തവക്കുലിന്റെ പാഠങ്ങൾ

ജലാഉൽ ഖാത്വിർ:
ശൈഖ് മുഹിയിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി(റ):

അല്ലാഹുവിനോടൊപ്പം അവന്റെ ഉപാധികളെ(അസ്ബാബ്) പങ്കു ചേർക്കുന്നവനേ, തവക്കുൽകൊണ്ടു മാത്രം അന്നം കഴിക്കുന്ന ഒരനുഭവം നിനക്കുണ്ടായിരുന്നുവെങ്കിൽ നീ ഉപാധികൾക്ക് ദിവ്യത്വം കൽപ്പിക്കാതെ, പൂർണ്ണവിശ്വാസത്തോടെ അവന്റെ വാതിൽപടിയിൽ തന്നെ ഇരിപ്പുറപ്പിക്കുമായിരുന്നു. ഉപജീവനത്തിന് രണ്ടു മാർഗങ്ങളേയുള്ളൂ. ഒന്നുകിൽ ദൈവവിധിക്കു വിധേയമായിക്കൊണ്ട് അദ്ധ്വാനിക്കുക. അല്ലെങ്കിൽ അല്ലാഹുവിൽ ഭരമേല്പിക്കുക.
പക്ഷെ, കഷ്ടംതന്നെ നിന്റെ കാര്യം! അദ്ധ്വാനമുപേക്ഷിച്ച് അന്യരോടു യാചിക്കുന്ന നിനക്ക് അല്ലാഹുവിന് മുമ്പിൽ നില്ക്കാൻ ലജ്ജ തോന്നുന്നില്ലേ? അദ്ധ്വാനത്തിലൂടെയുള്ള സമ്പാദ്യം തുടക്കവും, ഈമാൻ ഒടുക്കവുമാകുന്നു. പക്ഷെ, നിന്നിലാവട്ടെ അതു രണ്ടും ഞാൻ കാണുന്നില്ല. സത്യമാകുന്നു ഞാൻ നിന്നോടു പറയുന്നത്. നിന്നെ അഭിമുഖീകരിക്കാൻ എനിക്കൊട്ടു മടിയില്ലതാനും. തർക്കത്തിലേർപ്പെടാതെ എന്റെ വാക്കുകൾ ശ്രവിക്കുകയും സ്വീകരിക്കുകയും ചെയ്യുക. എന്നോടു തർക്കിക്കുമ്പോൾ യഥാർത്ഥത്തിൽ നീ അല്ലാഹുവോടാകുന്നു തർക്കിക്കുന്നത്. നമസ്ക്കാരം നിലനിർത്തുക. അത് നിനക്കും അല്ലാഹുവിനുമിടക്കുള്ള കണ്ണിയാകുന്നു.

അല്ലയോ യുവാവേ, അല്ലാഹുവിന്റെ ആജ്ഞകളനുവർത്തിക്കേണ്ടി വരുമ്പോൾ ഒരു സിംഹംകണക്കെ ധീരനും ഉത്സാഹിയുമാവുക. വിലക്കപ്പെട്ടവയോട് അടുക്കേണ്ടി വരുമ്പോൾ ഒരു രോഗിയെപ്പോലെ നിഷ്ക്രിയനാവുക. വിധിയുടെ ദുരിതങ്ങളും തീർപ്പുകളും അഭിമുഖീകരിക്കേണ്ടി വരുമ്പോൾ സ്വയംമറന്നു ശാന്തനാവുക. സത്യവിശ്വാസികളുടെ നേതാവ് അലിയ്യുബ്നു അബീ ത്വാലിബ് (റ) പറഞ്ഞിരിക്കുന്നു:”നിനക്കു ഗുണം വരുത്തുന്നതിനോടും, നിന്നിൽനിന്നും ദോഷം തടയുന്നവയോടുമെല്ലാം ഒരു മൃതദേഹം കണക്കെ നിസ്സംഗമാവുക”. ദിവ്യാനുരാഗികളുടെ കാഴ്ച്ചയും കേൾവിയും സദാ അല്ലാഹുവുമായി ബന്ധിതമാണ്. സൃഷ്ടികൾക്കു നേരെ അന്ധരും ബധിരരുമാകുന്നു അവർ . അല്ലാഹുവിലേക്കുള്ള തീവ്രാഭിലാഷം അവരുടെ പഞ്ചേന്ത്രിയങ്ങളെയും ചൂഴ്ന്നുനിൽക്കുന്നു. അവരുടെ ശരീരം സൃഷ്ടികളോടൊപ്പമാണെങ്കിലും സത്ത (മഅന) സ്രഷ്ടാവിനൊപ്പമാകുന്നു. അവരുടെ കാലുകൾ മണ്ണിലാണെങ്കിലും അഭിലാഷങ്ങളപ്പാടെയും ആകാശത്താകുന്നു. അവരുടെ ചിന്തകൾ ഹൃദയത്തിൽ മറഞ്ഞു കിടപ്പായതിനാൽ സൃഷ്ടികൾക്ക് അവ ഗ്രഹിക്കാനാവില്ല. അവരുടെ കാൽപാദങ്ങൾ മാത്രമേ ആളുകൾ കാണുന്നുള്ളൂ. ചിന്തകളും അഭിലാഷങ്ങളും തിരിച്ചറിയാൻ അവർക്കാവില്ല. കാരണം, അല്ലാഹുവിന്റെ സൂക്ഷിപ്പുകേന്ദ്രമായ ഹൃദയത്തിലാകുന്നു അവയെല്ലാം സൂക്ഷിച്ചുവെച്ചിരിക്കുന്നത്.
അല്ലയോ കളവുപറയുന്നവനേ, ഇക്കാര്യത്തിൽ നീ എവിടെ നിൽക്കുന്നു? സ്വത്തിലും സന്താനങ്ങളിലും സാമൂഹ്യ പദവികളിലും മുങ്ങിയാണ്ടിരിക്കയല്ലയോ നീ? സബബുകളെയും സൃഷ്ടികളെയും നീ അല്ലാഹുവോടു പങ്കുചേർക്കുന്നു. എന്നിട്ടും നിനക്കെങ്ങിനെ അല്ലാഹുവോട് അടുത്തവനാണെന്ന അവകാശവാദമുന്നയിക്കാനാവുന്നു? കളവു പറയൽ തിന്മയാകുന്നു. തിന്മയെന്നാൽ ഏതൊന്നിനെയും തെറ്റായിടത്ത് സ്ഥാപിക്കലാണല്ലോ. അതിനാൽ കളവിന്റെ പരിണതി നിന്റെമേൽ വന്നു പതിക്കും മുമ്പ് പശ്ചാതപിച്ചു മടങ്ങുക.
അല്ലയോ, ഹൃദയം മരിച്ചുപോയവനേ, നീ എന്തിന് എന്റെ മുമ്പിലിരിക്കുന്നു? ഇഹലോകത്തിന്റെയും അതിന്റെ അധിപരുടേയും, കമ്പോളത്തിന്റെയും സമ്പത്തിന്റെയും അടിമയായവനേ, ഒരു ഗോതമ്പുമണിയുടെ വില ഒരു സ്വർണ്ണ നാണയത്തിന്റെയത്ര ഉയർന്നാൽപോലും ഞാനത് ഗൗനിക്കില്ല. വിശ്വാസിക്ക് തന്റെ ആഹാരത്തെക്കുറിച്ച് വേവലാതിയില്ല. അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ ആഴമാകുന്നു അതിനു കാരണം. നീ വിശ്വാസിയെന്നവകാശപ്പെടാതിരിക്കുക. മറ്റേതെങ്കിലും സംഘത്തിൽ ചേർന്നുകൊൾക. നിങ്ങൾക്കിടയിലേക്ക് എന്നെ നിശ്ചയിച്ച അല്ലാഹുവിനാകുന്നു സ്തുതി.

ദുനിയാവിന്റെ ഓഹരികൾ അല്ലാഹു ആദ്യമേ നിശ്ചയിച്ചതാണ്. അതിൽ അവൻ ഒരണുവിട ഏറ്റക്കുറച്ചിൽ വരുത്തില്ല. നബി (സ്വ) പറഞ്ഞിരിക്കുന്നു – “ദുനിയാവിന്റെ സൃഷ്ടിപ്പും വിഭവവിതരണവും അല്ലാഹു പൂർത്തിയാക്കിയിരിക്കുന്നു. പുനരുത്ഥാനനാൾ വരെ സംഭവിക്കാനുള്ള സകലതും എഴുതിക്കഴിഞ്ഞ ശേഷം പേനയുടെ മഷിയുണങ്ങിയിരിക്കുന്നു”. നിനക്കാണെന്ന് ആദ്യമേ നിശ്ചയിക്കപ്പെട്ട കാര്യങ്ങൾക്കുവേണ്ടി ഊർജ്ജം പാഴാക്കുന്നത് അർത്ഥശൂന്യമാകുന്നു. നിന്റെ ഓരോ സാഹചര്യവും അല്ലാഹു ആദ്യമേ നിശ്ചയിച്ചുവെച്ചതാണ്. കൃത്യമായ തിയ്യതികൾവരെ നിർണ്ണയിക്കപ്പെട്ടിരിക്കുന്നു. കഠിന പ്രയത്നത്തിലൂടെ അടക്കി നിർത്തുവോളം പക്ഷെ, നിന്റെ നഫ്സ് ആ യാഥാർത്ഥ്യത്തിൽ വിശ്വസിക്കുകയോ ദുനിയാവിനുവേണ്ടിയുള്ള ആർത്തിപൂണ്ട പാച്ചിലവസാനിപ്പിക്കുകയോ ചെയ്യില്ല. ശാന്തി പ്രാപിക്കുവോളം വാചികമായി മാത്രമേ നീചാത്മാവ് അതിൽ വിശ്വസിക്കൂ.
നീ വിവേകിയാവുക. എന്റെ ഉപദേശങ്ങൾക്ക് കർമ്മസാക്ഷ്യംവഹിച്ച് സൽസ്വഭാവിയും സൽക്കർമ്മിയുമാവുക. അല്ലാഹു ആദ്യമേ നിശ്ചയിച്ചു വെച്ച കാര്യങ്ങൾക്കായി ഊർജ്ജം പാഴാക്കാതിരിക്കുക. അവ എന്തുതന്നെയായാലും നിർണ്ണിത സമയത്ത് നിന്നിലേക്കെത്തുക തന്നെ ചെയ്യും. റസൂൽ(സ്വ) മൊഴിഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു – “അല്ലാഹുവേ, എനിക്കു നൽകേണ്ട എന്ന് അടിമ പറഞ്ഞാൽപോലും അല്ലാഹു (അവനിച്ഛിച്ചത്) നല്കുക തന്നെ ചെയ്യും” . അദ്ധ്വാനത്തിലൂടെ നീ സമ്പാദിക്കുന്നതും അദ്ധ്വാനമേതുമില്ലാതെ നീ കരഗതമാക്കുന്നതുമെല്ലാം അല്ലാഹുവിൽ നിന്നുള്ളതു തന്നെയാകുന്നു. സൃഷ്ടികൾക്കതിൽ യാതൊന്നും ചെയ്യാനില്ല.
അല്ലയോ, യുവാവേ, അല്ലാഹുവിന്റടുക്കൽ ഇസ്ലാം മാത്രമാകുന്നു ദീൻ. ഇസ്ലാമിന്റെ യാഥാർത്ഥ്യമാവട്ടെ ആത്മസമർപ്പണവുമാകുന്നു. നീ ഇസ്ലാം സ്വീകരിക്കുകയും, അതിലൂടെ ആത്മസമർപ്പണം പൂർത്തീകരിക്കുകയും ചെയ്യുക . അല്ലാഹുവിന്റെ വിധിയിലോരോന്നിലും സംതൃപ്തനാവുക. സ്വേച്ഛകളെല്ലാം കൈവെടിഞ്ഞ് വിധിയിലെപ്പോഴും തൃപ്തിപ്പെടുക. നിന്നേക്കാൾ നന്നായി നിന്റെ നാഥനാണ് നിന്നെയറിയുക. അതിനാൽ അവന്റെ വചനങ്ങളിൽ ദൃഢവിശ്വാസിയാവുക. അവൻ നല്കുന്നതെന്തും സർവ്വാത്മനാ സ്വീകരിക്കുക. അവന്റെ ആജ്ഞാനിരോധനകളിൽ പൂർണ്ണ തൃപ്തിയടയുക. അവന്റെ ദീനിനെ പൂർണ്ണമനസ്സാൽ സ്വീകരിച്ച് നിന്റെ അകവും പുറവുമാക്കുക. വിധി ദിനമണയുംമുമ്പേ നീ ജീവിതത്തെ വിജയകരമാക്കുക.

കഷ്ടം തന്നെ നിന്റെ കാര്യം! മൂഢനാവാതിരിക്കുക. അജ്ഞതയും വിവരദോഷവും കൈമുതലാക്കി നിന്റെ നാഥനുമായി ഇടയാതിരിക്കുക. അങ്ങിനെ ചെയ്താൽ നിന്റെ ദീൻ തന്നെയായിരിക്കും നീ തകർത്തു കളയുന്നത്. കണ്ണടച്ച് ധ്യാനമഗ്നനായി നീയാരെന്നും നിന്റെ പദവിയെന്തെന്നും തിരിച്ചറിഞ്ഞ് വിനയാന്വിതനാവുക. നീയൊരടിമയാണ്. നീയും നിന്റേതായ എല്ലാതും യജമാനന്റേതാകുന്നു. അടിമ സ്വേച്ചകളെ യജമാനന്റെ ഇച്ഛകൾക്കായി ത്യജിക്കേണ്ടതുണ്ട്.
സ്വന്തം കാര്യലാഭങ്ങൾക്കായി നീ അല്ലാഹുവോടു വാശിപിടിക്കുന്നു. എന്നാൽ ആത്മജ്ഞാനികൾ മറ്റുള്ളവർക്കു വേണ്ടിയാവുന്നു തന്റെ നാഥനോട് അർത്ഥിച്ചുകൊണ്ടേയിരിക്കുന്നത്. സൃഷ്ടികളോട് ആദ്യമേ വിടപറഞ്ഞവരാകുന്നു അവർ. സൃഷ്ടികളിൽനിന്നും ഹൃദയത്തെ പരിശുദ്ധമാക്കിയവർ. സൃഷ്ടികളിലെ ഒരണുപോലും അവരിലവശേഷിക്കുന്നില്ല. അല്ലാഹുവിനായി അല്ലാഹുവിനാൽ അല്ലാഹുവിന്റെ കൂടെയാണവർ സദാസമയവുമുള്ളത്. അവർ സംഘർഷമൊട്ടുമില്ലാതെ സമാധാനത്തിലാകുന്നു. ദുഃഖമൊട്ടുമില്ലാതെ തികഞ്ഞ ആനന്ദത്തിലാകുന്നു. ദൗർബല്യമൊട്ടുമില്ലാതെ പൂർണ്ണ ശക്തിയിലാകുന്നു. ദ്രോഹബുദ്ധിയൊട്ടുമില്ലാതെ ദയാവായ്പിലാകുന്നു. കുലീനതയുടെ വസ്ത്രം പുതപ്പിക്കപ്പെട്ടവരാകുന്നു അവർ. അധികാര വിന്യാസത്തിന്റെ ചുമതല അല്ലാഹു അവർക്കു നൽകിയിരിക്കുന്നു. അല്ലാഹുവിന്റെ അനുമതിയോടെ “ഉണ്ടാകൂ” എന്നു പറഞ്ഞാൽ ഉണ്ടാകുന്നവിധം അധികാരത്തിന്റെ അക്ഷയവും അമൂല്യവുമയ നിധി അവർക്കു സമ്മാനിക്കപ്പെട്ടിരിക്കുന്നു. ഭയവേളകളിലെല്ലാം അല്ലാഹു അവരുടെ സുരക്ഷാബോധം വർധിപ്പിക്കുന്നു. പിന്നിലായിപ്പോകുമ്പോഴെല്ലാംഅല്ലാഹു അവരെ മുൻനിരയിലേക്കെത്തിക്കുന്നു. വാനലോകങ്ങളിൽ അവർ “മഹാത്മാക്കൾ” എന്നു വിളിക്കപ്പെടുന്നു.

അല്ലാഹുവിന്റെ ഏകത്വത്തിൽ വിശ്വസിക്കുന്നവർ സുൽത്വാനെയും ശൈത്വാനെയും ഗൗനിക്കില്ല. ഹൃദയത്തിൽ “അർറഹ് മാന്റെ’ സാന്നിധ്യമുള്ള അവർ മറ്റെല്ലാറ്റിൽനിന്നും മുഖംതിരിച്ചിരിക്കുന്നു. അല്ലാഹു തനിക്കുമേലും ഇതര സൃഷ്ടിജാലങ്ങളുടെമേലും തന്റെ അധികാരം പ്രയോഗിക്കുന്നതെവ്വിധമാണെന്ന് അവർ കണ്ടറിയുന്നു. ദൈവീക വിധിയുടെ വാതായനങ്ങൾ തുറക്കപ്പെടുന്നതും അടക്കപ്പെടുന്നതും എവ്വിധമാണെന്നും അവർ കാണുന്നു. ഒന്നിനും കൊള്ളാത്ത, തീർത്തും അശക്തരായാണ് സൃഷ്ടികളെ അവർ കാണുന്നത്. അവർക്ക് ശത്രുക്കളോ സുഹൃത്തുക്കളോ ഇല്ല. അവർ ആരെയും നമിക്കുകയോ ശപിക്കുകയോ ചെയ്യുന്നുമില്ല. ആരെയെങ്കിലും തങ്ങൾ ശപിക്കണമെന്നോ, നമിക്കണമെന്നോ അല്ലാഹു ഉദ്ദേശിക്കുമ്പോൾ അവരതു ചെയ്യുന്നു. അല്ലാഹുവിന്റെ ആജ്ഞാനുസൃതം മാത്രമാകുന്നു അവർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.
“അവർ അല്ലാഹുവിന്റെ ആജ്ഞകൾ ധിക്കരിക്കുകയില്ല. അവന്റെ ആജ്ഞാനുസൃതം പ്രവർത്തിക്കുന്നവരാകുന്നു അവർ” എന്ന് അല്ലാഹു വാഴ്ത്തിയ മാലാഖമാർക്കൊപ്പം ചേരുന്നു അവരുടെ ഹൃദയം. വിചാരണനാളിൽ കൈക്കാലുകൾ സംസാരിക്കുംവിധമാകുന്നു അവർ സംസാരിക്കുന്നത്. അവയവങ്ങൾ സാക്ഷിപറയുന്നേരം പാപികൾ കുറ്റപ്പെടുത്തുമ്പോൾ അവ പറയും, “എല്ലാറ്റിനും സംസാരശേഷി നൽകിയ അല്ലാഹുവാണ് ഞങ്ങളെക്കൊണ്ടും സംസാരിപ്പിച്ചത്”(വി ഖുഃ 41.21)
ഈയൊരു ആത്മീയാവസ്ഥയിലെത്തുന്ന അടിമകൾ സ്വന്തത്തിൽനിന്നുതന്നെ അറ്റുപോവുകയും അല്ലാഹുവിൽമാത്രം നിലനിൽക്കുകയും ചെയ്യുന്നു. അല്ലാഹുവേ, നിന്നിലേക്കുള്ള ഞങ്ങളുടെ പ്രാർത്ഥനകളെ കുറ്റമറ്റതാക്കേണമേ.

അല്ലയോ ജനങ്ങളേ, നിങ്ങളുടെ മക്കളും കുടുംബവും സൽസ്വഭാവം സിദ്ധിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. അല്ലാഹുവെ ആരാധിക്കുവാനും, അവന്റെമുമ്പിൽ അങ്ങേയറ്റം വിനയാന്വിതരാകുവാനും അവനിൽ തൃപ്തരാകുവാനും അവരെ ഉപദേശിക്കുക. അതിനവർക്കു ശിക്ഷണം നൽകണം.ഉപജീവനത്തെക്കുറിച്ച ഉത്കണ്ഠകൾ നിങ്ങളുടെ ഹൃദയത്തിൽ പ്രവേശിപ്പിക്കാതിരിക്കുക. അത്തരം ഉത്കണ്ഠകൾ നിങ്ങളുടെ തൊഴിൽ-സമ്പാദ്യങ്ങളിൽ മാത്രം ഒതുക്കുക. നിങ്ങളിൽ മിക്കവരും മക്കളുടെ ജ്ഞാനസമ്പാദനം പോലുമുപേക്ഷിച്ച് ഉപജീവനത്തിൽ ഉത്കണ്ഠപ്പെടുന്നത് ഞാൻ കാണുന്നു. സച്ചരിതരാവണമെങ്കിൽ നിങ്ങൾ സ്വയം തിരുത്തുക.

തുടരും

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy