മുഹ്യിദ്ദീൻ ശൈഖ് അബ്ദുൽ ഖാദർ ജീലാനി(റ)
ഫത്ഹുറബ്ബാനി, അദ്ധ്യായം 6 (ആറാം പ്രഭാഷണം)
മുഹ്യിദ്ദീൻ ശൈഖ് അബ്ദുൽ ഖാദർ ജീലാനി (റ) യുടെ വിഖ്യാതമായ ‘ഫത്ഹുറബ്ബാനി’ എന്ന ഗ്രന്ഥത്തിലെ ആറാം പ്രഭാഷണത്തിന്റെ ഹൃദ്യമായ മൊഴിമാറ്റം. നമ്മുടെ ഉള്ളിലെ കണ്ണാടിയെ കളങ്കമില്ലാതെ കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും, ഈമാനിന്റെ അടിത്തറ തൗഹീദിലും ഇഖ്ലാസിലും ഉറപ്പിച്ചു നിർത്തേണ്ടതിന്റെ ആവശ്യകതയും ശൈഖ് ജീലാനി (റ) തന്റെ ലളിതവും ആഴമുള്ളതുമായ മൊഴികളിലൂടെ ഓർമ്മിപ്പിക്കുന്നു.

ഹിജ്റ 545 ശവ്വാൽ മാസം പകുതിയിൽ, വെള്ളിയാഴ്ച ദിവസം ശൈഖിന്റെ മദ്റസയിൽ വെച്ച് പ്രസംഗിച്ചതിൽ നിന്ന്:
ഈ മഹാത്മാക്കളുടെ (ആരിഫീങ്ങളുടെ/സ്വൂഫികളുടെ) ഹൃദയങ്ങൾ പരിശുദ്ധമാണ്. സൃഷ്ടികളെ പൂർണ്ണമായി മറന്ന് അല്ലാഹുവിലേക്ക് മാത്രം തിരിഞ്ഞവരാണവർ. ദുനിയാവിനെ പൂർണ്ണമായി മറന്ന് ആഖിറത്തിലേക്ക് തിരിഞ്ഞവരും, നിങ്ങളുടെ പക്കലുള്ളതിനെ ഉപേക്ഷിച്ച് അല്ലാഹുവിന്റെ പക്കലുള്ള അനുഗ്രഹങ്ങളിലേക്ക് ശ്രദ്ധ തിരിച്ചവരുമാണവർ.
എന്നാൽ നിങ്ങളോ? അവരിൽ നിന്നും അവർ ഉൾക്കൊള്ളുന്ന യാഥാർത്ഥ്യങ്ങളിൽ നിന്നും മറയ്ക്കപ്പെട്ടവരാണ്. നിങ്ങൾ നിങ്ങളുടെ ഭൗതിക ലോകത്തിൽ മുഴുകിയിരിക്കുന്നു; പരലോകത്തെക്കുറിച്ച് അശ്രദ്ധരുമാണ്. ലജ്ജയെ തച്ചുടച്ച് അല്ലാഹുവിനോടുള്ള നിർഭയത്വവും ധിക്കാരവും കാണിക്കുന്നവരാണ് നിങ്ങൾ.
നിന്റെ സത്യവിശ്വാസിയായ സഹോദരന്റെ ഉപദേശം നീ സ്വീകരിക്കുക; അവനോട് നീ എതിര് (مخالفت) നിൽക്കരുത്. കാരണം, നിന്റെ സ്വന്തം കണ്ണുകൾക്ക് കാണാൻ കഴിയാത്ത നിന്റെ പോരായ്മകളെയും തെറ്റുകളെയും അവൻ കാണുന്നുണ്ട്. അതുകൊണ്ടാണ് നബി (സ) തങ്ങൾ ഇപ്രകാരം അരുളിയത്:
“സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിയുടെ കണ്ണാടിയാകുന്നു.”
സത്യവിശ്വാസി തന്റെ സഹോദരനെ ഉപദേശിക്കുന്നതിൽ സത്യസന്ധനാണ്. അവന് മറഞ്ഞിരിക്കുന്ന കാര്യങ്ങൾ അവൻ വ്യക്തമാക്കിക്കൊടുക്കുന്നു. അവന്റെ നന്മ തിന്മകളെ വേർതിരിച്ചു കാണിക്കുന്നു.
ആളുകളെ ഉപദേശിക്കാനും നന്മയിലേക്ക് നയിക്കാനുമുള്ള താല്പര്യം അല്ലാഹു എന്റെ ഹൃദയത്തിൽ നൽകിയിട്ടുണ്ട്; അത് തന്നെയാണ് എന്റെ വലിയ ലക്ഷ്യവും. ഇതിന് പകരമായി ഞാൻ നിങ്ങളിൽ നിന്ന് യാതൊരു പ്രതിഫലവും ആഗ്രഹിക്കുന്നില്ല. എന്റെ പരലോക വിഹിതം അല്ലാഹുവിങ്കൽ നിന്ന് എനിക്ക് ലഭിച്ചുകഴിഞ്ഞു. ഞാൻ ഭൗതികലോകത്തെയോ പരലോകത്തെയോ അല്ലാഹു അല്ലാത്ത മറ്റൊന്നിനെയോ ആഗ്രഹിക്കുന്നവനല്ല. നിത്യനായ, ഏകനായ സ്രഷ്ടാവിനെയല്ലാതെ ഞാൻ ആരാധിക്കുന്നില്ല. നിങ്ങളുടെ വിജയം എനിക്ക് സന്തോഷം തരുന്നു; നിങ്ങളുടെ നാശം എന്നെ സങ്കടപ്പെടുത്തുന്നു.
സത്യസന്ധനായ ഒരു മുരീദ് (ശിഷ്യൻ) വിജയം വരിക്കുകയും അവന് എന്റെ കൈ തണലിൽ(ആത്മീയമായ) വിശപ്പ് മാറുകയും ദാഹം അകലുകയും വസ്ത്രം ധരിക്കുകയും ചെയ്യുന്നത് കാണുമ്പോൾ, എന്നെപ്പോലെ മറ്റൊരാൾ കൂടി എന്റെ കീഴിൽ നിന്ന് വളർന്നുവന്നല്ലോ എന്നോർത്ത് ഞാൻ ആനന്ദിക്കുന്നു.
ഓ ചെറുപ്പക്കാരാ! എന്റെ ലക്ഷ്യം നീയല്ല, അല്ലാഹുവാണ്! നീ മാറണം, നന്നാകണം എന്ന മാത്രമാണ് എന്റെ ആഗ്രഹം. നീ തടസ്സങ്ങൾ കടന്ന് വേഗത്തിൽ ലക്ഷ്യത്തിലെത്താൻ വേണ്ടിയാണ് ഞാൻ നിന്നെ എന്റെ കൂടെ ചേർത്തുപിടിച്ചിരിക്കുന്നത്.
ജനങ്ങളേ! അല്ലാഹുവിനോടും അവന്റെ സൃഷ്ടികളോടും അഹങ്കാരം കാണിക്കുന്നത് നിങ്ങൾ ഉപേക്ഷിക്കുക! നിങ്ങളുടെ പദവി നിങ്ങൾ തിരിച്ചറിയുകയും മനസ്സിൽ വിനയം വളർത്തുകയും ചെയ്യുക. നിങ്ങളുടെ തുടക്കം നിസ്സാരമായ ഒരു തുള്ളി ജലത്തിൽ നിന്നാണ്; ഒടുക്കം അഴുകിനാറുന്ന ശവവും!
ദുരാഗ്രഹങ്ങൾ നയിക്കുന്നവരും വഞ്ചനാപരമായ ആഗ്രഹങ്ങളുടെ ഇരകളുമായി നിങ്ങൾ മാറരുത്. സ്വന്തം താല്പര്യങ്ങൾക്കനുസരിച്ച് ഭരണാധികാരികളുടെയും ധനികരുടെയും വാതിലുകളിൽ പോയി ഇരക്കുന്നവരാകരുത്; നിനക്ക് ലഭിക്കാത്ത കാര്യങ്ങൾ യാചിച്ചുവാങ്ങാൻ ശ്രമിക്കുന്നത് നിനക്ക് അപമാനവും നിന്ദ്യതയും മാത്രമേ നൽകൂ. നബി (സ) തങ്ങൾ പറഞ്ഞിട്ടുണ്ട്:
“ഒരു അടിയാന് അല്ലാഹു നൽകുന്ന ഏറ്റവും വലിയ ശിക്ഷ, അവന് വിധിക്കപ്പെട്ടിട്ടില്ലാത്ത കാര്യത്തിന് പിന്നാലെ അവനെ അലയാൻ വിടലാണ്.”
അയ്യോ കഷ്ടം! വിധിയിലും അല്ലാഹുവിന്റെ നിശ്ചയത്തിലും അജ്ഞനായവനേ! നിനക്ക് അല്ലാഹു വിധിക്കാത്തത് ഈ ദുനിയാവിലെ ആളുകൾക്ക് നിനക്ക് തരാൻ കഴിയുമെന്ന് നീ കരുതുന്നുണ്ടോ? ഇതെല്ലാം നിന്റെ ഹൃദയത്തെയും ചിന്തയെയും കീഴടക്കിയ പിശാചിന്റെ ദുർബോധനങ്ങളാണ്! നീ അല്ലാഹുവിന്റെ അടിമയല്ല; മറിച്ച് നീ നിന്റെ നഫ്സിന്റെയും, ഹവാഇന്റെയും (ശരീരേച്ഛ), പിശാചിന്റെയും, ദിർഹമിന്റെയും ദീനാറിന്റെയും അടിമയാണ്! ഈ ആത്മീയ വഴിയിൽ വിജയം വരിക്കുന്നത് വരെ നീ നിന്റെ മനസ്സിനോട് പോരാടുക.
ജ്ഞാനികളിൽ ചിലർ പറഞ്ഞിട്ടുണ്ട്: “സത്യമാർഗ്ഗത്തിൽ വിജയിച്ചവനെ ദർശിക്കാത്തവന് ഒരിക്കലും വിജയിക്കാനാകില്ല.” അതെ, വിജയിച്ചവരെ നീ കാണുന്നുണ്ട്; പക്ഷേ നിന്റെ തലച്ചോറിലെ കണ്ണുകൾ കൊണ്ടാണ് നീ കാണുന്നത്, നിന്റെ ഹൃദയത്തിന്റെ ആന്തരിക കണ്ണുകൾ കൊണ്ടല്ല. നിന്റെ സിർറിലെ (അന്തരംഗം) പ്രകാശവും ഈമാനും കൊണ്ട് കാണാൻ നിനക്ക് കഴിയുന്നില്ല. അതിൽ അത്ഭുതമില്ല! കാരണം നിന്റെ ആന്തരികക്കാഴ്ച അന്ധമാണ്. അല്ലാഹു തആലാ പറഞ്ഞതുപോലെ:
“തീർച്ചയായും (ബാഹ്യമായ) കണ്ണുകളല്ല അന്ധമാകുന്നത്, മറിച്ച് നെഞ്ചുകളിലുള്ള ഹൃദയങ്ങളാണ് അന്ധമാകുന്നത്.” (വിശുദ്ധ ഖുർആൻ 22:46)
മറ്റുള്ളവരുടെ കയ്യിലുള്ള ഭൗതികവസ്തുക്കളിൽ കണ്ണുവെക്കുന്നവൻ തുച്ഛമായ നേട്ടങ്ങൾക്ക് വേണ്ടി സ്വന്തം ദീൻ വിൽക്കുകയാണ്. നശിച്ചുപോകുന്നതിന് വേണ്ടി ശാശ്വതമായതിനെ അവൻ വിൽക്കുന്നു. അതുകൊണ്ട് നിന്റെ ഈമാൻ അപൂർണ്ണമായിരിക്കുന്നിടത്തോളം നിന്റെ ജീവിതമാർഗ്ഗങ്ങൾ നന്നാക്കാൻ നീ അധ്വാനിക്കുക; ജനങ്ങളിലേക്ക് കൈ നീട്ടേണ്ടി വരാത്തവിധം സ്വന്തം ദീൻ പണയം വെക്കാതിരിക്കാൻ അധ്വാനിക്കുക. എന്നാൽ നിന്റെ ഈമാൻ ശക്തമാവുകയും അല്ലാഹുവിലുള്ള തവക്കുൽ (ഭരമേൽപ്പിക്കൽ) പൂർണ്ണമാവുകയും ചെയ്താൽ, ഭൗതിക കാരണങ്ങളെയും ഉപാധികളെയും വെടിഞ്ഞ് അല്ലാഹുവിലേക്ക് മാത്രം നീ പ്രയാണം ചെയ്യുക. നിന്റെ ഹൃദയം കൊണ്ട് ദുനിയാവിൽ നിന്നും നിന്റെ നാട്, വീട്, കടകമ്പോളങ്ങൾ, പരിചയക്കാർ എന്നിവയിൽ നിന്നെല്ലാം നീ ഇറങ്ങിപ്പോരുക. നിന്റെ കയ്യിലുള്ളത് നിന്റെ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും നൽകുക.
അപ്പോൾ മരണത്തിന്റെ മലക്ക് നിന്റെ ആത്മാവിനെ പിടിച്ചെടുത്തതുപോലെയും, മരണം നിന്നെ പെട്ടെന്ന് തട്ടിയെടുത്തതുപോലെയും, ഭൂമി പിളർന്ന് നീ അതിലേക്ക് താണുപോയതുപോലെയും നീ അനുഭവിക്കും. പൂർവ്വവിധിയുടെയും അല്ലാഹുവിന്റെ ഖുദ്‌റത്തിന്റെയും (കഴിവ്) തിരമാലകൾ നിന്നെ അറിവിന്റെയും ദിവ്യപ്രകാശത്തിന്റെയും സമുദ്രത്തിൽ മുക്കിക്കളയും. ഈ ഉയർന്ന ആത്മീയ പദവിയിൽ (മഖാം) എത്തിയവന് ഭൗതികമായ ഉപാധികൾ യാതൊരു ദോഷവും വരുത്തുകയില്ല. കാരണം അവൻ ബാഹ്യമായി കാരണങ്ങളോട് കൂടെയാണെങ്കിലും അവന്റെ ആന്തരികം അല്ലാഹുവോട് കൂടെ മാത്രമായിരിക്കും.
ജനങ്ങളേ! ഞാൻ ഈ പറഞ്ഞതുപോലെ ഭൗതികബന്ധങ്ങളെ പൂർണ്ണമായി ഹൃദയത്തിൽ നിന്ന് പുറന്തള്ളാൻ നിങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ, കുറഞ്ഞപക്ഷം നിന്റെ ഹൃദയം കൊണ്ടെങ്കിലും അതിൽ നിന്ന് അകന്നുനിൽക്കുക. അതിനും സാധിക്കുന്നില്ലെങ്കിൽ കുറഞ്ഞപക്ഷം അതിന്റെ വ്യാകുലതകളെയും ചിന്തകളെയും കുറക്കുക! നബി (സ) തങ്ങൾ അരുളിയിട്ടുണ്ട്:
“നിങ്ങളാൽ കഴിയുന്നത്ര ദുനിയാവിന്റെ ചിന്തകളിൽ നിന്ന് ഒഴിവ് കണ്ടെത്തുക.”
ഓ ചെറുപ്പക്കാരാ! ദുനിയാവിന്റെ ആശങ്കകളിൽ നിന്ന് മനസ്സിനെ ഒഴിഞ്ഞുനിർത്താൻ സാധിക്കുമെങ്കിൽ നീ അത് ചെയ്യുക. അല്ലാഹുവിലേക്ക് നിന്റെ ഹൃദയം കൊണ്ട് നീ അടുക്കുക, അവന്റെ കാരുണ്യത്തിന്റെ തണലിൽ അഭയം പ്രാപിക്കുക. അപ്പോൾ അല്ലാഹു നിന്റെ ഹൃദയത്തിൽ നിന്ന് ദുനിയാവിന്റെ സർവ്വ സങ്കടങ്ങളെയും പുറത്താക്കും. അവൻ എല്ലാ വസ്തുക്കളുടെയും ഉടമസ്ഥനും സർവ്വജ്ഞനുമാണ്.
അവന്റെ വാതിലിൽ നീ സ്ഥിരമായി നിൽക്കുക; അല്ലാഹു അല്ലാത്തവരിൽ നിന്ന് നിന്റെ ഹൃദയത്തെ ശുദ്ധീകരിക്കാൻ അവനോട് അപേക്ഷിക്കുക. ഈമാൻ, അറിവ്, യഖീൻ (ഉറച്ച വിശ്വാസം) എന്നിവകൊണ്ട് നിന്റെ ഹൃദയത്തെ നിറച്ചുതരാൻ അവനോട് പ്രാർത്ഥിക്കുക. സൃഷ്ടികളിൽ നിന്ന് നിനക്ക് മതിയാകുന്ന തവക്കുൽ അവൻ നിനക്ക് നൽകും; അവന്റെ അനുസരണത്തിൽ നിന്റെ അവയവങ്ങളെ അവൻ വ്യാപൃതനാക്കും. എല്ലാ കാര്യങ്ങളും അല്ലാഹുവിനോട് മാത്രം ചോദിക്കുക, അവനല്ലാത്തവരോട് നിന്റെ ആവശ്യങ്ങൾ പറഞ്ഞ് നീ താഴ്ന്നു കൊടുക്കരുത്. നിന്നെപ്പോലെയുള്ള ഒരു സൃഷ്ടിയോടും നീ യാചിക്കരുത്.
ഓ ചെറുപ്പക്കാരാ! ഹൃദയത്തിന്റെ സാന്നിധ്യമില്ലാത്ത നാവിന്റെ ഫിഖ്ഹ് (പഠനം) നിന്നെ അല്ലാഹുവിലേക്ക് ഒരടി പോലും മുന്നോട്ട് നയിക്കുകയില്ല!
ശരിയായ യാത്ര എന്നാൽ ഹൃദയം കൊണ്ടുള്ള യാത്രയാണ്. അല്ലാഹുവിലേക്കുള്ള അടുപ്പം എന്നാൽ ഹൃദയം അവനുമായി അടുക്കലാണ്. ആത്മീയ പ്രവർത്തനങ്ങൾ എന്നാൽ അനുഗ്രഹങ്ങളുടെ അന്തസ്സത്ത കാത്തുസൂക്ഷിക്കലാണ്. ശരീരാവയവങ്ങൾ കൊണ്ട് ശരീഅത്തിന്റെ അതിരുകൾ പാലിക്കലും അല്ലാഹുവിന്റെ അടിയാന്മാരോട് വിനയം കാണിക്കലുമാണ് അത്.
തനിക്ക് വലിയ പദവിയുണ്ടെന്ന് സ്വയം ഭാവിക്കുന്നവന് അല്ലാഹുവിന്റെ അടുക്കൽ യാതൊരു വിലയുമുണ്ടാകില്ല. തന്റെ അമൽ (കർമ്മങ്ങൾ) ആളുകളെ കാണിക്കാൻ പ്രദർശിപ്പിക്കുന്നവന് ആ കർമ്മത്തിന്റെ ഫലം ലഭിക്കുകയില്ല. അവന്റെ കർമ്മങ്ങൾ ബാഹ്യമായ പ്രകടനങ്ങൾ മാത്രമാണ്.

അവന്റെ വാതിലിൽ നീ സ്ഥിരമായി നിൽക്കുക; അല്ലാഹു അല്ലാത്തവരിൽ നിന്ന് നിന്റെ ഹൃദയത്തെ ശുദ്ധീകരിക്കാൻ അവനോട് അപേക്ഷിക്കുക. ഈമാൻ, അറിവ്, യഖീൻ (ഉറച്ച വിശ്വാസം) എന്നിവകൊണ്ട് നിന്റെ ഹൃദയത്തെ നിറച്ചുതരാൻ അവനോട് പ്രാർത്ഥിക്കുക. സൃഷ്ടികളിൽ നിന്ന് നിനക്ക് മതിയാകുന്ന തവക്കുൽ അവൻ നിനക്ക് നൽകും; അവന്റെ അനുസരണത്തിൽ നിന്റെ അവയവങ്ങളെ അവൻ വ്യാപൃതനാക്കും. എല്ലാ കാര്യങ്ങളും അല്ലാഹുവിനോട് മാത്രം ചോദിക്കുക, അവനല്ലാത്തവരോട് നിന്റെ ആവശ്യങ്ങൾ പറഞ്ഞ് നീ താഴ്ന്നു കൊടുക്കരുത്. നിന്നെപ്പോലെയുള്ള ഒരു സൃഷ്ടിയോടും നീ യാചിക്കരുത്.
ഓ ചെറുപ്പക്കാരാ! ഹൃദയത്തിന്റെ സാന്നിധ്യമില്ലാത്ത നാവിന്റെ ഫിഖ്ഹ് (പഠനം) നിന്നെ അല്ലാഹുവിലേക്ക് ഒരടി പോലും മുന്നോട്ട് നയിക്കുകയില്ല!
ശരിയായ യാത്ര എന്നാൽ ഹൃദയം കൊണ്ടുള്ള യാത്രയാണ്. അല്ലാഹുവിലേക്കുള്ള അടുപ്പം എന്നാൽ ഹൃദയം അവനുമായി അടുക്കലാണ്. ആത്മീയ പ്രവർത്തനങ്ങൾ എന്നാൽ അനുഗ്രഹങ്ങളുടെ അന്തസ്സത്ത കാത്തുസൂക്ഷിക്കലാണ്. ശരീരാവയവങ്ങൾ കൊണ്ട് ശരീഅത്തിന്റെ അതിരുകൾ പാലിക്കലും അല്ലാഹുവിന്റെ അടിയാന്മാരോട് വിനയം കാണിക്കലുമാണ് അത്.
തനിക്ക് വലിയ പദവിയുണ്ടെന്ന് സ്വയം ഭാവിക്കുന്നവന് അല്ലാഹുവിന്റെ അടുക്കൽ യാതൊരു വിലയുമുണ്ടാകില്ല. തന്റെ അമൽ (കർമ്മങ്ങൾ) ആളുകളെ കാണിക്കാൻ പ്രദർശിപ്പിക്കുന്നവന് ആ കർമ്മത്തിന്റെ ഫലം ലഭിക്കുകയില്ല. അവന്റെ കർമ്മങ്ങൾ ബാഹ്യമായ പ്രകടനങ്ങൾ മാത്രമാണ്.
ഫർളുകളായ/നിർബന്ധമായ കാര്യങ്ങളല്ലാതെ മറ്റ് ബാഹ്യ അമളുകൾ നീ ആളുകൾക്ക് മുന്നിൽ വെളിപ്പെടുത്തരുത്. അതിൽ തന്നെയും നിന്റെ ആത്മാർത്ഥതക്കുറവും പോരായ്മകളും മുമ്പ് കഴിഞ്ഞുപോയിട്ടുണ്ടെങ്കിൽ, അടിത്തറ നന്നാക്കാതെ കെട്ടിടം പണിതിട്ട് കാര്യമില്ലല്ലോ? അടിത്തറ ഉറപ്പുള്ളതാണെങ്കിൽ മാത്രമാണ് മുകളിലെ കെട്ടിടം നന്നാക്കാൻ കഴിയുക.
ആരാധനകളുടെയും കർമ്മങ്ങളുടെയും അടിത്തറ എന്നാൽ തൗഹീദും (ഏകഇലാഹിലുള്ള വിശ്വാസം) ഇഖ്‌ലാസുമാണ് (ആത്മാർത്ഥത). തൗഹീദും ഇഖ്‌ലാസുമില്ലാത്തവന്റെ കർമ്മങ്ങൾക്ക് യാതൊരു നിലനിൽപ്പുമില്ല. അതുകൊണ്ട് നിന്റെ പ്രവർത്തനങ്ങളുടെ അടിത്തറ തൗഹീദ് കൊണ്ടും ഇഖ്‌ലാസ് കൊണ്ടും നീ ഭദ്രമാക്കുക. അതിന് ശേഷം അമലുകൾ എന്ന കെട്ടിടം പണിയുക.
ഇത് അല്ലാഹുവിന്റെ ഹൗലും ഖുവ്വത്തും (കഴിവും ശക്തിയും) കൊണ്ട് മാത്രം ചെയ്യുക; നിന്റെ സ്വന്തം കഴിവ് കൊണ്ടല്ല! തൗഹീദിന്റെ കൈ മാത്രമാണ് സത്യത്തിൽ നിർമ്മാണം നടത്തുന്നത്; പങ്കുചേർക്കലിന്റെയും (ശിർക്ക്) നിഫാഖിന്റെയും (കപടത) കൈകൾ തകർത്തുകളയുകയാണ് ചെയ്യുന്നത്. അല്ലാഹുവിനെ മാത്രം ഏകനാക്കുന്നവന്റെ അമലുകൾ ഉയർത്തപ്പെടും. എന്നാൽ കപടവിശ്വാസിയുടെ അവസ്ഥ അങ്ങനെയല്ല.
അല്ലാഹുവേ, ഞങ്ങളുടെ എല്ലാ അവസ്ഥകളിലും ഞങ്ങൾക്കും നിഫാഖിനും (കപടത) ഇടയിൽ നീ വലിയ അകലം ഉണ്ടാക്കേണമേ!
ربَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ
(ഞങ്ങളുടെ നാഥാ, ഞങ്ങൾക്ക് ദുനിയാവിൽ നന്മ പ്രധാനം ചെയ്യേണമേ, ആഖിറത്തിലും നന്മ നൽകേണമേ, നരകശിക്ഷയിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കേണമേ!)
തുടരും…



