ഉമർ(റ) വിന്റെ ഭരണകാലത്തെ ഇന്ത്യാ അറബ് ബന്ധങ്ങൾ

India-Arab Relations during the Reign of Umar (RA)

ഉമർ ബിൻ ഖത്താബ് (റ) ഹിജ്റ പതിമൂന്നാം വർഷം ജമാദുൽ ആഖിർ അവസാന രാവുകളിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഹിജ്റ ഇരുപത്തിമൂന്നാം വർഷം ദുൽഹിജ്ജ അവസാനത്തിലാണ് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്. അദ്ദേഹത്തിന്റെ ഭരണകാലം പത്ത് വർഷവും ആറു മാസവും അഞ്ച് ദിവസവുമായിരുന്നു.
അദ്ദേഹത്തിന്റെ ഭരണകാലത്ത് മുസ് ലിംകൾക്ക് ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ വിപുലീകരിക്കപ്പെട്ടു. ഇന്ത്യ, ശ്രീലങ്ക (സരൻ ദ്വീപ്) എന്നിവിടങ്ങളിലേക്കുള്ള സമുദ്രമാർഗ്ഗങ്ങൾ തുറക്കപ്പെടുകയും, നാം അസ്സിയാബിജ വിഭാഗങ്ങൾ ഇസ്ലാം ആശ്ലേഷിക്കുകയും ചെയ്തു. ഇസ്ലാമിക സൈന്യങ്ങളിലേക്കുള്ള അവരുടെ പ്രവേശനം ഒരു പ്രത്യേക യുഗത്തിന് തുടക്കം കുറിച്ചു.

മദീനയിലേക്ക് സരൻ ദ്വീപിൽ നിന്നുള്ള സംഘത്തിന്റെ ആഗമനവും, സരൻ ദ്വീപ് ജനതയുടെ സൽകർമ്മങ്ങളും

ഉമർ(റ) വിന്റെ ഭരണകാലത്തിന്റെ തുടക്കത്തിൽ, സരൻ ദ്വീപിൽ നിന്നുള്ള ഒരു സംഘം മദീനയിൽ എത്തിച്ചേർന്നു. ഇസ്ലാമിന്റെ വിധികളും ഉമർ(റ) വിന്റെ ഭരണരീതിയും സരൻ ദ്വീപ് ജനതയുടെ ഇടയിൽ ഇസ്ലാമിനോടുള്ള താല്പര്യവും മുസ്ലീങ്ങളോടുള്ള സ്നേഹവും വളർത്തിയിരുന്നു. അവർ അറബികളെയും അവരുടെ രാജ്യത്ത് തങ്ങളെ സേവിച്ചവരെയും സ്നേഹിച്ചിരുന്നു.

നാലാം നൂറ്റാണ്ടിലെ ചരിത്രകാരനായ ബുസുർഗ് ബിൻ ഷഹ്‌റിയാർ തന്റെ ‘അജാഇബു അൽ-ഹിന്ദ്’ (ഇന്ത്യയിലെ അത്ഭുതങ്ങൾ) എന്ന ഗ്രന്ഥത്തിൽ ഇതേക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്:
“ലങ്കയിലെ ജനങ്ങൾക്ക് നബി(സ്വ) യുടെ ആഗമനത്തെക്കുറിച്ചുള്ള വിവരം ലഭിച്ചപ്പോൾ, അവർ ഒരു വ്യക്തിയെ തിരുനബി(സ്വ) യുടെ അടുക്കലേക്ക് ദൂതനായി അയക്കാൻ തീരുമാനിച്ചു. അദ്ദേഹത്തിന്റെ ദൗത്യത്തെക്കുറിച്ചും പ്രബോധനങ്ങളെക്കുറിച്ചും നേരിട്ട് മനസ്സിലാക്കാനായിരുന്നു ഇത്. എന്നാൽ വഴിയിൽ അദ്ദേഹത്തിന് ചില തടസ്സങ്ങൾ നേരിട്ടു. ഒടുവിൽ നബി(സ്വ) വഫാത്തായി, അബൂബക്കർ സ്വിദ്ദീഖ്(റ) ന്റെ വിയോ​ഗം സംഭവിക്കുകയും ഉമർ ബിൻ ഖത്വാബ്(റ) ഭരണമേൽക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം മദീനയിൽ എത്തിച്ചേർന്നത്.”
ഉമർ ബിൻ ഖത്വാബ്(റ) അദ്ദേഹത്തെ സ്വീകരിക്കുകയും നബി(സ)യെക്കുറിച്ചുള്ള വിവരങ്ങൾ വിശദീകരിച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് മടങ്ങുന്ന വഴിയിൽ മക്രാൻ പ്രദേശത്തുവെച്ച് ആ വ്യക്തി മരണപ്പെട്ടു. എന്നാൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ലങ്കക്കാരനായ ഒരു ബാലൻ യാത്ര തുടർന്ന് ലങ്കയിൽ എത്തിച്ചേരുകയും, തങ്ങൾക്ക് ബോധ്യപ്പെട്ട കാര്യങ്ങളും നബി(സ്വ) യുടെയും അബൂബക്കർ (റ)വിന്റെയും ഉമർ (റ)വിന്റെയും ഭരണരീതികളും അവിടുത്തെ ജനങ്ങൾക്ക് വിവരിച്ചുകൊടുക്കുകയും ചെയ്തു.
നബി(സ്വ) യുടെ അനുയായികളുടെ ലാളിത്യവും, അവർ രാജാക്കന്മാരെപ്പോലെ വസ്ത്രം ധരിക്കാതെ സാധാരണക്കാരെപ്പോലെ ജീവിച്ചതും, പള്ളികളിൽ കഴിഞ്ഞുകൂടിയതും ആ ബാലൻ വിവരിച്ചു. അവരുടെ ഈ വിനയവും ലാളിത്യവും ലങ്കയിലെ ജനങ്ങളെ ഏറെ സ്വാധീനിച്ചു. ഉമർ(റ) ധരിച്ചിരുന്ന പാച്ചറുകൾ തുന്നിയ ലളിതമായ വസ്ത്രങ്ങളെക്കുറിച്ചും ആ ബാലൻ വിവരിച്ചു. മുസ്ലീങ്ങളോടുള്ള സ്നേഹവും, മുസ്ലീങ്ങൾ അവരോട് കാണിച്ച ആത്മാർത്ഥതയും ലങ്കൻ ജനതയുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. ആ ബാലൻ പറഞ്ഞ കാര്യങ്ങൾ കേട്ട് അവർ അതിശയപ്പെട്ടു.
ഈ ചരിത്ര സത്യത്തെ നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബുസുർഗ് ബിൻ ഷഹ്‌റിയാർ തന്റെ ഗ്രന്ഥത്തിൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മുസ്ലീങ്ങളും ലങ്കയിലെ ജനങ്ങളും തമ്മിലുള്ള ആത്മബന്ധം കാലക്രമേണ കൂടുതൽ സുദൃഢവും ഉയർന്ന നിലവാരത്തിലുമായിത്തീർന്നു എന്ന് ഇത് വ്യക്തമാക്കുന്നു.

ഹിജ്റ പതിനാറാം വർഷത്തിൽ, പേർഷ്യ, അറബ് നാടുകൾ എന്നിവിടങ്ങളിൽ താമസിച്ചിരുന്ന ഇന്ത്യക്കാരായ വലിയൊരു വിഭാഗം ജനങ്ങൾ അബൂമൂസ അൽ-അശ്അരി (റ) വഴി ഇസ്ലാം സ്വീകരിച്ചു. പേർഷ്യ, ഇന്ത്യ എന്നീ നാടുകളിലെ വിജയങ്ങളിൽ അവർ വ്യക്തമായ വലിയ സേവനങ്ങൾ അനുഷ്ഠിക്കുകയും, സൈനികർക്കുള്ള ശമ്പള ആനുകൂല്യങ്ങൾ നേടുകയും ചെയ്തു.
അൽ-ബലാദുരി പറയുന്നു:
“യെസ്ദെഗർദിന്റെ മുൻനിര സൈനികനായ സിയാഹ് അൽ-അസ്വാരിയും, അൽ-സൂസ ഉപരോധിച്ച അബൂമൂസയും ഉണ്ടായിരുന്നു. ഇസ്ലാം പ്രകടമാകുകയും അതിന്റെ ജനങ്ങൾ പ്രതാപശാലികളായി തീരുകയും ചെയ്തപ്പോൾ, അൽ-സൂസ വിജയകരമായി കീഴടക്കപ്പെടുകയും അബൂമൂസ(റ) യിലേക്ക് തുടർച്ചയായി സഹായങ്ങൾ എത്തിച്ചേരുകയും ചെയ്തു. അപ്പോൾ സിയാഹ് അബൂമൂസ(റ) വിന് ഇപ്രകാരം സന്ദേശമയച്ചു: ‘ഞങ്ങൾ നിങ്ങളുടെ മതത്തിലേക്ക് നിങ്ങളുടെ കൂടെ പ്രവേശിക്കാൻ ആഗ്രഹിക്കുന്നു; പേർഷ്യക്കാരായ ഞങ്ങളുടെ ശത്രുവിനെതിരെ നിങ്ങളുടെ കൂടെ നിന്ന് ഞങ്ങൾ യുദ്ധം ചെയ്യാം. എന്നാൽ വ്യവസ്ഥകളുണ്ട്: ഞങ്ങളും നിങ്ങളും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകരുത്; ഞങ്ങൾ പരസ്പരം പോരടിക്കാൻ പാടില്ല. ഞങ്ങൾ പോരാടുമ്പോൾ അറബികൾ ഞങ്ങളെ തടയുകയോ ഞങ്ങൾക്ക് മേൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയോ ചെയ്യരുത്; ഞങ്ങൾ ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ നാടുകളിൽ ഇറങ്ങുവാൻ ഞങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടാകണം; ഞങ്ങൾ ആഗ്രഹിക്കുന്നവരോടൊപ്പം ഞങ്ങളുമുണ്ടാകണം; അറബികൾക്ക് ലഭിക്കുന്ന ശമ്പള ആനുകൂല്യങ്ങൾ ഞങ്ങൾക്കും ലഭിക്കണം; ഞങ്ങൾ അയക്കുന്ന ദൂതൻ മുഖേനയുള്ള നിർദ്ദേശങ്ങൾ അമീർ അംഗീകരിക്കുകയും വേണം.”

ജാട്ടുകളുടെയും സിയാബിജകളുടെയും ഇസ്ലാം സ്വീകരണം

പേർഷ്യ, അറബ് ദേശങ്ങളിൽ താമസിച്ചിരുന്നതും ഇന്ത്യൻ വംശജരുമായ പതിനാറായിരത്തോളം പേർ അബൂമൂസ അൽ-അശ്അരി (റ) വിന്റെ കാലത്ത് ഇസ്ലാം മതം സ്വീകരിച്ചു. പേർഷ്യ, ഇന്ത്യ എന്നീ പ്രദേശങ്ങളുടെ വിജയത്തിൽ അവർ വലിയ സേവനങ്ങൾ അനുഷ്ഠിക്കുകയും ‘അതാഅ്’ (സൈനിക വേതനം) എന്ന പദവിക്ക് അർഹരായിതീരുകയും ചെയ്തു. ബലാദുരി പറയുന്നു: “സൂസിന്റെ ഉപരോധവേളയിൽ യസ്ദഗേർഡിന്റെ മുൻനിര സൈന്യാധിപനും അബൂമൂസ(റ) വിന്റെ ശത്രുവുമായിരുന്ന സിയാഹ് അൽ-അസ്വാരി ഉണ്ടായിരുന്നു. എന്നാൽ ഇസ്ലാമിന്റെ ഉദയവും അബൂമൂസ(റ) വിന്റെ നേതൃത്വത്തിൽ സൂസ് വിജയിച്ചതും കണ്ടപ്പോൾ, ഇസ്ലാമും തന്റെ ജനതയുടെ സുരക്ഷയും കരുതി സിയാഹ് അബൂമൂസ(റ) വിന് താഴെ പറയുന്ന സന്ദേശം അയച്ചു:
“ഞങ്ങൾ നിങ്ങളുടെ മതത്തിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നു; നിങ്ങളുടെ ശത്രുക്കളോട് ഞങ്ങളും അന്യരായ നിങ്ങൾക്കൊപ്പം ചേർന്ന് പോരാടാം. എന്നാൽ നമുക്കിടയിൽ ചില വ്യവസ്ഥകളുണ്ട്: നമ്മൾ പരസ്പരം പോരാടരുത്, നിങ്ങളുടെ നാടുകളിൽ എവിടെ വേണമെങ്കിലും ഞങ്ങൾക്ക് താമസിക്കാം, ഞങ്ങൾക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിൽ പാർക്കാം, നിങ്ങളുടെ ഇഷ്ടപ്രകാരം എവിടെയും സഞ്ചരിക്കാം. കൂടാതെ, മറ്റുള്ളവരെപ്പോലെ ഞങ്ങളും ‘അതാഅ്’ (വേതനം) എന്ന പദവിക്ക് അർഹരായിരിക്കണം.”
ഇതുകേട്ട അബൂമൂസ(റ) പറഞ്ഞു:
“നിങ്ങൾ ഉന്നയിച്ച കാര്യങ്ങൾ ഞങ്ങൾക്ക് ബാധകമാണ്, എന്നാൽ നിങ്ങൾ ഞങ്ങൾക്ക് ബാധകമല്ല (ഞങ്ങളുടെ വ്യവസ്ഥകൾ നിങ്ങൾക്ക് ബാധകമാണ്)”. അബൂമൂസ(റ) ഇത് ഉമർ (റ) വിന് എഴുതി അറിയിച്ചു. ഉമർ (റ) മറുപടി നൽകി: “അവർ ചോദിച്ചതെല്ലാം അവർക്ക് നൽകുക. അവരെ പുറത്തുവിടുക, അങ്ങനെ അവർ മുസ്ലീങ്ങളോടൊപ്പം ചേരട്ടെ, തസ്തർ ഉപരോധത്തിൽ അബൂമൂസ(റ) വിനോടൊപ്പം പങ്കെടുക്കുകയും ചെയ്യട്ടെ. അതുവഴി ശത്രുക്കൾക്ക് ഭയമുണ്ടാക്കാൻ അവർക്ക് സാധിക്കും”.
സിയാഹിനോട് അബൂമൂസ(റ) പറഞ്ഞു:
“നിങ്ങളും നിങ്ങളുടെ കൂട്ടുകാരും വിചാരിച്ചതുപോലെയല്ല കാര്യങ്ങൾ, ഞങ്ങൾക്കും അത്ഭുതം തോന്നുന്നു”.
സിയാഹ് മറുപടി പറഞ്ഞു:
“ഞങ്ങളുടെ ഈ നടപടിക്രമങ്ങൾ വിശ്വാസരാഹിത്യം കൊണ്ടല്ല; നമുക്കിടയിൽ സ്ത്രീകളെക്കുറിച്ചോ കുട്ടികളെക്കുറിച്ചോ ഞങ്ങൾ ഭയപ്പെടുന്നുമില്ല. മറിച്ച്, ഈ മതത്തിന്റെ തുടക്കത്തിൽ തന്നെ ഞങ്ങൾ ഇതിൽ പ്രവേശിച്ചത് ഒരു മുൻകരുതൽ എന്ന നിലയ്ക്കാണ്; അല്ലാഹു നമുക്ക് വലിയ അനുഗ്രഹങ്ങൾ നൽകിയിരിക്കുന്നു”.
തുടർന്ന് അവർക്ക് വേതനം നിശ്ചയിച്ചു നൽകുകയും അവർ ബസറയിലേക്ക് പോവുകയും ചെയ്തു. അവിടെ എത്തിയപ്പോൾ അവർ ചോദിച്ചു: “ഞങ്ങൾക്ക് ഏറ്റവും അടുത്ത ഗോത്രം ഏതാണ്?” ബനൂ തമീം ഗോത്രക്കാർ അസ്ദ് ഗോത്രവുമായി സഖ്യത്തിലായിരുന്നു – എന്നാൽ ബനൂ തമീം അവരെ ഒഴിവാക്കി. തുടർന്ന് അവർക്കായി പ്രദേശങ്ങൾ വരച്ചുകൊടുക്കുകയും അവർ പുഴകൾ കുഴിക്കുകയും ചെയ്തു. ‘അസ്-സവാറ’ എന്നറിയപ്പെടുന്നവരും, ഇസ്ലാമിന് മുമ്പ് കടൽത്തീരങ്ങളിൽ വസിച്ചിരുന്നവരും സിയാബിജകളും ജാട്ടുകളും അവരോടൊപ്പം ചേർന്നു. അവർ വള്ളങ്ങളിൽ സഞ്ചരിക്കുന്നവരായിരുന്നു. അങ്ങനെ അസ്വാറ, സിയാബിജ, ജാട്ട് ഗോത്രങ്ങൾ ഒന്നിച്ചുകൂടി. ബനൂ തമീമുമായി അവർക്ക് തർക്കമുണ്ടായി. തുടർന്ന് ബനൂ സമാദിലെ അസ്വാറ വിഭാഗക്കാർ അവരെ സ്വാഗതം ചെയ്തു. ജാട്ടുകളും സിയാബിജകളും ബനൂ ഹൻദലയോടൊപ്പം ചേർന്നു. മുശ്രിക്കുകൾക്കെതിരെ പടവെട്ടിക്കൊണ്ട് അവർ അവർക്കൊപ്പം താമസിച്ചു.
ഇബ്‌നു ആമിറിനൊപ്പം ഖുറാസാനിലേക്ക് അവർ പുറപ്പെട്ടു. ഒട്ടകങ്ങളുടെ യുദ്ധത്തിൽ (ജമൽ യുദ്ധം) അവർ പങ്കെടുത്തില്ലെങ്കിലും, അതിനുശേഷമുള്ള ജിഅ്ദ ദിവസം വരെയുള്ള യുദ്ധങ്ങളിൽ പങ്കെടുത്തു. അൽ-അശ്അസിനൊപ്പം അവർ അലി (റ) വിന്റെ കൂടെയും പങ്കെടുത്തു. അൽ-ഹജ്ജാജ് അവരുടെ വീടുകൾ തകർക്കുകയും അവരുടെ വേതനം വെട്ടിക്കുറയ്ക്കുകയും ചിലരെ നാടുകടത്തുകയും ചെയ്തുകൊണ്ട് പറഞ്ഞു:
“നമ്മുടെ ഇടയിൽ പരസ്പരം സഹായിക്കില്ല എന്നതായിരുന്നു നിങ്ങളുടെ വ്യവസ്ഥ”.
അവാന പറയുന്നു: സിയാബിജ, ജാട്ട്, അൻദാഫ് വിഭാഗങ്ങളിൽ പെട്ടവർ പേർഷ്യൻ സൈന്യത്തിൽ സബൂഹിന്റെ കൂടെയുണ്ടായിരുന്നവരാണ്. സിന്ധ് പ്രദേശങ്ങളിൽ നിന്നുള്ളവരായിരുന്നു അവർ. അവരിൽ ചിലർ തുടക്കത്തിലെ ആക്രമണങ്ങളിൽ തടവുകാരായി പിടിക്കപ്പെട്ടവരാണ്. അസ്വാറ വിഭാഗക്കാർ ഇസ്ലാം സ്വീകരിച്ചതായി കേട്ടപ്പോൾ അവരും ഇസ്ലാം സ്വീകരിക്കുകയും അബൂമൂസ(റ) വിന്റെ അടുക്കൽ വരികയും ചെയ്തു. തുടർന്ന് അബൂമൂസ അസ്വാറ വിഭാഗക്കാരെ താമസിപ്പിച്ചതുപോലെ അവരെയും ബസറയിൽ താമസിപ്പിച്ചു. ഇങ്ങനെയാണ് ഉമർ ബിൻ ഖത്വാബിന്റെ കാലത്ത് ഇന്ത്യൻ ജനത ആദ്യമായി യാതൊരുവിധ നിർബന്ധത്തിന്റെയും ഭീഷണിയുടെയും പശ്ചാത്തലമില്ലാതെ, സ്വന്തം ഹൃദയത്തിന്റെയും വികാരങ്ങളുടെയും പ്രേരണയാൽ ഇസ്ലാമിന് വിധേയരായത്. അബൂബക്കർ (റ) വിന്റെ കാലത്ത് മുർത്തദ്ദുകളുമായി (ഇസ്‌ലാം മതപരിത്യാഗികൾ) മുസ്ലീങ്ങൾ യുദ്ധം ചെയ്ത് ഏതാനും വർഷങ്ങൾ കഴിഞ്ഞായിരുന്നു ഇത്. ഈ ആത്മീയ വിപ്ലവത്തിന് ശേഷം ഇന്ത്യൻ ഭൂമിയിൽ സന്തോഷത്തിന്റെ പുലരി പൊട്ടിവികസിക്കുകയും അതിന്റെ ആകാശത്ത് അനുഗ്രഹം വർഷിക്കുകയും ചെയ്തു. ഈ കാലയളവിലാണ് ഉമർ ബിൻ ഖത്വാബ് (റ) ഇന്ത്യയിലേക്കുള്ള പടയോട്ടത്തെക്കുറിച്ച് ആലോചിക്കുകയും അതിനെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തത്. ഇബ്നു ഖുതൈബ പറയുന്നു: ഉബൈദ് ബിൻ ഉബൈദ്, മുആവിയയിൽ നിന്നും അദ്ദേഹം അബൂ ഇസ്ഹാഖിൽ നിന്നും, അദ്ദേഹം ഉബൈദുല്ലാഹ് ബിൻ ഉമറിൽ നിന്നും ഉദ്ധരിച്ച് എനിക്ക് പറഞ്ഞുതന്നു: ഉമർ (റ) ചോദിച്ചു: “നമുക്ക് ഖുന്ദബീലിനെക്കുറിച്ച് വിവരം തരാൻ ആരെങ്കിലും ഉണ്ടോ?” അപ്പോൾ ഒരു മനുഷ്യൻ പറഞ്ഞു: “അമീറുൽ മുഅ്മിനീൻ! അതിന്റെ വെള്ളം കുറവാണ്, പനകൾ മോശമാണ്, കള്ളന്മാർ ധീരരാണ്. അവിടെ അല്പം ഭക്ഷണം കഴിച്ചാൽ ആളുകൾ പട്ടിണി കിടക്കും, ധാരാളം കഴിച്ചാൽ അവർ നശിച്ചുപോകും”. അപ്പോൾ ഉമർ (റ) പറഞ്ഞു: “അവിടേക്ക് ആരെയും അയക്കരുതെന്ന് അല്ലാഹുവിനോട് ഞാൻ യാചിക്കുന്നു”.

ഒരു ചരിത്രശാസ്ത്ര വിശകലനം

ഇസ്ലാമിക ചരിത്രത്തിലെ സുവർണ്ണ കാലഘട്ടങ്ങളിലൊന്നായ ഖലീഫ ഉമർ ബിൻ ഖത്വാബ് (റ) വിന്റെ ഭരണകാലം (ഹിജ്റ 13-23) രാഷ്ട്രീയ മുന്നേറ്റങ്ങൾക്കൊപ്പം സാംസ്കാരികവും വാണിജ്യപരവുമായ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിശിഷ്യാ, ഇന്ത്യയും ശ്രീലങ്കയും (സരൻ ദ്വീപ്) പോലുള്ള ദക്ഷിണേഷ്യൻ പ്രദേശങ്ങളുമായുള്ള അറബ് ലോകത്തിന്റെ ബന്ധം കൂടുതൽ ദൃഢമാക്കപ്പെട്ടത് ഈ കാലഘട്ടത്തിലാണ്. അൽ-ബലാദുരി, ബുസുർഗ് ബിൻ ഷഹ്‌റിയാർ, ഇബ്നു ഖുതൈബ തുടങ്ങിയ പ്രാചീന ചരിത്രകാരന്മാരുടെ ഗ്രന്ഥങ്ങൾ ഈ ബന്ധത്തിന്റെ ആഴവും പരപ്പും വെളിപ്പെടുത്തുന്നു.

ദക്ഷിണേന്ത്യയിലെ ഇസ് ലാമിന്റെ ആദ്യകാല സാന്നിധ്യം:

ദക്ഷിണേന്ത്യയിലേക്കുള്ള ഇസ്ലാമിക ആഗമനത്തിന്റെ ആദ്യകാല പ്രമാണമായ ബുസുർഗ് ബിൻ ഷഹ്‌റിയാറിന്റെ ‘അജാഇബു അൽ-ഹിന്ദ്’ (ഇന്ത്യയിലെ അത്ഭുതങ്ങൾ) പരിശോധിക്കുമ്പോൾ അതിൽ രേഖപ്പെടുത്തിയ വിവരങ്ങൾ ദക്ഷിണേന്ത്യയിലേക്കും ലങ്കൻ തീരങ്ങളിലേക്കും ഇസ്‌ലാമിന്റെ ആദ്യകാല സമ്പർക്കങ്ങളെയും ആഗമനത്തെയും സാക്ഷ്യപ്പെടുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രാഥമിക പ്രമാണങ്ങളിൽ (Primary Sources) ഒന്നാണിതെന്ന് കണക്കാക്കാം.

സ്രോതസ്സുകളുടെ ചരിത്രപരമായ പ്രാധാന്യം

ഈ ചരിത്രരേഖകൾ കേവലം ഭരണാധികാരികളുടെ പടയോട്ടങ്ങളുടെയോ വിജയങ്ങളുടെയോ വിവരണം മാത്രമല്ല നൽകുന്നത്, മറിച്ച് ജനകീയതലത്തിലുള്ള സമ്പർക്കങ്ങളുടെയും സാംസ്കാരിക കൈമാറ്റങ്ങളുടെയും നേർക്കാഴ്ച കൂടിയാണ്. ബുസുർഗ് ബിൻ ഷഹ്‌റിയാറിന്റെ ‘അജാഇബു അൽ-ഹിന്ദ്’ എന്ന ഗ്രന്ഥത്തിൽ പരാമർശിക്കപ്പെട്ടതുപോലെ, ലങ്കയിലെ ജനങ്ങൾ നബി(സ) യുടെ ആഗമനത്തെക്കുറിച്ചറിഞ്ഞ് മദീനയിലേക്ക് ദൂതനെ അയച്ചതും, തുടർന്ന് ഒരു ബാലൻ മദീന സന്ദർശിച്ചതും വിവരിക്കുന്ന ഭാ​ഗം ഈ സ്രോതസ്സുകളുടെ സവിശേഷതയാണ്. അതുപോലെ അൽ-ബലാദുരി രേഖപ്പെടുത്തിയ ജാട്ടുകൾ, സിയാബിജകൾ, അസാവിറകൾ തുടങ്ങിയ ഇന്ത്യൻ വംശജരായ സമൂഹങ്ങളുടെ ഇസ്ലാം സ്വീകരണവും പേർഷ്യൻ-അറബ് പശ്ചാത്തലത്തിൽ അവർ കൈവരിച്ച പദവികളും ചരിത്രത്തിൽ സവിശേഷ പ്രാധാന്യമുള്ളവയാണ്. ഇബ്നു ഖുതൈബ ഉദ്ധരിക്കുന്ന ഖുന്ദബീൽ പര്യവേക്ഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്നത്തെ ഭൂരാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നു.

ചരിത്രശാസ്ത്ര സമീപനങ്ങളും സ്രോതസ്സുകളുടെ വിശകലനവും

ആധുനിക ചരിത്രശാസ്ത്ര സിദ്ധാന്തങ്ങളുടെയും സമീപനരീതികളുടെയും വെളിച്ചത്തിൽ ഈ സ്രോതസ്സുകളെ പരിശോധിക്കുമ്പോൾ ഇതിന്റെ സവിശേഷതകളെ ഇപ്രകാരം വിശദീകരിക്കാം:
ഈ വിവരണങ്ങളിൽ സൂക്ഷ്മ ചരിത്രവും (Microhistory) ജനകീയ ചരിത്രവും (People’s History) ഉൾപ്പെടുന്നുണ്ട്. രാജാക്കന്മാരുടെ ചരിത്രത്തിന് മാത്രം പ്രാധാന്യം നൽകുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി, സാധാരണക്കാരുടെ അനുഭവങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ലങ്കൻ ബാലന്റെ വിവരണം. മദീനയിലെ ഭരണാധികാരികളുടെയും അനുയായികളുടെയും ലാളിത്യവും പള്ളികളിലെ ജീവിതവും ആ ബാലൻ നാട്ടിൽ തിരിച്ചെത്തി വിവരിച്ചതിലൂടെ ജനകീയതലത്തിലുള്ള ആശയവിനിമയത്തിന്റെ ആഴം വ്യക്തമാകുന്നു.
ഉഭയകക്ഷി കരാറുകളും നയതന്ത്ര സമീപനങ്ങളും (Diplomacy and Reciprocity) മാണ് ഈ രേഖകളുടെ മറ്റൊരു സവിശേഷത. സിയാഹ് അൽ-അസ്വാരിയും അബൂമൂസ അൽ-അശ്അരി(റ) വും തമ്മിലുള്ള ചർച്ചകളും വ്യവസ്ഥകളും സൂചിപ്പിക്കുന്നത് ഇസ്ലാമിക ആധിപത്യത്തിലേക്കുള്ള പ്രവേശനം കേവലം അടിച്ചേൽപ്പിക്കലിലൂടെയായിരുന്നില്ല, മറിച്ച് പരസ്പര താത്പര്യങ്ങളുടെയും സുരക്ഷയുടെയും അടിസ്ഥാനത്തിലുള്ള കരാറുകളിലൂടെയായിരുന്നു എന്നാണ്. ഇത് പുതിയൊരു സാമൂഹിക ക്രമത്തിന്റെ രൂപീകരണത്തെ കാണിക്കുന്നു.
ഭൂരാഷ്ട്രീയ പ്രായോഗികതയും മാനവിക പരിഗണനയും (Geopolitical Pragmatism) ഈ രേഖകളുടെ മറ്റൊരു സവിശേഷതയാണ്. ഉമർ (റ) ഖുന്ദബീൽ ആക്രമിക്കുന്നതിൽ നിന്ന് പിന്മാറിയ സംഭവം ചരിത്രശാസ്ത്രപരമായി വളരെ പ്രസക്തമാണ്. പ്രതികൂലമായ ഭൂപ്രകൃതിയും കടുത്ത പ്രതിരോധവും മനസ്സിലാക്കി, അനാവശ്യമായ രക്തച്ചൊരിച്ചിലൊഴിവാക്കാനും മാനവവിഭവ ശേഷി സംരക്ഷിക്കാനും എടുത്ത തീരുമാനം ഭരണാധികാരിയുടെ ദീർഘവീക്ഷണത്തെയും പ്രായോഗിക ബുദ്ധിയെയും ആണ് കാണിച്ച് തരുന്നത്.

ഉപസംഹാരം

ചുരുക്കത്തിൽ ഈ രേഖകൾ ഇന്ത്യാ-അറബ് ബന്ധത്തിന്റെ ചരിത്രത്തിൽ ഒരു നാഴികക്കല്ലാണെന്ന് കാണാം. യാതൊരുവിധ നിർബന്ധമോ ഭയപ്പെടുത്തലോ ഇല്ലാതെ, സ്വന്തം ഹൃദയത്തിന്റെയും വികാരങ്ങളുടെയും പ്രേരണയാൽ ഇന്ത്യൻ ജനത ഇസ്ലാമുമായി ബന്ധപ്പെട്ടുവെന്നതിന്റെ തെളിവുകളാണ് ഈ ചരിത്ര സ്രോതസ്സുകൾ നൽകുന്നത്. ആധുനിക ചരിത്രപഠനങ്ങളിൽ പ്രാദേശിക സമൂഹങ്ങളുടെ പങ്കാളിത്തവും നയതന്ത്ര സമീപനങ്ങളും വിലയിരുത്താൻ ഈ രേഖകൾ അത്യന്തം സഹായകരമാണ്.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy