ഹല്ലാജ്(റ) യും അരാജകവാദികളും തമ്മിലെന്ത്?

A study on the martyrdom and poetic verses of Mansur al-Hallaj

ഇസ്ലാമിക പാരമ്പര്യത്തിലെ ആത്മജ്ഞാനികളായ (ആരിഫീങ്ങൾ) ചില സ്വൂഫികളെ കേവല ഭൗതികവാദികളുടെയോ നാസ്തികരുടെയോ അരാജകവാദികളുടെയോ ശരീഅത്ത് നിഷേധികളുടെയോ ആചാര്യന്മാരായി ചിത്രീകരിക്കാൻ ചില ആധുനികകാല സന്ദേഹികളും യുക്തിവാദികളും ശരീഅത്ത് നിഷേധികളായ കൾട്ട് സ്വൂഫിസത്തിന്റെ വക്താക്കളും ശ്രമിക്കാറുണ്ട്. മറുവശത്ത്, സ്വൂഫികളുടെ ആത്മീയ അനുഭൂതികളെയും (ഹാൽ) ആശയലോകങ്ങളെയും മനസ്സിലാകാത്ത കേവല അക്ഷരവായനകളിലൂടെ മഹത്തുക്കളായ ഈ സ്വൂഫികളെ അവമതിക്കുന്നവരുമുണ്ട്. ഇസ് ലാമിന്റെ ആഴങ്ങൾ സ്പർഷിക്കുന്ന, നമ്മുടെ പ്രപഞ്ചബോധത്തെയും ശാസ്ത്രാവബോധത്തെയുമെല്ലാം പുനർനിർവ്വചിക്കുന്ന സമ്യക്കായ ലോകവീക്ഷണം അവതരിപ്പിക്കുന്ന ഈ മഹാമനീഷികളുടെ കൃതികളെ ബാഹ്യവായനകൾക്ക് മാത്രം വിധേയമാക്കി, അവരെ ഇസ്ലാമിന്റെ പരിധിക്കു പുറത്താക്കാനും കാഫിറുകളായി ചിത്രീകരിക്കാനും പരമ്പരാഗത സലഫി-വഹാബി പ്രസ്ഥാനങ്ങളും വ്യഗ്രത കാണിക്കുന്നു. എന്നാൽ, പ്രമാണബദ്ധമായ ഇസ്ലാമിക തസ്വവ്വുഫിന്റെയും കർമ്മശാസ്ത്രത്തിന്റെയും വക്താക്കൾ ഹല്ലാജ്(റ) യെപ്പോലുള്ള മഹാന്മാരെ നോക്കിക്കണ്ടത് തികച്ചും സന്തുലിതവും സൂക്ഷ്മവുമായ വീക്ഷണത്തോടു കൂടിയായിരുന്നു.

പ്രശസ്ത ദയൂബന്ദി പണ്ഡിതനായ മൗലാനാ അശ്റഫ് അലി ഥാനവി(റ) യുടെ ശിഷ്യനും സഹോദരീ പുത്രനുമായ മൗലാനാ സഫർ അഹ്മദ് ഉസ്മാനി ഥാനവി (റ) രചിച്ച അശ്ആറുൽ ഗയൂബ് ഫീ അശ്ആരി ഇബ്നി മൻസൂർ എന്ന ഗ്രന്ഥം ഈ വിഷയത്തിൽ കണ്ണുതുറപ്പിക്കുന്ന പ്രമാണികമായ ഒരു സാക്ഷ്യപ്പെടുത്തലാണ്. ഇന്ന് സ്വൂഫി പാരമ്പര്യങ്ങളെയും തസ്വവ്വുഫിന്റെ ആഴത്തിലുള്ള ആത്മസംസ്കരണപ്രധാനമായ വിജ്ഞാനങ്ങളെയും തള്ളിക്കളയുകയും വഹാബി-സലഫി ചിന്താഗതികളോട് ആഭിമുഖ്യം പുലർത്തുകയും ചെയ്യുന്നവർ പോലും(തബ് ലീ​ഗ് ജമാഅത്തിലെ ധാര) തങ്ങളുടെ ആചാര്യസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന ഥാനവി സരണിയുടെ മുന്നണിപ്പോരാളിയായ ഒരു വലിയ പണ്ഡിതൻ, മൻസൂർ അൽ ഹല്ലാജ്(റ)യെയും അദ്ദേഹത്തിന്റെ കവിതകളെയും വചനങ്ങളെയും ഇസ്ലാമിക ആത്മീയതയുടെ വെളിച്ചത്തിൽ പ്രമാണബദ്ധമായി വ്യാഖ്യാനിച്ചു എന്നത് ചരിത്രപരമായ പ്രാധാന്യമർഹിക്കുന്നു. സ്വൂഫിസത്തെ അപഹസിക്കാനും ഇസ് ലാമിന് പുറത്താക്കാനും വ്യ​ഗ്രതപ്പെടുന്നവർ ഹല്ലാജ് മൻസൂർ(റ) യുടെ അനൽ ഹഖ് പരാമർശമാണ് സാധാരണ ഉദ്ധരിക്കാറ്. അദ്ദേഹത്തിന്റെ കൃതികളുടെ വികലമായ ചില പരിഭാഷകൾ നോക്കി ഹല്ലാജ് മൻസൂർ(റ) യുടെ ചിന്തകളിലും ആശയങ്ങളിലും ഇത്തിഹാദും ഹുലൂലുമുണ്ടെന്ന് വാദിക്കുന്നവരെയും ഈ ​ഗണത്തിൽ നമുക്ക് കാണാം. എന്നാൽ അദ്ദേഹത്തിന്റെ ചിന്തകളെയും ആശയങ്ങളെയും ഇസ് ലാമിക ആത്മീയതയുടെ യഥാർത്ഥ മാനദണ്ഡങ്ങൾ വെച്ച് പരിശോധിക്കാനുള്ള ശ്രമങ്ങൾ പലകാലങ്ങളിൽ ഇസ് ലാമിക വിജ്ഞാനചരിത്രത്തിൽ നടന്നിട്ടുണ്ട്. ഈ മേഖലയിൽ നടന്ന ഒരു ​ഗവേഷണപഠനഭാ​ഗമാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. ഹുസൈൻ ബിൻ മൻസൂർ അൽ ഹല്ലാജ് (റ) യുടെ ആത്മീയ വരികളുടെയും അവയ്ക്ക് സഫർ അഹ്മദ് ഉസ്മാനി (റ) നൽകിയ വിശദീകരണങ്ങളുടെയും സ്വതന്ത്രവും ആശയാനുസൃതവുമായ പരിഭാഷ താഴെ നൽകുന്നു:

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ.
ഇലാഹി മാർഗ്ഗത്തിൽ ചുവടുവെക്കുന്ന ഒരു സാലിക് (ത്വരീഖത്തിലെ സഞ്ചാരി) നേരിടുന്ന ആദ്യ അനുഭവങ്ങൾ പ്രണയത്തിന്റെ ആകുലതകളും ഹൃദയത്തിന്റെ പ്രയാസങ്ങളുമാണ്.
മൻസൂർ ഹല്ലാജ്(റ) പാടുന്നു:
وَمَا وَجَدْتُ لِقَلْبِي رَاحَةً أَبَدًا … وَكَيْفَ ذَاكَ وَقَدْ هُيِّئْتُ لِلْكَدَرِ
لَقَدْ رَكِبْتُ عَلَى التَّغْرِيرِ وَاعَجَبًا … مِمَّنْ يُرِيدُ النَّجَا فِي المَسْلَكِ الخَطَرِ
“എന്റെ ഹൃദയത്തിന് ഞാൻ സമാധാനം കണ്ടെത്തിയിട്ടില്ല;
ദുഃഖങ്ങൾക്കും പ്രയാസങ്ങൾക്കുമായി മാത്രം സൃഷ്ടിക്കപ്പെട്ടവന്
എങ്ങനെ ശാന്തത ലഭിക്കും!
അപകടം നിറഞ്ഞ വഴിയിൽ പ്രവേശിച്ച് രക്ഷപ്പെടാൻ ആഗ്രഹിച്ച വഞ്ചകന്റെ വാഹകനായി ഞാൻ മാറി.
ഇലാഹി പ്രണയത്തിന്റെ മധുരവും അനുഭൂതിയും സാധാരണ ലൗകിക സുഖങ്ങളെക്കാൾ എത്രയോ വലുതാണ്. ആത്മീയ പാതയിൽ സഞ്ചരിക്കുമ്പോൾ ചില ഉയർന്ന പദവിയുള്ള മഹാന്മാർ പ്രയാസകരമായ അവസ്ഥകളെ എളുപ്പത്തിൽ തരണം ചെയ്യുന്നത് കണ്ട് അതേപടി അനുകരിക്കാൻ തുനിയുന്നവർ പ്രതിസന്ധികളിൽ പെട്ടുപോയേക്കാം. ആത്മീയ പ്രണയം ആരംഭത്തിൽ എളുപ്പമെന്ന് തോന്നുമെങ്കിലും അതിന്റെ അനുഭവങ്ങൾ അത്യന്തം ഗൗരവമേറിയതാണ്.
كَأَنَّنِي بَيْنَ أَمْوَاجٍ تُقَلِّبُنِي … مُقَلَّبًا بَيْنَ إِصْعَادٍ وَمُنْحَدَرِ
الحُزْنُ فِي مُهْجَتِي وَالنَّارُ فِي كَبِدِي … وَالدَّمْعُ يَشْهَدُ لِي فَاسْتَشْهِدِ البَصَرِي
“പ്രണയാവസ്ഥയിൽ എന്റെ അവസ്ഥ ഇങ്ങനെയാണെന്ന് അവർ പറയുന്നു:
അതായത്, തിരമാലകൾക്കിടയിൽപ്പെട്ടൊരാളെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും മറിയുന്ന അവസ്ഥയിലാണ് ഞാൻ.
എന്റെ ഉള്ളിൽ ദുഃഖവും നെഞ്ചിൽ പ്രണയത്തിന്റെ തീയുമുണ്ട്. എന്റെ കണ്ണീർ എനിക്ക് സാക്ഷിയാണ്,
അതിനാൽ എൻ്റെ അവസ്ഥയ്ക്ക് നിൻ്റെ കാഴ്ചയെത്തന്നെ സാക്ഷിയാക്കുക..”

