തസ്വവ്വുഫ്: നിശബ്ദമായി ഒഴുകുന്ന ആഴക്കടൽ

"This is an extraordinarily beautiful autobiographical essay that weaves together the scars of personal life experiences, childhood memories, history, and philosophy."

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വൂഫിസത്തെക്കുറിച്ച് നടക്കുന്ന വിവാദങ്ങളും ചർച്ചകളും ഞാൻ കൗതുകത്തോടെയും ഒരുപരിധി വരെ സന്തോഷത്തോടെയുമാണ് നോക്കിക്കാണുന്നത്. വർഷങ്ങളായി തസ്വവ്വുഫിന്റെ വഴിയിലൂടെ ഒരു എളിയ വിദ്യാർത്ഥിയായി സഞ്ചരിക്കുന്ന വ്യക്തിയെന്ന നിലയിൽ സന്തോഷത്തിന് വ്യക്തമായൊരു കാരണമുണ്ട്.
വർഷങ്ങളായി ചില സലഫി–വഹാബി ചിന്താധാരകളിലുള്ളവർ സ്വുഫിസത്തെ പ്രതിക്കൂട്ടിൽ നിർത്തിയിരുന്നത് അത് ഇസ്ലാമിൽനിന്ന് വേറിട്ടുനിൽക്കുന്ന, ബാഹ്യമായ എന്തോ ഒന്നാണെന്ന വ്യാഖ്യാനത്തോടെയായിരുന്നു. അവരുടെ വായനയിൽ അത് വെറും കവിതയും സംഗീതവും കഞ്ചാവും ഖബർ പൂജയും പ്രണയവികാരവും കലർന്ന ഒരു ‘റോമാന്റിക് സ്പിരിച്വാലിറ്റി’ (Romantic Spirituality) മാത്രമാണ്. എന്നാൽ ഇന്ന് അതേ വിഷയം പൊതുസമൂഹത്തിന്റെ അക്കാദമികവും വിചാരപരവുമായ ചർച്ചകളിലേക്ക് വന്നിരിക്കുന്നു.

ചിലർ ജലാലുദ്ദീൻ റൂമി(റ) യുടെ കവിതകളിലൂടെ അതിലേക്ക് പ്രവേശിക്കുന്നു; ചിലർ സംഗീതത്തിലൂടെയും മറ്റുചിലർ പ്രണയത്തിന്റെ ഭാഷയിലൂടെയും. ജീവിതത്തിന്റെ ഏതോ നിർണ്ണായക സന്ധിയിലെ ശൂന്യതയ്ക്ക് മുന്നിൽ നിന്നുകൊണ്ട് ആത്മീയതയെ അന്വേഷിക്കുന്നവരും കുറവല്ല. ഇതിനെ കേവലമൊരു ലളിതവൽക്കരണമായോ ‘റോമാന്റിസൈസേഷൻ’ ആയോ ലേബൽ ചെയ്തു തള്ളുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്. കാരണം, സത്യത്തെ ആത്മാർത്ഥമായി അന്വേഷിക്കുന്ന ഒരാൾ തന്റെ യാത്ര പാതിവഴിയിൽ അവസാനിപ്പിച്ചില്ലെങ്കിൽ, ഒരുനാൾ അയാൾ കവിതയിൽനിന്ന് കവിയിലേക്കും, കവിയിൽനിന്ന് അദ്ദേഹത്തെ രൂപപ്പെടുത്തിയ ദീനിലേക്കും, അവിടെനിന്ന് ആ ദീനിന്റെ ആന്തരിക ശാസ്ത്രമായ തസ്വവ്വുഫിലേക്കും എത്തിച്ചേരുമെന്ന വലിയൊരു സാധ്യത അതിലുണ്ട്. എന്റെ സ്വന്തം ജീവിതത്തിലേക്കു നോക്കുമ്പോൾ ഞാനും ആ വഴിയിലൂടെയാണ് കടന്നുവന്നത്.

ബാല്യത്തിൽ കണ്ട നിശബ്ദ ദർവേശുകൾ

എന്റെ ബാല്യകാലത്തേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഒരു സത്യം ഞാൻ തിരിച്ചറിയുന്നുണ്ട്: തസ്വവ്വുഫിനെക്കുറിച്ച് പുസ്തകങ്ങളിൽ വായിച്ചറിയുന്നതിനും എത്രയോ മുമ്പ് ഞാൻ അതിന്റെ ജീവസ്സുറ്റ അടയാളങ്ങൾ കണ്ടിരുന്നു. എന്നാൽ ഞാൻ ആദ്യം കണ്ട ആ സ്വുഫികൾക്ക് അങ്ങനെയൊരു ‘പേര്’ ഉണ്ടായിരുന്നില്ല!
എന്റെ കുടുംബബന്ധങ്ങളിലുണ്ടായിരുന്ന പലരും ഈ ആന്തരിക ജീവിതം നിശബ്ദമായി പ്രയോഗവൽക്കരിച്ചിരുന്നവരായിരുന്നു. അവർ അതിനെക്കുറിച്ച് വലിയ പ്രസംഗങ്ങൾ നടത്തിയില്ല; സ്വന്തം പേരിനു മുന്നിൽ ആത്മീയ പദവികൾ കൂട്ടിച്ചേർത്തതുമില്ല; മറ്റുള്ളവരെ തങ്ങളുടെ വഴിയിലേക്ക് നിർബന്ധിച്ചതുമില്ല. അവർ ലളിതമായി ജീവിക്കുകയായിരുന്നു.
സന്ധ്യയായാൽ ചിലർ ഒരുമിച്ചുകൂടും. അല്ലാഹുവിനെ സ്മരിക്കും; റസൂലുല്ലാഹിﷺ യുടെ മേൽ സ്വലാത്തുകൾ ചൊല്ലും; ദിക്റിൽ ലയിക്കും. കുട്ടിയായിരുന്ന എനിക്ക് അതിന്റെ സാങ്കേതിക സംജ്ഞകളൊന്നും അറിയില്ലായിരുന്നു. ഹൃദയം കൊണ്ടുള്ള ദിക്റ് (ഖൽബിയ്യായ ദിക്റ്) എന്തെന്നോ, തസ്‌കിയത്തു നഫ്സ് (ആത്മശുദ്ധീകരണം), ഇഹ്‌സാൻ തുടങ്ങിയവയൊക്കെ എന്താണെന്നോ എനിക്കറിയില്ലായിരുന്നു. തസ്വവ്വുഫ് എന്ന വാക്കുപോലും എന്റെ ആ കൊച്ചുലോകത്തിന്റെ ഭാഗമായിരുന്നില്ല.
പക്ഷേ ഒരു കാഴ്ച ഞാൻ വ്യക്തമായി കണ്ടിരുന്നു: ആ സ്മരണകളിൽനിന്ന് എഴുന്നേറ്റ് വരുന്ന മനുഷ്യർ അകമേ കഴുകി ശുദ്ധീകരിക്കപ്പെട്ടവരെപ്പോലെ തോന്നുമായിരുന്നു. ദേഷ്യവും അഹങ്കാരവും മത്സരബുദ്ധിയും ലൗകികമായ പിടിവാശികളും അവരിൽ വളരെ കുറവായിരുന്നു. സാധാരണ മനുഷ്യരായിരുന്നു അവർ; പക്ഷേ ആ സാധാരണത്വത്തിനുള്ളിൽ അസാധാരണമായൊരു ശാന്തത (സകീനത്ത്) അവരിൽ കുടികൊണ്ടിരുന്നു. അവർ എനിക്ക് തസ്വവ്വുഫ് ഉപദേശിച്ചു തന്നില്ല, മറിച്ച് ജീവിച്ചു കാണിച്ചു. അതുകൊണ്ടാവണം, അവർ പറഞ്ഞുതരാത്ത പല സത്യങ്ങളും അറിയാതെ എന്റെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്നത്.

പടിഞ്ഞാറൻ ജീവിതവും റൂമി(റ) യുടെ വാതിലും

കാലം കഴിഞ്ഞു. നാടുവിട്ട് ഒരു സഞ്ചാരിയായി മാറി. ഓസ്ട്രേലിയ പോലെയുള്ള സ്വതന്ത്രവും ബഹുസാംസ്കാരികവുമായ ഒരു സമൂഹത്തിൽ വർഷങ്ങളോളം ജീവിക്കാൻ അവസരം ലഭിച്ചു. വ്യത്യസ്ത മതക്കാരെയും മതമില്ലാത്തവരെയും വൈവിധ്യമാർന്ന സംസ്കാരങ്ങളെയും ജീവിതരീതികളെയും അടുത്തുനിന്നു കണ്ടു. പഠനം, ജോലി, ഉത്തരവാദിത്വങ്ങൾ, വിജയങ്ങൾ, പരാജയങ്ങൾ, മനുഷ്യബന്ധങ്ങൾ… ജീവിതം എനിക്ക് ഒട്ടേറെ അനുഭവങ്ങൾ തന്നു. എന്നിട്ടും, ഉള്ളിന്റെയുള്ളിൽ ഒരു ചോദ്യം വറ്റാതെ ബാക്കിനിന്നു: ഇത്രയൊക്കെയാണോ ജീവിതം?
പുറമേയുള്ള സൗകര്യങ്ങളും ആർഭാടങ്ങളും വർദ്ധിക്കുമ്പോഴും, അകത്തെ മനുഷ്യൻ അതേ അനുപാതത്തിൽ സമാധാനത്തിലാകണമെന്നില്ലെന്ന തിരിച്ചറിവ് പതുക്കെ എന്നിലേക്ക് വന്നു. എന്തോ ഒന്ന് അപൂർണ്ണമായി ബാക്കിനിൽക്കുന്നു! അത് കേവലമായ അറിവോ പണമോ പദവിയോ പ്രശസ്തിയോ ആയിരുന്നില്ല; ഹൃദയത്തിൽ വന്നുചേരേണ്ട ശാശ്വതമായ ഒരു തൃപ്തിയായിരുന്നു (ഖനാഅത്ത്).

ആ അന്വേഷണത്തിനിടയിലാണ് മൗലാനാ ജലാലുദ്ദീൻ റൂമി(റ) യുടെ കവിതാശകലങ്ങൾ എന്റെ മുന്നിലെത്തുന്നത്. ആദ്യം കൗതുകമായിരുന്നു; പിന്നീട് ആഴത്തിലുള്ള ജിജ്ഞാസയായി. ഏത് ഉറവിടത്തിൽനിന്നാണ് ഈ മനുഷ്യൻ ഇത്രയധികം സ്നേഹം നുകർന്നത്?
റൂമി(റ) യെ ഒരു കേവല പ്രണയകവിയായി മാത്രം വായിച്ചാൽ അദ്ദേഹത്തിന്റെ ദർശനത്തിന്റെ ഒരംശം പോലും നമുക്ക് ലഭിക്കില്ല. അദ്ദേഹത്തിന്റെ വരികളിലെ പ്രണയം ലൗകികമായ മാനുഷിക പ്രണയത്തിൽ അവസാനിക്കുന്ന ഒന്നല്ല. റൂമി(റ) യുടെ പ്രപഞ്ചം പരിശുദ്ധ ഖുർആൻ, പ്രവാചകപ്രേമം, ദിക്റ്, ആത്മശുദ്ധീകരണം, ആത്മീയ ഗുരുത്വബന്ധം, അല്ലാഹുവിന്റെ സാന്നിധ്യത്തിനായുള്ള വിരഹദാഹം എന്നിവയാൽ സമൃദ്ധമാണ്. കവിതയുടെ പിന്നാലെ നടന്ന് ഞാൻ കവിയുടെ മതിലുകൾക്കകത്തേക്ക് പ്രവേശിച്ചു. അവിടെവെച്ച് എന്റെ യാത്ര മറ്റൊരു തലത്തിലേക്ക് മാറുകയായിരുന്നു.

ഓസ്ട്രേലിയയിലെ ആധുനിക നഗരങ്ങളിൽ നിന്നും ലോകത്തിന്റെ വിഭിന്ന കോണുകളിൽ നിന്നും ഞാൻ അന്വേഷിച്ചു നടന്ന അതേ ഉറവിടം, എന്റെ ബാല്യത്തിൽ എന്റെ ഗ്രാമത്തിൽ എന്റെ കൺമുന്നിൽ തന്നെയുണ്ടായിരുന്നു എന്ന വൈരുധ്യമാണ് ഒടുവിൽ ഞാൻ തിരിച്ചറിഞ്ഞത്!
മാറേണ്ടിയിരുന്നത് ആ ഉറവിടമായിരുന്നില്ല; എന്റെ കാഴ്ചയും കേൾവിയും അനുഭവങ്ങളെ വായിച്ചെടുക്കുന്ന എന്റെ അപക്വമായ രീതിയുമായിരുന്നു. അപ്പോൾ, ബാല്യത്തിൽ ഞാൻ കണ്ട ആ സാധുക്കളായ മനുഷ്യരെ മറ്റൊരു കണ്ണിലൂടെ ഞാൻ കാണാൻ തുടങ്ങി. അവർ ലോകത്തിൽനിന്ന് ഓടിയൊളിച്ചവരായിരുന്നില്ല; ലോകം കൈവശമുണ്ടായിരുന്നപ്പോഴും അത് ഹൃദയത്തിലേക്ക് കയറാതെ കാത്തുസൂക്ഷിച്ചവരായിരുന്നു (സുഹ്ദ്).പിന്നീട് ഒരു ആത്മീയ ഗുരുവിനെ (മുർഷിദ്) കണ്ടുമുട്ടിയപ്പോൾ എന്റെ മുന്നിൽ മറ്റൊരു വാതിൽ തുറന്നു. ഞാൻ ഭയപ്പെട്ടിരുന്നതുപോലെ അദ്ദേഹം എന്നെ ശരീഅത്തിന്റെ അതിരുകൾക്ക് പുറത്തേക്ക് കൊണ്ടുപോയില്ല; മറിച്ച്, ശരീഅത്തിന്റെ യഥാർത്ഥ ആന്തരിക സൗന്ദര്യം കാണിച്ചുതന്നു.
നമസ്കാരം വെറുമൊരു കർത്തവ്യമല്ല, അത് അല്ലാഹുവുമായുള്ള കൂടിക്കാഴ്ചയാണെന്നും (മിഅ്റാജ്); ദിക്റ് നാവിന്റെ യന്ത്രസമാനമായ ആവർത്തനമല്ല, മറവിയിൽനിന്ന് ഹൃദയത്തെ ഉണർത്തുന്ന പ്രവൃത്തിയാണെന്നും; നോമ്പ് വിശപ്പടക്കൽ മാത്രമല്ല, നഫ്സിന്റെ വഴിവിട്ട ആഗ്രഹങ്ങളോട് “ഇല്ല” എന്ന് പറയാനുള്ള പരിശീലനമാണെന്നും; ദീൻ നിയമങ്ങളുടെ പട്ടിക മാത്രമല്ല, മനുഷ്യനെ അകത്തുനിന്ന് രൂപാന്തരപ്പെടുത്തുന്ന ഒരു രാസപ്രക്രിയയാണെന്നും ഞാൻ അനുഭവിച്ചറിയാൻ തുടങ്ങി.
നമ്മുടെ നാട്ടിലെ പഴമക്കാരായ ആ സാധാരണ മനുഷ്യർക്ക് “ദർവേശ്” എന്ന വലിയ നാമകരണങ്ങളുടെ ആവശ്യമൊന്നുമില്ലായിരുന്നു. അവർ ജീവിതത്തിന്റെ പരമലക്ഷ്യം തിരിച്ചറിഞ്ഞ്, കഴിയുന്നത്ര നിസ്വാർത്ഥമായി ജീവിച്ച്, ഒടുവിൽ ശാന്തമായി പടച്ചവനിലേക്ക് മടങ്ങിപ്പോയവരായിരുന്നു.

ഇസ്ലാമും തസ്വവ്വുഫും: ഹൃദയവും ശരീരവും പോലെ

തസ്വവ്വുഫ് ഇസ്ലാമിന് പുറത്തുള്ള ഒന്നാണോ? ഇവിടെയാണ് അടിസ്ഥാനപരമായ ഒരു തെറ്റിദ്ധാരണ തിരുത്തപ്പെടേണ്ടത്.
തസ്വവ്വുഫ് കൈകാര്യം ചെയ്യുന്ന അടിസ്ഥാന വിഷയങ്ങൾ പരിശുദ്ധ ഖുർആനിലും സുന്നത്തിലും കേന്ദ്രസ്ഥാനത്തുള്ളവയാണ്. പരിശുദ്ധ ഖുർആൻ ആത്മാവിന്റെ ശുദ്ധീകരണത്തെക്കുറിച്ച് കൃത്യമായി പറയുന്നു:
“സ്വന്തം നഫ്സിനെ ശുദ്ധീകരിച്ചവൻ വിജയിച്ചു; അതിനെ കളങ്കിതമാക്കിയവൻ പരാജയപ്പെടുകയും ചെയ്തു.” (സൂറത്തുശ്ശാംസ് 91: 9-10)
മറ്റൊരിടത്ത് പറയുന്നു:
“അറിയുക, അല്ലാഹുവിന്റെ സ്മരണ കൊണ്ടുമാത്രമാണ് ഹൃദയങ്ങൾ ശാന്തമാകുന്നത്.” (സൂറത്തുർറഅ്ദ് 13: 28)

