അൽ ഇഖ്ദുസമീൻ: ഇന്ത്യയും ആദ്യകാല ഇസ് ലാമും: 7
ഖാള്വി അത്ഹർ മുബാറക് പുരി
സ്വതന്ത്ര പരിഭാഷയും വ്യാഖ്യാനവും: ദർവേശ് അൻവാരി
ഇസ്ലാമിക മുന്നേറ്റങ്ങൾക്ക് നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഇന്ത്യൻ മഹാസമുദ്രവും പേർഷ്യൻ ഗൾഫും കേന്ദ്രീകരിച്ച് അറബ്-ഇന്ത്യൻ വാണിജ്യ ബന്ധങ്ങൾ സജീവമായിരുന്നു. ഈ പ്രാചീന വാണിജ്യ റൂട്ടുകളും നാവിക അറിവുകളുമാണ് (Maritime Routes) ആദ്യകാല ഇസ്ലാമിക സൈനിക നീക്കങ്ങൾക്ക് അടിത്തറ പാകിയത്. ഉബുല്ലയും (Ubulla) തുജും (Tawwaj) വെറും സൈനിക താവളങ്ങൾ മാത്രമല്ല, ഇന്ത്യൻ മഹാസമുദ്രത്തിലെ സമുദ്ര വാണിജ്യത്തിന്റെ സിരാകേന്ദ്രങ്ങളുമായിരുന്നു. ആധുനിക ചരിത്ര പഠനത്തിൽ ഇത് വ്യക്തമാക്കുന്നത്, തുടക്കകാലത്തെ ഈ നീക്കങ്ങൾ കേവലം ഭൂപ്രദേശങ്ങൾ പിടിച്ചെടുക്കൽ മാത്രമായിരുന്നില്ല, മറിച്ച് സമുദ്ര വാണിജ്യ പാതകളുടെ നിയന്ത്രണം ലക്ഷ്യമിട്ടുള്ള നാഗരിക വിനിമയങ്ങളായിരുന്നു എന്നാണ്.

ഇന്ത്യ അന്ധകാരത്തിന്റെയും വിഗ്രഹാരാധനയുടെയും ഗാഢമായ ഉറക്കത്തിലായിരുന്നു. കറുത്തതും ഇരുണ്ടതുമായ കൂരിരുൾ രാത്രി. ആ സമയത്താണ് പ്രകാശമാനമായ പ്രഭാതം ഉദിച്ചുയർന്നത്. ഹിറയുടെ ഉച്ചിയിൽ നിന്ന് പുലരിയുടെ പ്രകാശ നൂലുകൾ ഇഴകീറിവന്നു. താമസിയാതെ ഇന്ത്യയുടെ ഭൂമിയും അതിന്റെ പ്രകാശത്താൽ തിളങ്ങി. മുസ് ലിംകൾ ഇസ്ലാമുമായി അവിടെ എത്തിച്ചേർന്നു.
ഔദ്യോഗിക രേഖകളിൽ ഇന്ത്യയുടെ പേര് ആദ്യമായി കേൾക്കുന്നത് ഉമർ ബിൻ ഖത്താബ്(റ) വിന്റെ ഭരണകാലത്ത്, ഹിജ്റ പതിനാലാം വർഷം മുസ് ലിംകൾ പേർഷ്യൻ പാളയമായ ഉബുല്ല (Ubulla) പിടിച്ചെടുത്തപ്പോഴാണ്. അബു സാദ് പറഞ്ഞു: “അജമികളുടെ (അനറബികളുടെ) പരാജയ സമയത്ത് അൽ-ഉബുല്ലയിൽ സഅദ് ബിൻ വഖാസിനൊപ്പം ഉത്ബ ബിൻ ഗസ് വാനും പങ്കെടുത്തിരുന്നു.” അങ്ങനെ ഉമർ ബിൻ ഖത്താബ്(റ) സഅദ് ബിൻ അബീ വഖാസ്(റ) വിന് എഴുതി: “ഖൈബർ യുദ്ധത്തിൽ പങ്കെടുത്ത ഒരാളെപ്പോലെ ഇസ്ലാമിൽ നിന്നുള്ള അദ്ദേഹത്തിന്റെ പങ്ക് നഷ്ടപ്പെടാത്ത വിധം, തീർവാനിലേക്ക് (Thiruvana) സൈന്യത്തെ അയക്കാൻ ഉത്ബ ബിൻ ഗസ് വാനോട് ആവശ്യപ്പെടുക. മുസ്ലീങ്ങളുടെ ഒരു ഭാഗം അവിടെയുണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്നത്തെ ബസ്റ എന്ന് വിളിക്കപ്പെടുന്ന സ്ഥലം ഇന്ത്യയുടെ ഭൂമിയാണ്. അതിനാൽ അദ്ദേഹം അവിടെ ഇറങ്ങി മുസ്ലീങ്ങൾക്കായി തീർവാനെ വാസസ്ഥലമായി സ്വീകരിക്കട്ടെ.” (1)
അങ്ങനെ ഉത്ബ(റ) ഉബുല്ലയിലേക്ക് ഒരു സൈനിക നീക്കം നടത്തുകയും ബലപ്രയോഗത്തിലൂടെ അത് പിടിച്ചെടുക്കുകയും ചെയ്തു. ഉമർ ബിൻ ഖത്താബ്(റ) വിനും മറ്റുള്ളവർക്കും അദ്ദേഹം എഴുതി:
“ഉബുല്ല എന്നത് ബഹ്റൈൻ, ഒമാൻ, ഇന്ത്യ, ചൈന എന്നിവയുടെ അതിർത്തിയാണ്.”
ഇത് അൽ-ബലാദുരി ഉദ്ധരിച്ചിരിക്കുന്നു. അബു ഹനീഫ അദ്-ദീനൂരി പറഞ്ഞു: “ഉത്ബ ബിൻ ഗസ് വാൻ(റ) ഉബുല്ല പിടിച്ചെടുക്കുന്നത് വരെ പോരാടുകയും അത് ബലപ്രയോഗത്തിലൂടെ കീഴടക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ഉമർ(റ) വിന് കത്തെഴുതി.”
(കത്തിന്റെ ഉള്ളടക്കം): “എല്ലാ സ്തുതിയും അല്ലാഹുവിനാണ്. ഞങ്ങൾ ഉബുല്ല കീഴടക്കി. കടൽത്തീരങ്ങൾ, ഒമാൻ, ബഹ്റൈൻ, ഫാരിസ് (പേർഷ്യ), ഇന്ത്യ, ചൈന എന്നിവിടങ്ങളിലെ കപ്പലുകൾ വരുന്ന കടവുകൾ ഞങ്ങൾ കണ്ടത്തി. അവരുടേതെല്ലാം ഞങ്ങൾ പിടിച്ചെടുത്തു.” (3)
അതിനുശേഷം ഹിജ്റ പതിനഞ്ചാം വർഷത്തിൽ, ഉമർ(റ) അൽ-ആസ് അൽ-സഖഫി(റ) യുടെ മകനായ ഉഥ്മാനെ മാറ്റി. അദ്ദേഹത്തിന് ബഹ്റൈൻ, ഒമാൻ, പേർഷ്യ, ഇന്ത്യ എന്നിവിടങ്ങളുടെ ഉത്തരാവാദിത്തം ഏൽപ്പിച്ചു. അൽ-ഹകം(റ), അൽ-മുഗീറ(റ) എന്നിവരാണ് അദ്ദേഹത്തിന്റെ സഹോദരങ്ങൾ. അദ്ദേഹം ഇന്ത്യയുടെ നാടുകളായ താന, ബറൂച്ച് (Broach), ദബീൽ (Debal) എന്നിവിടങ്ങളിലേക്ക് മൂന്ന് സൈനിക നീക്കങ്ങൾ നടത്തി.