എന്റെ ഹൃദയത്തിൽ എനിക്ക് ഒരിക്കലും ആശ്വാസം ലഭിച്ചിട്ടില്ല, കാരണം ഒരു കാമുകനും (ആത്മീയ പ്രേമിക്കും) ഒരിക്കലും ശാന്തത ലഭിക്കുകയില്ല. പ്രയാസങ്ങൾക്കും ദുഃഖങ്ങൾക്കുമായി മാത്രമാണ് ഞാൻ തയ്യാറാക്കപ്പെട്ടിട്ടുള്ളത് എന്നിരിക്കെ എനിക്ക് എങ്ങനെ ആശ്വാസം ലഭിക്കും?
അത്ഭുതകരമായ കാര്യം, അപകടകരമായ വഴിയിൽ രക്ഷപ്പെടാൻ ആഗ്രഹിച്ച ഒരു വഞ്ചകന്റെ വാഹകനായി ഞാൻ മാറി എന്നതാണ്.
ഈ വരികളിൽ തന്റെ ആത്മീയാവസ്ഥകൾ മറച്ചുവെക്കാൻ സാധിക്കാതെ അപകടത്തിൽ പെട്ടുപോയ തന്റെ നിസ്സഹായതയെയാണ് അദ്ദേഹം ആവിഷ്കരിക്കുന്നത്. ഈ(സ്വൂഫി) പാതയിൽ ഉള്ള ചില ആളുകൾ അവരുടെ പ്രത്യേക കഴിവുകൾ (ഇസ്തിഅ്ദാദ്) കാരണം അപകടകരമായ ഘട്ടങ്ങളിൽ എത്തിയിട്ടും സുരക്ഷിതരായിരിക്കുന്നത് ഞാൻ കണ്ടു. ഞാനും അതുപോലെ സുരക്ഷിതനായിരിക്കും എന്ന് കരുതി അതിൽ പ്രവേശിച്ചു, എന്നാൽ എന്റെ ശേഷി വേറെയായതിനാൽ ഞാൻ മുസീബത്തിൽ പെട്ടുപോയി.
ഹാഫിസ് ഷീറാസി(റ) യുടെയും മറ്റു സ്വൂഫികളുടെയും വരികൾ സൂചിപ്പിക്കുന്നതുപോലെ “തുടക്കത്തിൽ പ്രണയം എളുപ്പമായി തോന്നി, എന്നാൽ പിന്നീട് പ്രയാസങ്ങൾ വന്നുചേർന്നു”.

അദ്ദേഹം വീണ്ടും പറഞ്ഞു:
النَّفْسُ بِالشَّيْءِ المُمَنَّعِ مُولَعَةٌ … وَالحَادِثَاتُ أُصُولُهَا مُتَفَرِّعَةٌ
وَالنَّفْسُ لِلشَّيْءِ بَعِيدٍ مُدِيدَةٌ … وَالنَّفْسُ لِلشَّيْءِ القَرِيبِ مُضَيِّعَةٌ
“നഫ്സ് (മനസ്സ്) തടയപ്പെട്ട വസ്തുവിനോട് ആഗ്രഹമുള്ളതാണ്.
അനുഭവങ്ങൾക്കും സംഭവങ്ങൾക്കും ശാഖോപശാഖകളായ മൂലകാരണങ്ങളുണ്ട്.
നഫ്സ് വിദൂരമായതിലേക്ക് കൊതിയോടെ കരങ്ങൾ നീട്ടുന്നു,
എന്നാൽ അടുത്തുള്ളതിനെ അവഗണിക്കുകയും പാഴാക്കിക്കളയുകയും ചെയ്യുന്നു.”

ഇതിൽ മനസ്സിന്റെ (നഫ്സിന്റെ) സ്വാഭാവികമായ സവിശേഷതയാണ് പറയുന്നത്. വിരോധിക്കപ്പെട്ട കാര്യങ്ങളിലേക്ക് നഫ്സിന് വലിയ ആഗ്രഹമായിരിക്കും (“മനുഷ്യൻ തടയപ്പെട്ടതിനോട് ആർത്തിയുള്ളവനാണ്” എന്ന് പറയാറുള്ളതുപോലെ). പ്രതിസന്ധികളുടെ പരമ്പരകൾക്ക് അവസാനമില്ല. അതിനാൽ ദുരാഗ്രഹം ഒഴിവാക്കണം.
കൈവശമുള്ള കാര്യങ്ങൾക്ക് വില കൽപ്പിക്കാതെ, അകലെയുള്ള കാര്യങ്ങൾക്കായി ആഗ്രഹിച്ചു കഷ്ടപ്പാടുകളിലും ദുരന്തങ്ങളിലും ചെന്നു ചാടുന്നത് മനസ്സിന്റെ സ്വഭാവമാണ്.
എല്ലാവരും സ്വാഭാവികമായും നന്മ കൈവരിക്കാനും പ്രയാസങ്ങൾ തടയാനും ശ്രമിക്കുന്നു. എന്നാൽ എല്ലാ തന്ത്രങ്ങളും വിജയിക്കണമെന്നില്ല. അതിനാൽ അമിതമായ ആഗ്രഹങ്ങൾ അരുത്. (അല്ലാഹു തആലാ പറഞ്ഞതുപോലെ: “മനുഷ്യൻ ആഗ്രഹിക്കുന്നതെല്ലാം അവന് ലഭിക്കണമെന്നില്ല”).
ഹല്ലാജ് മൻസൂർ(റ) വീണ്ടും പറഞ്ഞു:
كُلٌّ يُحَاوِلُ حِيلَةً يَرْجُو بِهَا … دَفْعَ المَضَرَّةِ وَاجْتِلَابَ المَنْفَعَةِ
كُلُّ بَلَاءٍ عَلَيَّ مِنْي … فَلَيْتَنِي قَدْ أُخِذْتُ عَنِّي
أَرَدْتَ مِنِّي اخْتِبَارَ سِرِّي … وَقَدْ عَلِمْتَ المُرَادَ مِنِّي
وَلَيْسَ لِي فِي سِوَاكَ حَظٌّ … فَكَيْفَمَا شِئْتَ فَاخْتَبِرْنِي
“ഓരോരുത്തരും തങ്ങൾക്ക് വരുന്ന ഉപദ്രവങ്ങളെ തടയുവാനും ഉപകാരങ്ങളെ നേടിയെടുക്കുവാനും ഉപായങ്ങൾ തേടിക്കൊണ്ടിരിക്കുന്നു.
എനിക്ക് ബാധിച്ച എല്ലാ പരീക്ഷണങ്ങളും പ്രയാസങ്ങളും എന്നിൽ നിന്ന് തന്നെയാണ് (എന്റെ സ്വാർത്ഥതയിൽ നിന്നാണ്); അതിനാൽ ഞാൻ എന്നിൽ നിന്ന് തന്നെ ഇല്ലാതാക്കപ്പെട്ടിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു. എൻ്റെ ഉള്ളിലെ രഹസ്യത്തെ പരീക്ഷിക്കാനാണ് നീ ഉദ്ദേശിച്ചത്, എന്നാൽ എന്നിൽ നിന്നുള്ള ഉദ്ദേശ്യവും ലക്ഷ്യവും നീ മുൻപേ അറിയുന്നവനുമാണ്. നീ അല്ലാത്ത മറ്റൊന്നിലും എനിക്ക് യാതൊരു വിഹിതവും ആഗ്രഹവുമില്ല; അതിനാൽ നീ എപ്രകാരമാണോ ഉദ്ദേശിക്കുന്നത്, അപ്രകാരം എന്നെ പരീക്ഷിച്ചുകൊള്ളുക.”
തനിക്ക് ഭവിച്ച എല്ലാ പ്രയാസങ്ങളും തന്റെ സ്വന്തം തിരഞ്ഞെടുപ്പ് മൂലമാണ് എന്നാണ് ഈ വരികളിൽ പറയുന്നത്. എന്റെ ആഗ്രഹങ്ങളിൽ നിന്ന് എന്നെ പൂർണ്ണമായും ഒഴിവാക്കി, ഇലാഹിയായ ആകർഷണം (ജദ്ബ്) വഴി എന്നെ നയിച്ചിരുന്നെങ്കിൽ-എന്നിൽ നിന്ന് തന്നെ എന്നെ ഇല്ലാതാക്കപ്പെട്ടിരുന്നെങ്കിൽ- എന്ന് ഞാൻ ആശിക്കുന്നു. എന്റെ അല്ലാഹുവേ, എന്റെ ആന്തരികാവസ്ഥയെ പരീക്ഷിക്കാനാണ് നീ ആഗ്രഹിക്കുന്നത്; നിന്നെയല്ലാതെ മറ്റാരെയും എനിക്ക് ആവശ്യമില്ല, അതിനാൽ നീ ആഗ്രഹിക്കുന്നതുപോലെ എന്നെ പരീക്ഷിച്ചുകൊള്ളുക.”
ഇത് അഹങ്കാരമല്ല, പ്രണയാർദ്രതയോടെ അത്രമേൽ ആവേശത്തോടെ പറയുന്നതാണ്.
അദ്ദേഹം തന്റെ കാവ്യത്തിൽ വീണ്ടും പറയുന്നു:
مَوَاجِدُ أَهْلِ الحَقِّ تَصْدُقُ عَنْ وَجْدِي … وَأَسْرَارُ أَهْلِ السِّرِّ مَكْشُوفَةٌ عِنْدِي
اللهُ أَعْلَمُ مَا فِي النَّفْسِ جَارِحَةٌ … إِلَّا وَذِكْرُكَ فِيهَا نَيْلُ مَا فِيهَا
“സത്യവാന്മാരായ സ്വൂഫികളുടെ ആത്മീയ അനുഭവങ്ങൾ
എന്റെ അനുഭവങ്ങളിലൂടെ സത്യമാണെന്ന് തെളിയുന്നു;
രഹസ്യങ്ങളുടെ ആളുകളുടെ രഹസ്യങ്ങൾ എനിക്ക് വ്യക്തമാണ്.
അല്ലാഹുവിന് നന്നായറിയാം; എന്റെ ശരീരത്തിലോ മനസ്സിനുള്ളിലോ ഒരു അവയവം പോലുമില്ല, നിന്റെ സ്മരണ (ദിക്ർ) അതിൽ നിറഞ്ഞുനിൽക്കുകയും അതിലൂടെ അതിന് ലഭിക്കേണ്ട പരമമായ ലക്ഷ്യം കൈവരിക്കുകയും ചെയ്തിട്ടല്ലാതെ…”

സത്യത്തിന്റെ ആളുകളുടെ ആത്മീയ അവസ്ഥകൾ എന്റെ സ്വന്തം ആത്മീയ അനുഭവങ്ങളിലൂടെ എനിക്ക് വ്യക്തമാകുന്നുണ്ട്. ഒരുപോലെ ഉള്ളവ തമ്മിൽ തിരിച്ചറിയാൻ എളുപ്പമാണ്. പൂർണ്ണതയുള്ള സ്വൂഫി മഹത്തുക്കളുടെ അനുഭവങ്ങളെ തള്ളിക്കളയരുത് എന്നാണ് ഇവിടെ അർത്ഥമാക്കുന്നത്.

وَلَا تَنَفَّسْتُ إِلَّا كُنْتَ فِي نَفَسِي … تَجْرِي بِكَ الرُّوحُ مِنِّي فِي مَجَارِيهَا
إِنْ كَانَتِ العَيْنُ مُذْ فَارَقْتَهَا نَظَرَتْ … إِلَى سِوَاكَ فَقَدْ خَانَتْهَا مَاقِيهَا
أَوْ كَانَتِ النَّفْسُ بَعْدَ البُعْدِ أَلْفَتْهُ … خَلْقًا عَدَاكَ فَلَا نَالَتْ أَمَانِيهَا
ഞാൻ ശ്വാസമെടുക്കുമ്പോഴൊക്കെയും എൻ്റെ ഓരോ ശ്വാസത്തിലും നീയല്ലാതെ മറ്റാരുമില്ല; എൻ്റെ ആത്മാവ് അതിൻ്റെ സഞ്ചാരപഥങ്ങളിലൊക്കെയും നിന്നെയും വഹിച്ചുകൊണ്ടാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്.
നിൻ്റെ വേർപാടിനു ശേഷം എൻ്റെ കണ്ണുകൾ നീയല്ലാത്ത മറ്റാരെയെങ്കിലും
നോക്കിയിട്ടുണ്ടെങ്കിൽ, ആ കണ്ണുകളുടെ കോണുകൾ അതിനോട്
വഞ്ചനയാണ്, അവിശ്വാസമാണ് കാണിച്ചത്.
ഈ അകൽച്ചയ്ക്ക് ശേഷം എൻ്റെ മനസ്സ് നീയല്ലാത്ത ഏതെങ്കിലും
ഒരു സൃഷ്ടിയുമായി ഇണങ്ങിയിട്ടുണ്ടെങ്കിൽ,
ആ മനസ്സ് അതിന്റെ യാതൊരു ആഗ്രഹങ്ങളും സാക്ഷാത്കരിക്കാതിരിക്കട്ടെ.”

