സഅ്ദി ശീറാസി(റ)
പരിഭാഷ: ദർവേശ്
ജീവിതത്തിൽ നാം ആരുമായി ബന്ധപ്പെടുന്നു എന്നതിന് വലിയ പ്രധാന്യമുണ്ട്. ആകാശത്തുനിന്ന് പെയ്യുന്ന നല്ല മഴവെള്ളം പോലും ഞാവൽ മരത്തിന്റെ ഇലകളിൽ തടഞ്ഞുനിൽക്കുമ്പോൾ അത് കുടിക്കുന്നത് ശുദ്ധമാകണമെന്നില്ല. അതുപോലെതന്നെയാണ് നമ്മുടെ ജീവിതത്തിലെ ബന്ധങ്ങളും. സഅ്ദി ശീറാസി(റ) യുടെ ഗുലിസ്ഥാനിൽ നിന്നും ഒരു ഗുണപാഠകഥ.

മധ്യകാല അറേബ്യയിൽ കൊള്ളക്കാരുടെ ഒരു സംഘം ഒരു മലമുകളിലിരുന്ന് യാത്രാസംഘങ്ങളെ കൊള്ളയടിക്കുകയും അവരുടെ വഴി അടക്കുകയും ചെയ്തു. അവരുടെ കുതന്ത്രങ്ങൾ കാരണം നാട്ടുകാർ ദുരിതത്തിലായി; സുൽത്വാന്റെ സൈന്യത്തിന് അവരെ തുരത്താൻ കഴിഞ്ഞതുമില്ല. കാരണം, മലമുകളിലെ ആർക്കും എത്തിച്ചെടാൻ കഴിയാത്ത ദുർഘടമായ ഒരു സ്ഥലത്തായിരുന്നു കൊള്ളക്കാരുടെ സങ്കേതം. ആ പ്രദേശത്തെ പ്രമാണിമാർ ഈ വിപത്തിനെ എങ്ങനെ ഒഴിവാക്കാമെന്ന് ചർച്ചചെയ്തു; കൊള്ളക്കാർ അവിടെ തുടരുകയാണെങ്കിൽ അവരെ ചെറുക്കുക അസാധ്യമാണെന്ന് അവർക്ക് ബോധ്യമുണ്ടായിരുന്നു.
“തളിരിട്ട ഉടനെ ഒരു മരത്തെ
ഒരാളുടെ ശക്തികൊണ്ട് പിഴുതുമാറ്റാം.
എന്നാൽ നീ അതിനെ വളരെക്കാലം അങ്ങനെതന്നെ വിട്ടാൽ,
ഒരു യന്ത്രം കൊണ്ടുപോലും നിനക്കതിനെ വേരോടെ പിഴുതെറിയാൻ കഴിയില്ല.”
“ഒരു നീരുറവയുടെ ഉത്ഭവം ഒരു സൂചിമുനകൊണ്ട് അടയ്ക്കാം,
എന്നാൽ അത് കരകവിഞ്ഞൊഴുകുമ്പോൾ,
ഒരു ആനയ്ക്ക് അതിലൂടെ കടന്നുപോകാൻ കഴിയില്ല.”
കൊള്ളക്കാർ ഏതെങ്കിലും ജനക്കൂട്ടത്തെ ആക്രമിക്കാൻ താവളം വിട്ടുപോകുന്നത് നിരീക്ഷിക്കാൻ ഒരാളെ ചാരനായി അയക്കാൻ നാട്ടു പ്രമാണിമാർ തീരുമാനിച്ചു. അങ്ങനെ കൊള്ളക്കാർ പോയ സമയം നോക്കി, യുദ്ധപരിചയമുള്ള ചില ധീരന്മാർ മലയുടെ ഒരു താഴ്വരയിൽ ഒളിച്ചിരുന്നു. വൈകുന്നേരം കൊള്ളക്കാർ കൊള്ളമുതലുകളുമായി മടങ്ങിയെത്തി, ആയുധങ്ങൾ അഴിച്ചുവെച്ച്, തങ്ങളുടെ കൊള്ളമുതലുകൾ സൂക്ഷിച്ചു. അവർ ഉറക്കത്തിലേക്ക് വീണു; അങ്ങനെ രാത്രിയുടെ ഒരു യാമം കഴിഞ്ഞപ്പോൾ:
“സൂര്യഗോളം അന്ധകാരത്തിലേക്ക് മറഞ്ഞു.
യൂനൂസ് മീനിന്റെ വയറ്റിലേക്ക് പോയി.”
ഒളിയിടത്തിൽ നിന്ന് യോദ്ധാക്കൾ ചാടിവീണ് കൊള്ളക്കാരെ ആക്രമിച്ചു. കൊള്ളക്കാരുടെയെല്ലാം കൈകൾ തോളിനോട് ചേർത്ത് കെട്ടി, അവരെ ബന്ധികളാക്കി പിറ്റേന്ന് രാവിലെ രാജാവിന്റെ ദർബാറിലെത്തിച്ചു. അവരുടെ കുറ്റകൃത്യങ്ങൾ അത്രമാത്രം ഭീകരമായിരുന്നതിനാൽ അവരുടെ കാര്യത്തിൽ യാതൊരു കാരുണ്യവും രാജാവ് പ്രകടമാക്കിയില്ല. അപകടകാരികളായ അവരെയെല്ലാം വധിക്കാൻ രാജാവ് ഉത്തരവിട്ടു.
ആ സംഘത്തിൽ യൗവനത്തിന്റെ തുടക്കത്തിലുള്ള ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. അയാളുടെ കവിളുകളിൽ താടിയും മീശയും കിളിർത്തു തുടങ്ങിയിരുന്നു. ഈ ചെറുപ്പക്കാരനോട് അലിവ് തോന്നിയ മന്ത്രിമാരിൽ ഒരാൾ രാജാവിന്റെ സിംഹാസനത്തിന്റെ പാദങ്ങളിൽ ചുംബിക്കുകയും മാപ്പപേക്ഷിച്ചുകൊണ്ട് മുഖം നിലത്തുചേർക്കുകയും ചെയ്തുകൊണ്ട് പറഞ്ഞു:
“ഈ കുട്ടി ഇതുവരെ ജീവിതമെന്ന ഉദ്യാനത്തിൽ നിന്ന് യാതൊരു ഫലവും ആസ്വദിച്ചിട്ടില്ല, യൗവനത്തിന്റെ സുഖങ്ങളും അറിഞ്ഞിട്ടില്ല. ദയവായി അങ്ങയുടെ മാന്യതയാൽ ഇവന്റെ ജീവൻ ദാനമായി നൽകി ഈ ദാസന് ഒരവസരം നൽകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.”
ഈ അഭ്യർത്ഥനയിൽ അസംതൃപ്തനായ രാജാവ് മറുപടി പറഞ്ഞു:
“ആരുടെ അടിസ്ഥാനം മോശമാണോ, അവൻ നല്ലവരിൽ നിന്ന് ഉപദേശം സ്വീകരിക്കില്ല,
യോഗ്യതയില്ലാത്ത വ്യക്തികൾക്ക് വിദ്യാഭ്യാസം നൽകുന്നത് ഒരു താഴികക്കുടത്തിന് മുകളിലേക്ക് അണ്ടിപ്പരിപ്പുകൾ എറിയുന്നത് പോലെയാണ്.”
“കൊള്ളക്കാരും നിരന്തരമായി കുറ്റകൃത്യങ്ങളിൽ വ്യാപൃതരുമായ ഇവരെ ഒന്നടങ്കം വേരോടെ പിഴുതുകളയുന്നതാണ് നല്ലത്. അവരുടെ വേരുകളും അടിത്തറയും തോണ്ടിക്കളയുന്നതാണ് മികച്ചത്. കാരണം, തീ കെടുത്തിയിട്ട് കനൽ ബാക്കിവെക്കുകയോ, ഒരു അണലിയെ കൊന്നിട്ട് അതിന്റെ കുഞ്ഞുങ്ങളെ ജീവനോടെ വിടുകയോ ചെയ്യുന്നത് ബുദ്ധിമാന്മാരുടെ രീതിയല്ല.”
“ഒരു മേഘം അമൃത് പെയ്യിച്ചാൽ പോലും
ഒരിക്കലും ഒരു ഞാവൽ മരത്തിന്റെ ചില്ലയിൽ നിന്ന് അത് കുടിക്കുകയോ രുചിക്കുകയോ ചെയ്യരുത്.”
“ഒരു നീചനുമായി ചങ്ങാത്തം കൂടരുത്,
കാരണം ഒരു ഈറ്റപ്പുൽ പായിൽ നിന്ന് നിനക്ക് പഞ്ചസാര തിന്നാൻ കഴിയില്ല.”

“ആരുടെ അടിസ്ഥാനം മോശമാണോ, അവൻ നല്ലവരിൽ നിന്ന് ഉപദേശം സ്വീകരിക്കില്ല,
യോഗ്യതയില്ലാത്ത വ്യക്തികൾക്ക് വിദ്യാഭ്യാസം നൽകുന്നത് ഒരു താഴികക്കുടത്തിന് മുകളിലേക്ക് അണ്ടിപ്പരിപ്പുകൾ എറിയുന്നത് പോലെയാണ്.”
“കൊള്ളക്കാരും നിരന്തരമായി കുറ്റകൃത്യങ്ങളിൽ വ്യാപൃതരുമായ ഇവരെ ഒന്നടങ്കം വേരോടെ പിഴുതുകളയുന്നതാണ് നല്ലത്. അവരുടെ വേരുകളും അടിത്തറയും തോണ്ടിക്കളയുന്നതാണ് മികച്ചത്. കാരണം, തീ കെടുത്തിയിട്ട് കനൽ ബാക്കിവെക്കുകയോ, ഒരു അണലിയെ കൊന്നിട്ട് അതിന്റെ കുഞ്ഞുങ്ങളെ ജീവനോടെ വിടുകയോ ചെയ്യുന്നത് ബുദ്ധിമാന്മാരുടെ രീതിയല്ല.”
“ഒരു മേഘം അമൃത് പെയ്യിച്ചാൽ പോലും
ഒരിക്കലും ഒരു ഞാവൽ മരത്തിന്റെ ചില്ലയിൽ നിന്ന് അത് കുടിക്കുകയോ രുചിക്കുകയോ ചെയ്യരുത്.”
“ഒരു നീചനുമായി ചങ്ങാത്തം കൂടരുത്,
കാരണം ഒരു ഈറ്റപ്പുൽ പായിൽ നിന്ന് നിനക്ക് പഞ്ചസാര തിന്നാൻ കഴിയില്ല.”
മന്ത്രി ഈ വചനങ്ങൾ കേട്ടു, മനസ്സില്ലാമനസ്സോടെയാണെങ്കിലും അവയെ അംഗീകരിക്കുകയും രാജാവിന്റെ അഭിപ്രായത്തെ പ്രശംസിക്കുകയും ചെയ്തുകൊണ്ട് പറഞ്ഞു:
“എന്റെ യജമാനൻ ഉച്ചരിച്ചത് അങ്ങേയറ്റം സത്യമാണ്. കാരണം, ആ ദുഷ്ടന്മാരുടെ കൂട്ടായ്മയിലാണ് ഈ കുട്ടി വളർന്നിരുന്നതെങ്കിൽ അവൻ അവരെപ്പോലെ തന്നെ മാറുമായിരുന്നു.(ഇപ്പോൾ അവരുമായുള്ള സഹവാസം ഇതോടെ അവസാനിക്കുകയാണല്ലോ?) എന്നാൽ(ഇനിയുള്ള ജീവിതത്തിൽ) പുണ്യവാന്മാരുടെ കൂട്ടായ്മയിൽ ഇവന് വിദ്യാഭ്യാസം ലഭിക്കുകയും, ജ്ഞാനികളുടെ സ്വഭാവം അവൻ ആർജിച്ചെടുക്കുകയും ചെയ്യുമെന്ന് അടിയൻ പ്രതീക്ഷിക്കുന്നു. അവൻ ഇപ്പോഴും ഒരു കുട്ടിയായതിനാൽ, ആ സംഘത്തിന്റെ വിമതവും ദുർവാശിയുള്ളതുമായ സ്വഭാവം അവന്റെ സ്വഭാവത്തിൽ പൂർണ്ണമായി വേരൂന്നിയിട്ടില്ല. എല്ലാ ശിശുക്കളും പ്രകൃതത്തിൽ ഇസ് ലാമായാണ് ജനിക്കുന്നത്, എന്നാൽ അവരുടെ മാതാപിതാക്കളാണ് അവരെ യഹൂദരോ ക്രൈസ്തവരോ മജൂസികളോ ആക്കി മാറ്റുന്നത് എന്ന പ്രവാചകർ(സ്വ) തങ്ങളുടെ വചനവുമുണ്ട്.”
“ലൂത്തിന്റെ ഭാര്യ ദുഷ്ടന്മാരുടെ കൂട്ടുകാരിയായി മാറി,
അദ്ദേഹത്തിന്റെ പ്രവാചക പരമ്പര അസ്തമിച്ചു.”
“ഗുഹയിലെ കൂട്ടുകാരുടെ പട്ടി കുറെ നാളുകൾ
നല്ല മനുഷ്യരുമായി ഇടപഴകി (ആ മനുഷ്യരെ പോലെ) ആദരണീയനായി മാറി.”
മന്ത്രി ഈ വാക്കുകൾ പറയുകയും രാജാവിന്റെ കൊട്ടാരത്തിലെ ചിലർ അദ്ദേഹത്തിന്റെ അഭ്യർത്ഥനയെ പിന്തുണയ്ക്കുകയും ചെയ്തപ്പോൾ, രാജാവിന് ആ യുവാവിന്റെ രക്തം ചൊരിയാൻ മനസ്സില്ലാതായി. അദ്ദേഹം പറഞ്ഞു: “എനിക്ക് താൽപ്പര്യമില്ലെങ്കിലും ഞാൻ ഈ അഭ്യർത്ഥന അംഗീകരിക്കുന്നു.”
“നായകൻ റുസ്തമിനോട് സാൽ പറഞ്ഞത് നീ അറിഞ്ഞില്ലേ?
‘ഒരു ശത്രുവിനെ നിസ്സാരമായോ അശക്തനായോ കണക്കാക്കരുത്.’
നിസ്സാരമായ ഒരു ഉറവിൽ നിന്ന് ഉത്ഭവിക്കുന്ന പല ജലധാരകളും
വലുതായി ഭാരമേറിയ ഒട്ടകത്തെയും കൊണ്ട് കുത്തിയൊഴുകുന്നത് ഞാൻ കണ്ടിട്ടുണ്ട്.”
ചുരുക്കത്തിൽ, രാജാവ് വധത്തിൽ നിന്ന് യുവാവിന് ഇളവ് നൽകി ജീവിക്കാൻ അനുവദിച്ചതോടെ മന്ത്രി ആ കുട്ടിയെ ഏറ്റെടുക്കുകയും എല്ലാ സുഖസൗകര്യങ്ങളോടും കൂടി വളരെ സൂക്ഷ്മമായി വളർത്തുകയും ചെയ്തു. ആളുകളോട് മാന്യമായി സംസാരിക്കാനും മറുപടി നൽകാനും എല്ലാവിധ കലകളും പഠിപ്പിക്കാൻ അദ്ദേഹം അധ്യാപകരെ ഏർപ്പാടാക്കി. അങ്ങനെ അവൻ സകല കാര്യങ്ങളിലും പ്രാവീണ്യം നേടി.
ഒരു ദിവസം മന്ത്രി രാജാവിന്റെ സാന്നിദ്ധ്യത്തിൽ വെച്ച് ആ കുട്ടിയുടെ കഴിവുകളെക്കുറിച്ച് സൂചിപ്പിച്ചു. ജ്ഞാനികളുടെ ഉപദേശങ്ങൾ അവനിൽ ഫലം കണ്ടിട്ടുണ്ടെന്നും അവന്റെ മുൻകാല അജ്ഞത അവന്റെ സ്വഭാവത്തിൽ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ വാക്കുകൾ കേട്ട് രാജാവ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:
“ഒടുവിൽ ഒരു ചെന്നായയുടെ കുട്ടി ചെന്നായ തന്നെയായിരിക്കും,
അവൻ ഒരു മനുഷ്യനൊപ്പം വളർന്നാൽ പോലും.”
രണ്ട് വർഷം കഴിഞ്ഞപ്പോൾ, ആ പ്രദേശത്തെ ഒരു കൊള്ളസംഘം അവനുമായി ബന്ധം സ്ഥാപിക്കുകയും സൗഹൃദത്തിന്റെ കെട്ടുറപ്പിലാവുകയും ചെയ്തു. അവസരം ലഭിച്ചപ്പോൾ അവൻ മന്ത്രിയെയും അദ്ദേഹത്തിന്റെ മകനെയും വധിക്കുകയും, കണക്കില്ലാത്ത സമ്പത്തുമായി കടന്നുകളയുകയും ചെയ്തു. അങ്ങനെ അവൻ തന്റെ യഥാർത്ഥ പിതാവിന്റെ കൊള്ളക്കാരുടെ താവളത്തിൽ അവരുടെ നേതാവായി സ്ഥാനം ഉറപ്പിച്ചു.
ഈ സംഭവമറിഞ്ഞ രാജാവ് വിസ്മയത്തോടെ തന്റെ വിരൽ കടിച്ചുകൊണ്ട് പറഞ്ഞു:
“മോശമായ ഇരുമ്പുകൊണ്ട് ഒരാൾക്ക് എങ്ങനെ നല്ലൊരു വാൾ നിർമ്മിക്കാൻ കഴിയും?
ഓ ജ്ഞാനിയേ, ആരുമല്ലാത്ത ഒരാൾ വിദ്യാഭ്യാസത്തിലൂടെ ആരുമല്ലാതായിത്തന്നെ തുടരുന്നു.”
“സ്വഭാവത്തിൽ യാതൊരു കുഴപ്പവുമില്ലാത്ത മഴ,
ഒരു പൂന്തോട്ടത്തിൽ പൂക്കളും ചീത്ത മണ്ണിൽ കളകളും വളർത്തും.”
“ഉപ്പുവെള്ളമുള്ള മണ്ണ് പത്മരാഗങ്ങളെയോ സുഗന്ധമുള്ള പൂക്കളെയോ ഉത്പാദിപ്പിക്കില്ല,
നിന്റെ വിത്തുകളോ അദ്ധ്വാനമോ അതിൽ പാഴാക്കിക്കളയരുത്.”
“ദുഷ്ടന്മാരോട് നന്മ ചെയ്യുന്നത്
നല്ല മനുഷ്യരോട് തിന്മ ചെയ്യുന്നത് പോലെയാണ്.”