സൈനിക നീക്കങ്ങൾ
അൽ-ബലാദുരി പറയുന്നു: ഉമർ(റ) ഉഥ്മാൻ ബിൻ അബീ അൽ-ആസ് അൽ-സഖഫി(റ) യെ ബഹ്റൈനിലേക്കും ഒമാനിലേക്കും നിയമിച്ചപ്പോൾ, അദ്ദേഹം അവരെ കീഴടക്കുകയും അവിടുത്തെ ജനങ്ങൾ അനുസരണയോടെ കീഴ്പെടുകയും ചെയ്തു. അപ്പോൾ അദ്ദേഹം തന്റെ സഹോദരനായ അൽ-ഹകമിനെ അബീ അൽ-ആസിന്റെ മകനായ ഉഥ്മാന്റെ കൂടെ കടൽ മാർഗ്ഗം പേർഷ്യയിലേക്ക് വലിയൊരു സൈന്യവുമായി അയച്ചു. അൽ-അസ്ദ്, തമീം, ബനൂ നാജിയ തുടങ്ങി മറ്റു ഗോത്രങ്ങളിൽപ്പെട്ടവരുമുണ്ടായിരുന്നു. അങ്ങനെ അവർ അബ്രകാവൻ ദ്വീപ് പിടിച്ചെടുത്തു. തുടർന്ന് പേർഷ്യൻ ഭൂമിയിലെ അർദ്ഷീർ ഖുറയിലേക്ക് നീങ്ങി.
അബൂ മിഖ്നഫിന്റെ നിവേദനത്തിൽ പറയുന്നു: ഉഥ്മാൻ ബിൻ അബീ അൽ-ആസ്(റ) തന്നെ കടൽ കടന്ന് പേർഷ്യയിലേക്ക് പോയി. അദ്ദേഹം നോജ് (Noug) എന്ന സ്ഥലത്ത് ഇറങ്ങി അവിടെ പള്ളികൾ നിർമ്മിക്കുകയും മുസ്ലീങ്ങൾക്കായി അതിനെ ഒരു ആസ്ഥാനമാക്കി മാറ്റുകയും ചെയ്തു. അബ്ദുൽ ഖൈസ് ഗോത്രക്കാരെയും മറ്റുള്ളവരെയും അദ്ദേഹം അവിടെ താമസിപ്പിച്ചു. അവർ അർജാൻ നഗരത്തിലേക്ക് മുന്നേറ്റം നടത്തിക്കൊണ്ടിരുന്നു. അത് അതിനോട് ചേർന്നുനിൽക്കുന്ന പ്രദേശമായിരുന്നു. തുടർന്ന് പേർഷ്യയിൽ നിന്ന് ഒമാനിലേക്കും ബഹ്റൈനിലേക്കും പോയ ഒരു വ്യക്തിയെക്കുറിച്ച് ഉമർ ബിൻ ഖത്താബ്(റ) വിന് കത്തെഴുതി. അതിനു മറുപടിയായി ഉമർ(റ) അദ്ദേഹത്തിന്റെ സഹോദരനായ അൽ-ഹകമിനെ ഭരണച്ചുമതല ഏൽപ്പിക്കാൻ ആവശ്യപ്പെട്ടു.
അബൂ മിഖ്നഫ് പറയുന്നു: അൽ-ഹകം തുജ് (Tawwaj) പിടിച്ചെടുക്കുകയും അബ്ദുൽ ഖൈസ് ഗോത്രക്കാരെയും മറ്റുള്ളവരെയും ഹിജ്റ പത്തൊൻപതാം വർഷം അവിടെ താമസിപ്പിക്കുകയും ചെയ്തു. അങ്ങനെ ഉഥ്മാനും അൽ-ഹകമും പേർഷ്യൻ നാടുകളിലേക്കും ഇന്ത്യൻ നാടുകളിലേക്കും പേർഷ്യൻ പാളയത്തിൽ നിന്ന് വേനൽക്കാലത്ത് തുജിലേക്ക് ആക്രമണം നടത്തുകയും, ശീതകാലത്ത് തുജിൽ തന്നെ തിരിച്ചെത്തുകയും ചെയ്തു.
താന (Thana), ബറൂച്ച് (Broach), ദബീൽ (Debal) എന്നിവയുടെ വിജയം
അൽ-ബലാദുരി പറയുന്നു: മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ അബീ സൈഫ് ഞങ്ങൾക്ക് വിവരിച്ചു തന്നു: ഉമർ ബിൻ ഖത്താബ്(റ) ഉഥ്മാൻ ബിൻ അബീ അൽ-ആസ് അൽ-സഖഫിയെ ബഹ്റൈനിലേക്കും ഒമാനിലേക്കും ഹിജ്റ പതിനഞ്ചാം വർഷം നിയമിച്ചപ്പോൾ, അദ്ദേഹം തന്റെ സഹോദരനായ അൽ-ഹകമിനെ ബഹ്റൈനിലേക്കും ഒമാന്റെ ഭാഗത്തേക്ക് മുഗീറ(റ) വിനെയും അയച്ചു.
അങ്ങനെ മുഗീറ(റ) താനയിലേക്ക് (Thana) ഒരു സൈന്യത്തെ നയിച്ചു. സൈന്യം മടങ്ങിയപ്പോൾ അദ്ദേഹം ഉമർ ബിൻ ഖത്താബ്(റ) വിന് കത്തെഴുതി. അതിന് മറുപടിയായി ഉമർ(റ) എഴുതി:
“സഖീഫ് ഗോത്രക്കാരനായ സഹോദരാ! നീ കടലിനെ ഒരു തടിയുടെ പുറത്ത് സവാരി ചെയ്യിച്ചു (കടൽ കടത്തി). നിന്റെ ജനങ്ങളിൽ നിന്ന് ആരെങ്കിലുമൊരാൾക്ക് വല്ല ആപത്തും പറ്റിയിരുന്നെങ്കിൽ ഞാൻ സത്യം ചെയ്ത് പറയുന്നു: നിന്റെ സമൂഹത്തിൽ നിന്ന് നീ എടുത്ത അതേ അളവിൽ ഞാൻ നിന്റെ ആളുകളെയും വധിക്കുമായിരുന്നു.”(അക്കാലത്ത് അപരിചിതവും അപകടം നിറഞ്ഞതുമായ കടൽ മാർഗ്ഗങ്ങളിലൂടെ സൈന്യത്തെ അയക്കുന്നതിനോട് ഉമർ (റ) ശക്തമായി എതിർത്തിരുന്നു. യാതൊരു മുൻപരിചയവുമില്ലാത്ത കടലിൽ വെച്ച് സൈന്യത്തിന് വല്ല അപായവും പറ്റിയേക്കാമെന്ന ഭയം അദ്ദേഹത്തിനുണ്ടായിരുന്നു. “നിന്റെ ജനങ്ങളിൽ നിന്ന് ആരെങ്കിലുമൊരാൾക്ക് വല്ല ആപത്തും പറ്റിയിരുന്നെങ്കിൽ… നിന്റെ സമൂഹത്തിൽ നിന്ന് നീ എടുത്ത അതേ അളവിൽ ഞാൻ നിന്റെ ആളുകളെയും വധിക്കുമായിരുന്നു” എന്ന് ഉമർ (റ) പറഞ്ഞത് വെറുമൊരു ഭീഷണിയായിരുന്നില്ല. സ്വന്തം ഇഷ്ടപ്രകാരം സൈന്യത്തെ കടലിലൂടെ പടനയിച്ച് ജീവന് ആപത്തുണ്ടാക്കിയാൽ, അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരോടും ഗോത്രത്തോടും നിയമപരമായി അതേ രീതിയിൽ പ്രതികരിക്കുമെന്ന കർശനമായ ഭരണാധികാരിയുടെ രോഷവും കൽപനയുമാണ് ആ വാക്കുകൾ വ്യക്തമാക്കുന്നത്. കേന്ദ്ര ഭരണകൂടത്തിന്റെയോ ഖലീഫയുടെയോ അനുവാദമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം സൈന്യത്തെ കടൽ മാർഗ്ഗം അപകടം പിടിച്ച പര്യടനങ്ങൾക്ക് കൊണ്ടുപോകരുതെന്ന കനത്ത മുന്നറിയിപ്പും, സൈനികരുടെ ജീവന്റെ സുരക്ഷ കാര്യത്തിൽ പുലർത്തിയ അതിയായ ജാഗ്രതയുമാണ് ഈ വാചകത്തിലൂടെ പ്രത്യക്ഷമാകുന്നത്).
തുടർന്ന് അദ്ദേഹം അൽ-ഹകമിനെ ബറൂച്ചിലേക്കും (Broach), അൽ-ഹകമിന്റെ സഹോദരനായ മുഗീറയെ ദബീലിന്റെ (Debal) കടലിലേക്കും അയച്ചു. അങ്ങനെ അവർ ശത്രുക്കളെ നേരിടുകയും വിജയം നേടുകയും ചെയ്തു.
(അത്ഹർ മുബാറക് പുരി തുടരുന്നു): “ഇന്ത്യയിലെ സ്വഹാബികളുടെ സൈനിക വിജയങ്ങളെക്കുറിച്ച് ഞങ്ങൾക്ക് ലഭിച്ചതിൽ ഏറ്റവും പഴക്കമുള്ളത് ഇതാണ്. ഈ വിവരണം പൊതുവായതാണെങ്കിലും, മറ്റു വിവരണങ്ങളെ അപേക്ഷിച്ച് കൂടുതൽ വിശദാംശങ്ങൾ ഇതിലുണ്ട്. ഇതിൽ അൽ-ആസിന്റെ മകനായ ഉഥ്മാൻ തന്റെ സഹോദരൻ അൽ-ഹകമിനെ താനയിലേക്കും ബറൂച്ചിലേക്കും, സഹോദരൻ മുഗീറയെ ദബീലിലേക്കും അയച്ചതായി പരാമർശിക്കുന്നു.”
അറബികളുടെ വംശപരമ്പരയെക്കുറിച്ചുള്ള ‘ജംഹറത്തു അൻസാബ് അൽ-അറബ്’ (Jamharat Ansab al-Arab) എന്ന ഗ്രന്ഥത്തിൽ അൽ-ഇമാം അബു മുഹമ്മദ് അലി ബിൻ സഈദ് ബിൻ ഹസ്മ് അൽ-അന്ദലുസി പറഞ്ഞു: “സ്വഹാബികളിൽ പെട്ട ശ്രേഷ്ഠ വ്യക്തിയാണ് ഉഥ്മാൻ(റ) (അതായത് അൽ-ആസിന്റെ മകൻ ഉഥ്മാൻ). പ്രവാചകൻ(സ്വ) അദ്ദേഹത്തെ ത്വാഇഫ്, ഒമാൻ, ബഹ്റൈൻ, പേർഷ്യ, ഇന്ത്യ എന്നീ ദേശങ്ങളുടെ ഇസ് ലാമിക പ്രചരണ ഉത്തരവാദിത്തം ഏൽപ്പിച്ചിരുന്നു. അദ്ദേഹത്തിന് നിരവധി വിജയങ്ങളുമുണ്ട്.”
ഈ വിവരണം വളരെ സംക്ഷിപ്തമാണ്. അദ്ദേഹത്തിന്റെ ഗ്രന്ഥം അറബികളുടെ വംശപരമ്പരയെക്കുറിച്ചുള്ളതാണ്. ചില പ്രധാന സംഭവങ്ങളിലേക്ക് അദ്ദേഹം ഇടയ്ക്കിടെ സൂചന നൽകാറുണ്ടെങ്കിലും, വിജയങ്ങളും ചരിത്രവാർത്തകളും വിവരിക്കുക എന്നത് ഈ ഗ്രന്ഥത്തിന്റെ ലക്ഷ്യമല്ല. ഈ നിവേദനത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഉഥ്മാൻ ബിൻ അബീ അൽ-ആസ് തന്നെ ഇന്ത്യയിലെ മൂന്ന് പ്രദേശങ്ങളിലേക്ക് — അതായത് താന (Thana), ബറൂച്ച്(Broach), ദബീൽ (Debal) എന്നിവയിലേക്ക് — സൈനിക നീക്കം നടത്തി എന്ന വ്യക്തമാക്കലാണ്.
അൽ-യഅ്ഖൂബി (Al-Ya’qubi) തന്റെ ചരിത്രഗ്രന്ഥത്തിൽ പറയുന്നു: “അബൂബക്കർ(റ), ഉഥ്മാൻ ബിൻ അബീ അൽ-ആസിനെ അയക്കുകയും അദ്ദേഹത്തോടൊപ്പം അബ്ദുൽ ഖൈസ് ഗോത്രക്കാരെ നിയോഗിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം ഒരു സൈന്യവുമായി തുജിലേക്ക് (Tawwaj) നീങ്ങുകയും അത് കീഴടക്കി അവിടുത്തെ ജനങ്ങളെ തടവിലാക്കുകയും ചെയ്തു. കൂടാതെ മക്രാനും (Makran) അതിനോട് ചേർന്ന പ്രദേശങ്ങളും അദ്ദേഹം പിടിച്ചെടുത്തു.” (1)
ഖാസി അത്ഹർ മുബാറക് പുരി പറയുന്നു: ഈ നിവേദനം നേരത്തെ കഴിഞ്ഞുപോയതാണ്, ആവർത്തനം ആവശ്യമില്ലാത്ത വിധം നാം അതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഇവിടെ ‘അബൂബക്കർ(റ)’ എന്നതിന് പകരം ‘ഉമർ(റ)’ എന്നായിരുന്നെങ്കിൽ ആ പ്രദേശങ്ങളിലേക്കുള്ള ഉഥ്മാന്റെ സൈനിക നീക്കത്തെക്കുറിച്ചുള്ള ഈ നിവേദനം കൂടുതൽ ശരിയാകുമായിരുന്നു. “മക്രാനും അതിനോട് ചേർന്ന പ്രദേശങ്ങളും അദ്ദേഹം പിടിച്ചെടുത്തു” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്, മക്രാന്റെ ഭാഗത്തുനിന്നാണ് അദ്ദേഹം ഇന്ത്യൻ ഭൂമിയിലേക്ക് പടനയിച്ചതെന്നും ആദ്യം അത് കീഴടക്കിയെന്നുമാണ്. ദബീൽ, ബറൂച്ച്, താന എന്നിവ മക്രാനിന് തെക്കായി അതിനോട് ചേർന്നുകിടക്കുന്ന തീരദേശ നഗരങ്ങളാണ്. ഉഥ്മാൻ തന്നെ ഇന്ത്യൻ ഭൂമിയിലേക്ക് പടനയിച്ചു എന്നതും ഇതിൽ വ്യക്തമാണ്.
അലി ബിൻ ഹാമിദ് അബീബക്കർ അൽ-കൂഫി അൽ-ഊഷി തന്റെ ‘മിൻഹാജുദ്ദീൻ’ (Minhaj al-Din – ചച്ച്നാമയുടെ അറബി വിവർത്തനം) എന്ന ഗ്രന്ഥത്തിൽ പറയുന്നു: “അമീറുൽ മുഅ്മിനീൻ ഉമർ ബിൻ ഖത്താബ് (റ) വിന്റെ ഭരണകാലത്ത് ഹിജ്റ പതിനഞ്ചാം വർഷത്തിലാണ് ഇന്ത്യയിലേക്കും സിന്ധിലേക്കും ആദ്യത്തെ സൈനിക നീക്കം ഉണ്ടായതെന്ന് അവർ പറയുന്നു. ഉമർ ബിൻ ഖത്താബ്(റ), ഉഥ്മാൻ ബിൻ അബീ അൽ-ആസ് അൽ-സഖഫി(റ) യെ ബഹ്റൈനിലേക്ക് അയച്ചു. അദ്ദേഹം തന്റെ സൈന്യവുമായി ഒമാനിലേക്ക് നീങ്ങുകയും കപ്പലുകളും സൈന്യത്തെയും ഒരുമിച്ചുകൂട്ടുകയും ചെയ്തു. തുടർന്ന് തന്റെ സഹോദരൻ മുഗീറ ബിൻ അബീ അൽ-ആസ് അൽ-സഖഫി(റ) യെ ബഹ്റൈനിലേക്ക് അയക്കാനും, അവിടെ നിന്ന് ദബീലിലേക്ക് പടനയിക്കാനും അദ്ദേഹം കൽപ്പിച്ചു. ആ കാലത്ത് ഇന്ത്യയിലെ രാജാവ് ചച്ച് ബിൻ സിലൈജ് (Chach bin Silaij) ആയിരുന്നു. അദ്ദേഹത്തിന്റെ ഭരണത്തിന്റെ മുപ്പത്തിയഞ്ച് വർഷം അപ്പോൾ പിന്നിട്ടിരുന്നു. അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് സാമ ബിൻ ദിവാഇജ് (Sama bin Diwaij) ആയിരുന്നു ദബീലിന്റെ ഭരണാധികാരി. ദബീലിലെ ജനങ്ങൾ കച്ചവടക്കാരായിരുന്നു. സൈന്യം അവിടെ എത്തിയപ്പോൾ അവിടുത്തെ ഭരണാധികാരി തന്റെ കോട്ടയിൽ നിന്ന് പുറത്തുവന്ന് മുസ്ലീങ്ങളോട് യുദ്ധം ചെയ്തു.”
അലി ബിൻ ഹാമിദ് അബീബക്കർ അൽ-കൂഫി അൽ-ഊഷി തന്റെ ‘മിൻഹാജുദ്ദീൻ’ (Minhaj al-Din – ചച്ച്നാമയുടെ അറബി വിവർത്തനം) എന്ന ഗ്രന്ഥത്തിൽ പറയുന്നു: “അമീറുൽ മുഅ്മിനീൻ ഉമർ ബിൻ ഖത്താബ് (റ) വിന്റെ ഭരണകാലത്ത് ഹിജ്റ പതിനഞ്ചാം വർഷത്തിലാണ് ഇന്ത്യയിലേക്കും സിന്ധിലേക്കും ആദ്യത്തെ സൈനിക നീക്കം ഉണ്ടായതെന്ന് അവർ പറയുന്നു. ഉമർ ബിൻ ഖത്താബ്(റ), ഉഥ്മാൻ ബിൻ അബീ അൽ-ആസ് അൽ-സഖഫി(റ) യെ ബഹ്റൈനിലേക്ക് അയച്ചു. അദ്ദേഹം തന്റെ സൈന്യവുമായി ഒമാനിലേക്ക് നീങ്ങുകയും കപ്പലുകളും സൈന്യത്തെയും ഒരുമിച്ചുകൂട്ടുകയും ചെയ്തു. തുടർന്ന് തന്റെ സഹോദരൻ മുഗീറ ബിൻ അബീ അൽ-ആസ് അൽ-സഖഫി(റ) യെ ബഹ്റൈനിലേക്ക് അയക്കാനും, അവിടെ നിന്ന് ദബീലിലേക്ക് പടനയിക്കാനും അദ്ദേഹം കൽപ്പിച്ചു. ആ കാലത്ത് ഇന്ത്യയിലെ രാജാവ് ചച്ച് ബിൻ സിലൈജ് (Chach bin Silaij) ആയിരുന്നു. അദ്ദേഹത്തിന്റെ ഭരണത്തിന്റെ മുപ്പത്തിയഞ്ച് വർഷം അപ്പോൾ പിന്നിട്ടിരുന്നു. അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് സാമ ബിൻ ദിവാഇജ് (Sama bin Diwaij) ആയിരുന്നു ദബീലിന്റെ ഭരണാധികാരി. ദബീലിലെ ജനങ്ങൾ കച്ചവടക്കാരായിരുന്നു. സൈന്യം അവിടെ എത്തിയപ്പോൾ അവിടുത്തെ ഭരണാധികാരി തന്റെ കോട്ടയിൽ നിന്ന് പുറത്തുവന്ന് മുസ്ലീങ്ങളോട് യുദ്ധം ചെയ്തു.”
സഖീഫ് ഗോത്രത്തിലെ ഒരാൾ പറഞ്ഞു: “സൈന്യങ്ങൾ പരസ്പരം ഏറ്റുമുട്ടിയപ്പോൾ മുഗീറ ബിൻ അബീ അൽ-ആസ് തന്റെ വാൾ ഊരിപ്പിടിച്ച് ‘ബിസ്മില്ലാഹി വ ഫീ സബീലില്ലാഹ്’ (അല്ലാഹുവിന്റെ നാമത്തിലും അവന്റെ മാർഗ്ഗത്തിലും) എന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹം ആ യുദ്ധത്തിൽ രക്തസാക്ഷിയാകുന്നതുവരെ പോരാടി. അതിനുശേഷം ഇറാഖിലെ ഗവർണറായിരുന്ന അബൂ മൂസ അൽ-അശ്അരി(റ), മക്രാനിലെയും കിർമാനിലെയും കുതിരപ്പടയുടെ ചുമതല റബീഅ് ബിൻ സിയാദ് അൽ-ഹാരിഥി(റ) യെ ഏൽപ്പിച്ചു. ഇന്ത്യയിലെയും കിർമാനിലെയും അവസ്ഥകളെക്കുറിച്ച് അറിയിക്കാൻ ഉമർ(റ) അബൂ മൂസ(റ) വിന് കത്തെഴുതി. അപ്പോൾ ഇബ്നു അബീ അൽ-ആസിന്റെ രക്തസാക്ഷിത്വത്തെക്കുറിച്ചും ഇന്ത്യയിലെ രാജാവ് ധിക്കാരം കാണിക്കുകയും അതിക്രമം പ്രവർത്തിക്കുകയും ചെയ്യുന്നതിനെക്കുറിച്ചും അബൂ മൂസ(റ) അദ്ദേഹത്തിന് മറുപടി എഴുതി. അതിനാൽ ഉമർ(റ) അദ്ദേഹത്തെ ഇന്ത്യയിലേക്കുള്ള സൈനിക നീക്കത്തിൽ നിന്ന് വിലക്കി. ഈ ദിവസങ്ങളിലാണ് ഉമർ ബിൻ ഖത്താബ് (റ) രക്തസാക്ഷിയായത്.” (2)
(അത്ഹർ മുബാറക് പുരി പറയുന്നു): ദബീൽ യുദ്ധത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന നിവേദനമാണിത്. വീട്ടുകാരനാണ് വീട്ടിലുള്ള കാര്യങ്ങൾ ഏറ്റവും നന്നായി അറിയുക (പ്രാദേശിക ചരിത്രകാരനാണ് അവിടുത്തെ കാര്യങ്ങൾ കൂടുതൽ അറിയുക). എന്നാൽ ദബീലിൽ വെച്ച് മുഗീറ ബിൻ അബീ അൽ-ആസ്(റ) രക്തസാക്ഷിയായി എന്ന കാര്യം പരിശോധിക്കപ്പെടേണ്ടതാണ്; കാരണം മറ്റ് നിവേദനങ്ങളൊന്നും അതിനെ പിന്തുണയ്ക്കുന്നില്ല.
യാഖൂത്ത് അൽ-ഹമവി (Yaqut al-Hamawi) പറയുന്നു: “ഖൗർ അൽ-ദബീൽ (ദബീൽ ഉൾക്കടൽ) സിന്ധിന്റെ ഭാഗത്താണ്. ഇന്ത്യൻ സമുദ്രതീരത്തുള്ള ഒരു നഗരമാണ് ദബീൽ. ഉഥ്മാൻ ബിൻ അബീ അൽ-ആസ്(റ) തന്റെ സഹോദരൻ അൽ-ഹകമിനെ അങ്ങോട്ട് അയക്കുകയും അദ്ദേഹം അത് കീഴടക്കുകയും ചെയ്തു.” (1)
താനയെയും ബറൂച്ചിനെയും കുറിച്ചുള്ള വിവരണത്തിൽ അൽ-ഹകം(റ) അവ കീഴടക്കിയതിനെക്കുറിച്ച് ഹമവി പരാമർശിച്ചിട്ടില്ല, മറിച്ച് ദബീലിന്റെ കാര്യത്തിൽ മാത്രമാണ് അത് പറഞ്ഞിട്ടുള്ളത്. കാരണം അദ്ദേഹത്തിന്റെ ‘മുഅ്ജമുൽ ബുൽദാൻ’ (Mu’jam al-Buldan) എന്ന ഗ്രന്ഥം ഭൂമിശാസ്ത്രപരമായ ഒന്നാണ്, അല്ലാതെ വിജയങ്ങളും ചരിത്രവാർത്തകളും വിവരിക്കുന്ന ഗ്രന്ഥമല്ല. എന്നാൽ അതിൽ മുഗീറയ്ക്ക് പകരം അൽ-ഹകമിന്റെ പേരാണ് അദ്ദേഹം നൽകിയിരിക്കുന്നത്. അത് പകർത്തിയെഴുതിയപ്പോഴോ അച്ചടിച്ചപ്പോഴോ സംഭവിച്ച പിഴവാണെന്നാണ് ഞാൻ കരുതുന്നത്.
സമകാലിക അറബ് ചരിത്രകാരനായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആലു അബ്ദുൽ ഖാദിർ അൽ-അൻസാരി അൽ-അഹ്സാഈ തന്റെ ‘താരീഖുൽ അഹ്സാഅ്’ (തുഹ്ഫത്തുൽ മുസ്തഫീദ് ബി താരീഖിൽ അഹ്സാഇ ഫിൽ ഖദീമി വൽ ജദീദ്) എന്ന ഗ്രന്ഥത്തിൽ പറയുന്നു: “ഉഥ്മാൻ ബിൻ അബീ അൽ-ആസ്(റ) അബ്ദുൽ ഖൈസ് ഗോത്രത്തിൽ നിന്നുള്ള ഒരു സൈന്യത്തെ ‘താന’യിലേക്ക് (രണ്ട് നൂനുകൾക്കിടയിൽ ഒരു അലിഫ് ഉള്ള വാക്ക് – താന) അയച്ചതായി അൽ-ബലാധുരി ഉദ്ധരിച്ചിട്ടുണ്ട്. അത് ഇന്ത്യയിലെ ബോംബെയ്ക്ക് (മുംബൈ) അടുത്തുള്ള ഒരു പട്ടണമാണ്. സൈന്യം തിരിച്ചെത്തിയപ്പോൾ അദ്ദേഹം ഉമർ (റ) വിന് ഇക്കാര്യം എഴുതി അറിയിച്ചു. അപ്പോൾ ഉമർ(റ) അദ്ദേഹത്തോട് കോപിച്ചു; കാരണം തനിക്ക് വിവരങ്ങൾ ലഭിക്കാത്ത വിധം സൈന്യത്തെ കടൽ യാത്രയ്ക്ക് വിധേയമാക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. തുടർന്ന് ഇന്ത്യൻ സമുദ്രതീരങ്ങളിൽ അബ്ദുൽ ഖൈസ് ഗോത്രക്കാരുടെ ആക്രമണങ്ങൾ തുടർന്നു, അങ്ങനെ അവർ സിലോൺ (ശ്രീലങ്ക) ദ്വീപ് കീഴടക്കി. ആ നാടിന്റെ സൗന്ദര്യം കാരണം ‘മാണിക്യങ്ങളുടെ നാട്’ (ബിലാദുൽ യാഖൂത്ത്) എന്നാണ് അത് വിളിക്കപ്പെടുന്നത്.” (2)
(ഖാസി അത്ഹർ മുബാറക് പുരി തുടരുന്നു): ഈ ഉദ്ധരണിയിൽ ഉച്ചാരണസഹിതം ‘താന’ (നാനെ എന്ന രൂപത്തിൽ അച്ചടിച്ചതിനെ സൂചിപ്പിക്കുന്നു) എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് വിചിത്രമായ കാര്യമാണ്. ശരിയായ രൂപം ആദ്യം ‘ത’ (ت), ശേഷം ‘അലിഫ്’ (ا), പിന്നെ ‘നൂൻ’ (ن), അതിനുശേഷം നിശ്ശബ്ദമായ ‘ഹ’ (ه) എന്നിങ്ങനെ ‘താന’ (تانه) എന്നാണ്. ഈ സൈന്യം അബ്ദുൽ ഖൈസ് ഗോത്രത്തിൽ നിന്നുള്ളതായിരുന്നുവെന്നും, ഇന്ത്യൻ സമുദ്രതീരങ്ങളിൽ അവരുടെ ആക്രമണങ്ങൾ തുടർന്ന് അവസാനം സരന്ദീപ് ആയ സിലോൺ വരെ അവർ കീഴടക്കിയെന്നും ഇതിൽ പറയുന്നു.
അങ്ങനെ, ബനൂ അബീ അൽ-ആസി(റ) വിന്റെ സൈനിക നീക്കത്തെയും ഇന്ത്യയിലെ മൂന്ന് പ്രദേശങ്ങളായ താന, ബറൂച്ച്, ദബീൽ എന്നിവ കീഴടക്കിയതിനെയും സൂചിപ്പിക്കുന്ന ആറ് നിവേദനങ്ങൾ ഇവിടെ വ്യക്തമായിരിക്കുന്നു. എന്നാൽ ഇന്ത്യയിലെ പൊതുവായ ചരിത്രകാരന്മാർക്ക് ഇതിൽ അൽ-ബലാദുരിയുടെയോ അൽ-കൂഫി അൽ-ഊഷിയുടെയോ നിവേദനങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. മറ്റു നിവേദനങ്ങളുടെ പിന്തുണ ലഭിക്കാത്തതിനാൽ അവർ അതിനെ അവഗണിച്ചു കടന്നുപോകുകയോ, പരാമർശിച്ചാൽ തന്നെ വേണ്ടത്ര പ്രാധാന്യം നൽകാതിരിക്കുകയോ ആണ് ചെയ്തത്.
ഇസ്ലാമിക സൈന്യങ്ങൾ ഇന്ത്യയിലേക്ക് പ്രവേശിച്ചത് ‘ബാബുൽ ബഹ്റൈൻ’ (ബഹ്റൈൻ കവാടം) വഴിയായിരുന്നു. ഇന്നത്തെ സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ‘അൽ-അഹ്സാഅ്’ (Al-Ahsa) എന്നാണ് ഇന്ന് അത് അറിയപ്പെടുന്നത്.
അത് ഇന്ന് അറേബ്യൻ ഗൾഫ് തീരത്ത് ഒരു ശൈഖ് ഭരണവും (മശീഖ) എമിറേറ്റും ആയി നിലനിൽക്കുന്ന ബഹ്റൈനല്ല. പിന്നീട് പേർഷ്യൻ നാട്ടിലെ മുസ്ലീങ്ങളുടെ സൈനിക താവളമായ തുജിൽ (Tawwaj) നിന്നായിരുന്നു അവരുടെ പ്രവേശനം. ഉഥ്മാൻ ആണ് അത് കീഴടക്കിയതും, അബ്ദുൽ ഖൈസ് ഗോത്രക്കാരെയും മറ്റുള്ളവരെയും അവിടെ താമസിപ്പിച്ചതും, അവിടെ ഒരു പള്ളി നിർമ്മിച്ചതും. അവിടെ നിന്നാണ് അവർ പേർഷ്യൻ നാടുകളിലേക്കും ഇന്ത്യയിലേക്കും സൈനിക നീക്കങ്ങൾ നടത്തിയിരുന്നത്.
ഈ സൈനിക നീക്കങ്ങളിലെ സൈന്യം അബ്ദുൽ ഖൈസ്, അൽ-അസ്ദ്, തമീം, ബനൂ നാജിയ എന്നീ ഗോത്രങ്ങളിൽ നിന്നുള്ളവരായിരുന്നു; ഇതിൽ ആധിപത്യം അബ്ദുൽ ഖൈസ് ഗോത്രത്തിനായിരുന്നു. ഹിജ്റ പതിനഞ്ചാം വർഷത്തിന് ശേഷവും ഇരുപത്തിമൂന്നാം വർഷത്തിന് മുൻപും (അല്ലെങ്കിൽ ആ കാലയളവിനോട് അടുത്ത്) ആയിരുന്നു ഈ വിജയങ്ങൾ ഉണ്ടായത്. അവ സ്വമേധയാ നടത്തിയ സൈനിക നീക്കങ്ങളായിരുന്നു; കാരണം പ്രവാചകൻ (സ്വ) യെയും അബൂബക്കർ (റ) വിനെയും മാതൃകയാക്കിക്കൊണ്ട് ഉമർ (റ) സമുദ്രയുദ്ധങ്ങൾക്ക് അനുമതി നൽകിയിരുന്നില്ല. പിന്നീട് ഹിജ്റ പതിനേഴാം വർഷത്തിൽ അദ്ദേഹം അതിന് അനുമതി നൽകുകയും, അങ്ങനെ ഹിജ്റ ഇരുപത്തിമൂന്നാം വർഷത്തിൽ മുസ്ലീങ്ങൾ പേർഷ്യയിലേക്കും മക്രാനിലേക്കും പടനയിക്കുകയും ചെയ്തു.
ഈ സൈനിക നീക്കങ്ങൾക്ക് വ്യക്തമായ ചില കാരണങ്ങളുണ്ടായിരുന്നു:
ഒന്നാമതായി ബഹ്റൈൻ, അൽ-ഖത്ത്, ഹജർ, ഖത്തീഫ്, യമാമ എന്നിവിടങ്ങളിൽ താമസിച്ചിരുന്ന സുത്ത് (Zutt – ജാട്ടുകൾ), സയാബിജ (Sayabija) എന്നീ വിഭാഗക്കാർ അബൂബക്കർ (റ) വിന്റെ ഭരണകാലത്ത് ഇസ്ലാമിനും മുസ്ലീങ്ങൾക്കുമെതിരെ മതപരിത്യാഗികളെ (മുർത്തദ്ദുകളെ) സഹായിച്ചിരുന്നു. അവർ അവരോടൊപ്പം അവരുടെ നാടുകളിൽ താമസിക്കുകയും, പരാജയപ്പെട്ടപ്പോൾ സ്വന്തം നാടുകളിലേക്ക് ഓടിപ്പോവുകയും ചെയ്തു. ഉമർ ബിൻ ഖത്താബ്(റ) വിന്റെ കാലത്ത് അവരുടെ നാടുകളിൽ ചെന്ന് അവരോട് പ്രതികാരം ചെയ്യുന്നത് വരെ, അവരിൽ നിന്നുണ്ടായ ഈ വഞ്ചന മുസ്ലീങ്ങൾ മറന്നിരുന്നില്ല.
രണ്ടാമതായി ഇന്ത്യയിലെ ജനങ്ങളും അവിടുത്തെ രാജാക്കന്മാരും പേർഷ്യൻ സാമ്രാജ്യത്തിന്റെ ആധിപത്യത്തിന് കീഴിലായിരുന്നതിനാൽ, ഇസ്ലാമിനും മുസ്ലീങ്ങൾക്കുമെതിരെ പേർഷ്യക്കാരെ തങ്ങളുടെ സൈനികരെക്കൊണ്ടും ആയുധങ്ങൾക്കൊണ്ടും സഹായിച്ചിരുന്നു. അങ്ങനെ തങ്ങൾക്കെതിരെ സഹായം ഒഴുകിവരുന്ന ഈ കവാടം മുസ്ലീങ്ങൾ അടച്ചുപൂട്ടുകയും, പേർഷ്യയെ കീഴടക്കിയതിന്റെ ഭാഗമായി ഇന്ത്യയുടെ പല പ്രദേശങ്ങളെയും കീഴടക്കുകയും ചെയ്തു.
മൂന്നാമതായി ഉമർ (റ) വിന്റെ കാലത്ത് ജാട്ടുകളും സയാബിജകളും ഇസ്ലാം സ്വീകരിക്കുകയും, അനറബി നാടുകളിലേക്കുള്ള (ബിലാദുൽ അജം) സൈനിക നീക്കങ്ങളിൽ ഇസ്ലാമിക സൈന്യത്തിന്റെ ഭാഗമാവുകയും ചെയ്തു. അബൂബക്കർ (റ) വിന്റെ കാലത്ത് തങ്ങളുടെ മേൽ വന്നുഭവിച്ച പഴയ അപമാനം കഴുകിക്കളയാൻ അവർ ആഗ്രഹിച്ചു. കൂടാതെ, ഇസ്ലാമിന്റെ അനുഗ്രഹം തങ്ങളുടെ നാടുകളിലേക്കും സഹോദരങ്ങളിലേക്കും എത്തിക്കാൻ അവരുടെ മനസ്സുകൾ സ്വാഭാവികമായും ആഗ്രഹിക്കുകയും ചെയ്തു.
എന്നാൽ ഇതിനെല്ലാം പിന്നിലെ യഥാർത്ഥവും ഏകവുമായ കാരണം, മുസ്ലീങ്ങൾ തങ്ങളുടെ ചുമലിൽ ഏറ്റെടുത്ത ഇസ്ലാമിന്റെ അമാനത്തും (വിശ്വസ്തത) മതത്തിന്റെ സന്ദേശ പ്രചാരണ ദൗത്യവും നിർവഹിച്ചു എന്നതാണ്; കാരണം അല്ലാഹുവിന് മുന്നിലും, പ്രവാചകർ(സ്വ) തങ്ങൾക്ക് മുന്നിലും, മനഃസ്സാക്ഷിക്ക് മുന്നിലും, ഒടുവിൽ മനുഷ്യരാശിക്ക് മുന്നിലും അവർ അതിന് ഉത്തരവാദികളായിരുന്നു.
ഇന്ത്യയോട് ഉമർ ബിൻ ഖത്താബ്(റ) വിന് അന്ത്യനാൾ വരെയും മറക്കാനാവാത്ത വലിയൊരു കടപ്പാടുണ്ട്. കാരണം, അദ്ദേഹത്തിന്റെ മഹത്തായ ചരിത്രം മുൻപേ കേട്ടറിഞ്ഞതുവഴി ഇന്ത്യയിലെ ജനങ്ങൾ ഇസ്ലാമിനെയും മുസ്ലീങ്ങളെയും സ്നേഹിച്ചിരുന്നു; പിന്നീട് അദ്ദേഹത്തിന്റെ ഖിലാഫത്ത് കാലത്താണ് ഇസ്ലാമും മുസ്ലീങ്ങളും ഇന്ത്യയിലേക്ക് കടന്നുവന്നത്. അതുപോലെ സഖീഫ് ഗോത്രത്തിനും അവരുടെ സന്തതികൾക്കും ഇന്ത്യയിലെ മുസ്ലീങ്ങളോട് വലിയൊരു കടപ്പാടുണ്ട്; കാരണം അബീ അൽ-ആസ് അൽ-സഖഫി(റ) യുടെ മക്കളായ ഉഥ്മാൻ(റ), അൽ-ഹകം(റ), അൽ-മുഗീറ(റ) എന്നിവരാണ് മുസ്ലീങ്ങൾക്കായി ആദ്യം ഇന്ത്യയുടെ വാതിലുകൾ തുറന്നുകൊടുത്തത്. പിന്നീട് അന്തരീക്ഷം തെളിഞ്ഞപ്പോൾ, മുഹമ്മദ് ബിൻ അൽ-ഖാസിം അൽ-സഖഫി തന്റെ കുതിരപ്പടയും കാലാൾപ്പടയുമായി അവിടേക്ക് ആഴത്തിൽ കടന്നുചെന്നു.
സിന്ധിലെയും കൊങ്കൺ തീരത്തെയും (താന, ബറൂച്ച്) പ്രാദേശിക ഭരണകൂടങ്ങളുടെ സ്വഭാവവും (ഉദാഹരണത്തിന് ചച്ച് രാജവംശം), ഇസ്ലാമിക സാമ്രാജ്യ വിപുലീകരണവും തമ്മിലുള്ള സംക്രമണ സന്ധികളെ ഈ പഠനം അടയാളപ്പെടുത്തുന്നു. ഇത് തെളിയിക്കുന്നത്, ഇസ്ലാമിക ചരിത്രം എന്നത് കേവലം മധ്യേഷ്യൻ കേന്ദ്രീകൃതമായ ഒന്നല്ല, മറിച്ച് ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരദേശ സംസ്കൃതികളുമായി ഇഴുകിച്ചേർന്ന സമുദ്രകേന്ദ്രീകൃതമായ (Maritime History) ഒരു ചരിത്ര യാഥാർത്ഥ്യം കൂടിയാണെന്നാണ്. ആധുനിക ഹിസ്റ്റോറോഗ്രഫിയിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ‘ഇന്ത്യൻ മഹാസമുദ്ര പഠനങ്ങൾ’ (Indian Ocean Studies) എന്ന ശാഖയുമായി തികച്ചും പൊരുത്തപ്പെടുന്നതാണ് ഈ ചരിത്രരേഖകൾ.

വിശകലനം:
ചരിത്രകാരനായ ഖാസി അത്ഹർ മുബാറക് പുരിയുടെ വിവരണങ്ങളെ ആധുനിക ചരിത്രശാസ്ത്രത്തിന്റെ (Modern Historiography) രീതിശാസ്ത്രപരവും വിശകലനാത്മകവുമായ മാനദണ്ഡങ്ങളിലൂടെ പരിശോധിക്കുമ്പോൾ താഴെ പറയുന്ന പ്രധാന നിഗമനങ്ങളിൽ എത്തിച്ചേരാം:
സമുദ്ര വാണിജ്യ ശൃംഖലകളും ഭൗമ-രാഷ്ട്രീയ (Geopolitical) ബന്ധങ്ങളും
ഇസ്ലാമിക മുന്നേറ്റങ്ങൾക്ക് നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഇന്ത്യൻ മഹാസമുദ്രവും പേർഷ്യൻ ഗൾഫും കേന്ദ്രീകരിച്ച് അറബ്-ഇന്ത്യൻ വാണിജ്യ ബന്ധങ്ങൾ സജീവമായിരുന്നു. ഈ പ്രാചീന വാണിജ്യ റൂട്ടുകളും നാവിക അറിവുകളുമാണ് (Maritime Routes) ആദ്യകാല ഇസ്ലാമിക സൈനിക നീക്കങ്ങൾക്ക് അടിത്തറ പാകിയത്. ഉബുല്ലയും (Ubulla) തുജും (Tawwaj) വെറും സൈനിക താവളങ്ങൾ മാത്രമല്ല, ഇന്ത്യൻ മഹാസമുദ്രത്തിലെ സമുദ്ര വാണിജ്യത്തിന്റെ സിരാകേന്ദ്രങ്ങളുമായിരുന്നു. ആധുനിക ചരിത്ര പഠനത്തിൽ ഇത് വ്യക്തമാക്കുന്നത്, തുടക്കകാലത്തെ ഈ നീക്കങ്ങൾ കേവലം ഭൂപ്രദേശങ്ങൾ പിടിച്ചെടുക്കൽ മാത്രമായിരുന്നില്ല, മറിച്ച് സമുദ്ര വാണിജ്യ പാതകളുടെ നിയന്ത്രണം ലക്ഷ്യമിട്ടുള്ള നാഗരിക വിനിമയങ്ങളായിരുന്നു എന്നാണ്.
സ്രോതസ്സുകളുടെ വിമർശനാത്മക വിശകലനം (Critical Source Analysis)
അൽ-ബലാദുരി, അൽ-യഅ്ഖൂബി, ചച്ച്നാമ (മിൻഹാജുദ്ദീൻ), യാഖൂത്ത് അൽ-ഹമവി തുടങ്ങിയ വിവിധ സ്രോതസ്സുകളെ ഖാസി അത്ഹർ ഉദ്ധരിക്കുന്നത് ആധുനിക ചരിത്രശാസ്ത്രത്തിലെ ‘ഉറവിട വിമർശനം’ (Source Criticism) എന്ന രീതിശാസ്ത്രവുമായി പൂർണ്ണമായും ഒത്തുപോകുന്നുണ്ട്. താന (Thane), ബറൂച്ച് (Bharuch), ദബീൽ (Debal) എന്നീ പ്രദേശങ്ങളെക്കുറിച്ചുള്ള വിവരണങ്ങളിൽ ചരിത്രകാരന്മാർ തമ്മിലുള്ള സൂക്ഷ്മ വ്യത്യാസങ്ങളും (ഉദാഹരണത്തിന്: മുഗീറയുടെയോ അൽ-ഹാകമിന്റെയോ നേതൃത്വത്തെക്കുറിച്ചുള്ള തർക്കങ്ങൾ) പ്രാദേശിക സ്രോതസ്സുകളും കേന്ദ്രീകൃത അറബിക് രേഖകളും തമ്മിലുള്ള തുലനവും വിലയിരുത്താൻ ഇത്തരം താരതമ്യ പഠനങ്ങൾ അത്യന്താപേക്ഷിതമാണ്.
നാവിക തന്ത്രങ്ങളും ഉമർ(റ) വിന്റെ ഭരണകൂട നയങ്ങളും
ഖലീഫ ഉമർ ബിൻ ഖത്താബ് (റ) തുടക്കത്തിൽ സമുദ്രമാർഗ്ഗമുള്ള സൈനിക നീക്കങ്ങളോട് കാട്ടിയ ജാഗ്രതയും വിമുഖതയും ആധുനിക രാഷ്ട്രതന്ത്രശാസ്ത്രത്തിന്റെ വീക്ഷണത്തിൽ ശ്രദ്ധേയമാണ്. സൈനികരുടെ സുരക്ഷയ്ക്കും അജ്ഞാതമായ സമുദ്രങ്ങളിലെ പ്രതിസന്ധികൾക്കുമുള്ള മുൻകരുതലായാണ് ഉമർ (റ) ഇതിനെ കണ്ടത്. പിന്നീട് സഖീഫ് ഗോത്രനേതാക്കളും അബ്ദുൽ ഖൈസ് ഗോത്രവും തങ്ങളുടെ നാവിക വൈദഗ്ദ്ധ്യം ഉപയോഗിച്ച് സ്വമേധയാ നടത്തിയ മുന്നേറ്റങ്ങൾ, കേന്ദ്ര ഭരണകൂടത്തിന്റെ അനുമതിക്ക് അപ്പുറം പ്രാദേശിക ജനതയുടെ തന്ത്രപരമായ ഇടപെടലുകൾ ചരിത്രഗതിയെ എങ്ങനെ സ്വാധീനിച്ചു എന്നതിന്റെ ഉത്തമ ഉദാഹരണമാണ്.
പ്രാദേശിക ചരിത്രവും ആഗോള ഇസ്ലാമിക ചരിത്രവും തമ്മിലുള്ള സംയോജനം
സിന്ധിലെയും കൊങ്കൺ തീരത്തെയും (താന, ബറൂച്ച്) പ്രാദേശിക ഭരണകൂടങ്ങളുടെ സ്വഭാവവും (ഉദാഹരണത്തിന് ചച്ച് രാജവംശം), ഇസ്ലാമിക സാമ്രാജ്യ വിപുലീകരണവും തമ്മിലുള്ള സംക്രമണ സന്ധികളെ ഈ പഠനം അടയാളപ്പെടുത്തുന്നു. ഇത് തെളിയിക്കുന്നത്, ഇസ്ലാമിക ചരിത്രം എന്നത് കേവലം മധ്യേഷ്യൻ കേന്ദ്രീകൃതമായ ഒന്നല്ല, മറിച്ച് ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരദേശ സംസ്കൃതികളുമായി ഇഴുകിച്ചേർന്ന സമുദ്രകേന്ദ്രീകൃതമായ (Maritime History) ഒരു ചരിത്ര യാഥാർത്ഥ്യം കൂടിയാണെന്നാണ്. ആധുനിക ഹിസ്റ്റോറോഗ്രഫിയിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ‘ഇന്ത്യൻ മഹാസമുദ്ര പഠനങ്ങൾ’ (Indian Ocean Studies) എന്ന ശാഖയുമായി തികച്ചും പൊരുത്തപ്പെടുന്നതാണ് ഈ ചരിത്രരേഖകൾ.
തുടരും…
സ്ഥലനാമങ്ങളുടെ വിശദീകരണം:
താന (تانه): ‘തഹാന’ (Thana) എന്നതിന്റെ അറബിവൽക്കരിച്ച രൂപമാണിത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരത്തുള്ള ഒരു പട്ടണമാണിത്. ഇന്ന് ഇത് ബോംബെയുടെ (മുംബൈ) വടക്കുഭാഗത്തായി ചേർന്നുകിടക്കുന്ന ഒരു ജില്ലയാണ്.
ബ്രൂസ് (بروص):** ‘ബഹ്റൂച്’ (Broach / Bharuch) എന്നതിന്റെ അറബിവൽക്കരിച്ച രൂപമാണിത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ തുറമുഖ നഗരങ്ങളിലൊന്നാണിത്. ഇന്ന് ഇത് ബോംബെയ്ക്ക് വടക്കുള്ള ഗുജറാത്ത് പ്രവിശ്യയിലെ ഒരു ജില്ലയാണ്.
അൽ-ദബീൽ (الديبل): ‘ദ’ എന്ന അക്ഷരത്തിന് അകാരം (ഫത്ഹ്) നൽകി ഉച്ചരിക്കുന്ന വാക്കാണിത്. സിന്ധിൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരത്ത് കറാച്ചിക്ക് സമീപം സ്ഥിതി ചെയ്തിരുന്ന ഒരു വലിയ നഗരമായിരുന്നു ഇത്. ഇന്ന് അത് അവശിഷ്ടങ്ങളും നാശാവശിഷ്ടങ്ങളും മാത്രം പുറത്തുവന്നിട്ടുള്ള ഒരു തകർന്ന നഗരമാണ്.
സൈലാൻ (سيلان): സിലോൺ (Ceylon) അഥവാ സരന്ദീപ്. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തായി ഹർകന്ദ് (ബംഗാൾ ഉൾക്കടൽ / ഇന്ത്യൻ മഹാസമുദ്രം) കടലിൽ സ്ഥിതി ചെയ്യുന്ന ഒരു വലിയ ദ്വീപാണ് ഇത്. ഇന്ന് ഇത് ഒരു സ്വതന്ത്ര റിപ്പബ്ലിക്കാണ് (ശ്രീലങ്ക).
അടിക്കുറിപ്പുകൾ:
(1) താരീഖുൽ യഅ്ഖൂബി, വാല്യം 2, പേജ് 151
(2) മിൻഹാജുദ്ദീൻ, പേജ് 73
(1) മുഅ്ജമുൽ ബുൽദാൻ, വാല്യം 3, പേജ് 481
(2) പ്രസ്തുത ഗ്രന്ഥത്തിന്റെ ഒന്നാം ഭാഗം, പേജ് 71, റിയാദ് പതിപ്പ്