എന്റെ ശരീരത്തിലെ ഓരോ അവയവത്തിലും നിന്റെ ഓർമ്മ നിറഞ്ഞിരിക്കുന്നു. നിന്റെ ഓർമ്മയില്ലാതെ ഒരു ശ്വാസം പോലും പുറത്തുപോകുന്നില്ല.
നീ വേർപിരിഞ്ഞതിനു ശേഷം എന്റെ കണ്ണുകൾ മറ്റാരെയെങ്കിലും ആഗ്രഹത്തോടെ നോക്കുകയോ മനസ്സ് മറ്റൊന്നിൽ ആശ്വാസം കണ്ടെത്തുകയോ ചെയ്തിട്ടില്ല. അല്ലാഹു അല്ലാത്തതിനെ പൂർണ്ണമായി മറക്കുന്നതിനെയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. അവന്റെ മാത്രം ചിന്തയിൽ ലയിക്കുന്ന അവസ്ഥ. ഇത് അഹങ്കാരമല്ല, മറിച്ച് ഇലാഹി പ്രണയത്തിൽ താനില്ലാതായിത്തീരുന്ന (ഫനാ) ഒരു സാഫല്യത്തിൽ നിന്നുള്ള ആവേശത്താൽ ഉച്ചരിക്കപ്പെടുന്ന വചനങ്ങളാണ്. അല്ലാഹു അല്ലാത്തതിനെ (മാസിവല്ലാഹ്) പൂർണ്ണമായി മറന്നുകൊണ്ട്, തന്റെ മുഴുവൻ അവയവങ്ങളും ശ്വാസവും ഇലാഹി സ്മരണയിൽ (ദിക്ർ) മുഴുകിയിരിക്കുന്നു എന്ന് കവി ചൂണ്ടിക്കാണിക്കുന്നു.
മറ്റൊരു സന്ദർഭത്തിൽ കാവ്യത്തോടൊപ്പം അദ്ദേഹം പറഞ്ഞ വാക്യവും ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു;
അദ്ദേഹം (പ്രാർത്ഥനയിൽ) പറഞ്ഞു:
“അല്ലാഹുവേ! നിന്നെ ഉപദ്രവിക്കുന്നവനോട് (നിഷേധിയോട്) പോലും
നീ സ്നേഹവും ഔദാര്യവും കാണിക്കുന്നുവല്ലോ,
എന്നാൽ നിന്റെ മാർഗ്ഗത്തിൽ ഉപദ്രവിക്കപ്പെടുന്നവനോട്
നീ എങ്ങനെ സ്നേഹം കാണിക്കാതിരിക്കും?”

ഹല്ലാജ് മൻസൂർ(റ) യുടെ പ്രാർത്ഥനയും കവിത:
نَظَرِي بَدْءُ عِلَّتِي وَدَمِي … قَلْبِي وَمَا جَنَى
يَا مُعِين الضَّنَى عَلَيَّ إِعَلِي … عَلَى الضَّنَى
എൻ്റെ(അന്യമായതിലേക്കുള്ള) നോട്ടമാണ് എൻ്റെ രോഗത്തിന്റെ (പാപത്തിന്റെ) തുടക്കം;
എൻ്റെ ഹൃദയവും അത് ചെയ്തുകൂട്ടിയ കുറ്റങ്ങളുമാണ് എൻ്റെ നാശത്തിന് കാരണം.
ഓ! (പ്രണയത്തിന്റെ) പ്രയാസങ്ങളെയും ക്ഷീണത്തെയും എന്നെ കീഴടക്കാൻ സഹായിച്ചവനേ (എൻ്റെ നാഥാ!),
ഇനി ഈ പ്രയാസങ്ങൾക്കും ക്ഷീണങ്ങൾക്കും മീതെ എന്നെ വിജയത്തോടെ ഉയർത്തേണമേ!
അദ്ദേഹം പ്രാർത്ഥിച്ചതായി നിവേദനം ചെയ്യപ്പെടുന്നു:
“അല്ലാഹുവേ! നിന്നെ നിഷേധിക്കുന്നവരോട് (കാഫിറുകളോട്) പോലും നീ ദയ കാണിക്കുന്നു,
നിന്റെ മാർഗ്ഗത്തിൽ ഉപദ്രവിക്കപ്പെടുന്നവരോട് നീ എങ്ങനെ ദയ കാണിക്കാതിരിക്കും?”
മൻസൂർ ഹല്ലാജ് (റ) തന്റെ പ്രാർത്ഥനയിൽ അർത്ഥിക്കുന്നത് എന്താണ്? അല്ലാഹുവേ, നീ നിന്നോട് നിഷേധം പ്രകടമാക്കുകയും ദ്രോഹം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യുന്നവരോട് (കുഫ്രും ശിർക്കും ചെയ്യുന്നവരോട്) പോലും സ്നേഹത്തോടെ പെരുമാറുന്നു. അത്തരം സ്നേഹപ്രകടനം എന്തെന്നാൽ, അവരുടെ പരലോക നന്മയ്ക്കായി നീ പ്രവാചകന്മാരെ അയക്കുന്നു (പിന്നീട് ആ ജനത സ്വയം വഴിപിഴച്ചാൽ അത് അവരുടെ കുറ്റം). കൂടാതെ അവരുടെ ഐഹിക നന്മയ്ക്കായി നീ അവർക്ക് ഭക്ഷണവും ആരോഗ്യവും ആശ്വാസവും നൽകുന്നു. നിന്റെ മഹത്വം ഇതായിരിക്കെ, നിന്റെ സ്നേഹത്തിന്റെ പാതയിൽ ഉപദ്രവിക്കപ്പെടുന്നവരോട് നീ എങ്ങനെ സ്നേഹത്തോടെ പെരുമാറാതിരിക്കും?! (അതായത് നിന്റെ സ്നേഹത്തിന്റെ പേരിൽ ആളുകൾ അവനെ പീഡിപ്പിക്കുമ്പോൾ അല്ലാഹു അവനെ കൈവിടില്ല).
ഈ തത്ത്വത്തെക്കുറിച്ച് ഒരു കവി പാടിയതുപോലെ:
“ശത്രുക്കളോട് പോലും ദയ കാണിക്കുന്ന നീ, നിന്റെ സ്നേഹിതരെ ഒരിക്കലും നിരാശരാക്കില്ല.”
ഈ പ്രാർത്ഥനയ്ക്ക് ശേഷം അദ്ദേഹം മേൽപ്പറഞ്ഞ വരികൾ ചൊല്ലി.
തന്റെ തെറ്റുകൾ ഏറ്റുപറയുകയും അല്ലാഹു അല്ലാത്തതിലേക്ക് ശ്രദ്ധ പോയതിനെ രോഗമായി കാണുകയും ചെയ്യുന്ന പ്രാർത്ഥനയാണിത്. അതായത്, അല്ലാഹു അല്ലാത്തവയിലേക്ക് ഹൃദയം തിരിക്കുന്നത് ഹൃദയത്തിന്റെ രോഗത്തിന് കാരണമാകുന്നു. ഇവിടെ അദ്ദേഹം സ്വന്തം തെറ്റുകളെയും അപരാധങ്ങളെയും ഏറ്റുപറയുകയാണ്. അല്ലാഹുവിന്റെ പാതയിലുള്ളവർ സ്വന്തം വീഴ്ചകളെ തിരിച്ചറിഞ്ഞ് മടങ്ങുന്നവരാണ്. തുടർന്ന് അദ്ദേഹം രോഗശമനത്തിനായി പ്രാർത്ഥിക്കുന്നു:
“പ്രയാസങ്ങളെ എന്റെ മേൽ ശക്തമാക്കിയ പരിശുദ്ധനായ നാഥാ, ഇപ്പോൾ ഈ പ്രയാസങ്ങളെ അതിജീവിക്കാൻ എന്നെ നീ സഹായിക്കേണമേ.”
ഇതിന്റെ ആശയം പ്രാർത്ഥനയുമായി ബന്ധപ്പെട്ടിരിക്കുന്നു; അതായത് എനിക്ക് അനുഭവപ്പെടുന്ന പ്രയാസങ്ങൾ എന്റെ തന്നെ കർമ്മങ്ങളുടെ ഫലമാണ്. അതിനാൽ അത് ഏറ്റുപറയുകയും പൊറുക്കലിനെ തേടുകയും ചെയ്യുന്നു. ആത്മീയ പാതയിലുള്ളവർ സാധാരണക്കാരെക്കാൾ വേറിട്ടുനിൽക്കുന്നത് ഇത് കൊണ്ടാണ്; അല്ലാഹു അല്ലാത്തവയിലേക്കുള്ള ചെറിയൊരു ആന്തരിക ശ്രദ്ധ പോലും അവർ വൻപാപമായി കണക്കാക്കുന്നു.

