ഗുലിസ്ഥാൻ കഥകൾ: 3
സഅ്ദി ശീറാസി(റ):
മൊഴിമാറ്റം: ദർവേശ്
മറ്റുള്ളവരുടെ മുന്നിൽ നല്ലവനാകാനും പ്രീതി പിടിച്ചുപറ്റാനും വേണ്ടി മാത്രം കാണിക്കുന്ന ആത്മീയതയും ഭക്തിയും ആത്മാർത്ഥമല്ല. അത് കാപട്യമാണ്. ഗുലിസ്ഥാൻ കഥകളിൽ നിന്ന് ഒരു ഗുണപാഠകഥ.

ഒരു സ്വൂഫിവേഷധാരി ഒരു സുൽത്താന്റെ അതിഥിയായി കൊട്ടാരത്തിലെത്തി, ഭക്ഷണസമയത്ത് തന്റെ മുന്നിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്നും തന്റെ വിശപ്പ് മാറും വരെ കഴിക്കാതെ കുറച്ചു മാത്രം കഴിച്ചു. തുടർന്ന് പ്രാർത്ഥനയ്ക്കായി എഴുന്നേറ്റപ്പോൾ, തന്റെ ഭക്തിയെക്കുറിച്ച് സുൽത്താന് വലിയ അഭിപ്രായമുണ്ടാകാൻ വേണ്ടി സാധാരണ ചെയ്യുന്നതിലും കൂടുതൽ സമയം പ്രാർത്ഥന നീട്ടി.
“ഓ മരുഭൂമിയിലെ അറബീ, നീ കഅബയിൽ എത്തുമെന്ന് എനിക്ക് തോന്നുന്നില്ല,
കാരണം നീ സഞ്ചരിക്കുന്ന പാത തുർക്കിസ്ഥാനിലേക്കുള്ളതാണ്.”
തന്റെ സ്വന്തം വീട്ടിൽ തിരിച്ചെത്തിയപ്പോൾ, അവൻ ഭക്ഷണത്തിനായി മേശ ഒരുക്കാൻ ആവശ്യപ്പെട്ടു. ബുദ്ധിമാനായ അവന്റെ മകൻ ചോദിച്ചു: “പിതാവേ, സുൽത്താന്റെ വിരുന്നിൽ നിന്ന് താങ്കൾ ഒന്നും കഴിച്ചില്ലേ?”
അവൻ മറുപടി പറഞ്ഞു: “പ്രത്യേകമായ ഒരു കാര്യസാധ്യത്തിനു വേണ്ടി ഞാൻ അവിടെ നിന്ന് ഒന്നും കഴിച്ചില്ല.”
അപ്പോൾ ആ മകൻ പറഞ്ഞു: “എന്നാൽ പിന്നെ താങ്കൾ പ്രാർത്ഥനയും ഒന്നുകൂടി വീണ്ടും ചെയ്യുക, കാരണം ആ ഉദ്ദേശ്യവും (ഇലാഹി പ്രീതി) അവിടെ നിറവേറിയിട്ടില്ലല്ലോ!”
ഓ, ഉള്ളംകയ്യിൽ പുണ്യങ്ങൾ കാണിക്കുകയും
കക്ഷത്തിൻ കീഴിൽ തെറ്റുകൾ ഒളിപ്പിച്ചു വെക്കുകയും ചെയ്യുന്നവനേ,
ആപത്തിന്റെ ആ നാളിൽ വ്യാജവെള്ളി നാണയങ്ങൾ കൊണ്ട്,
ഓ അഹങ്കാരിയായ ഭ്രാന്താ, നീ എന്ത് വാങ്ങാനാണ്?



