അൻസാർ എച്ഛോം
“മറ്റൊരാളുടെ നിയമപരമായ സമ്പത്തായി മാറുകയും അയാളെ അനുസരിക്കാൻ നിർബന്ധിതനാകുകയും ചെയ്യുന്ന ഒരാൾ” എന്നാണ് “അടിമ” (slave) എന്ന പദത്തിന് ഓക്സ്ഫഡ് ഡിക്ഷ്ണറി നൽകുന്ന അർഥം.
അതിജീവനവും ഭക്ഷണം തേടിയലയലും മനുഷ്യന്റെ നൈസ്സർഗികതയാണെന്ന് യുവൽ നോവ ഹരാരി തന്റെ “സാപിയൻസിൽ” സമർത്ഥിക്കുന്നത് കാണാം. കൈക്കരുത്തും മേയ്ക്കരുത്തും അതിജീവനത്തിനുള്ള അർഹതയായി മാറുമ്പോൾ അർഹതയുള്ളവയുടെ അതിജീവനം കരുത്തില്ലാത്തവരെ തങ്ങളുടെ നിയന്ത്രണത്തിലാക്കുന്നതിലൂടെയാകും. അതുകൊണ്ട് തന്നെ, അതിജീവനവും ഭക്ഷണം തേടിയലയലും പോലെ തന്നെ അബലനായ അപരനെ അടിമയാക്കുന്ന പ്രവണതക്കും മനുഷ്യനോളം പഴക്കമുണ്ട്. സ്ഥലകാല സംസ്കാര വിത്യാസങ്ങൾക്കനുസരിച്ച് അടിമകളോടുള്ള മനോഭാവങ്ങളിലും സമീപനങ്ങളിലും വ്യത്യസ്തതയുണ്ടാകുമെന്ന് മാത്രം.

“മറ്റൊരാളുടെ നിയമപരമായ സമ്പത്തായി മാറുകയും അയാളെ അനുസരിക്കാൻ നിർബന്ധിതനാകുകയും ചെയ്യുന്ന ഒരാൾ” എന്നാണ് “അടിമ” (slave) എന്ന പദത്തിന് ഓക്സ്ഫഡ് ഡിക്ഷ്ണറി നൽകുന്ന അർഥം.
അതിജീവനവും ഭക്ഷണം തേടിയലയലും മനുഷ്യന്റെ നൈസ്സർഗികതയാണെന്ന് യുവൽ നോവ ഹരാരി തന്റെ “സാപിയൻസിൽ” സമർത്ഥിക്കുന്നത് കാണാം. കൈക്കരുത്തും മേയ്ക്കരുത്തും അതിജീവനത്തിനുള്ള അർഹതയായി മാറുമ്പോൾ അർഹതയുള്ളവയുടെ അതിജീവനം കരുത്തില്ലാത്തവരെ തങ്ങളുടെ നിയന്ത്രണത്തിലാക്കുന്നതിലൂടെയാകും. അതുകൊണ്ട് തന്നെ, അതിജീവനവും ഭക്ഷണം തേടിയലയലും പോലെ തന്നെ അബലനായ അപരനെ അടിമയാക്കുന്ന പ്രവണതക്കും മനുഷ്യനോളം പഴക്കമുണ്ട്. സ്ഥലകാല സംസ്കാര വിത്യാസങ്ങൾക്കനുസരിച്ച് അടിമകളോടുള്ള മനോഭാവങ്ങളിലും സമീപനങ്ങളിലും വ്യത്യസ്തതയുണ്ടാകുമെന്ന് മാത്രം.
പുരാതന റോമിൽ അടിമയുടെ ജീവിതത്തിന്റെയും മരണത്തിന്റെയും വരെ അവകാശം ഉടമകൾക്കാകുമ്പോൾ ഏതെൻസിൽ അവർക്ക് ഗവൺമെന്റിന് കീഴിൽ ഉദ്യോഗസ്ഥരായി സേവനമനുഷ്ഠിക്കാനുള്ള അവസരങ്ങളുണ്ടായിരുന്നു. ജീവിത നിലവാരത്തിൽ മാത്രമല്ല, അടിമകളെ ഉടമപ്പെടുത്തുന്നതിലും വൈവിധ്യങ്ങൾ കാണാം. ചില സംസ്കാരങ്ങളിൽ അവധിയിറങ്ങിയ കടത്തിന് പകരമായി സ്വയം അടിമയായി സമ്പന്നർക്ക് മുമ്പിൽ വ്യക്തി കീഴടങ്ങിയപ്പോൾ മറ്റു ചിലയിടങ്ങളിൽ ചന്തകളിൽ സമ്പന്നർ വിലപറഞ്ഞു വാങ്ങുന്ന വിൽപ്പനച്ചരക്കായി മാറിയിരുന്നു അടിമകൾ. ആഫ്രിക്കയിലെ യോറുബ സംസ്കാരമനുസരിച്ച് തങ്ങൾ അധീനപ്പെടുത്തുന്ന നാടുകളിലെ മുഴുവൻ മനുഷ്യരെയും അടിമകളാക്കലായിരുന്നു രീതി.
അതായത്, അതിപുരാതന കാലം മുതൽ അതിനൂതന കാലം വരെ മനുഷ്യരാശിയുടെ വിവിധ ഘട്ടങ്ങളിൽ വിവിധ രൂപഭാവങ്ങളിൽ പലപേരുകളിലായി അടിമത്തം നിലകൊള്ളുന്നത് കാണാം. നാൽക്കാലികളെ പോലെ കൈകാലുകളിൽ ചങ്ങലകളിട്ട് അടിമച്ചന്തകളിൽ വിലപേശിയിരുന്ന മനുഷ്യക്കോലങ്ങളിൽ നിന്ന് ഇൻഷുറൻസും സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങളും സുരക്ഷ ഉറപ്പാക്കുന്ന തൊഴിൽ സാഹചര്യങ്ങളുമില്ലാതെ പത്തുമണിക്കൂറോളം പട്ടിപ്പണിയെടുത്തിട്ടും അടിസ്ഥാന വേതനം പോലും ലഭിക്കാതെ കബളിക്കപ്പെടുന്ന തൊഴിലാളികളിലെത്തി നിൽക്കുന്നു അടിമത്തത്തിന്റെ പരിണാമം. 56.5 കോടി വരുന്ന മൊത്തം തൊഴിൽ ശക്തിയുടെ 21.8 ശതമാനവും പരിതാപകരമായ തൊഴിൽ സാഹചര്യങ്ങളുള്ള അസംഘടിത മേഖലയിലെ കൂലിപ്പണിക്കാരാണ് എന്ന എക്കണോമിക് സർവേയുടെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ ചേർത്തുവായിച്ചാൽ ബോധ്യമാകും “ആധുനിക അടിമത്തത്തിൽ” പറ്റിപ്പിടിച്ച് വളരുന്ന മുതലാളിത്ത വ്യവസ്ഥതയെയും സാമ്പത്തിക ഭദ്രതയേയും.
ഈ വസ്തുതകളെയെല്ലാം മറച്ചു വെച്ച് ഇസ്ലാമിൽ അടിമ സമ്പ്രദായമുണ്ടെന്ന്, അടിമത്വത്തെ സാധൂകരിക്കുന്ന പ്രവണതകൾ ഉണ്ടെന്ന് പ്രചരിപ്പിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്. മനുഷ്യനൊപ്പം തഴച്ചു വളർന്ന അടിമത്തം പ്രവാചകാഗമനകാലത്തും അതിന്റെ തേറ്റ കാട്ടിയിരുന്നു. ഒരൊറ്റ നിരോധനത്തിൽ സാമ്പത്തിക വ്യവസ്ഥ ആകെ താറുമാറാകുമെന്ന് കണ്ട പ്രവാചകൻ (സ്വ) അടിമകളോട് സഹവർത്തിത്വത്തോടെ പെരുമാറണമെന്നും മനുഷ്യാവകാശങ്ങൾ ഹനിക്കരുതെന്നുമുള്ള പ്രായോഗിക സമീപനം സ്വീകരിക്കുകയായിരുന്നു. അഥവാ ആ ചരിത്ര സന്ദർഭത്തിന്റെ സവിശേഷ പശ്ചാത്തലത്തിൽ”അനുവദിച്ചപ്പോൾ തന്നെ പ്രോത്സാഹിപ്പിച്ചില്ല” എന്ന് മാത്രമല്ല, പല തെറ്റുകൾക്കും പ്രായശ്ചിത്തമായും പ്രതിഫലാർഹമായ പുണ്യപ്രവർത്തനമായും അടിമ മോചനത്തെ ഇസ്ലാം പരിചയപ്പെടുത്തി. പടിപടിയായി അടിമത്തം പിഴുതെറിയലായിരുന്നു പ്രവാചകന്റെ (സ്വ) ലക്ഷ്യമെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.
ബന്ദികളോടുള്ള ഇസ്ലാമിക സമീപനം
യുദ്ധാർജിത മുതലിൽ (غنيمة) പെടുന്ന ബന്ദികളെയാണ് ഇസ്ലാം മാനുഷികമായ സമീപനത്തോടെ അടിമത്തത്തിന് വിധേയമാക്കിയത്. ബന്ദികളെ കൈകാര്യം ചെയ്യുന്നതിലെ ഇസ്ലാമിക സമീപനം ഈ പശ്ചാത്തലത്തിൽ നമുക്ക് പരിശോധിക്കാം.
- വെറുതെ വിടുക (المن)
- വധിച്ചു കളയുക (قتل)
- മോചനദ്രവ്യം സ്വീകരിച്ച് മോചിപ്പിക്കുക (الفداء)
- അടിമകളാക്കി വെക്കുക (استرقاق)
വെറുതെ വിടുക എന്നത് എല്ലായിടത്തും പ്രയോഗികമാകണമെന്നില്ല. തീവ്ര ശത്രുത വെച്ച് പുലർത്തുന്നവരും അവസരം ലഭിച്ചാൽ പൂർവ്വാധികം ശക്തിയോടെ ആക്രമണങ്ങൾ അഴിച്ചുവിടാൻ സാധ്യതയുള്ളവരുമായിരിക്കും ചിലർ. അത്തരത്തിലുള്ളവരിൽ ഇത് പ്രായോഗികമല്ല. സ്വദേശത്തിന്റെ സുരക്ഷ സർവ്വപ്രധാനമാണല്ലോ? വലിയ കുഴപ്പക്കാരല്ലെന്ന് കണ്ട ബന്ദികളെ വെറുതെ വിട്ടതിന് പ്രവാചക മാതൃകകളുണ്ട്. അനസ് (റ) ഉദ്ധരിച്ച ഹദീഥിൽ പ്രഭാത നിസ്കാരത്തിനിടക്ക് ജിബാലുത്തൻഈമിലൂടെ പ്രവാചകനെയും അനുചരരേയും വധിക്കാൻ ശ്രമിച്ച എൺപതുപേരെ പ്രവാചകൻ(സ്വ) വെറുതെ വിട്ടുവെന്ന് കാണാം (മുസ്ലിം -1808). ഹിജ്റ എട്ടാം വർഷം മക്ക തിരുനബി(സ്വ) യുടെ അധീനതയിൽ വന്ന വേളയിൽ അവിശ്വാസികളെ പിടിച്ചു കെട്ടുന്നതിന് പകരം “നിങ്ങൾക്ക് പോകാം…നിങ്ങൾ സ്വതന്ത്രരാണ്” എന്ന് പ്രഖ്യാപിച്ചതും മോചന ദ്രവ്യം വാങ്ങാതെ സ്വാതന്ത്രരാക്കി വിട്ടതും ഇസ്ലാമിക മാതൃകയാണെന്ന് “ഫിഖ്ഹ്സ്സുന്ന” യിൽ കാണാം.
ബന്ദികളോടുള്ള ഇസ്ലാമിന്റെ മറ്റൊരു സമീപനം വധിച്ചു കളയുക എന്നതാണ്. സമൂഹത്തിന്റെ ഗുണം അദ്ദേഹം വധിക്കപ്പെടലാണെന്ന ബോധ്യത്തിൽ നിന്നാണ് വിരളമായെങ്കിലും ഈ സമീപനം പ്രവാചകൻ(സ്വ) പ്രവർത്തികമാക്കിയത്. ഹിജ്റ രണ്ടാം വർഷം ബദ്ർ യുദ്ധത്തിൽ നിന്ന് ബന്ദികളാക്കിയ നദ്ർ ബിൻ ഹാരിസിനെ വധിക്കാൻ അലിയ്യ് ബിൻ അബീതാലിബ് (റ) വിനോടും ഉക്ബത് ബിൻ അബീ മുഐതിനെ വധിക്കാൻ ആസ്വിമ് ബിൻ സാബിത്ത്(റ) വിനോടും പ്രവാചകൻ കൽപ്പിക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്തുവെന്ന് “അൽ കാമിലു ഫിത്താരീഖിൽ” ഇബ്ൻ അസീർ വിവരിക്കുന്നുണ്ട്. ഉഹ്ദ് യുദ്ധത്തിൽ അബൂ ഇസ്സത്ത് അൽ ജാംഹിയും വധിക്കപ്പെട്ടിട്ടുണ്ട്. വളരെ കുഴപ്പക്കാരായ ക്രിമിനലുകൾക്ക് വധശിക്ഷ വിധിക്കുക എന്നത് ആധുനിക ജനാധിപത്യ രാജ്യങ്ങളിൽ പോലും സർവ്വ സാധാരണമാണ്.
മോചനദ്രവ്യം സ്വീകരിച്ച് സ്വതന്ത്രമാക്കി വിടുക എന്നതാണ് ഇസ്ലാം നിർദേശിക്കുന്ന മൂന്നാമത്തെ സമീപനം. മോചന ദ്രവ്യം പ്രധാനമായും രണ്ട് തരത്തിൽ കാണാവുന്നതാണ്. - പണം
ബദ്ർ യുദ്ധത്തിൽ മോചന ദ്രവ്യമായി പണം സ്വീകരിച്ച് ബന്ദികളെ സ്വതന്ത്രരാക്കി വിട്ടിട്ടുണ്ട് പ്രവാചകർ (സ്വ). - സ്വന്തം പാളയത്തിലെ ബന്ദികൾ (ബന്ദി കൈമാറ്റം)
ബന്ദി കൈമാറ്റം എന്ന പേരിൽ ലോക രാജ്യങ്ങൾക്കിടയിൽ സർവ്വ സാധാരണമായ സംവിധാനമാണിത്. പ്രവാചകർ(സ്വ) ഇത് പ്രാവർത്തികമാക്കിയത് യുദ്ധത്തിലെ ബുദ്ധിപരമായ ഇടപെടലിന്റെ ഭാഗം കൂടിയായിരുന്നു. ബനൂ അക്വീൽ ഗോത്രത്തിൽ പെട്ട ബന്ദിയെ വിട്ട് കൊടുക്കാൻ മോചനദ്രവ്യമായി ശത്രുക്കൾ ബന്ദികളാക്കിയ അവിടുത്തെ രണ്ട് അനുചരരെ പ്രവാചകൻ(സ്വ) സ്വീകരിച്ചിട്ടുണ്ട് എന്ന് തുർമുദി(റ) ഉദ്ധരിച്ച ഹദീഥിൽ കാണാം.
അവസാനമായി ഇസ്ലാം മുന്നോട്ട് വെക്കുന്ന സമീപനം ബന്ദികളെ അടിമകളാക്കുക എന്നതാണ്.
അടിമകളല്ലാതിരുന്ന “അടിമകൾ”
Muhammad Hamidullah തന്റെ Introduction to Islam എന്ന പുസ്തകത്തിൽ ഇസ്ലാമിലെ അടിമ വ്യവസ്ഥ നിർഭാഗ്യവാനായ ഒരു മനുഷ്യനെ ചൂഷണം ചെയ്യലായിരുന്നില്ലെന്നും എല്ലാം നഷ്ടപ്പെട്ടവർക്ക് തണലൊരുക്കലും അവരെ പഠിപ്പിക്കലും ഇസ്ലാമിക സംസ്കാരം അടുത്തറിയാൻ അവസരമൊരുക്കലുമായിരുന്നു എന്നും നിരീക്ഷിക്കുന്നുണ്ട്.
യാഥാർത്ഥത്തിൽ ഇസ്ലാം അടിമകളെ ഉപകാരപ്രദമായി ഉപയോഗിച്ചത് മാനുഷികതയും അടിമകളുടെ മാനസികാവസ്ഥയും പരിഗണിച്ച് കൊണ്ടായിരുന്നു. നിന്ദ്യതയും നിസാരതയും തോന്നിക്കുന്ന പദങ്ങൾ കൊണ്ട് അവരെ അഭിസംബോധന ചെയ്യുന്നത് പോലും നിഷേധിച്ച പ്രവാചകൻ(സ്വ) പ്രഖ്യാപിച്ചു:”നിങ്ങളൊരാളും എന്റെ അടിമ(عبدي) എന്നോ എന്റെ അടിമ സ്ത്രീ (أمتي) എന്നോ പറയരുത്. പകരം എന്റെ യുവാവ്( فتاي ) എന്നോ എന്റെ യുവതി (فتاتي) എന്നോ അല്ലെങ്കിൽ എന്റെ കുട്ടീ (غلامي) എന്നോ പറയുക”.

Muhammad Hamidullah തന്റെ Introduction to Islam എന്ന പുസ്തകത്തിൽ ഇസ്ലാമിലെ അടിമ വ്യവസ്ഥ നിർഭാഗ്യവാനായ ഒരു മനുഷ്യനെ ചൂഷണം ചെയ്യലായിരുന്നില്ലെന്നും എല്ലാം നഷ്ടപ്പെട്ടവർക്ക് തണലൊരുക്കലും അവരെ പഠിപ്പിക്കലും ഇസ്ലാമിക സംസ്കാരം അടുത്തറിയാൻ അവസരമൊരുക്കലുമായിരുന്നു എന്നും നിരീക്ഷിക്കുന്നുണ്ട്.
യാഥാർത്ഥത്തിൽ ഇസ്ലാം അടിമകളെ ഉപകാരപ്രദമായി ഉപയോഗിച്ചത് മാനുഷികതയും അടിമകളുടെ മാനസികാവസ്ഥയും പരിഗണിച്ച് കൊണ്ടായിരുന്നു. നിന്ദ്യതയും നിസാരതയും തോന്നിക്കുന്ന പദങ്ങൾ കൊണ്ട് അവരെ അഭിസംബോധന ചെയ്യുന്നത് പോലും നിഷേധിച്ച പ്രവാചകൻ(സ്വ) പ്രഖ്യാപിച്ചു:”നിങ്ങളൊരാളും എന്റെ അടിമ(عبدي) എന്നോ എന്റെ അടിമ സ്ത്രീ (أمتي) എന്നോ പറയരുത്. പകരം എന്റെ യുവാവ്( فتاي ) എന്നോ എന്റെ യുവതി (فتاتي) എന്നോ അല്ലെങ്കിൽ എന്റെ കുട്ടീ (غلامي) എന്നോ പറയുക”. വാക്ക് കൊണ്ട് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന് പഠിപ്പിച്ച പ്രവാചകർ(സ്വ) അവരെ സന്തോഷിപ്പിക്കുന്ന പദങ്ങൾ പരിചയപ്പെടുത്തുക കൂടിയായിരുന്നു.
വിപ്ലവകരമായ മറ്റൊരു അവകാശപ്രഖ്യാപനം കൂടി പ്രവാചകർ(സ്വ) നടത്തുന്നുണ്ട്.”അടിമകൾ നിങ്ങളുടെ സഹോദരങ്ങളാണ്. അവരെ അല്ലാഹു നിങ്ങളുടെ കരങ്ങൾക്ക് കീഴിലാക്കിയിരിക്കുന്നു. ഒരാളുടെ കാരങ്ങൾക്ക് അല്ലാഹു ഒരു സഹോദരനെ കീഴ്പ്പെടുത്തിക്കൊടുത്താൽ അയാൾ ആഹരിക്കുന്നതിൽ നിന്ന് അവനെ ആഹരിപ്പിക്കുകയും അയാൾ ധരിക്കുന്നതിൽ നിന്ന് അവനെ ധരിപ്പിക്കുകയും ചെയ്യട്ടെ, അവൻ ചെയ്യാൻ കഴിയാത്ത ജോലികൾക്ക് അവനെ നിർബന്ധിക്കരുത്. കൽപ്പിക്കുന്ന പക്ഷം അതിൽ അയാൾ അവനെ സഹായിക്കട്ടെ”(ബുഖാരി,മുസ്ലിം)
ഉള്ളവനും ഇല്ലാത്തവനും (haves and have-nots) തമ്മിലുള്ള അന്തരം അജഗജാന്തരമാകുന്ന വർത്തമാന കാലത്ത് പ്രസക്തമാണ്, ദരിദ്രമായിരുന്ന ഒരു പരിതസ്ഥിതിയിലും അടിമയും ഉടമയും തമ്മിൽ വസ്ത്രഭക്ഷണ സമത്വം നിഷ്കർഷിക്കുന്ന ഇസ്ലാമികാധ്യാപനം. ഭക്ഷണം കഴിക്കാൻ ആവശ്യപ്പെട്ട “സ്ട്രോ” പോലും നിഷേധിക്കപ്പെട്ട് ഇഞ്ചിഞ്ചായി കോല ചെയ്യപ്പെട്ട ആധുനിക അടിമത്തത്തിന്റെ ഇര “സ്റ്റാൻ സ്വാമി” യും സന്നദ്ധ സംഘടനകളിലൂടെ എത്തിക്കപ്പെട്ടിരുന്ന ആന്തലടക്കാനുള്ള അവസാനത്തെ ആശ്രയമായ തികയാത്ത ഭക്ഷണപ്പൊതികളും നിഷേധിക്കപ്പെട്ട് പട്ടിണികൊണ്ട് പിടഞ്ഞു മരിക്കുന്ന “ഗസ്സ” യും തെളിഞ്ഞ യാഥാർഥ്യമായി മുന്നിലുണ്ടാവുമ്പോൾ ആലോചനയിലേക്ക് ചേർത്ത് വെക്കേണ്ടതാണ് ഇസ്ലാം അടിമകൾക്ക് നൽകിയ ഭക്ഷണ സമത്വം. തമ്മിലുണ്ണാത്ത ജാതിവ്യവസ്ഥയുടെ “ദുരവസ്ഥ” കുമാരനാശാൻ വരച്ചു കാട്ടിയിട്ട് നൂറ്റാണ്ടൊന്ന് തികഞ്ഞിട്ടും ഉച്ചനീചത്വങ്ങളുടെ തൊട്ടിലിലാടുന്ന സാമൂഹികാവസ്ഥയും ഭരണ വ്യവസ്ഥയും മുഴച്ചു നിൽക്കുന്ന രാജ്യത്ത് ഇസ്ലാമിന്റെ സമത്വ പ്രഖ്യാപനത്തിന് വലിയ പ്രാധാന്യമുണ്ട്. ഇപ്പോഴും തൊടിയിൽ പണിയെടുക്കുന്നവരെയും വഴിയാത്രക്കാരെയും വീടിനു പുറത്ത് തീറ്റക്കിരുത്തുന്ന പ്രവണത സമൂഹത്തിലുണ്ട്. ജോലിക്ക് വരുന്ന അന്തർസംസ്ഥാന തൊഴിലാളികൾക്കും വീട്ടുകാർക്കും രണ്ട് ഭക്ഷണങ്ങളാണെന്നതും അടിമകളെപ്പോലെ പണിയെടുപ്പിച്ച് മുതലെടുക്കാറുണ്ടെന്നതും അനിഷേധ്യമായ സമകാലീന യാഥാർഥ്യങ്ങളാണ്.
അടിമകളെ നിങ്ങൾ ഭാരിച്ച ജോലികൾ ചെയ്യാൻ നിർബന്ധിക്കരുത് എന്നും, കൽപ്പിക്കുന്ന പക്ഷം നിങ്ങൾ അവരെ സഹായിക്കണം എന്നും ഇസ്ലാം നിഷ്കർഷിക്കുന്നത് ആധുനിക മുതലാളിത്ത വ്യവസ്ഥയുടെ മൂർദ്ധാവിലേക്കുള്ള ആഞ്ഞുകുത്താലാണ്. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ഐ.എൽ.ഒ) കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള 27.6 ദശലക്ഷം പുരുഷന്മാരും സ്ത്രീകളും കുട്ടികളും നിർബന്ധിത ജോലിയിൽ അകപ്പെട്ടിരിക്കുന്നവരാണ്. ഓരോ വർഷവും മുതലാളിമാർക്ക് 236 ബില്യൺ ഡോളർ അനധികൃത ലാഭം ഉണ്ടാക്കിക്കൊടുക്കുന്ന ഈ കടുത്ത മനുഷ്യാവകാശ ധ്വംസനം “മതം വലിച്ചെറിഞ്ഞ് മനുഷ്യനാവാൻ” ഉപദേശിക്കുന്ന നാസ്തിക ബുദ്ധിജീവികളുടെ തലയ്ക്കു പിടിക്കാത്തത് നിരീശ്വര മതത്തിന്റെ വളർച്ചയുടെ ഭാഗമാണ് മുതലാളിത്തത്തിന്റെ കീശ നിറയലും എന്നത് കൊണ്ടാണ്.
അടിമയെ മർദിക്കൽ തെറ്റാണെന്നും നരകപ്രവേശത്തിന് തന്നെ കാരണമാകുന്ന പ്രവർത്തനമാണെന്നും കണ്ട ഇസ്ലാമികാധ്യാപനം നാൽക്കാലികളെ പോലെ അടിമകളെ ചാട്ടവാർ കൊണ്ട് തെളിച്ച് കൊണ്ടുപോയിരുന്ന ഒരു കാലത്തെ, പരിഷ്കരണ മുഖമുള്ള ഒരു പ്രഖ്യാപനമായിരുന്നു. യജമാനൻ തന്നെ തീ കൊണ്ട് പരിക്കേൽപ്പിച്ചു എന്ന് പരാതിപ്പെട്ട അടിമ സ്ത്രീയെ ഉമർ ബിൻ അൽ ഖത്താബ് (റ) നിരുപാധികം മോചിപ്പിച്ച സംഭവം ഇമാം മാലിക് (റ) മുവത്വയിൽ ഉദ്ധരിക്കുന്നതു കാണാം.
ഈ അവകാശങ്ങൾക്ക് പുറമെ അടിമകളെ പഠിപ്പിക്കുകയും സംസ്കരിച്ചെടുക്കുകയും ചെയ്യുക എന്ന് ഇസ്ലാം നിർദേശിക്കുന്നുണ്ട്. പ്രവാചക വചനത്തിൽ അടിമ സ്ത്രീയെ പഠിപ്പിക്കുകയും ഗുണകാംക്ഷ ചെയ്യുകയും അവളെ വിവാഹം കഴിക്കുകയും ചെയ്യുന്നവർക്ക് പഠിപ്പിച്ചതിന്റെയും വിവാഹം കഴിച്ചതിന്റെയും അടിമയെ മോചിപ്പിച്ചതിന്റെയും പ്രതിഫലം ലഭിക്കുമെന്ന് മൊഴിയുന്നുണ്ട്.
അതിനപ്പുറം അടിമകൾക്ക് തങ്ങളുടെ മോചനദ്രവ്യമൊരുക്കാനുള്ള അവകാശവും ഇസ്ലാം വക വെച്ച് നൽകുന്നുണ്ട്. അടിമയുടെ ജീവിതത്തിന്റെയും മരണത്തിന്റെയും വരെ അധികാരം യജമാനന്മാരിൽ നിക്ഷിപ്തമായിരുന്ന അടിമ വ്യവസ്ഥ പുരാതന ഇറ്റലിയിൽ നടമാടിയിരുന്നതിന്റെ സമാന്തര കാലത്തതായിരുന്നു, മോചന ദ്രവ്യമൊരുക്കി യജമാനനെ സമീപിക്കുന്ന പക്ഷം അടിമയുടെ ആവശ്യം അംഗീകരിച്ചു കൊടുക്കണമെന്ന ഇസ്ലാമിക പ്രഖ്യാപനം.
ഒരു അടിമസ്ത്രീക്ക് തന്റെ യജമാനനിലൂടെ പിറക്കുന്ന കുട്ടി സ്വാതന്ത്രനാണെന്നും യജമാനന്റെ വിയോഗത്തിലൂടെ അടിമ സ്ത്രീക്കും സ്വാതന്ത്രനാവാമെന്നതും ഇവ്വിഷയകമായുള്ള ഇസ്ലാമിന്റെ മനുഷ്യത്വപരമായ ഇടപെടലുകളുടെ ഭാഗമായിരുന്നു.
മേൽ പറഞ്ഞ പല നിലക്കുള്ള സംഭവങ്ങളിൽ നിന്നും പ്രവാചകാധ്യാപനങ്ങളിൽ നിന്നും “അടിമക്ക്” ഇസ്ലാം വക വെച്ച് നൽകുന്ന അവകാശങ്ങൾ ഇങ്ങനെ നിർദ്ധരിച്ചെടുക്കാം.
- യജമാനന് സമാനമായി വസ്ത്രം/ഭക്ഷണം
- ഭാരിച്ച ജോലികളിൽ നിന്നുള്ള മോചനം
- മർദ്ദനങ്ങളിൽ നിന്നും പീഡനങ്ങളിൽ നിന്നുമുള്ള മോചനം
- സ്വന്തം മോചനദ്രവ്യം സമാഹരിക്കാനുള്ള അവകാശം
ഇവക്ക് പുറമെ വിശ്വാസികളായ യജമാനന്മാരിൽ നിന്ന് ലഭിക്കാവുന്ന ആനുകൂല്യങ്ങൾ: - “അടിമ” എന്നതിന് പകരം യുവാവ്/യുവതി/കുട്ടി എന്ന് വിളിക്കപ്പെടും
- പഠിപ്പിക്കപ്പെടുകയും സംസ്കരിക്കപ്പെടുകയും ചെയ്യും
മതപരമായ വിധി വിലക്കുകളിലും അവർക്ക് ആനുകൂല്യങ്ങളുണ്ട്. - നിയമ ലംഘനങ്ങൾക്ക് സ്വാതന്ത്രനെക്കാൾ കുറഞ്ഞ ശിക്ഷ.
- നഗ്നത (عورة) യെ സംബന്ധിച്ച ഇളവ് .
- യജമാനന്റെ വിശ്വാസത്തെ കാത്തുസൂക്ഷിക്കുന്നതിനും പ്രതിഫലം ലഭിക്കുന്നു.
ഇത്രയും മാനുഷ്യത്വപരമായി, പ്രചാരത്തിലുണ്ടായിരുന്ന “അടിമ”യെന്ന പ്രാകൃതമായ പ്രയോഗത്തിന്റെ ഇട്ടാവട്ടത്തിട്ട് വട്ടം കറക്കാതെ സ്വതന്ത്ര വിഹായസ്സിലേക്ക് ആനയിക്കുന്നതിനുള്ള ക്രമാനുഗതികമായ വ്യവസ്ഥകളാണ് ഇസ് ലാം നിശ്ചയിച്ചത്. ഇസ്ലാമിന് കീഴിൽ അടിമകൾ അടിമകളല്ലാതാകുകയായിരുന്നു. അതിന്റെ ഭാഗമാണ് തന്നെ സന്ദർശിക്കാൻ വന്ന പിതാവിനേക്കാൾ സൈദ് (റ) വിന് തന്റെ യജമാനനായ പ്രവാചകർ (സ്വ) തങ്ങളോട് തോന്നിയ ആത്മബന്ധം. അവസരം കിട്ടിയാൽ ഇറങ്ങിയോടാൻ തോന്നാത്ത വിധം “സൈദ് എന്റെ മകനാണ്” എന്ന പ്രവാചകർ(സ്വ) തങ്ങളുടെ ചേർത്ത് നിർത്തലിൽ തന്നെ, ഇസ്ലാം പ്രചാരത്തിലിരിക്കുന്ന അടിമ സമ്പ്രദായത്തെ മാനുഷ്യത്വപരമായി പരിഷ്കരിക്കുകയായിരുന്നെന്നും വൈകാതെ അടിമ വ്യവസ്ഥയുടെ വേരറുക്കലായിരുന്നു ലക്ഷ്യമെന്നും തെളിഞ്ഞു കാണാം.
പ്രവാചകന്റെ അടുക്കൽ സ്വർഗ്ഗ പ്രവേശനത്തിന് നിദാനമാകുന്ന ഒരു പ്രവർത്തനം പരിചയപ്പെടുത്തിത്തരാൻ ആവശ്യപ്പെട്ട അനുചരനോട് അടിമയെ മോചിപ്പിക്കുകയോ അതിന് വേണ്ടി പ്രവർത്തിക്കുകയോ ചെയ്യുക എന്നാണ് പ്രവാചകർ(സ്വ) മറുപടി പറഞ്ഞത്. അടിമ സമ്പ്രദായം ഉന്മൂലനം ചെയ്യാൻ ഇസ്ലാം അടിമ മോചനത്തെ പ്രോത്സാഹിപ്പിച്ചു. വലിയ പ്രതിഫലാർഹമായ കാര്യമായി ഇസ്ലാം അടിമത്ത മോചനം പരിചയപ്പെടുത്തുകയും ചെയ്തു. ഇസ്ലമിക നിയമവ്യവസ്ഥ പ്രകാരം പലരീതികളിൽ ബന്ദിമോചനം സംഭവ്യമായതായി കാണാം.
അടിമ മോചനത്തിന്റെ ഇസ്ലാമിക മാനങ്ങൾ
പ്രവാചകന്റെ അടുക്കൽ സ്വർഗ്ഗ പ്രവേശനത്തിന് നിദാനമാകുന്ന ഒരു പ്രവർത്തനം പരിചയപ്പെടുത്തിത്തരാൻ ആവശ്യപ്പെട്ട അനുചരനോട് അടിമയെ മോചിപ്പിക്കുകയോ അതിന് വേണ്ടി പ്രവർത്തിക്കുകയോ ചെയ്യുക എന്നാണ് പ്രവാചകർ(സ്വ) മറുപടി പറഞ്ഞത്. അടിമ സമ്പ്രദായം ഉന്മൂലനം ചെയ്യാൻ ഇസ്ലാം അടിമ മോചനത്തെ പ്രോത്സാഹിപ്പിച്ചു. വലിയ പ്രതിഫലാർഹമായ കാര്യമായി ഇസ്ലാം അടിമത്ത മോചനം പരിചയപ്പെടുത്തുകയും ചെയ്തു. ഇസ്ലമിക നിയമവ്യവസ്ഥ പ്രകാരം പലരീതികളിൽ ബന്ദിമോചനം സംഭവ്യമായതായി കാണാം.
- യജമാനന്റെ മഹാമനസ്കതകൊണ്ട്
- അടിമകൾ തന്നെ മോചനദ്രവ്യം നൽകുന്നു/മോചന പത്രം
- സമ്പന്ന പൗരരുടെയോ ഭരണാധികാരിയുടെയോ മഹാമനസ്കതകൊണ്ട്
- ഭരണാധികാരിയുടെ ഇടപെടൽ കൊണ്ട്
- ചില തെറ്റുകളുടെ പ്രായശ്ചിത്തമായിക്കൊണ്ട്
- ആരുടെയെങ്കിലും ആശ പൂർത്തീകരിക്കാൻ വേണ്ടി
- സകാത്തിന്റെ പ്രത്യേക വിഹിതം ഉപയോഗിച്ച് കൊണ്ട്
- നേർച്ച നിറവേറിയാൽ നിർബന്ധമാകുന്നത്
യജമാനന്റെ മഹാമനസ്കത കൊണ്ട് നിരുപാധികം മോചിപ്പിക്കപ്പെട്ട സംഭവങ്ങൾ ചരിത്രത്തിൽ കാണാം. സൈദ് ബിൻ ഹാരിസ്(റ) വിനെ “മോചനം ദ്രവ്യം” കൂടാതെ മോചിപ്പിക്കുകയും “എന്റെ മകൻ” എന്ന് പരിചയപ്പെടുത്തുകയും ചെയ്ത സംഭവം നേരത്തെ സൂചിപ്പിച്ചുവല്ലോ. മഹതി സഫീന(റ) യെ ഉമ്മു സലമ(റ) മോചിപ്പിച്ച ചരിത്രവും ഇത്തരത്തിലുള്ള മഹാമനസ്കതയുടെ ഭാഗമായിരുന്നു. ഇത് ഒന്നുകിൽ ഭാഗികമായോ അല്ലെങ്കിൽ പൂർണ്ണമായോ ആകാം.
മറ്റൊരു മോചനമാർഗം അടിമകൾ തന്നെ മോചനദ്രവ്യം നൽകി സ്വയം മോചിതരാകലാണ്. മുമ്പ് സൂചിപ്പിച്ചത് പോലെ ഇസ്ലാം അടിമകൾക്ക് മോചനദ്രവ്യം സ്വരൂപിക്കാനുള്ള ശ്രമങ്ങളിലേർപ്പെടാനുള്ള അവകാശം നൽകിയിട്ടുണ്ട്. അടിമ മോചനദ്രവ്യം നൽകി സ്വയം മോചിതരാകാൻ നീക്കം നടത്തിയാൽ അതിന് എതിർ നീക്കം നടത്താനുള്ള അവകാശം ഉടമകൾക്കില്ല. പക്ഷെ,മോചനദ്രവ്യത്തിന് നിബന്ധന വെച്ച മുഴുവൻ പണവും എത്തിക്കുന്നത് വരെ അടിമയായി തന്നെ നിലകൊള്ളുമെന്നാണ് നിയമം.
കുറച്ചധികം അടിമകൾ മോചിപ്പിക്കപ്പെട്ട ഒരു മാർഗമാണ് സമ്പന്ന പുരുഷന്മാരുടെയോ ഖലീഫമാരുടെയോ മഹാമനസ്കത കൊണ്ടുള്ള മോചനം എന്നത്. സമ്പന്നരായ ധരാളം മുസ്ലിംകൾ ഇലാഹി പ്രീതി മാത്രം കാംക്ഷിച്ച് അടിമകളെ വാങ്ങി സ്വാതന്ത്രരാക്കി വിട്ടു എന്ന് ചരിത്ര സാക്ഷ്യം. ബിലാൽ ബിൻ റബാഹ (റ) അടക്കം ആറോളം അടിമകളെ വാങ്ങി മോചിപ്പിച്ചിട്ടുണ്ട് അബൂബക്കർ സ്വിദ്ധീഖ് (റ) എന്നും അത് സ്വിദ്ധീഖ് (റ) വിന്റെ ശ്രേഷ്ടതയെ വർദ്ധിപ്പിക്കുന്നതാണെന്നും ഇമാം സുയൂത്വി(റ) തന്റെ “താരീഖ് അൽ-ഖുലഫാ”ഇൽ വിവരിക്കുന്നുണ്ട്.
ഇത് കൂടാതെ ഇസ്ലാമിക ഭരണകൂടങ്ങളുടെ ബജറ്റിൽ അടിമ മോചനത്തിനായി പ്രത്യേകം തുക വകയിരുത്തിയിരുന്നു. മാത്രമല്ല, പൊതു ഖജനാവിലേക് സമ്പന്ന മുസ്ലിംകൾ നൽകുന്ന നിർബന്ധിത ദാനത്തിന്റെ ഒരു വിഹിതം അടിമ മോചനത്തിന് വേണ്ടി ചിലവഴിക്കുകയും ചെയ്തിരുന്നു. ഉമർ ബിൻ അബ്ദുൽ അസീസ് (റ) വിന്റെ ഭരണ കാലത്തും ഉമയ്യദ് ഖിലാഫത്തിന്റെ (Umayyad Caliphate) കാലത്തും അമുസ്ലിംകൾ അടക്കമുള്ള അടിമകളെ ഭരണാധികാരികൾ മോചിപ്പിച്ചിരുന്നു എന്ന് മുഹമ്മദ് ഹമീദുല്ല തന്റെ ഗ്രന്ഥത്തിൽ(Introduction to Islam) രേഖപ്പെടുത്തിയത് കാണാം.
മുമ്പ് സൂചിപ്പിച്ചത് പോലെ മർദ്ദനങ്ങൾ സഹിക്കവയ്യാത്തതാണെന്ന് പരാതിപ്പെട്ടയിടങ്ങളിൽ പ്രവാചകരും ശേഷം വന്ന ഇസ്ലാമിക ഭരണാധികാരികളും നേരിട്ടിടപെട്ട് അടിമകളെ മോചിപ്പിച്ചിട്ടുണ്ട്. അബൂമസ്ഊദുൽ അൻസാരി (റ) ഒരു അടിമയെ മർദിക്കുന്നതു കണ്ട പ്രവാചകർ(സ്വ) വലിയ പാപമാണിതെന്നും ആ അടിമയെ മോചിപ്പിക്കലാണ് പ്രായശ്ചിത്തം എന്നും ഉപദേശിച്ചത് പ്രവാചക ചരിത്രത്തിൽ കാണാം.
അടിമ മോചനത്തിന് വിശാലമായ വഴി തുറന്ന ഇസ്ലാമികാധ്യാപനങ്ങളിൽ ശ്രദ്ധേയമായ മറ്റൊരു രീതി “അടിമയെ മോചിപ്പിക്കണം” എന്ന തങ്ങളുടെ അഭിലാഷം നിറവേറ്റാൻ സാധിക്കാതെ വന്നവരുടെ പേരിൽ അടിമയെ മോചിപ്പിക്കലാണ്. ഈ രീതിയിലുള്ള അടിമ മോചനം ഇസ്ലാമിന്റെ ആദ്യ നൂറ്റാണ്ടിൽ വ്യാപകമായി നടപ്പിലായിരുന്നു എന്ന് യഹ് യാ ഒലെ ഇമാം (Yahya Ole Imam) തന്റെ ലേഖനത്തിൽ (Emancipation Of Slaves In First Century Of Islam) സമർത്ഥിക്കുന്നുണ്ട്.
അബ്ദുറഹ്മാൻ ബിൻ അബീ ഉമർ അൽ അൻസാരി(റ) തന്റെ മാതാവ് അടിമയെ മോചിപ്പിക്കണം എന്ന് ഉദ്ദേശിച്ചിരുന്നുവെന്നും അഭിലാഷം നിറവേറും മുമ്പ് മരണപ്പെട്ടുവെന്നും മാതാവിന്റെ പേരിൽ ഞൻ അടിമ മോചനം നടത്തിയാൽ അത് പ്രതിഫലാർഹമാണോ? എന്നും പ്രവാചകരോട് ചോദിക്കുന്നുണ്ട്. പ്രതിഫലാർഹമാണ് എന്ന് പ്രവാചകർ(സ്വ) മറുപടി നൽകി എന്നാണ് ചരിത്രം.
നിശ്ചിതമായ ചില പാപങ്ങൾക്കുള്ള പ്രായശ്ചിത്തമായി “അടിമ മോചനം” ഇസ്ലാം വ്യവസ്ഥ ചെയ്തത് വിപ്ലവകരമായ ഒരു മുന്നേറ്റമായിരുന്നു. അബദ്ധവശാലുള്ള കൊലയുടെ (قتل خطأ) പ്രായശ്ചിത്തം ഇസ്ലാമിൽ അടിമ മോചനമാണ്.”ഒരു വിശ്വാസിയെ ആരെങ്കിലും അബദ്ധവശാൽ വധിച്ചാൽ അതിന്റെ പ്രായശ്ചിത്തം ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കലാകുന്നു” എന്ന നിയമം ഖുർആനിലുണ്ട്. (സൂറത് അന്നിസാ-92).
ഇത് കൂടാതെ സത്യലംഘനത്തിന്റെയും ല്വിഹാറിന്റെയും (ظهار/വിവാഹ ബന്ധം നിഷിദ്ധമായ ആരെയെങ്കിലും പോലെയാണ് നീയും എന്ന് ഭാര്യയോട് പറയുക) നിർബന്ധവ്രതവേളയിൽ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന്റെയും പ്രായശ്ചിത്തം അടിമ മോചനമാണെന്ന് വിശുദ്ധ മതം. ചുരുക്കത്തിൽ സംഭവ്യമായ നാല് തെറ്റുകളുടെ പാപമോചനമായി ഇസ്ലാം “അടിമയെ മോചിപ്പിക്കൽ” നിഷ്കർഷിച്ചിട്ടുണ്ട്.
1.അബദ്ധത്തിലുള്ള കൊല (സൂറത്തുന്നിസാ-92)
2.സത്യലംഘനം(സൂറത്തുൽ മാഇദ-89)
3.ല്വിഹാർ(സൂറത്തുൽ മുജാദല-3)
4.നിർബന്ധവ്രതത്തിനിടക്ക് സംഭോഗത്തിലേർപ്പെടൽ (ബുഖാരി-1936)
സൈദ്ധാന്തികമായും പ്രായോഗികമായും അടിമകളോട് മാനുഷിക സമീപനം സ്വീകരിക്കുകയായിരുന്നു ഇസ്ലാം എന്ന് ബുദ്ധിയുറച്ച ഏതൊരാൾക്കും സുതരാം വ്യക്തമാണ്. ഒരു സുപ്രഭാതത്തിൽ അടിമകളെയെല്ലാം സ്വതന്ത്രരാക്കി വിടുമ്പോഴുണ്ടാകുന്ന പരിതാപകരമായ അവസ്ഥ ചരിത്രം സാക്ഷിയാണ്. എബ്രഹാം ലിങ്കൺ അടിമത്ത നിരോധന നിയമം ഏർപ്പെടുത്തിയപ്പോൾ യഥാർത്ഥത്തിൽ പ്രചാരത്തിലുണ്ടായിരുന്ന “അടിമത്തം” നിരോധിക്കുകയായിരുന്നു. പക്ഷെ, തിരിച്ചറിയാൻ പ്രയാസമുള്ള തരത്തിൽ അത് രൂപം മാറി വന്നു എന്നതാണ് വസ്തുത. ജോർജ് ഫ്ലോയ്ഡിന്റെ (george floyd) കഴുത്തിലമർന്ന വെള്ളക്കാരന്റെ മുട്ടുകാലും, ഇറുക്കലിലമർന്ന ആകാശവും അടിമത്തത്തിന്റെ പുതിയ ഭാവങ്ങളിലൊന്ന് അനാവരണം ചെയ്യുന്നുണ്ട്. ഉയ്ഗൂർ മുസ്ലിംകളെ(Uyghur muslims) അവരിഷ്ടപ്പെടുന്ന സ്വത്വത്തിൽ നിന്ന് പറിച്ചെടുത്ത് പല കഷ്ണങ്ങളാക്കാൻ വെമ്പുന്നത് രാഷ്ട്രീയപരമായി അടിമകളാക്കലല്ലാതെ പിന്നെന്താണ്? ഫാഷിസത്തിന് മുമ്പിൽ മൗനത്തിന്റെ മൂടുപടമിട്ട് അധികാര ധാർഷ്ട്യത്തിന് വിധേയരായിരിക്കുന്ന “ജനാധിപത്യത്തിന്റെ ഈറ്റില്ലങ്ങളിലെ” പൗരന്മാരും നിർബന്ധിത സൈനിക സേവനത്തിന് നിർബന്ധിതരാകുന്നവരും അനുഭവിക്കുന്ന മാനസികാവസ്ഥക്ക് അടിമത്തം എന്നല്ലാതെ പിന്നെന്ത് പേര് വെക്കും?
അതുകൊണ്ട് മുൻധാരണയുടെ മൂടുപടമിട്ട “നിക്ഷിപ്ത താല്പര്യങ്ങളുള്ള പ്രത്യയശാസ്ത്രങ്ങളുടെ” അടിമകളേ.. ചുവന്ന അടിവരകളിടാതെ ഇസ്ലാമിനെ വായിക്കൂ….. അവിടെ ആറാംനൂറ്റാണ്ടിൽ തന്നെ സ്വതന്ത്ര്യത്തിന്റെ ആകാശമുണ്ട്. വിമോചനമുണ്ട്. അവകാശങ്ങളുമുണ്ട്.