തടവറയിൽ ശിബ്‌ലി(റ) യുമായുള്ള കൂടിക്കാഴ്ച

ഹസ്രത്ത് അബൂബക്കർ ശിബ്‌ലി (റ) തടവറയിൽ ഇബ്‌നു മൻസൂർ അൽ-ഹല്ലാജ് (റ) യെ സന്ദർശിക്കാൻ ചെന്നതായി നിവേദനം ചെയ്യപ്പെടുന്നു. അവിടെ ഹല്ലാജ് (റ) നിലത്ത് മണ്ണിൽ വിരൽ കൊണ്ട് വരച്ചിരിക്കുന്നത് അദ്ദേഹം കണ്ടു. ഹസ്രത്ത് ശിബ്‌ലി (റ) അദ്ദേഹത്തിന്റെ മുന്നിൽ കുറേ സമയം കാത്തിരുന്നു. ഒടുവിൽ ഹല്ലാജ് (റ) ആകാശത്തേക്ക് നോക്കി ഇപ്രകാരം പ്രാർത്ഥിച്ചു:
എന്റെ അല്ലാഹുവേ! ഓരോ സത്യത്തിനും (ഹഖ്) അതിന്റേതായ ഒരു യാഥാർത്ഥ്യമുണ്ട് (ഹഖീഖത്ത്). ഓരോ സൃഷ്ടിക്കും (അല്ലെങ്കിൽ ഓരോ വ്യക്തിക്കും) അതിന്റേതായ ഒരു വഴിയുണ്ട് (ത്വരീഖത്ത്). ഓരോ കരാറിനും അതിന്റേതായ ഉറപ്പുമുണ്ട് (വഥീഖത്ത്).”
അതിനുശേഷം ഹല്ലാജ്(റ) ചോദിച്ചു:
“ഓ ശിബ്‌ലി! ഏതൊരു വ്യക്തിയെയാണോ അവന്റെ റബ്ബ് (നാഥൻ) അവന്റെ സ്വന്തം നഫ്സിൽ (സ്വാർത്ഥത) നിന്നും പിടിച്ചെടുത്ത് അവനെ അല്ലാഹുവിന്റെ സാമീപ്യത്തിന്റെ വിരിപ്പിലേക്ക് (പ്രണയത്തിലേക്ക്) എത്തിച്ചത്, അവനെക്കുറിച്ച് താങ്കൾക്ക് എന്താണ് തോന്നുന്നത്?”
ഹസ്രത്ത് ശിബ്‌ലി (റ) ചോദിച്ചു:
“അത് എപ്രകാരമാണ് സംഭവിക്കുന്നത്?”
ഹല്ലാജ് (റ) മറുപടി നൽകി:
“അല്ലാഹു അവനെ അവന്റെ സ്വന്തം ‘നഫ്സി’ൽ നിന്നും മോചിപ്പിക്കുകയും തുടർന്ന് അവന്റെ ഹൃദയത്തിലേക്ക് (ഖൽബ്) തിരിച്ചയക്കുകയും ചെയ്യുന്നു. അതിനാൽ അവൻ സ്വന്തം സ്വാർത്ഥതയിൽ നിന്ന് മുക്തനും ഹൃദയത്തിന്റെ ആത്മീയതയിലേക്ക് മടക്കപ്പെട്ടവനുമാണ്. അവന്റെ സ്വാർത്ഥതയിൽ നിന്ന് അവനെ വേർപെടുത്തുന്നത് (അവന്റെ മനസ്സിന്) ഒരു ശിക്ഷയാണെങ്കിലും, അവനെ ഹൃദയത്തിലേക്ക് മടക്കുന്നത് ഇലാഹി സാമീപ്യം (തഖ്‌റുബ്) നൽകലാണ്. അതിനാൽ, തന്റെ നാഥന് അടിയറവ് പറഞ്ഞ നഫ്സിന് മംഗളം! അങ്ങനെയുള്ള നഫ്സുകളുടെ ഹൃദയങ്ങളിൽ സത്യത്തിന്റെ ആത്മീയ സൂര്യനുകൾ ഉദിച്ചുയരുക തന്നെ ചെയ്യും.”
(ബാഹ്യമായ കർമ്മങ്ങൾ സാധാരണ ജനങ്ങൾക്കറിയാവുന്ന പാതയാണെങ്കിൽ, ഇഖ്‌ലാസും തികഞ്ഞ ആത്മീയ സമർപ്പണവും അടങ്ങുന്ന ആന്തരികമായ ചില ആത്മീയ വഴികളുണ്ട്. ഒരാളെ അല്ലാഹു അവന്റെ നഫ്സിന്റെ പിടിയിൽ നിന്ന് മോചിപ്പിച്ച് ഖൽബിന്റെ അഥവാ ഹഖിന്റെ താത്പര്യത്തിലേക്ക് ഏൽപ്പിക്കുമ്പോൾ, അവൻ ദിവ്യസാമീപ്യത്തിന്റെ കേന്ദ്രത്തിലെത്തുന്നു.)
ഇത് ആ ശിക്ഷയ്ക്കുള്ള പ്രതിഫലമാണ്, അല്ലാഹു തആലാ അരുളിയതുപോലെ:
“നമ്മുടെ മാർഗ്ഗത്തിൽ ജിഹാദ് (ത്യാ​ഗപൂർണ്ണമായ പരിശ്രമങ്ങൾ) ചെയ്തവരാരോ, അവരെ നാം നമ്മുടെ വഴികളിലേക്ക് നയിക്കുക തന്നെ ചെയ്യും.”
അല്ലാഹു തആലാ വീണ്ടും പറയുന്നു:
“ജനങ്ങളിൽ ചിലരുണ്ട്, അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ട് സ്വന്തം ജീവനെത്തന്നെ ത്യജിക്കുന്നവർ.”
അല്ലാഹു തആലാ പറയുന്നു:
“തീർച്ചയായും സത്യവിശ്വാസികളിൽ നിന്ന് അല്ലാഹു അവരുടെ ജീവനെയും സ്വത്തിനെയും സ്വർഗ്ഗം പകരം നൽകി വിലയ്ക്കു വാങ്ങിയിരിക്കുന്നു…”
അതിനുശേഷം അദ്ദേഹം താഴെ പറയുന്ന വരികൾ ചൊല്ലി:
طَلَعَتْ شَمْسُ مَنْ أُحِبُّ لَيْلًا … فَاسْتَضَاءَتْ فَمَا لَهَا مِنْ غُرُوبِ
إِنَّ شَمْسَ النَّهَارِ تَطْلُعُ بِاللَّيْلِ … وَشَمْسَ القُلُوبِ لَيْسَ تَغِيبُ
“ഞാൻ സ്നേഹിക്കുന്ന എൻ്റെ പ്രേമഭാജനത്തിന്റെ (അല്ലാഹുവിന്റെ)
സൂര്യൻ രാത്രിയിൽ ഉദിച്ചുയർന്നു; അത് പ്രകാശം ചൊരിഞ്ഞു, ഇനി അതിനൊരു അസ്തമയമില്ല.
പകലിന്റെ സൂര്യൻ അസ്തമിക്കുകയും രാത്രിയിൽ മറയുകയും ചെയ്യുന്നു;
എന്നാൽ ഹൃദയങ്ങളിലെ സൂര്യൻ (ആത്മീയ പ്രകാശം) ഒരിക്കലും അസ്തമിക്കുന്നില്ല.”

ദിവ്യസാമീപ്യത്തേക്കാൾ ശ്രേഷ്ഠമായ ഏത് സ്വർഗ്ഗമാണുള്ളത്? മറിച്ച്, സ്വർഗ്ഗം സ്വർഗ്ഗമായി മാറുന്നത് തന്നെ ഈ സാമീപ്യം കൊണ്ടാണ്. (തുടർന്ന് സ്വന്തത്തെ റബ്ബിന് സമർപ്പിക്കുന്ന നഫ്സിനെ അദ്ദേഹം പ്രശംസിക്കുന്നു). അദ്ദേഹം പറയുന്നു:
“തന്റെ യജമാനനെ (റബ്ബിനെ) അനുസരിക്കുന്ന നഫ്സിന് മംഗളങ്ങൾ! യാഥാർത്ഥ്യത്തിന്റെ സൂര്യൻ ഇത്തരം നഫ്സുകളുടെ ഹൃദയങ്ങളിൽ ഉദിച്ചുയരുന്നു.” (ഇവിടെ ഹൃദയങ്ങളുടെ ഉടമകളെയാണ് ഉദ്ദേശിക്കുന്നത്, അല്ലാഹുവിന്റെ ഈ വചനം പോലെ: “അന്ന് ചില ഹൃദയങ്ങൾ ഭയന്നുവിറയ്ക്കുന്നവയായിരിക്കും, അവരുടെ കണ്ണുകൾ കീഴ്‌പെട്ടവയായിരിക്കും”).
തുടർന്ന് ഈ കവിതകൾ ചൊല്ലി:
“ഓ മറയ്ക്കപ്പെട്ടവനേ (മഹ്ജൂബ്), എന്നെ സ്നേഹിക്കുന്നവന്റെ
സൂര്യൻ രാത്രിയിലും ഉദിച്ചുനിൽക്കുന്നു, അത് ഒരിക്കലും അസ്തമിക്കുന്നില്ല.”

പകലിന്റെ സൂര്യൻ രാത്രിയാകുമ്പോൾ അസ്തമിക്കുന്നു, എന്നാൽ ഹൃദയങ്ങളുടെ സൂര്യൻ ഒരിക്കലും മറയുന്നില്ല. എന്റെ ശക്തമായ ഊഹം ഇതാണ്: സായാഹ്നത്തിൽ അസ്തമിക്കുന്നത് ഭൗതിക സൂര്യനാണ്, എന്നാൽ ഹൃദയങ്ങളുടെ സൂര്യൻ അപ്രത്യക്ഷമാകുന്നില്ല. അല്ലാഹു തആലാ പറഞ്ഞതുപോലെ:
“മരിച്ചവനായിരുന്ന ഒരുവന് നാം ജീവൻ നൽകുകയും, ജനങ്ങൾക്കിടയിൽ നടക്കാനായി ഒരു പ്രകാശം നൽകുകയും ചെയ്തതുപോലെ…” ഈ പ്രകാശം ചില സമയങ്ങളിലേക്ക് മാത്രം പരിമിതപ്പെട്ടതല്ലെന്ന് വ്യക്തമാണ്.

ഫാത്തിമ നൈസാപൂരിയും മൻസൂർ ഹല്ലാജുമായുള്ള കൂടിക്കാഴ്ചകൾ:

ഹസ്രത്ത് ഷിബ്‌ലി (റ) (തന്റെ ബന്ധുവായ) ഫാത്തിമ നൈസാപൂരി(റ) യെ ഹല്ലാജ്(റ) യുടെ അരികിലേക്ക് അയച്ചതായി ഉദ്ധരിക്കപ്പെടുന്നു (ഇവർ വലിയൊരു ബുദ്ധിമതിയായ സ്ത്രീയായിരുന്നു, ദുന്നൂൻ അൽ-മിസ്രി (റ) ഇവരെ തങ്ങളുടെ ശൈഖ് എന്ന് വിളിച്ചിരുന്നു, അബൂ യസീദുൽ ബിസ്താമി (റ) ഇവരെ ഏറെ പുകഴ്ത്തിയിരുന്നു). ആ സമയത്ത് ഹല്ലാജ് (റ) യുടെ കൈ മുറിക്കപ്പെട്ടിട്ടുണ്ടായിരുന്നു.

ഹസ്രത്ത് ശിബ്‌ലി (റ) ഫാത്തിമ (റ) യോട് ഇപ്രകാരം പറഞ്ഞു:
“താങ്കൾ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് പറയണം:
“അല്ലാഹു തആലാ തന്റെ രഹസ്യങ്ങളിൽ ചിലത് നിങ്ങളെ വിശ്വസിച്ചേൽപ്പിച്ചു, പക്ഷേ നിങ്ങൾ അത് വെളിപ്പെടുത്തിക്കളഞ്ഞു. അതിനാൽ അവൻ ഇരുമ്പിന്റെ (വാളിന്റെ) മൂർച്ച നിങ്ങൾക്ക് രുചിപ്പിച്ചു.
അഥവാ അവന്റെ അതിരുകൾ ലംഘിക്കപ്പെട്ടപ്പോൾ അവൻ നിങ്ങൾക്ക് ശിക്ഷ നൽകി.”

ആ രഹസ്യം തൗഹീദിന്റെയും ഫനാഇന്റെയും രഹസ്യമായിരുന്നു, അദ്ദേഹത്തിന് അത് നിയന്ത്രിക്കാൻ കഴിഞ്ഞില്ല, ‘അനൽ ഹഖ്’ എന്ന വാക്ക് പുറത്തുവന്നു, അതിന്റെ ശിക്ഷയായി കൈ മുറിക്കപ്പെട്ടു. ഇത് വധശിക്ഷയ്ക്ക് മുൻപുള്ള സംഭവമാണ്. ​ഗുപ്തജ്ഞാനം സൂക്ഷിക്കുക എന്ന ആചാരം ലംഘിക്കുന്നത് പരലോകത്ത് ശിക്ഷാർഹമല്ലെങ്കിലും, ദുനിയാവിൽ അതിന് ശിക്ഷ ലഭിച്ചേക്കാം. ദുനിയാവിലെ ശിക്ഷകളിൽ പെട്ടതാണ് ആത്മീയ അവസ്ഥകൾ നഷ്ടപ്പെടുക എന്നത്. ശിബ്‌ലി (റ) തുടർന്നു പറഞ്ഞു:
“അദ്ദേഹം മറുപടി നൽകുകയാണെങ്കിൽ ആ മറുപടി ഓർത്തു വെക്കുക. തുടർന്ന് തസ്വവ്വുഫ് എന്താണെന്ന് അദ്ദേഹത്തോട് ചോദിക്കുക.”
അവർ അദ്ദേഹത്തിന്റെ അടുത്തെത്തിയപ്പോൾ, അവർ ചോദ്യം ചോദിക്കുന്നതിന് മുൻപ് തന്നെ (കശ്ഫ് വഴി കാര്യമറിഞ്ഞ്) ഹല്ലാജ്(റ) കവിത ചൊല്ലാൻ തുടങ്ങി:
لَمَّا غَلَبَ الصَّبْرُ
وَمَا أَحْسَنَ فِي مِثْلِكَ أَنْ يَنْتَهِكَ السِّتْرُ
وَإِنْ عَنَّفَنِي النَّاسُ … فَفِي وَجْهِكَ لِي عُذْرُ
كَأَنَّ البَدْرَ مُحْتَاجٌ … إِلَى وَجْهِكَ يَا بَدْرُ
“സഹനം പരാജയപ്പെടുമ്പോൾ
നിന്നെപ്പോലെയൊരു പ്രിയതമന്റെ കാര്യത്തിൽ മറനീക്കപ്പെടുന്നത് (പ്രണയം വെളിപ്പെടുന്നത്) എത്ര മനോഹരമാണ്!
ആളുകൾ എന്നെ എത്രതന്നെ കുറ്റപ്പെടുത്തിയാലും അധിക്ഷേപിച്ചാലും,
നിന്റെ വജ്ഹ് എനിക്ക് ഉത്തമമായ ന്യായമാണ്.
പൂർണ്ണചന്ദ്രൻ പോലും പ്രകാശത്തിനായി നിന്റെ വജ്ഹിലേക്ക് ആശ്രയിയാണ് എന്നതുപോലെ!”
ഈ കവിത ഹുസൈൻ ബിൻ അൽ-ദഹ്ഹാഖ് അൽ-ഖലീഅ് അൽ-ബാഹിലി(റ) യുടേതാണ്. എങ്കിലും ഇബ്നു മൻസൂർ ഹല്ലാജ്(റ) തന്റെ അവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് ഇത് ചൊല്ലിയത്.
അതിനുശേഷം ഫാത്തിമ(റ) യോട് അദ്ദേഹം പറഞ്ഞു:
“താങ്കൾ അബൂബക്കർ ശിബ്‌ലി(റ) യുടെ അടുക്കൽ തിരിച്ചുപോയി പറയുക:
“ഓ ശിബ്‌ലി, അല്ലാഹുവാണെ സത്യം! ഞാൻ അവന്റെ യാതൊരു രഹസ്യവും പരസ്യമാക്കിയിട്ടില്ല.”
ഈ മറുപടിയുടെ ഉദ്ദേശ്യം ചരിത്രകാരന്മാർ പല നിലയിൽ വ്യാഖ്യാനിച്ചിട്ടുണ്ട്. അതിൽ ഒരു വ്യാഖ്യാനം, താൻ ആ രഹസ്യം പരസ്യമാക്കിയിട്ടില്ല എന്നത്രെ. കൈ വെട്ടുന്നതിനും വധശിക്ഷയ്ക്കും കാരണമായ വാക്കുകൾ (അനൽ ഹഖ് പോലുള്ളവ) അദ്ദേഹത്തിന്റെ പേരിൽ ആരോപിക്കപ്പെട്ടതാണ്. അവ തെറ്റായി അദ്ദേഹത്തിലേക്ക് ചേർക്കപ്പെട്ടതാണ്; അല്ലെങ്കിൽ അദ്ദേഹം വ്യതിചലിച്ചവനല്ല, മറിച്ച് സാങ്കേതികമായ അർത്ഥത്തിൽ മനസ്സിലാക്കപ്പെടേണ്ടവനാണ്. രണ്ടാമത്തെ വ്യാഖ്യാനം രഹസ്യം വെളിപ്പെടുത്തിയത് ഞാനല്ല, മറിച്ച് പ്രിയതമനായ അല്ലാഹു തന്നെയാണ് എന്ന അർത്ഥത്തിലാണ് ഇത്. മൂസാ നബി (അ) യോട് മൂസാ മരത്തിൽ നിന്ന് “അനല്ലാഹ്” (ഞാൻ അല്ലാഹുവാകുന്നു) എന്ന് അല്ലാഹു സംസാരിച്ചതുപോലെ. പ്രവാചക വചനങ്ങളിൽ (ഹദീസുകളിൽ) വന്നിട്ടുള്ളതുപോലെ.
عَنْ عَلِيٍّ قَالَ: مَا كُنَّا نَبْعُدُ أَنَّ السَّكِينَةَ تَنْطِقُ عَلَى لِسَانِ عُمَ
“ഉമർ (റ) വിന്റെ നാവിൽ ശാന്തതയും ഇലാഹി പ്രകാശവും സംസാരിക്കുന്നു എന്ന് കരുതുന്നതിൽ ഞങ്ങൾ വിദൂരത്തായിരുന്നില്ല” എന്ന അലി(റ) വിന്റെ വചനം പോലെ. മൗലാനാ റൂമി (റ) തന്റെ മസ്നവിയിൽ ഹസ്രത്ത് ബായസീദ് ബിസ്താമി (റ) യുടെ “സുബ്ഹാനി” (ഞാൻ അത്രമേൽ പരിശുദ്ധനാണ്) എന്ന വാക്കിനെ വ്യാഖ്യാനിച്ചതും ഇതേ അർത്ഥത്തിലാണ്.
ഒരു മലക്ക് (മാലാഖ) അല്ലെങ്കിൽ ജിന്ന് ഒരു മനുഷ്യനിൽ പ്രവേശിക്കുമ്പോൾ, ആ മനുഷ്യന്റെ വ്യക്തിത്വം മറയുകയും ജിന്നിന്റെ സ്വഭാവം പ്രകടമാകുകയും ചെയ്യുന്നു. അവൻ സംസാരിക്കുന്നത് സ്വന്തം നാവിലൂടെയാണെങ്കിലും, അത് യഥാർത്ഥത്തിൽ സംസാരിക്കുന്നത് ആ ജിന്നാണ്. ഒരു ജിന്നിന് ഒരു മനുഷ്യനിൽ ഇത്രയും വലിയ സ്വാധീനം ചെലുത്താൻ കഴിയുമെങ്കിൽ, പ്രപഞ്ചത്തിന്റെ നാഥനായ അല്ലാഹുവിന് അവന്റെ അടിമയിൽ അത്തരം ആത്മീയ അവസ്ഥ (ഫനാ) ഉണ്ടാക്കാൻ കഴിയില്ലേ?!
ഇനി മൂന്നാമത്തെ വ്യാഖ്യാനം നോക്കാം: ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിന്റെ തൗഹീദീ വിശദീകരണമാണ് അഥവാ ദാത്തിന്റെ മർത്തബയിലെ തൗഹീദി(സ്വയം നിലനിൽക്കുന്നവനും മറ്റുള്ളവയെ നിലനിർത്തുന്നവനും അല്ലാഹുവാണെന്ന അർത്ഥത്തിൽ) വിശദീകരണമാണ് താൻ നൽകിയത്. അത് സാധാരണക്കാരായ ആളുകൾക്ക് മനസ്സിലാകാതെ പോയതും, വിവരമില്ലാത്തവർ അതിനെ തെറ്റായി വ്യാഖ്യാനിച്ചതുമാണ്. നാലാമത്തെ വ്യാഖ്യാനം അല്ലാഹുവിന്റെ യാഥാർത്ഥ്യങ്ങൾ ഹഖാണ് എന്ന യാഥാർത്ഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഹല്ലാജ്(റ) യുടെ വാക്ക് എന്നാണ്. പരിശുദ്ധ ഖുർആനിൽ വന്നിട്ടുള്ളതുപോലെ: وَالْوَزْنُ يَوْمَئِذٍ الْحَقُّ
ഇനി മറ്റൊരു മനോഹരമായ വ്യാഖ്യാനം ഇങ്ങനെയാണ്:
ഒരു വ്യക്തി വെള്ളത്തിൽ മുങ്ങിത്താഴുമ്പോൾ, അവന്റെ എല്ലാ ചലനങ്ങളും വെള്ളത്തിന്റേതായി മാറുന്നു. അവൻ വെള്ളത്തിൽ കൈകാലുകൾ അടിക്കുമ്പോൾ അത് അവന്റെ സ്വന്തം ശക്തികൊണ്ടല്ല, വെള്ളത്തിന്റെ ഒഴുക്കിലാണ്. ഇതേപോലെയാണ് ഇബ്നു മൻസൂർ ഹല്ലാജ്(റ) യുടെ “അനൽ ഹഖ്” എന്ന വാക്കും. അത് അഹങ്കാരത്തോടെ(ഞാൻ ഉണ്ടെന്ന ബോധത്തോടെ) പറഞ്ഞതല്ല, മറിച്ച് അല്ലാഹുവിന്റെ ദിവ്യസ്നേഹത്തിൽ പൂർണ്ണമായി ലയിച്ച് (ഞാൻ എന്നതിന്റെ സമ്പൂർണ്ണമായ നിർമൂലനാവസ്ഥയിൽ അഥവാ ഫനാ ആയി) സ്വന്തം വ്യക്തിത്വം മറന്ന് വിനയത്തോടെ പറഞ്ഞതാണ്.


ആത്മീയ ലയനം (ഇസ്തിഗ്റാഖ്) എന്നാൽ താൻ ഇടയിലില്ലാതിരിക്കലാണ്. വെള്ളത്തിൽ മുങ്ങിപ്പോയ ഒരുവൻ കൈകാലുകൾ അടിക്കുകയോ ‘ഞാൻ മുങ്ങിപ്പോകുന്നേ’ എന്ന് നിലവിളിക്കുകയോ ചെയ്താൽ അതിനെ പൂർണ്ണ ലയനം എന്ന് വിളിക്കില്ല. എന്നാൽ മൻസൂർ ഹല്ലാജ്(റ) ‘അനൽ ഹഖ്’ എന്ന് പറഞ്ഞത് ഈ അർത്ഥത്തിലല്ല. ആളുകൾ വിചാരിക്കുന്നത് ‘അനൽ അബ്ദ്’ (ഞാൻ ദാസനാണ്) എന്ന് പറയുന്നതാണ് വലിയ കാര്യമെന്നാണ്(അവിടെ ഒരു ഞാൻ ശേഷിക്കുന്നുണ്ട്). എന്നാൽ ‘അനൽ ഹഖ്’ എന്ന് പറയുന്നത് അത്യുന്നതമായ വിനയമാണ്(അഹംബോധം ഒട്ടുമില്ലാത്ത അവസ്ഥയാണ്).”
“ഞാൻ അല്ലാഹുവിന്റെ അടിയമയാണെന്ന്” പറയുമ്പോൾ, അവൻ രണ്ട് നിലനിൽപ്പുകളെ (സ്വന്തം നിലനിൽപ്പും അല്ലാഹുവിന്റെ നിലനിൽപ്പും) സ്ഥിരപ്പെടുത്തുകയാണ് ചെയ്യുന്നത്. എന്നാൽ “അനൽ ഹഖ്” എന്ന് പറയുമ്പോൾ, അവൻ സ്വന്തം നിലനിൽപ്പിനെ ഇല്ലാതാക്കുകയാണ് (ഫനാ ആക്കുകയാണ്, സ്വന്തം ഹഖീഖത്തിനെ തിരിച്ചറിയുകയാണ്) ചെയ്യുന്നത്. അതായത് “ഞാനില്ല, അല്ലാഹു മാത്രമേയുള്ളൂ; എന്നിൽ ഉള്ളത് അല്ലാഹുവിനെക്കൊണ്ടുള്ളതാണ്. എന്റേതായി മറ്റൊന്നുമില്ല” എന്ന അത്യന്തം വിനയപൂർണ്ണമായ അവസ്ഥയാണത്. സുൽത്താൻ ബഹാഉദ്ദീൻ(റ) യുടെ വചനങ്ങളിലും ഇപ്രകാരം വന്നിട്ടുണ്ട്. കൂടാതെ ഹസ്രത്ത് ഖ്വാജ ബദ്റുദ്ദീൻ (റ) പ്രസ്താവിക്കുന്നു: “അനൽ ഹഖ്” എന്നതിന്റെ അർത്ഥം “ഞാൻ അല്ലാഹുവാകുന്നു” എന്നല്ല, മറിച്ച് “എന്റെ നിലനിൽപ്പ് പൂർണ്ണമായും ഇല്ലാതായിരിക്കുന്നു, ഹഖ് (അല്ലാഹു) മാത്രമാണ് ബാക്കിയുള്ളത്” എന്നാണ്. (മക്തൂബാത്ത് മജ്ദൂദിയ്യ, ഭാഗം 2).

ശിബ് ലി(റ) ഹല്ലാജ്(റ) യുടെ അടുത്തേക്കയച്ച ഫാത്തിമ(റ) ശേഷം ചോദിച്ചു:
‘തസ്വവ്വുഫ് എന്നാൽ എന്താണ്?’
അദ്ദേഹം പ്രത്യുത്തരം ചെയ്തു:
“ഞാൻ ഇപ്പോൾ ഏത് അവസ്ഥയിലാണോ ഉള്ളത് അതാണ് തസ്വവ്വുഫ്. അല്ലാഹുവാണെ സത്യം! സന്തോഷത്തിലും പരീക്ഷണത്തിലും ഞാൻ ഒരൊറ്റ നിമിഷം പോലും വ്യത്യാസം കണ്ടിട്ടില്ല.”
ഫാത്തിമ (റ) ഷിബ്‌ലിയുടെ (റ) അടുത്തെത്തി കാര്യങ്ങൾ വിവരിച്ചു. അപ്പോൾ ഷിബ്‌ലി (റ) ആളുകളോട് പറഞ്ഞു: “ജനങ്ങളേ! അദ്ദേഹത്തിന്റെ ആദ്യ മറുപടി നിങ്ങൾക്കുള്ളതാണ് (കാരണം നിങ്ങൾക്ക് അത്രയേ മനസ്സിലാകൂ), രണ്ടാമത്തെ മറുപടി എനിക്കുള്ളതാണ് (കാരണം സന്തോഷവും പ്രയാസവും ഒന്നായി കാണുന്ന അവസ്ഥയുടെ യാഥാർത്ഥ്യം എനിക്ക് മനസ്സിലാകും).
മൻസൂർ ഹല്ലാജ്(റ) യുടെ കൈകാലുകൾ മുറിക്കപ്പെട്ടപ്പോൾ അദ്ദേഹം ഉറക്കെ ഇപ്രകാരം കവിത ചൊല്ലിയതായി നിവേദനം ചെയ്യപ്പെടുന്നു:
وَحُرْمَةِ الودَّ الَّذِي لَمْ يَكُنْ … يَطْمَعُ فِي إِفْسَادِهِ الدَّهْرُ
مَا نَالَني عِنْدَ هُجُومِ البَلَاءِ … بَأْسٌ وَلَا مَسَّنِيَ الضُّرُّ
مَا تُقْطَعُ العَضْوُ وَلَا مَفْصِلٌ … إلَّا وَفِيهِ لَكُمُ ذِكْرُ
وَلَكِنْ هَذَا سِرُّكَ لِلْأَسْرَارِ حِصْنًا لَا يُرَامُ؛ إِضَاعَتُهُ بِالسِّرِّ نَفْشِيهِ اللَّئَامُ
“കാലത്തിന്റെ മാറ്റങ്ങൾക്കും അനുഭവങ്ങൾക്കും തകർക്കാൻ കഴിയാത്ത ആ ആത്മാർത്ഥമായ സ്നേഹത്തെത്തന്നെ സത്യം ചെയ്തു ഞാൻ പറയുന്നു! (അതായത്, സമയത്തിന്റെ പ്രയാസങ്ങൾക്കൊന്നും ആ സ്നേഹത്തെ ഇല്ലാതാക്കാൻ കഴിയില്ല)
പ്രയാസങ്ങളും പരീക്ഷണങ്ങളും എന്നിലേക്ക് ഇരച്ചുകയറി വന്നപ്പോഴും എനിക്ക് യാതൊരു ഭയമോ ക്ഷീണമോ തോന്നിയില്ല; ഒരു പ്രയാസവും എന്നെ സ്പർശിച്ചിട്ടുമില്ല.
എൻ്റെ ഓരോ അവയവങ്ങളും സന്ധികളും വെട്ടിമാറ്റപ്പെടുമ്പോഴും, ആ വേദനക്കിടയിലും അതിലൊക്കെ നിന്റെ സ്മരണ (ദിക്ർ) മാത്രമാണ് നിറഞ്ഞുനിൽക്കുന്നത്.
എന്നാൽ ഇത് നിന്റെ ആത്മീയ രഹസ്യമാണ്, ആർക്കും തകർക്കാനാവാത്ത ശക്തമായ ഒരു കോട്ടയാണത്. നീചന്മാരായ ആളുകളിലേക്ക് ഈ രഹസ്യം വെളിപ്പെടുത്തി പാഴാക്കാൻ പാടുള്ളതല്ല.”
ചില സ്വൂഫികൾ ഹല്ലാജ്(റ) യുടെ അവസ്ഥയെ താഴെ പറയുന്ന പേർഷ്യൻ കവിതയുമായി ഉപമിച്ചിരിക്കുന്നു:
“പ്രണയത്തിന്റെ കടൽ തരംഗങ്ങൾ സൃഷ്ടിക്കുമ്പോൾ, എന്റെ തലയും ശരീരവും അല്ലാഹുവിന്റെ കാഴ്ചയിൽ സമർപ്പിക്കപ്പെടുന്നു…”
ഒരു സിംഹം കൂട് തകർത്തു പുറത്തുവരുമ്പോൾ, അതിനെ തടഞ്ഞുനിർത്താൻ ആർക്കും കഴിയില്ല. അതുപോലെയാണ് ദിവ്യസ്നേഹത്താൽ ഉന്മാദത്തിലായ ഒരു സ്വൂഫിയുടെ അവസ്ഥ; അദ്ദേഹത്തിന്റെ ഉള്ളിലെ രഹസ്യങ്ങൾ അടക്കിനിർത്താൻ അദ്ദേഹത്തിന് സാധിക്കാതെ വരുന്നു. അപക്വമായ മനസ്സുകൾക്ക് ഈ കാര്യങ്ങൾ ഗ്രഹിക്കാൻ പ്രയാസമാണ്, അതിനാൽ വിവരമില്ലാത്തവരോട് ഇത്തരം സങ്കീർണ്ണമായ വിഷയങ്ങൾ സംസാരിക്കാതെ സംസാരം ചുരുക്കുകയാണ് ഉചിതം.

ഇബ്നു മൻസൂർ ഹല്ലാജ്(റ) യെ പോലെയുള്ള ഒരു സ്വൂഫിക്ക് പ്രപഞ്ചയാഥാർത്ഥ്യത്തിൽ അലിയുമ്പോൾ അങ്ങനെ പറയാൻ അവകാശമുണ്ടെങ്കിൽ, നമ്മുടെ ശൈഖ് അബ്ദുൽ ഹഖ് റുദോൽവി (റ) ക്കും അങ്ങനെ പറയാൻ അവകാശമുണ്ടായിരുന്നു.
“സമുദ്രത്തിലെ ഒരു തുള്ളി വെള്ളത്തിന് താൻ സമുദ്രമാണെന്ന് പറയാൻ കഴിഞ്ഞേക്കാം, എന്നാൽ ആ തുള്ളി കാരണം സമുദ്രം ഇല്ലാതായിപ്പോകുന്നില്ല.”

سُبْحَانَ مَنْ أَظْهَرَ نَاسُوتُهُ … سِرَّ سَنَا لَاهُوتِهِ الثَّاقِبِ
ثُمَّ بَدَا فِي خَلْقِهِ ظَاهِرًا … فِي صُورَةِ الآكِلِ وَالشَّارِبِ
حَتَّى لَقَدْ عَايَنَهُ خَلْقُهُ … كَلَمْظَةِ الحَاجِبِ بِاللَّعِبِ
“തന്റെ നൂറാനിയ്യായ പ്രകാശത്തിന്റെ (ലാഹൂത്) ഉജ്ജ്വലമായ രഹസ്യങ്ങളെ മനുഷ്യനിൽ (നാസൂത്) വെളിപ്പെടുത്തിയ അല്ലാഹു എത്ര പരിശുദ്ധൻ!”
അല്ലാഹുവിന്റെ വുജൂദ് (ലാഹൂത്) സൃഷ്ടികളുടെ (നാസൂത്) രൂപത്തിലേക്ക് പ്രകടമായി (സർവ്വ സൃഷ്ടികൾക്കും വുജൂദ് നൽകി പ്രകടമാക്കി) എങ്കിലും, അത് ലയനമോ (ഹുലൂൽ) ദൈവികത്വവും മനുഷ്യത്വവും ഒന്നാകലൊ (ഇത്തിഹാദ്) അല്ല.
“പിന്നെ അവൻ തന്റെ സൃഷ്ടികളിൽ ഭക്ഷി(പ്പി)ക്കുകയും കുടി(പ്പി)ക്കുകയും ചെയ്യുന്ന രൂപത്തിൽ പ്രത്യക്ഷപ്പെട്ടു.”
അല്ലാഹു നേരിട്ട് ഭക്ഷണവും പാനീയവും കഴിക്കുന്നു എന്നല്ല ഇതിനർത്ഥം; മറിച്ച് അവന്റെ ഇലാഹിയായ പ്രകാശവും സൃഷ്ടിപ്പിന്റെ മഹത്വവും സൃഷ്ടികളുടെ ജീവിതരീതിയിലൂടെ പ്രകടമാകുന്നു എന്നാണ്. കണ്ണാടിയിൽ സൂര്യന്റെ പ്രകാശം പതിക്കുമ്പോൾ സൂര്യൻ കണ്ണാടിക്കുള്ളിൽ പ്രവേശിക്കുന്നില്ല, പകരം അതിന്റെ പ്രകാശം പ്രതിഫലിക്കുക മാത്രം ചെയ്യുന്നു. ഒരു പേർഷ്യൻ കവിതയിൽ പറഞ്ഞതു പോലെ
“ചിലപ്പോൾ ലൈലയുടെ വസ്ത്രത്തിലും,
ചിലപ്പോൾ മജ്നൂനിന്റെ രൂപത്തിലും അവൻ വെളിപ്പെട്ടു.” ‌
ഹദീസുകളിൽ വന്നിട്ടുള്ളതുപോലെ, അല്ലാഹുവിന്റെ അറിവും വെളിച്ചവും സൃഷ്ടികളിലേക്ക് എത്തുന്നതുപോലെ തന്നെയാണ് “ഭക്ഷണവും പാനീയവും കഴിക്കുന്നവന്റെ രൂപത്തിൽ പ്രകടമായി” എന്നതിന്റെ ആശയം.(“അല്ലയോ ആദമിന്റെ മകനേ! ഞാൻ രോഗിയായിരുന്നു, എന്നാൽ നീ എന്നെ സന്ദർശിച്ചില്ല” എന്ന് തുടങ്ങുന്ന സ്വഹീഹ് മുസ് ലിമിലെ വിഖ്യാതമായ ഹദീസാണ് ഇവിടെ വിവക്ഷ)
“ഏതെന്നാൽ, അവന്റെ സൃഷ്ടികൾ കണ്പോളകൾ ഇമവെട്ടുന്ന ഒരു മിന്നൽ നിമിഷത്തിൽ അവനെ (അവന്റെ അടയാളങ്ങളെ) നേരിട്ട് കണ്ടു.”
അല്ലാഹുവിനെ കണ്ണുകൾ കൊണ്ട് നേരിട്ട് കാണാൻ സാധിക്കില്ലെങ്കിലും, അവന്റെ സൃഷ്ടികളുടെയും ആത്മീയ വെളിച്ചത്തിന്റെയും അവിശ്വസനീയമായ പ്രകടനം കണ്പോളകൾ ചിമ്മുന്നത്ര വേഗത്തിൽ മനസ്സിൽ അനുഭവപ്പെടും.
ഒരു പേർഷ്യൻ കവിതയിൽ ഇപ്രകാരമുണ്ട്:
“വാക്കുകൾ പൂക്കളിൽ ഒളിച്ചിരിക്കുന്നത് കാണാം, കവിതകൾ പാടുന്നവന്റെ നാവിൽ നിന്നും(പൂക്കൾ) പുറത്തുവരുന്നതുപോലെ…”

ഹിജ്‌റ 309 ദുൽഖഅ്ദ് മാസത്തിൽ ആറു ദിവസങ്ങൾ ബാക്കിനിൽക്കെ ചൊവ്വാഴ്ച പ്രഭാതമായപ്പോൾ, അദ്ദേഹത്തെ (ഹല്ലാജിനെ) വധശിക്ഷയ്ക്കായി പുറത്തിറക്കപ്പെട്ടു. അപ്പോൾ അദ്ദേഹം തന്റെ കാൽച്ചങ്ങലകളിൽ അഭിമാനത്തോടെ (സന്തോഷത്തോടെ) നടക്കുകയും ഈ വരികൾ ചെല്ലുകയും ചെയ്യുന്നുണ്ടായിരുന്നു:
نَدِيمِي غَيْرُ مَنْسُوبٍ … إِلَى شَيْءٍ مِنَ الحَيْفِ
سَقَانِي مِثْلَ مَا يَشْرَبُ … كَفِعْلِ الضَّيْفِ بِالضَّيْفِ
فَلَمَّا دَارَتِ الكَأْسُ … دَعَا بِالنَّطْعِ وَالسَّيْفِ
كَذَا مَنْ يَشْرَبُ الرَّاحَ … مَعَ التِّنِّينِ فِي الصَّيْفِ
“എന്റെ കൂട്ടുകാരൻ (പ്രിയപ്പെട്ടവൻ/സ്രഷ്ടാവ്) യാതൊരുവിധ അക്രമത്തിലേക്കോ അനീതിയിലേക്കോ ചേർത്തുപറയപ്പെടാൻ പാടില്ലാത്തവനാണ്.
അവൻ പാനം ചെയ്യുന്നത് എന്താണോ (പ്രണയത്തിന്റെ ദിവ്യചഷകം), ഒരു ആതിഥേയൻ ഒപ്പം ഇരുത്തി സൽക്കരിക്കുന്നതുപോലെ അവൻ എന്നെയും ഒപ്പമിരുത്തി എനിക്കും അത് പാനം ചെയ്യാൻ തന്നു.
പ്രണയത്തിന്റെ ആ പാനപാത്രം ഞങ്ങളുടെ ഇടയിൽ കറങ്ങി പൂർത്തിയായപ്പോൾ, അവൻ (രക്തം ചിന്താനുള്ള) വധശിക്ഷയുടെ വിരിപ്പും വാളും കൊണ്ടുവരാൻ കൽപ്പിച്ചു.
കടും വേനൽക്കാലത്ത് കൂറ്റൻ വ്യാളിയോടൊപ്പം ഇരുന്ന് മദ്യം കഴിക്കുന്നവന്റെ അവസ്ഥ ഇങ്ങനെയല്ലാതെ മറ്റെന്താകാനാണ്!” (അതായത് അല്ലാഹുവിന്റെ പ്രണയമെന്ന അത്യന്തം അപകടകരവും ശക്തിയേറിയതുമായ അവസ്ഥയിൽ കഴിയുന്നവൻ മരണത്തെ അഭിമുഖീകരിക്കാൻ തയ്യാറാകണം).

എൻ്റെ കൂട്ടുകാരനായ നാഥനിൽ അനീതിയുടെ ചെറിയൊരു കണിക പോലും ചേർത്തുവെക്കാൻ കഴിയില്ല. അവൻ എനിക്ക് കുടിക്കാൻ തന്നത് സ്നേഹത്തിന്റെ ദിവ്യചഷകമാണ്, ഒരു ആതിഥേയൻ തന്റെ വിശിഷ്ട അതിഥിയെ ഒപ്പം ഇരുത്തി സൽക്കരിക്കുന്നതുപോലെ അവൻ എന്നെയും അവന്റെ കൂടെ സൽക്കാരത്തിൽ പങ്കാളിയാക്കി. എന്നാൽ, സന്തോഷത്തിന്റെ ആ പാനപാത്രം കറങ്ങിത്തുടങ്ങിയപ്പോൾ, ആ മദ്യലഹരിയിൽ എന്നിൽ നിന്നും അനുയോജ്യമല്ലാത്ത സംസാരങ്ങൾ പുറത്തുവന്നപ്പോൾ, അവൻ തുകൽവിരിപ്പും വാളും കൊണ്ടുവരാൻ കൽപ്പിച്ച് എന്നെ വധശിക്ഷയ്ക്ക് വിധിച്ചു. കാരണം, ആതിഥേയനായ അല്ലാഹു അനുഗ്രഹങ്ങൾ ചൊരിയുമ്പോഴും അച്ചടക്കവും അദബും പാലിക്കാത്തത് ഒരു കുറ്റമാണ്. അവന്റെ ആതിഥ്യമര്യാദ അവൻ പൂർണ്ണമായി പാലിച്ചു. വേനൽക്കാലത്ത് കാറ്റും ചൂടും കൊടുമ്പിരികൊള്ളുമ്പോൾ കഠിനമായ വീഞ്ഞു കുടിച്ചവന്റെ അവസ്ഥ ഇപ്രകാരം തന്നെയാണ്. ചൂടിന്റെ ശക്തിയും വീഞ്ഞിന്റെ ലഹരിയും ചേരുമ്പോൾ പ്രഭാവം ഇരട്ടിയാകുന്നു. വേനൽക്കാലത്തെ പാനീയങ്ങൾ അതുകൊണ്ടാണ് കൂടുതൽ വേഗത്തിൽ ബാധിക്കുന്നത്.
ഇവിടെ ‘നദീം’ (കൂട്ടുകാരൻ) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ശൈഖുമാരിൽ പെട്ട ആരെങ്കിലുമാണെന്ന് ചിലർ വ്യാഖ്യാനിക്കുന്നുണ്ട്. ഹസ്രത്ത് ജുനൈദുൽ ബഗ്ദാദി (റ) യെപ്പോലുള്ള ശൈഖുമാർ ഹല്ലാജ്(റ) യുടെ അവസ്ഥ അനിയന്ത്രിതമായപ്പോൾ അദ്ദേഹത്തിൽ നിന്ന് അകലുകയും, ഇത്തരം വാക്കുകൾ പുറത്തുവന്നതിൽ അമർഷം പ്രകടിപ്പിക്കുകയും ചെയ്തത് ഇതിലേക്ക് വിരൽചൂണ്ടുന്നു. അതിനാൽ അദ്ദേഹത്തിന് ശൈഖുമാരുടെ പൊരുത്തക്കേട് നേരിടേണ്ടി വന്നു. വധശിക്ഷയുടെ വിധിന്യായം പുറപ്പെടുവിച്ച വലിയ പണ്ഡിതന്മാർ ഹല്ലാജിന്റെ ഉള്ളിലെ ആത്മീയ അപാരതയെക്കുറിച്ചും അവസ്ഥകളെക്കുറിച്ചും അറിവുള്ളവരായിരുന്നു. എങ്കിലും ഇസ്‌ലാമിക നിയമങ്ങളുടെയും ശരീഅത്തിന്റെ വിധികൾ നിലനിർത്തുന്നതിന്റെയും ഭാഗമായി, സമൂഹത്തിൽ കുഴപ്പങ്ങൾ ഉണ്ടാകാതിരിക്കാൻ അവരതിന് സമ്മതിക്കുകയാണുണ്ടായത്. ഹല്ലാജ് (റ) തന്റെ വരികളിൽ സൂചിപ്പിക്കുന്നത്, ശരീഅത്തിന്റെ ഈ വിധിയോട് തനിക്ക് യാതൊരു പരാതിയുമില്ലെന്നാണ്, കാരണം ഇത് നിയമപരമായ അനിവാര്യതയായിരുന്നു. രണ്ടാമത്തെ വരിയിൽ ‘സഖാനി’ (എന്നെ കുടിപ്പിച്ചു) എന്ന് പറഞ്ഞത്, ആത്മീയ ആനന്ദവും ഉന്മാദവും തനിക്ക് നൽകിയ ആ അവസ്ഥയെക്കുറിച്ചാണ്. (ശ്രദ്ധിക്കുക: ഹസ്രത്ത് ജുനൈദുൽ ബഗ്ദാദി (റ) ആ സമയത്ത് ജീവിച്ചിരിപ്പുണ്ടായിരുന്നു).
ഹല്ലാജ്(റ) തന്റെ നാഥന്റെ അനുഗ്രഹങ്ങളിൽ നിന്നും അനുഭൂതി നേടുകയായിരുന്നതിനാൽ, അതിനെ ഒരു സൽക്കാരത്തോട് ഉപമിച്ചതാണ്. മൂന്നാമത്തെ വരിയിലെ ‘ഫലമ്മാ ദാറത്’ (പാനപാത്രം ചുറ്റി സഞ്ചരിച്ചപ്പോൾ) എന്നത് വധശിക്ഷയുടെ വാളും തുകൽവിരിപ്പും കൊണ്ടുവരാൻ കാരണമായ ആത്മീയ അവസ്ഥയെ സൂചിപ്പിക്കുന്നു. നാലാമത്തെ വരിയിലെ ‘കദാ മൻ യഷ്‌റബു’ (ഇപ്രകാരം മദ്യം കുടിക്കുന്നവൻ) എന്നതിൽ, ബാഹ്യമായ അവസ്ഥയിൽ നിന്നു മാറി ആന്തരികമായ ആത്മീയ ലഹരിയും ഉന്മാദവും നിറഞ്ഞ അവസ്ഥയിലേക്ക് എത്തുമ്പോൾ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചാണ് വിവരിക്കുന്നത്. വേനൽക്കാലത്തെ ചൂടും വീഞ്ഞിന്റെ കാഠിന്യവും ചേരുമ്പോഴുണ്ടാകുന്ന പ്രഭാവം പോലെയാണ് ഈ അവസ്ഥയും. കാര്യങ്ങളുടെ യഥാർത്ഥ രഹസ്യങ്ങൾ അല്ലാഹുവിന് നന്നായറിയാം.
ഹുസൈൻ ബിൻ മൻസൂർ(റ) യെ വധശിക്ഷയ്ക്കായി പുറത്തിറക്കിയപ്പോൾ അദ്ദേഹം ചൊല്ലിയ വരികൾ ഖാളി അബുൽ അലാഅ് നിവേദനം ചെയ്യുന്നു:
طَلَبْتُ المُسْتَقَرَّ بِكُلِّ أَرْضٍ … فَلَمْ أَرَ لِي بِأَرْضٍ مُسْتَقَرَّا
أَطَعْتُ مَطَاعِيَ فَاسْتَعْبَدَنِي … وَلَوْ أَنِّي قَنِعْتُ لَكُنْتُ حُرَّا
“ഞാൻ എല്ലാ നാട്ടിലും എനിക്ക് സ്ഥിരമായി നിൽക്കാൻ ഒരിടം തിരഞ്ഞു,
എന്നാൽ ഒരു സ്ഥലത്തും എനിക്കൊരു അഭയകേന്ദ്രം കണ്ടെത്താനായില്ല.”
എൻ്റെ തന്നെ ഇച്ഛകളെയും മനസ്സിലെ ആഗ്രഹങ്ങളെയും ഞാൻ അനുസരിച്ചു,
അത് എന്നെ അതിൻ്റെ അടിയമയാക്കി മാറ്റി;
എന്നാൽ ഞാൻ കുറഞ്ഞതിൽ തൃപ്തിപ്പെട്ടിരുന്നെങ്കിൽ (ഖനാഅത്ത്) സ്വതന്ത്രനായി ജീവിക്കുമായിരുന്നു!.”
ഇത് അദ്ദേഹം സ്വന്തം കുറവുകൾ അംഗീകരിക്കുന്നതിനും സ്വന്തം എളിമയും നിസ്സഹായതയും വെളിപ്പെടുത്തുന്നതിനുമുള്ള ഒരു പ്രസ്താവനയാണ്. അതായത്: “എന്റെ വാക്കുകളും പ്രവൃത്തികളും അത്രയധികം ആക്ഷേപാർഹമായിരുന്നു, എനിക്ക് ഒരിടത്തും അഭയം ലഭിച്ചില്ല. ഇതിന് കാരണം എന്റെ മനസ്സിന്റെ മോഹങ്ങളെ പിന്തുടർന്നതാണ്; ഇല്ലായിരുന്നെങ്കിൽ ആരും എന്നെ ഉപദ്രവിക്കില്ലായിരുന്നു, ഞാൻ സ്വതന്ത്രനായിരുന്നേനെ. തന്റെ സ്വന്തം പോരായ്മകളെ ഏറ്റുപറയലും കുറ്റസമ്മതവുമാണിത്. അതായത്, എന്റെ വാക്കുകളും അവസ്ഥകളും കാരണം എനിക്ക് എവിടെയും അഭയസ്ഥാനം ലഭിച്ചില്ല. എന്റെ മനോവികാരങ്ങളെ അനുസരിച്ചതു കാരണം ആളുകൾ എന്നെ ആക്രമിക്കുകയും ശിക്ഷിക്കുകയും ചെയ്തു. തൃപ്തിയും ക്ഷമയും കൈക്കൊണ്ടിരുന്നെങ്കിൽ എനിക്ക് സ്വാതന്ത്ര്യം ലഭിക്കുമായിരുന്നു. ഈ ഏറ്റുപറച്ചിലിലൂടെ അല്ലാഹു തന്റെ അവസ്ഥയിൽ പ്രീതിപ്പെടും എന്ന് അദ്ദേഹം പ്രത്യാശിക്കുന്നു.

ഇതിന് മുകളിൽ ഘാതകരെ ന്യായീകരിക്കുകയും, ഈ വരികളിൽ തന്നെത്തന്നെ കുറ്റപ്പെടുത്തുകയും ചെയ്തതിനാൽ, അദ്ദേഹത്തിന്റെ തൗബ (പശ്ചാത്താപം) സ്വീകരിക്കപ്പെടുകയും അതിന് പ്രതിഫലം ലഭിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം. ഇവിടെയൊരു സംശയം ഉയർന്നുവരാം: “അദ്ദേഹം ഹസ്രത്ത് ബായസീദ് ബിസ്താമി(റ) യെപ്പോലെ വ്യക്തമായ വാക്കുകളിൽ പശ്ചാത്താപം (തൗബ) ചെയ്യാഞ്ഞത് എന്തുകൊണ്ടാണ്?” ഹസ്രത്ത് ബായസീദ് ബിസ്താമി (റ) തന്റെ ബോധാവസ്ഥയിൽ (സ്വഹ്‌വ്) വ്യക്തമായ വാക്കുകളിൽ ‘സുബ്ഹാനി’, ‘മാ അഅ്ളമ ശഅ്നി’ തുടങ്ങിയ സ്വന്തം ശത്ഹിയ്യാത്തുകളിൽ നിന്ന് തൗബ ചെയ്തിരുന്നുവല്ലോ?
ഇതിനുള്ള മറുപടി ഇതാണ്: ആത്മീയ നിർവൃതിയുടെയും ലഹരിയുടെയും (സുകർ) അവസ്ഥയിൽ ഒരാളിൽ നിന്ന് മതപരമായ ബാധ്യതകൾ (തക്‌ലീഫ് / ഖലം) ഉയർത്തപ്പെടുന്നു. അത്തരം അവസ്ഥയിൽ പുറത്തുവരുന്ന വാക്കിനോ പ്രവൃത്തിക്കോ പശ്ചാത്താപം (തൗബ) നിർബന്ധമില്ല (വാജിബല്ല). ഹദീസിൽ വന്നതുപോലെ: “أَنَا رَبُّكِ وَأَنْتَ عَبْدِي ഞാൻ താങ്കളുടെ റബ്ബാണ്, താങ്കൾ എന്റെ ദാസനാണ്” എന്ന് വിപരീതമായി മാറിപ്പറഞ്ഞ സംഭവം നിവേദനം ചെയ്തതിനു ശേഷം, അതിന് തൗബ ആവശ്യമാണെന്ന് പ്രവാചകൻ (സ) പറഞ്ഞിട്ടില്ല. അത്തരം വാക്കു വന്നതിനു ശേഷം മിണ്ടാതിരിക്കുക എന്നത് സാങ്കേതികമായി മതിയായതാണെങ്കിലും (മറുമരുന്ന് ആവശ്യമില്ലെങ്കിലും), ഇസ്‌ലാമിക നിയമജ്ഞർ (ശാരിഅ്) മിണ്ടാതിരിക്കാൻ കൽപ്പിച്ചിട്ടില്ല. എന്നാൽ അച്ചടക്കത്തിന്റെയും ബഹുമാനത്തിന്റെയും (അദബ്) ഭാഗമായി ഹസ്രത്ത് ബായസീദ് ബിസ്താമി (റ) പൂർണ്ണമായി സ്വബോധത്തിലേക്ക് മടങ്ങിയെത്തിയപ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ തൗബയിലൂടെ പരിശുദ്ധമായി മാറി. എന്നാൽ ഇബ്നു മൻസൂർ (ഹല്ലാജ്(റ)) ആ സമയത്തും ആത്മീയ ലഹരിയുടെ (സുകർ) ആധിപത്യത്തിൽ തന്നെയായിരുന്നു. അതിനാൽ അല്ലാഹുവിന്റെ അടുക്കൽ മനസ്സുകൊണ്ട് സൂചന നൽകുന്നത് തന്നെ (ഹൃദയം കൊണ്ടുള്ള ഖേദം) മതിയായതായിരുന്നു. പ്രത്യേകിച്ചും, അദ്ദേഹം സ്വയം തെറ്റുകാരനാണെന്ന് അംഗീകരിക്കുകയും വ്യക്തമല്ലാത്തതും വ്യാഖ്യാന സാധ്യതയുള്ളതുമായ ശൈലിയിൽ ഖേദപ്രകടനം നടത്തുകയും ചെയ്ത സാഹചര്യത്തിൽ.

ചുരുക്കത്തിൽ ഹുസൈൻ ബിൻ മൻസൂർ അൽ ഹല്ലാജ്(റ) എന്ന ആത്മജ്ഞാനിയായ സ്വൂഫിയെ കേവലം മതനിഷേധിയോ അരാജകവാദിയോ ആയി തള്ളിക്കളയാനോ ഇസ് ലാമിൽ നിന്ന് പുറത്താക്കാനോ പുറത്തായതിനാൽ കൈയ്യും നീട്ടി സ്വീകരിക്കാനോ ആരും മുതിരേണ്ടതില്ല.. അദ്ദേഹത്തിന്റെ ചിന്തകളിൽ കടന്നുവന്ന വരികളെയും ശത്ഹാത്തിനെയും (ആത്മീയ നിർവൃതിയിലെ വാക്കുകൾ) കർമ്മശാസ്ത്രത്തിന്റെയും തസ്വവ്വുഫിന്റെയും വക്താക്കളായ മൗലാനാ സഫർ അഹ്മദ് ഉസ്മാനി ഥാനവി(റ) യെപ്പോലുള്ള വിശിഷ്ട ദയൂബന്ദി പണ്ഡിതന്മാർ കൃത്യമായ ഇസ്ലാമിക മാനദണ്ഡങ്ങൾക്കുള്ളിൽ നിർത്തി വിശദീകരിച്ചിട്ടുണ്ട്. സ്വൂഫികളെ ഇസ്ലാമിന് പുറത്താക്കാൻ ധൃതികൂട്ടുന്ന പുരോഹിതവർഗ്ഗത്തിനും, അവരെ അരാജകവാദികളാക്കാൻ ശ്രമിക്കുന്ന ഭൗതികവാദികൾക്കും ഒരുപോലെ മറുപടിയാണ് ഇസ്ലാമിക പാരമ്പര്യത്തിലെ ഇത്തരം നിഷ്പക്ഷവും ആഴമേറിയതുമായ വായനകൾ.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy