്വർഗ്ഗം’ എന്ന് ഉപയോഗിക്കുന്നത്
ആപേക്ഷികമായ അർത്ഥത്തിലാണെന്ന് ഓർക്കണം. ഏറ്റവും ഉയർന്ന അർത്ഥത്തിൽ, സ്വർഗ്ഗം തുല്യതയില്ലാത്ത പരമപദത്തെയും സത്തയുടെ സ്വർഗ്ഗത്തെയുമാണ് സൂചിപ്പിക്കുന്നത്. ഒരു സന്ദർഭത്തിൽ പരിശുദ്ധ ഖുർആൻ ഇത്തരം ബാഹ്യവിവരണങ്ങൾ മാറ്റിവെച്ച് അതീവ ആത്മീയമായ ഒരു സന്ദേശത്തിലേക്ക് കടക്കുന്നുണ്ട്. അവിടെ ‘രിള്വാൻ’, ‘സ്വർഗ്ഗം’ എന്നീ സങ്കല്പങ്ങൾ ആത്മീയ മാർഗ്ഗത്തിന്റെ പര്യവസാനത്തെ, അതായത് അനന്തവും പരമവുമായ സത്യത്തെ, കുറിക്കുന്ന സമാനപദങ്ങളായി മാറുന്നു:
“അല്ലയോ ശാന്തി കൈവരിച്ച ആത്മാവേ, തൃപ്തിപ്പെട്ടുകൊണ്ടും തൃപ്തി നേടിക്കൊണ്ടും നിന്റെ നാഥനിലേക്ക് മടങ്ങുക. എന്റെ സച്ചരിതരായ ദാസന്മാരുടെ കൂട്ടത്തിൽ പ്രവേശിക്കുക. (16) എന്റെ സ്വർഗ്ഗത്തിൽ പ്രവേശിക്കുക.” (17)ഈ സൂക്തത്തിലെ അവസാന വാക്കുകൾ, സ്വൂഫികൾ പറയുന്ന ‘ഫനായ്ക്ക് ശേഷമുള്ള ശാശ്വതമായ നിലനിൽപ്പ്’ (18) എന്ന അവസ്ഥയെ സൂചിപ്പിക്കുന്നു. ‘ദാസന്മാർ’ എന്ന വാക്കിൽ തന്നെ ഈ ആത്മീയ ലയം അടങ്ങിയിട്ടുണ്ട്. ഒരു പേർഷ്യൻ സ്വൂഫിയുടെ വാക്കുകൾ ഇവിടെ ഓർക്കാം:
“ഞാൻ ഉള്ളിലേക്ക് പ്രവേശിച്ചു. എന്നെ ഞാൻ പുറത്തുപേക്ഷിച്ചു. കാരണം അനന്തതയുടെ സ്വർഗ്ഗത്തിലേക്ക് ഒന്നും അധികമായി കൂട്ടിച്ചേർക്കാനാവില്ല. ശൂന്യതയ്ക്ക് മാത്രമേ അതിൽ പ്രവേശിക്കാനാവൂ.”

‘രിള്വാൻ’ സ്വർഗ്ഗത്തേക്കാൾ മഹത്തരമാണെന്ന് പറയുമ്പോൾ, ‘സ്വർഗ്ഗം’ എന്ന് ഉപയോഗിക്കുന്നത്
ആപേക്ഷികമായ അർത്ഥത്തിലാണെന്ന് ഓർക്കണം. ഏറ്റവും ഉയർന്ന അർത്ഥത്തിൽ, സ്വർഗ്ഗം തുല്യതയില്ലാത്ത പരമപദത്തെയും സത്തയുടെ സ്വർഗ്ഗത്തെയുമാണ് സൂചിപ്പിക്കുന്നത്. ഒരു സന്ദർഭത്തിൽ പരിശുദ്ധ ഖുർആൻ ഇത്തരം ബാഹ്യവിവരണങ്ങൾ മാറ്റിവെച്ച് അതീവ ആത്മീയമായ ഒരു സന്ദേശത്തിലേക്ക് കടക്കുന്നുണ്ട്. അവിടെ ‘രിള്വാൻ’, ‘സ്വർഗ്ഗം’ എന്നീ സങ്കല്പങ്ങൾ ആത്മീയ മാർഗ്ഗത്തിന്റെ പര്യവസാനത്തെ, അതായത് അനന്തവും പരമവുമായ സത്യത്തെ, കുറിക്കുന്ന സമാനപദങ്ങളായി മാറുന്നു:
“അല്ലയോ ശാന്തി കൈവരിച്ച ആത്മാവേ, തൃപ്തിപ്പെട്ടുകൊണ്ടും തൃപ്തി നേടിക്കൊണ്ടും നിന്റെ നാഥനിലേക്ക് മടങ്ങുക. എന്റെ സച്ചരിതരായ ദാസന്മാരുടെ കൂട്ടത്തിൽ പ്രവേശിക്കുക. (16) എന്റെ സ്വർഗ്ഗത്തിൽ പ്രവേശിക്കുക.” (17)ഈ സൂക്തത്തിലെ അവസാന വാക്കുകൾ, സ്വൂഫികൾ പറയുന്ന ‘ഫനായ്ക്ക് ശേഷമുള്ള ശാശ്വതമായ നിലനിൽപ്പ്’ (18) എന്ന അവസ്ഥയെ സൂചിപ്പിക്കുന്നു. ‘ദാസന്മാർ’ എന്ന വാക്കിൽ തന്നെ ഈ ആത്മീയ ലയം അടങ്ങിയിട്ടുണ്ട്. ഒരു പേർഷ്യൻ സ്വൂഫിയുടെ വാക്കുകൾ ഇവിടെ ഓർക്കാം:
“ഞാൻ ഉള്ളിലേക്ക് പ്രവേശിച്ചു. എന്നെ ഞാൻ പുറത്തുപേക്ഷിച്ചു. കാരണം അനന്തതയുടെ സ്വർഗ്ഗത്തിലേക്ക് ഒന്നും അധികമായി കൂട്ടിച്ചേർക്കാനാവില്ല. ശൂന്യതയ്ക്ക് മാത്രമേ അതിൽ പ്രവേശിക്കാനാവൂ.”
ഒരു വലിയ്യിന്റെ പേര് പറഞ്ഞ ശേഷം മുസ്ലിംകൾ “അല്ലാഹു അദ്ദേഹത്തിൽ തൃപ്തിപ്പെടട്ടെ” എന്ന് പ്രാർത്ഥിക്കാറുണ്ട്. ഇവിടെ ‘രിള്വാൻ’ വിശുദ്ധിയുടെ അടയാളമാണ് (19). ദിവ്യപ്രകൃതിയിലേക്ക് ശ്വസിച്ചെടുക്കപ്പെടുകയും അതിൽ ലയിപ്പിക്കപ്പെടുകയും ചെയ്യുക എന്ന അനുഗ്രഹമാണ് ഇത് സൂചിപ്പിക്കുന്നത്.
എന്നാൽ ആ ദിവ്യപ്രകൃതിയുടെ തന്നെ പൂർണ്ണരൂപമാണ് പ്രവാചകൻ(സ്വ). അവിടുന്ന് ‘നിയോഗിക്കപ്പെട്ടു’ എന്നതിനർത്ഥം, പിന്നീട് തിരിച്ചെടുക്കപ്പെടാനായി പുറന്തള്ളപ്പെട്ടു എന്നല്ല. കാലത്തിനും പരിമിതികൾക്കും വിധേയമായ ഈ ലോകത്ത്, അനന്തവും ശാശ്വതവുമായ പരമസത്യത്തിന്റെ ദിവ്യസാന്നിധ്യമായി നിലകൊണ്ട്, ആത്മാക്കളെ ആ അനന്തതയിലേക്ക് ചേർത്തുവെക്കുക എന്നതാണ് അവിടുത്തെ നിയോഗം. അതുകൊണ്ടാണ് ഈ ആത്മീയ ലയം നൽകുന്ന അനുസരണ പ്രതിജ്ഞയെക്കുറിച്ച് പരിശുദ്ധ ഖുർആൻ ഇങ്ങനെ പറയുന്നത്:
“തീർച്ചയായും അങ്ങയോട് പ്രതിജ്ഞ ചെയ്യുന്നവർ അല്ലാഹുവോടാണ് പ്രതിജ്ഞ ചെയ്യുന്നത്. അല്ലാഹുവിന്റെ കൈ അവരുടെ കൈകൾക്ക് മീതെയുണ്ട്.” (20)
ഈ ആത്മീയ ഐക്യത്താൽ പ്രവാചകന്റെ ഭൗതിക വ്യക്തിത്വം എപ്പോഴും ആ അനന്തതയിൽ ആമഗ്നമാവുകയും അതിൽ ഒന്നായിത്തീരുകയും ചെയ്യുന്നു. നബി(സ്വ) യുടെ ജീവിതകാലത്തും അതിനുശേഷവും പേരിനൊപ്പം ചേർത്തു പറയുന്ന ‘സ്വല്ലല്ലാഹു അലൈഹി വസല്ലം’ (അല്ലാഹു തിരുനബിയുടെ മേൽ ശ്രേയസ്സും ശാന്തിയും വർഷിക്കട്ടെ) എന്നതിലെ ‘സ്വല്ല’ എന്ന ക്രിയ അനന്തതയിൽ ആമഗ്നമാവലിനെയാണ് സൂചിപ്പിക്കുന്നത്. പരിമിതമായ ഒന്നിൽ അപരിമിതമായതിന്റെ സാന്നിധ്യം എന്ന യുക്തിരഹിതമായി തോന്നാവുന്ന സംഗതിയെ ലയബദ്ധമായി
വിളക്കിച്ചേർക്കാനാണ് ‘സലാം’ (ശാന്തി) എന്ന പ്രാർത്ഥന ഒപ്പം ചേർത്തിരിക്കുന്നത്.
ഈ ചിന്തകളുടെ തുടക്കത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, പ്രവാചകൻ മനുഷ്യജീവിതത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിവന്നതിന്റെ പൂർത്തീകരണമായി, ‘രിള്വാന്’ തുല്യമായ ഒരു ആത്മീയ പ്രവേശനം അവിടുന്ന് നൽകുമെന്ന് പ്രതീക്ഷിക്കാം. ഇസ്ലാം ഐഹിക കാര്യങ്ങളിൽ എത്ര ആഴത്തിൽ ഇടപെടുന്നുവോ, അത്രതന്നെ ഉന്നതമായ ആത്മീയതയും അത് ആവശ്യപ്പെടുന്നു. സ്വൂഫിസത്തിന്റെ ലക്ഷ്യവും പൂർണ്ണതയും അതിന്റെ ഏറ്റവും പരമമായ അർത്ഥത്തിലുള്ള ‘പരമോന്നത പദവി’ തന്നെയാണ്. സ്വൂഫി ഗ്രന്ഥങ്ങൾ പല സ്ഥാനങ്ങളെയും അവസ്ഥകളെയും കുറിച്ച് പറയുന്നുണ്ടെങ്കിലും അവ ആത്മീയ പാതയിലെ വഴിയടയാളങ്ങൾ മാത്രമാണ്. ഇടത്താവളങ്ങളല്ല. “പരമസത്യത്തിന് നേർക്കുനേർ എത്തുന്നതുവരെ സഞ്ചാരികൾ വാഹനങ്ങളിൽ നിന്ന് ഇറങ്ങാറുണ്ടോ?” (21)
ആത്മീയ ശൃംഖലയിലൂടെ ദിവ്യദൂതനിലേക്ക് എത്തുകയും അവിടുന്ന് നൽകുന്ന ‘രിള്വാന്റെ’ സാധ്യത നേടുകയും ചെയ്താൽ, ഈ ലയനം എങ്ങനെയാണ് പൂവണിയുന്നത്? പ്രവാചകൻ(സ്വ) നൽകുന്ന ഒരു പ്രധാന മാർഗ്ഗം, നേരത്തെ പറഞ്ഞ മഹത്വത്തിന്റെയും സമാധാനത്തിന്റെയും പ്രാർത്ഥനാരൂപത്തിൽ അവിടുത്തേക്ക് ‘സ്വലാത്ത്’ ചൊല്ലുക എന്നതാണ്. “ഒരു മലക്ക് എന്റെ അടുക്കൽ വന്ന് പറഞ്ഞു: ‘അല്ലാഹു അരുളിച്ചെയ്യുന്നു: അങ്ങയുടെ സമുദായത്തിൽ നിന്ന് ആരെങ്കിലും അങ്ങയുടെ മേൽ ഒരിക്കൽ സ്വലാത്ത് ചൊല്ലിയാൽ, ഞാൻ അവർക്ക് പത്തിരട്ടി അനുഗ്രഹം ചൊരിയും’.” (22)
എന്നാൽ മുഹമ്മദ് നബി(സ്വ) യിലേക്ക് ചൊരിയപ്പെടുന്ന ആ ദിവ്യപ്രഭാവം സ്വീകരിക്കാനും ഉൾക്കൊള്ളാനുമുള്ള ആത്മീയ പാകത ഭക്തൻ നേടിയിട്ടില്ലെങ്കിൽ, വാഗ്ദാനം ചെയ്യപ്പെട്ട ആ പത്തിരട്ടി അനുഗ്രഹം അവനിൽ പ്രഭാവം ചെലുത്തുകയില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ‘മുഹമ്മദ്’ എന്ന നാമം പ്രവാചകനെ സൂചിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. സ്വലാത്ത് ചൊല്ലുന്ന ഭക്തൻ
‘ഞാൻ എന്നിൽ ഉൾക്കൊള്ളേണ്ട’ പൂർണ്ണതയെ കൂടിയാണ് ഉദ്ദേശിക്കുന്നത്. അല്ലെങ്കിൽ അതാണ് ഉദ്ദേശിക്കേണ്ടത്.
പൂർണ്ണത ഒരു സാധ്യത ആയിരിക്കുമ്പോൾ അല്ലാതെ യാഥാർത്ഥ്യമാവുമ്പോൾ മാത്രം താങ്ങാൻ കഴിയുന്ന ഒന്നിലേക്ക് ആ സാധ്യത അകാലത്തിൽ തുറക്കപ്പെടാതിരിക്കാൻ ഈ നാമം ഒരു കവചമോ അരിപ്പയോ ആയി വർത്തിക്കുന്നു. ആത്മീയ യാത്രയുടെ ഒന്നാം ഘട്ടം അവസാനിക്കും മുമ്പ് രണ്ടാം ഘട്ടത്തെ മുൻകൂട്ടി അറിയുക എന്ന സാധ്യതയ്ക്ക് അനേകം ഉദാഹരണങ്ങളുണ്ട്. അവയിൽ ഒന്നാണിത്. ആത്മീയ സാധനകളിൽ ഭൂരിഭാഗവും ദിവ്യാനുഗ്രഹങ്ങളെ ഉള്ളിൽ സംഭരിച്ചുവെക്കലാണ്. അത് സ്വീകരിക്കാനുള്ള ആത്മീയ പാകത വരുന്നതുവരെ അവ പൂർണ്ണമായി ഫലം ചെയ്യില്ല.
പ്രവാചകപ്രകൃതത്തിൽ ലയിച്ചുചേരാനുള്ള മറ്റൊരു മാർഗ്ഗം, അവിടുത്തെ വിശുദ്ധ നാമങ്ങളും അവയുമായി ബന്ധപ്പെട്ട പ്രാർത്ഥനകളും ഉരുവിടുക എന്നതാണ്. എന്നാൽ അതിലുപരി, ഏറ്റവും നേരായ മാർഗ്ഗം ഈ നാമങ്ങളിൽ പ്രത്യേകിച്ച് ഒന്നായ ‘ദിക്റുല്ലാഹ്’ (അല്ലാഹുവിന്റെ സ്മരണ) യിൽ പൂർണ്ണമായി മുഴുകുക എന്നതാണ്. അങ്ങനെ അവിടുത്തെപ്പോലെ, ആ നാമം ഉൾക്കൊള്ളുന്ന എല്ലാ അർത്ഥങ്ങളുടെയും ജീവിക്കുന്ന മാതൃകയായി മാറുക എന്നാണ്.
തുടരും…
അടിക്കുറിപ്പുകൾ
1. മുഹമ്മദ് നബി(സ്വ) ഒരേസമയം ഇടയനും വ്യാപാരിയും ഏകാകിയും നാടുകടത്തപ്പെട്ടവനും പടയാളിയും നിയമദാതാവും പ്രവാചകനും പുരോഹിതനും ഭരണാധികാരിയുമായിരുന്നു. അവിടുന്ന് അനാഥനായിരുന്നു (എങ്കിലും അത്യധികം സ്നേഹിച്ച പിതാമഹനും പിതൃവ്യനും അദ്ദേഹത്തിനുണ്ടായിരുന്നു). വർഷങ്ങളോളം തന്നെക്കാൾ വളരെ പ്രായം കൂടിയ ഒരു സ്ത്രീയുടെ ഭർത്താവായിരുന്നു, നിരവധി തവണ മക്കൾ മരിച്ച പിതാവായിരുന്നു. ഭാര്യ മരിച്ച വ്യക്തിയായിരുന്നു. ഒടുവിൽ തന്നെക്കാൾ പ്രായംകുറഞ്ഞ പല സ്ത്രീകളുടെയും ഭർത്താവുമായിരുന്നു.
2. ഖുർആൻ 33:21.
3. ഇസ്ലാമിക വർഷത്തിലെ രണ്ട് മഹത്തായ രാത്രികളാണ് ലൈലത്തുൽ ഖദ്റും ലൈലത്തുൽ മിഅ്റാജും. ഇവ യഥാക്രമം പരിശുദ്ധ ഖുർആൻ അവതരിച്ച രാത്രിയും പ്രവാചകന്റെ വാനാരോഹണ രാത്രിയുമാണ്.
4. തീർച്ചയായും ഇത് പ്രവാചകന്റെ ഭൗതിക ശരീരത്തെയോ വ്യക്തിഗത ജീവനെയോ സംബന്ധിച്ചല്ല. മറിച്ച് അവിടുത്തെ ബോധകേന്ദ്രത്തിന്റെ പരമസത്തയിലുള്ള വിലയനത്തെയാണ് സൂചിപ്പിക്കുന്നത്.
5. ഖുർആൻ 2:144.
6. ഈ വികാരം പ്രവാചകനോടുള്ള ആത്മീയ സ്നേഹവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അവിടുത്തെ ജന്മസ്ഥലവും ഇസ്ലാമിന്റെ തുടക്കവുമായ മക്കയിലേക്ക് തിരിയുക എന്നാൽ, പ്രായോഗികമായി (ആ പ്രദേശങ്ങളിൽ ജീവിക്കുന്ന ന്യൂനപക്ഷമൊഴികെ) അവിടുന്ന് വിജയം വരിക്കുകയും അന്ത്യവിശ്രമം കൊള്ളുകയും ചെയ്യുന്ന മദീനയിലേക്ക് കൂടി തിരിയുക എന്നാണ് അർത്ഥം.
7. ഖുർആൻ 29:45.
8. ശൈഖ് അൽ-അലവി പറഞ്ഞത്. ഗ്രന്ഥകാരന്റെ ‘എ സൂഫി സെയിൻ്റ് ഓഫ് ദ ട്വന്റിയത് സെഞ്ചുറി’ (Allen & Unwin, 1971), പേജ് 97 കാണുക.
9. ഇങ്ങനെ ‘ഉൾക്കൊള്ളപ്പെടുക’ എന്നാൽ വിശുദ്ധീകരിക്കപ്പെടുക എന്ന് തന്നെയാണ് അർത്ഥം. മോക്ഷത്തെ സംബന്ധിച്ചിടത്തോളം, നമ്മുടെ ആദ്യത്തെ ഉപമ തുടർന്നാൽ, മതത്തിന്റെ ബാഹ്യരൂപങ്ങൾ പവിത്രമായ ജലാശയങ്ങൾ പോലെയാണ്. വന്ന വഴിയിലേക്ക് തന്നെ തിരികെ ഒഴുകിപ്പോകാതെ ‘രക്ഷിക്കപ്പെടാൻ’ വ്യക്തിഗത തരംഗം അതിലേക്ക് ഒഴുകിയെത്തേണ്ടതുണ്ട്.
10. ഉദാഹരണത്തിന്, മുൻപ് പരാമർശിച്ച ഖിർഖ (വസ്ത്രം) ധരിപ്പിക്കുന്ന രീതി പോലെ.
11. ഖുർആൻ 48:18
12. ഖുർആൻ 48:21
13. ‘അൽമുഹീത്വ്’ എന്ന ദൈവിക നാമത്തെ സൂചിപ്പിക്കുന്നതാണ് അനന്തതയെ കുറിക്കുന്ന ഈ ക്രിയ പദം.
14. ഖുർആൻ 9:72
15. ഫ്രിജോഫ് ഷുവോൺ, ‘ഇൻ ദ് ട്രാക്സ് ഓഫ് ബുദ്ധിസം’, അല്ലൻ&അൺവിൻ, 1968, pp. 63-4
16. അതായത് പരസ്പരം തൃപ്തിപ്പെടുക (രിദ് വാൻ)
17. ഖുർആൻ 89:27-30
18. അൽ-ബഖാഉ ബഅ്ദൽ ഫനാഅ്
19. ‘റളിയല്ലാഹു അൻഹു’ അല്ലെങ്കിൽ ‘അൻഹാ’ (അദ്ദേഹത്തിന്റെ / അവരുടെ മേൽ അല്ലാഹുവിൻറെ തൃപ്തി ഉണ്ടാവട്ടെ എന്നാണ് പ്രാർത്ഥന. ഏറ്റവും ചുരുങ്ങിയത് മോക്ഷത്തിന്റെ മുദ്ര ആയാണ് ഇത് ഉദ്ദേശിക്കപ്പെടുന്നത്. പരമാവധി ദൈവകാരുണ്യം അനന്തമാണ് എന്നോർക്കാൻ ഇതു മതിയാവും.
20. ഖുർആൻ 48:10
21. ശൈഖ് അഹ്മദ് അൽ അലവി, ദീവാൻ, A Sufi Saint of the Twentieth Century, p 218 ൽ ഉദ്ധരിച്ചത്.
22. ഇതേ അർത്ഥത്തിൽ പ്രവാചകൻ അരുളിയ പല മൊഴികളിൽ ഒന്നുമാത്രം ആണ് ഇത്.