ദീനിന്റെ ഈ ആന്തരിക മാനത്തെ ഏറ്റവും മനോഹരമായി ആവിഷ്കരിക്കുന്നത് പ്രശസ്തമായ ഹദീസ് ജിബ്‌രീൽ ആണ്. അതിൽ ദീനിന് മൂന്ന് തലങ്ങൾ വ്യക്തമാക്കപ്പെടുന്നു: ഇസ്ലാം, ഇമാൻ, ഇഹ്‌സാൻ. ഇതിൽ ഇഹ്‌സാൻ എന്നാൽ എന്താണെന്ന ചോദ്യത്തിന് പ്രവാചകൻ ﷺ നൽകുന്ന മറുപടി ഇതാണ്: “നീ അല്ലാഹുവിനെ കാണുന്നതുപോലെ അവനെ ആരാധിക്കുക; നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട്.”
ഇവിടെയാണ് തസ്വവ്വുഫിന്റെ ഹൃദയം നിലകൊള്ളുന്നത്. ലളിതമായി പറഞ്ഞാൽ, ഫിഖ്ഹ് (കർമ്മശാസ്ത്രം) നമ്മുടെ ബാഹ്യപ്രവർത്തനങ്ങളെ ക്രമീകരിക്കുമ്പോൾ, തസ്വവ്വുഫ് ആ പ്രവർത്തി ചെയ്യുന്ന മനുഷ്യന്റെ ഹൃദയത്തെ ശുദ്ധീകരിക്കുന്നു. അവ പരസ്പരം ശത്രുക്കളല്ല; മറിച്ച് ഇസ്ലാമിക പാരമ്പര്യത്തിൽ അവ പരസ്പരപൂരകങ്ങളാണ്.

പരിശുദ്ധ ഖുർആൻ ‘യഖീൻ’ (ഉറപ്പ്) എന്ന ആശയത്തെ മൂന്ന് തലങ്ങളിൽ അവതരിപ്പിക്കുന്നുണ്ട്:
ഇൽമുൽ യഖീൻ (അറിവിലൂടെ ലഭിക്കുന്ന ഉറപ്പ്)
ഐനുൽ യഖീൻ (കണ്ടറിയുന്നതിലൂടെ ലഭിക്കുന്ന ഉറപ്പ്)
ഹഖ്ഖുൽ യഖീൻ (സ്വന്തം അനുഭവസത്യമായി മാറുന്ന ഉറപ്പ്)

തീയെക്കുറിച്ച് നൂറ് പുസ്തകങ്ങൾ വായിക്കുന്നതും, തീയെ നേരിട്ടു കാണുന്നതും, ആ തീയുടെ ചൂട് സ്വന്തം ശരീരത്തിൽ അനുഭവിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ദീനിലും ഈ വ്യത്യാസമുണ്ട്. അല്ലാഹുവിനെക്കുറിച്ച് വാദപ്രതിവാദങ്ങൾ നടത്താം, അക്കാദമിക് പുസ്തകങ്ങൾ എഴുതാം, ആരാണ് ശരി ആരാണ് തെറ്റ് എന്ന വിഷയത്തിൽ ആയിരം സംവാദങ്ങൾ നടത്താം. പക്ഷേ, തസ്വവ്വുഫ് നമ്മുടെ ഉള്ളിലേക്ക് വെളിച്ചം തിരിച്ചുവിട്ടുകൊണ്ട് ആത്യന്തികമായ ചില ചോദ്യങ്ങൾ ചോദിക്കുന്നു:
നീ അറിഞ്ഞ സത്യം നിന്റെ സ്വഭാവത്തെ മാറ്റിയോ?
നിന്റെ അഹങ്കാരവും അസൂയയും കോപവും കുറഞ്ഞുവോ?
നിന്റെ നാവ് മറ്റൊരാളെ വേദനിപ്പിക്കുന്നതിൽനിന്ന് പിന്തിരിഞ്ഞോ?
നിന്റെ ഉള്ളിൽ സൃഷ്ടികളോട് കരുണ വർദ്ധിച്ചുവോ?
മറ്റൊരാളുടെ അഖീദ പരിശോധിക്കുന്നതിന് മുൻപ്, സ്വന്തം നഫ്സിനെ വിചാരണ ചെയ്യാൻ ആവശ്യപ്പെടുന്നു എന്നതാണ് തസ്വവ്വുഫ് നമ്മെ അസ്വസ്ഥരാക്കുന്നതിന്റെ പ്രധാന കാരണം.

ആത്മീയതയുടെ ചരിത്രവഴികൾ

ഇസ്ലാമിക ചരിത്രത്തിൽ ആത്മനിയന്ത്രണം, സുഹ്ദ്, ദിക്റ്, തസ്‌കിയ എന്നിവയ്ക്ക് മുൻഗണന നൽകിയ മഹാത്മാക്കൾ ആദ്യകാലം തൊട്ടേ ഉണ്ടായിരുന്നു. ഹസൻ ബസരി (റ), ഇലാഹി സ്നേഹത്തിന്റെ പ്രതീകമായ റാബിഅ അൽ-അദവിയ്യ (റ), പിന്നീട് ആത്മീയതയ്ക്ക് കൃത്യമായ കർമ്മശാസ്ത്ര ചട്ടക്കൂട് നൽകിയ ജുനൈദ് അൽ-ബഗ്ദാദി (റ), ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ), ഇമാം അബൂഹാമിദ് അൽ-ഗസ്സാലി (റ) തുടങ്ങിയവർ ഈ ആന്തരിക ശാസ്ത്രത്തിന് ഭാഷയും വ്യവസ്ഥയും നൽകിയവരാണ്.
പ്രത്യേകിച്ച് ഇമാം അൽ-ഗസ്സാലിയുടെ (റ)ജീവിതം ചരിത്രത്തിലെ വലിയൊരു വഴിത്തിരിവാണ്. അന്നത്തെ ഏറ്റവും വലിയ സർവ്വകലാശാലയായ നിസാമിയ്യയുടെ ഡീനും, പ്രശസ്തിയുടെ ഉച്ചിയിൽ നിൽക്കുന്ന മഹാപണ്ഡിതനുമായിരുന്നു അദ്ദേഹം. എന്നാൽ, കേവല ബാഹ്യ അറിവുകൾ മാത്രം ആത്മാവിനെ രക്ഷിക്കില്ലെന്ന തികച്ചും വ്യക്തിപരമായ ഒരു ആത്മീയ പ്രതിസന്ധിയിലൂടെ അദ്ദേഹം കടന്നുപോയി. ഒടുവിൽ പദവികളെല്ലാം ഉപേക്ഷിച്ച്, അജ്ഞാതനായി, ഡമാസ്കസിലെ പള്ളിയിൽ തൂപ്പുകാരനായി അഭയം പ്രാപിച്ച ആ നാളുകളാണ് അദ്ദേഹത്തിന്റെ പിൽക്കാല ജീവിതത്തെയും ഇസ്ലാമിക ചിന്തയെയും മാറ്റിമറിച്ചത്. അദ്ദേഹത്തിന്റെ ഇഹ് യാ ഉലൂമിദ്ദീൻ എന്ന ഗ്രന്ഥം ഇസ്ലാമിക നിയമങ്ങളെയും ആരാധനകളെയും ഹൃദയത്തിന്റെ രോഗങ്ങളുടെ പരി​ഹാരങ്ങളെയും സമന്വയിപ്പിച്ച വിപ്ലവാത്മകമായ രചനയാണ്.
അതുകൊണ്ടുതന്നെ, തസ്വവ്വുഫിനെ കേവലം സംഗീതം, കവ്വാലി, ദർഗ, കവിത എന്നിവയിലേക്ക് മാത്രം ചുരുക്കുന്നത് അനീതിയാണ്. അവ ചില സാംസ്കാരിക പ്രകടനങ്ങൾ മാത്രമാണ്. തസ്വവ്വുഫിന്റെ യഥാർത്ഥ പരീക്ഷണശാല (Laboratory) മനുഷ്യന്റെ ഹൃദയമാണ്.

ഇസ്ലാമിന്റെ ചരിത്രപരമായ വ്യാപനം പരിശോധിച്ചാൽ, ഇന്തോനേഷ്യ ഉൾപ്പെടുന്ന തെക്കുകിഴക്കൻ ഏഷ്യയിലും, ഇന്ത്യൻ മഹാസമുദ്ര തീരങ്ങളിലും, ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലും ഇസ്ലാം എത്തിയത് സൈനിക അധിനിവേശങ്ങളിലൂടെയായിരുന്നില്ല. മറിച്ച്, കച്ചവടക്കാർ, പണ്ഡിതന്മാർ, സയ്യിദ് കുടുംബങ്ങൾ, സ്വൂഫി ശൃംഖലകൾ എന്നിവരുടെ ദീർഘകാലത്തെ സാന്നിധ്യവും സദാചാര നിഷ്ഠയുമായിരുന്നു അതിനു പിന്നിൽ. ചിഷ്തിയ്യ, ഖാദിരിയ്യ, നഖ്ശബന്ദിയ്യ, സുഹ്രവർദിയ്യ തുടങ്ങിയ സ്വൂഫി പാരമ്പര്യങ്ങളുടെ ആയുധം അധികാരമായിരുന്നില്ല; മറിച്ച് അതിഥിസൽക്കാരവും, ലങ്കർ (സൗജന്യ ഭക്ഷണശാലകൾ) സേവനങ്ങളും, ദൈവസ്നേഹവും മനുഷ്യസ്നേഹവും സമന്വയിപ്പിച്ച ജീവിതവുമായിരുന്നു.
പഴയ മലബാറിലും നാം കണ്ടത് ഈ ആത്മീയ സംസ്കാരത്തിന്റെ (Lived Spirituality) സുഗന്ധമാണ്. അറേബ്യൻ കടലിന്റെ ഇരുവശങ്ങളിലുമായി നിലനിന്ന വ്യാപാരബന്ധങ്ങളും ഹദ്റമൗത്തിൽ നിന്നുള്ള സയ്യിദ് കുടുംബങ്ങളുടെ ആഗമനവും മൗലിദ്-സ്വലാത്ത്-ദിക്റ് പാരമ്പര്യങ്ങളും മലബാറിന്റെ മുസ്ലിം ജീവിതത്തെ രൂപപ്പെടുത്തി. അന്യമതസ്ഥരോടുള്ള ബഹുമാനവും സഹവർത്തിത്വവും, വിശക്കുന്നവന് ഭക്ഷണം നൽകലും, പണ്ഡിതന്മാരോടുള്ള വിനയവും, പ്രവാചകപ്രേമവുമെല്ലാം അതിന്റെ ഭാഗമായിരുന്നു.
നമ്മുടെ നാട്ടിലെ ഭാസ്കരനും കുട്ടനും തമ്മിൽ അതിർത്തിത്തർക്കമുണ്ടായാൽ അത് പരിഹരിക്കാൻ അവർ വന്നിരുന്നത് ഹജ്ജ് കഴിഞ്ഞെത്തിയ എന്റെ വെല്ലിപ്പയുടെ അടുത്തേക്കായിരുന്നു. കാരണം, ‘ഹജ്ജ് ചെയ്തയാൾ കള്ളം പറയില്ല’ എന്ന നിഷ്കളങ്കമായ വിശ്വാസം അന്ന് സമൂഹത്തിനുണ്ടായിരുന്നു!

മാറ്റത്തിന്റെ നൂറ്റാണ്ടും ഭാഷയുടെ ശുഷ്കീകരണവും

പതിനെട്ടാം നൂറ്റാണ്ടിൽ അറേബ്യയിൽ രൂപംകൊണ്ട വഹാബി പ്രസ്ഥാനവും, മുഹമ്മദ് ഇബ്ൻ അബ്ദുൽ വഹാബും മുഹമ്മദ് ഇബ്ൻ സൗദും തമ്മിലുണ്ടാക്കിയ മത-രാഷ്ട്രീയ സഖ്യവും സൗദി രാഷ്ട്രനിർമ്മിതിയിൽ നിർണ്ണായകമായി. ഇരുപതാം നൂറ്റാണ്ടിൽ പെട്രോഡോളർ സാമ്പത്തിക ശക്തിയായി മാറിയതോടെ, സൗദി അറേബ്യയിലെ പ്യൂരിറ്റൻ (Puritan) മതവീക്ഷണങ്ങൾ ആഗോളതലത്തിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
ഇതിന്റെ സ്വാധീനം ദക്ഷിണേഷ്യയിലും മലബാറിലും പ്രകടമായി. നൂറ്റാണ്ടുകളായി പ്രദേശിക സംസ്കാരങ്ങളുമായി അലിഞ്ഞുചേർന്നു കിടന്ന പരമ്പരാഗത ആത്മീയ ആചാരങ്ങൾ പ്യൂരിറ്റൻ വാദഗതികളാൽ വിചാരണ ചെയ്യപ്പെട്ടു. ദിക്റുകളും മൗലിദുകളും ത്വരീഖത്തുകളും ഔലിയാക്കളോടുള്ള ആദരവും സംശയത്തിന്റെ നിഴലിലായി. തീർച്ചയായും, മുസ്ലിം സമൂഹത്തിലെ ഏത് ആചാരവും പരിശുദ്ധ ഖുർആനും സുന്നത്തും അടിസ്ഥാനമാക്കി വിമർശനാത്മകമായി പരിശോധിക്കപ്പെടേണ്ടതാണ്. തസ്വവ്വുഫിന്റെ പേരിൽ നടക്കുന്ന സകല കാര്യങ്ങളും ഇസ്ലാമികമാണെന്ന് ആരും വാദിക്കുന്നില്ല. അന്ധവിശ്വാസങ്ങളും സാമ്പത്തിക-ലൈംഗിക ചൂഷണങ്ങളും വ്യക്തിപൂജയും വിപണനവുമെല്ലാം ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. എന്നാൽ, രോഗം ചികിത്സിക്കുമ്പോൾ ഹൃദയം തന്നെ എടുത്തു കളയരുത്! തസ്വവ്വുഫിന്റെ പേരിൽ കടന്നുകൂടിയ തെറ്റുകൾ തിരുത്തുന്നതിനിടയിൽ തസ്‌കിയ, ഇഹ്‌സാൻ, ദിക്റ്, മുഹബ്ബത്ത്, അദബ്, സുഹ്ദ് തുടങ്ങിയ ദീനിന്റെ ആന്തരിക മൂല്യങ്ങളെത്തന്നെ സംശയത്തിന്റെ നിഴലിലാക്കുന്നത് നികത്താനാവാത്ത നഷ്ടമാണ്.

ഇതോടൊപ്പം തന്നെ വായിക്കപ്പെടേണ്ടതാണ് ഒന്നാം ലോകമഹായുദ്ധവും ഓട്ടോമൻ സാമ്രാജ്യത്തിന്റെ പതനവും (Ottoman Collapse). ബ്രിട്ടീഷ് സാമ്രാജ്യത്വ താല്പര്യങ്ങളും അറബ് ദേശീയതയും വഹാബി രാഷ്ട്രീയ നീക്കങ്ങളും ചേർന്ന് നിർമ്മിച്ചെടുത്ത പുതിയ ഭൂപടത്തിൽ മക്കയുടെയും മദീനയുടെയും ജറുസലേമിന്റെയും രാഷ്ട്രീയ നിയന്ത്രണങ്ങൾ മാറിമറിഞ്ഞു. മുസ്ലിമിന് മക്കയും മദീനയും കേവലം ഭൂപടത്തിലെ സ്ഥലങ്ങളല്ല, മറിച്ച് അവന്റെ ആത്മീയ ഭൂമിശാസ്ത്രത്തിന്റെ കേന്ദ്രങ്ങളാണ് (Spiritual Geography). അതിനാൽ തന്നെ, അവിടെയുണ്ടായ രാഷ്ട്രീയ-ആശയപരമായ മാറ്റങ്ങൾ ലോക മുസ്ലിം സമൂഹത്തെ ഒന്നാകെ സ്വാധീനിക്കുകയും, നമ്മുടെ മതഭാഷയെത്തന്നെ മാറ്റിമറിക്കുകയും ചെയ്തു.
മതഭാഷ പതുക്കെ മാറിയപ്പോൾ ആത്മപരിശോധനയ്ക്ക് പകരം മറ്റുള്ളവരെ വിചാരണ ചെയ്യുന്ന സംവാദ സംസ്കാരം രൂപപ്പെട്ടു:
“ഇത് ഹറാമാണോ?”
“അത് ബിദ്അത്താണോ?”
“അവൻ മുശ്രിക്കാണോ?”
“ഇവൻ വഴിതെറ്റിയവനാണോ?”
ഖേദകരമെന്നു പറയട്ടെ, ഇതിനെ പ്രതിരോധിക്കാൻ ശ്രമിച്ച പരമ്പരാഗത വിഭാഗങ്ങളും പലപ്പോഴും ഇതേ തർക്കഭാഷ തന്നെ സ്വീകരിച്ചു. പരസ്പരമുള്ള ആരോപണങ്ങളിലും വാദപ്രതിവാദങ്ങളിലും തർക്കങ്ങളിൽ നാം ജയിച്ചിട്ടുണ്ടാകാം, പക്ഷേ അദബിൽ നാം തോറ്റുപോയില്ലേ എന്ന് സ്വയം ചോദിക്കേണ്ടതുണ്ട്!

തസ്വവ്വുഫ് ഒരു ഹാഷ്‌ടാഗ് അല്ല

അതുകൊണ്ടുതന്നെയാണ്, ഇപ്പോൾ സോഷ്യൽ മീഡിയയിലും മറ്റും നടക്കുന്ന സ്വൂഫിസത്തെക്കുറിച്ചുള്ള പുതിയ വിവാദങ്ങളിൽ ഏതെങ്കിലും പക്ഷം പിടിച്ച് പോരാടാൻ ഞാൻ ആഗ്രഹിക്കാത്തത്. കാരണം, തസ്വവ്വുഫ് എന്നത് ഒരു Trend അല്ലെങ്കിൽ Trending Hashtag അല്ല. അതൊരു ഫേസ്ബുക്ക് സംവാദമോ, യൂട്യൂബ് കൗണ്ടർ വീഡിയോയോ, കഫേയിലിരുന്ന് റൂമി(റ) യുടെ വരികൾ ഉദ്ധരിക്കലോ അല്ല. പ്രത്യേക വസ്ത്രധാരണത്തിലോ, തലപ്പാവിലോ, ദർഗ സന്ദർശനങ്ങളിലോ മാത്രം ഒതുങ്ങുന്ന ഒന്നുമല്ലത്. തസ്വവ്വുഫ് എന്നത് ഒരു മനുഷ്യൻ തന്റെ ഉള്ളിലേക്ക് നടത്തുന്ന ഏറ്റവും സാഹസികവും പ്രയാസകരവുമായ യാത്രയാണ്. ആ യാത്രയിൽ ആദ്യം ഉടച്ചുകളയേണ്ട വിഗ്രഹം പുറത്തുള്ള ഒന്നല്ല, മറിച്ച് സ്വന്തം “ഞാൻ” (Self/Ego) ആണ്. നമ്മുടെ നഫ്സുമായി നടത്തുന്ന പോരാട്ടത്തെക്കുറിച്ച് പരിശുദ്ധ ഖുർആൻ കൃത്യമായി പറയുന്നുണ്ട്:
“തന്റെ റബ്ബിന്റെ മുന്നിൽ നിൽക്കേണ്ടി വരുമെന്ന ഭയത്തോടെ ജീവിക്കുകയും, നഫ്സിനെ അതിന്റെ താഴ്ന്ന മോഹങ്ങളിൽനിന്ന് തടഞ്ഞുനിർത്തുകയും ചെയ്തവന്റെ അഭയകേന്ദ്രം സ്വർഗ്ഗമാണ്.” (സൂറത്തുന്നാസിആത്ത് 79: 40-41)
ഇതാണ് ഏറ്റവും വലിയ യുദ്ധം! മറ്റൊരാളെ തോൽപ്പിക്കാനല്ല, മറിച്ച് എന്നിലെ അഹങ്കാരത്തോടും, അസൂയയോടും, പ്രശസ്തിമോഹത്തോടും, അധികാരാഗ്രഹത്തോടും, എന്നെ വേദനിപ്പിച്ചവനോട് തിരിച്ചുവീട്ടാനുള്ള പകയോടും പോരാടി എന്നെത്തന്നെ ജയിക്കാനുള്ള യുദ്ധം. എല്ലാറ്റിനുമുപരി —’ഞാൻ മറ്റുള്ളവരെക്കാൾ ആത്മീയമായി ഉയർന്നവനാണ്’ എന്ന സൂക്ഷ്മമായ സ്വയംപൂജയോടുള്ള പോരാട്ടം!

തസ്വവ്വുഫ് ജീവിതത്തിൽനിന്നുള്ള ഒളിച്ചോട്ടമല്ല (Escape mechanism), മറിച്ച് ജീവിതത്തിലേക്ക് തന്നെ തിരിച്ചുവരലാണ്. കുടുംബത്തെ ഉപേക്ഷിക്കലല്ല, കുടുംബങ്ങൾക്കിടയിൽ നഫ്സിനെ നിയന്ത്രിച്ച് ജീവിക്കലാണ്. പണം നിഷിദ്ധമാക്കലല്ല, പണം കയ്യിലുണ്ടാകുമ്പോഴും അത് ഹൃദയത്തിലേക്ക് കയറാതെ നോക്കലാണ്. അധികാരം ഉപേക്ഷിക്കലല്ല, അധികാരം ലഭിക്കുമ്പോൾ അഹങ്കാരത്തിന്റെ അടിമയാകാതിരിക്കലാണ്. നിങ്ങളെ നിരന്തരം പ്രകോപിപ്പിക്കുന്ന മനുഷ്യരുടെ നടുവിൽ ജീവിക്കുമ്പോഴും നിങ്ങളുടെ അദബും കാരുണ്യവും നഷ്ടപ്പെടാതിരിക്കുന്നതിലാണ് തസ്വവ്വുഫിന്റെ പരിശീലനം നിലകൊള്ളുന്നത്.
ശരീഅത്തും ത്വരീഖത്തും തമ്മിൽ യാതൊരു തർക്കവുമില്ല. ശരീഅത്ത് വഴിയുടെ അതിരുകൾ നിർണ്ണയിക്കുമ്പോൾ, ത്വരീഖത്ത് ആ വഴിയിലൂടെയുള്ള യാത്ര പരിശീലിപ്പിക്കുന്നു. ഹഖീഖത്ത് അനുഭവത്തിന്റെ ഭാഷയും, മഅ് രിഫത്ത് തിരിച്ചറിവിന്റെ ആഴവുമാണ്. യഥാർത്ഥ തസ്വവ്വുഫിനെ തിരിച്ചറിയാൻ ഒരു ലളിതമായ പരീക്ഷണമുണ്ട്: അത് നിങ്ങളെ അല്ലാഹുവിന്റെ കല്പനകളോട് കൂടുതൽ ഉത്തരവാദിത്തമുള്ളവനാക്കുന്നുണ്ടോ?

നിങ്ങളുടെ നമസ്കാരം മെച്ചപ്പെടുന്നുണ്ടോ? സ്വഭാവത്തിൽ കാരുണ്യം വർദ്ധിക്കുന്നുണ്ടോ? മാതാപിതാക്കളോടും, പങ്കാളിയോടും, മക്കളോടും, സഹപ്രവർത്തകരോടും, എന്തിന് ശത്രുക്കളോട് പോലും നിങ്ങളിൽ കരുണയും നീതിയും പുലരുന്നുണ്ടോ? നിങ്ങളുടെ അഹങ്കാരം കുറയുന്നുണ്ടോ? അതോ നിങ്ങൾക്ക് പുതിയൊരു ‘Spiritual Identity’ മാത്രമാണോ ലഭിച്ചത്? രണ്ടാമത്തേതാണെങ്കിൽ, നഫ്സ് പുതിയ വസ്ത്രമണിഞ്ഞു വന്നു എന്നല്ലാതെ അത് മരിച്ചിട്ടില്ല! ശരിയായ ആത്മീയ ഗുരു (മുർഷിദ്) ആരാധിക്കപ്പെടേണ്ടവനോ അല്ലാഹുവിലേക്കുള്ള പകരക്കാരനോ അല്ല. യഥാർത്ഥ ഗുരു നിങ്ങളെ തന്നിലേക്ക് ബന്ധിപ്പിക്കുന്നവനല്ല, നിങ്ങളെ നിങ്ങളുടെ നഫ്സിന്റെ തടവറയിൽനിന്ന് മോചിപ്പിച്ച് അല്ലാഹുവിലേക്ക് തിരിച്ചുവിടുന്നവനാണ്. ഒരു ഗുരുവിനെ അനുഗമിച്ച ശേഷം ഒരാളുടെ അഹങ്കാരമാണ് വർദ്ധിച്ചതെങ്കിൽ, സ്വന്തം വഴി മാത്രമാണ് രക്ഷയെന്ന് പറഞ്ഞ് മറ്റുള്ളവരെ നിന്ദിക്കാൻ തുടങ്ങിയെങ്കിൽ, അവിടെയും നഫ്സ് തന്നെയാണ് ജയിച്ചിരിക്കുന്നത്.

നിശബ്ദമായി ഒഴുകുന്ന ആഴക്കടൽ

എന്റെ അനുഭവത്തിൽ, യഥാർത്ഥ ആത്മീയ മനുഷ്യരിൽ പലരും വലിയ ശബ്ദമുണ്ടാക്കുന്നവരല്ല. അവർ സോഷ്യൽ മീഡിയകളിൽ സ്വന്തം നിലപാടുകളോ ആത്മീയ പദവികളോ പ്രഖ്യാപിക്കാറില്ല. അവരുടെ രാത്രികളിലെ വിതുമ്പലുകൾ ലോകമറിയില്ല. അവർ നൽകുന്ന ദാനധർമ്മങ്ങളുടെ ചിത്രങ്ങൾ പുറത്തുവരാറില്ല. അവർ മാപ്പു നൽകിയ മനുഷ്യർ പോലും തങ്ങൾ ക്ഷമിക്കപ്പെട്ട കാര്യം അറിയാറില്ല!
അതുകൊണ്ടാണ് തസ്വവ്വുഫിനെ ഞാൻ ശാന്തമായി ഒഴുകുന്ന ഒരു ആഴക്കടലിനോട് ഉപമിക്കുന്നത്. മേൽപ്പരപ്പിൽ വലിയ തിരമാലകളും ശബ്ദങ്ങളുമുണ്ടാകാം, എന്നാൽ അടിത്തട്ടിൽ ശാന്തവും നിശബ്ദവുമായ മറ്റൊരു ലോകമുണ്ട്.

റൂമി(റ) യെ വായിച്ചുകൊണ്ട് ഈ വഴിയിലേക്ക് വരുന്ന പുതിയ തലമുറയെ നാം പരിഹസിക്കേണ്ടതില്ല. അവർ ആദ്യം റൂമി(റ) യുടെ Quotes വായിക്കട്ടെ, പിന്നീട് കവിതകൾ വായിക്കട്ടെ, അതിനുശേഷം മസ്നവി തുറക്കട്ടെ… ആ വരികൾക്കിടയിൽ അവർ പരിശുദ്ധ ഖുർആന്റെ പ്രതിധ്വനികൾ കേൾക്കും! മുഹമ്മദ് നബി ﷺ എന്ന നിർമ്മലമായ സ്നേഹത്തിന്റെ ഉറവിടത്തെ അവർ അവിടെവെച്ച് കണ്ടെത്തുക തന്നെ ചെയ്യും.

തുടരും..

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy