ബിൽ​ഗ്രാമിയുടെ തത്വചിന്തയിലെ സ്വത്വവും മൂല്യങ്ങളും

Identity and Values in Bilgrami's Philosophy

കൊളംബിയ യൂണിവേഴ്സിറ്റിയിലെ പ്രശസ്ത തത്ത്വചിന്തകനായ അഖീൽ ബിൽഗ്രാമി (Akeel Bilgrami) ഭാഷാ തത്ത്വചിന്ത, മനസ്സിന്റെ തത്ത്വചിന്ത, രാഷ്ട്രീയ തത്ത്വചിന്ത, ധാർമ്മിക മനഃശാസ്ത്രം (Moral Psychology) എന്നീ മേഖലകളിൽ നിർണ്ണായകമായ സംഭാവനകൾ നൽകിയ പ്രമുഖ ചിന്തകനാണ്. സമകാലിക തത്ത്വചിന്താ മണ്ഡലത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ‘സ്വത്വം’ (Identity), ‘മൂല്യങ്ങൾ’ (Values) എന്നിവ തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെക്കുറിച്ച് ബിൽഗ്രാമി വികസിപ്പിച്ചെടുത്ത സൈദ്ധാന്തിക മാതൃക മനുഷ്യന്റെ ആത്മബോധത്തെയും പ്രായോഗിക കർതൃത്വത്തെയും (Practical Agency) പുതിയ കാഴ്ചപ്പാടിൽ വിശകലനം ചെയ്യുന്നു. മനുഷ്യരുടെ വിശ്വാസങ്ങളും ആഗ്രഹങ്ങളും അവർ ജീവിക്കുന്ന സാമൂഹിക വ്യവസ്ഥിതിയും തമ്മിൽ എങ്ങനെ പ്രതിപ്രവർത്തിക്കുന്നുവെന്നും, സ്വത്വ രൂപീകരണം കേവലം സ്വാഭാവികമായ താൽപ്പര്യങ്ങളിലൂടെ മാത്രമല്ല, മറിച്ച് ആത്മപരിശോധനാപരമായ മൂല്യനിർണ്ണയങ്ങളിലൂടെയും സാമൂഹിക പ്രക്രിയകളിലൂടെയുമാണ് നിലനിൽക്കുന്നത് എന്നും അദ്ദേഹം സൂക്ഷ്മമായി സമർത്ഥിക്കുന്നു.

ഒബ്‌ജക്റ്റീവ്, സബ്‌ജക്റ്റീവ് സ്വത്വങ്ങളുടെ വിഭജനം

സ്വത്വത്തെക്കുറിച്ചുള്ള വിശകലനത്തിൽ ബിൽഗ്രാമി ‘ഒബ്‌ജക്റ്റീവ് സ്വത്വം’ (Objective Identity), ‘സബ്‌ജക്റ്റീവ് സ്വത്വം’ (Subjective Identity) എന്നിവ തമ്മിൽ കൃത്യമായ വേർതിരിവ് നടത്തുന്നു. ഒബ്‌ജക്റ്റീവ് സ്വത്വം എന്നത് ഒരു വ്യക്തി താൻ സ്വയം തിരിച്ചറിയുന്നുണ്ടോ അല്ലെങ്കിൽ അംഗീകരിക്കുന്നുണ്ടോ എന്നതുമായി ബന്ധപ്പെടാതെ, ബാഹ്യമായി നൽകപ്പെടുന്ന സാമൂഹികമോ ജനസംഖ്യാപരമോ ആയ സ്വഭാവവിശേഷങ്ങളാണ്. വ്യക്തിയുടെ ജനനം, വംശം, അല്ലെങ്കിൽ ബാഹ്യമായ സാമൂഹിക വർഗ്ഗീകരണങ്ങൾ എന്നിവ ഈ പരിധിയിൽ വരുന്നു.
ഒന്നുകൂടി വ്യക്തതയോടെ ഇപ്രകാരം അതിനെ നിർവ്വചിക്കാം. ഒരു വ്യക്തിയുടെ സമ്മതമോ താത്പര്യമോ ഇല്ലാതെ തന്നെ, അയാൾ ജീവിക്കുന്ന സമൂഹമോ ഭരണകൂടമോ അല്ലെങ്കിൽ ജനസംഖ്യാപരമായ (demographic) യാഥാർത്ഥ്യങ്ങളോ അയാളുടെ മേൽ ചാർത്തിക്കൊടുക്കുന്ന സ്വത്വമാണിത്. ഇതിന്റെ പ്രധാന സവിശേഷത ഇത് ബാഹ്യമാണ് (External) എന്നതാണ്. വ്യക്തി സ്വയം അത് അംഗീകരിക്കുന്നുണ്ടോ, അതിൽ അഭിമാനം കൊള്ളുന്നുണ്ടോ എന്നതൊന്നും ഇവിടെ വിഷയമേ അല്ല. ഒബ്ജക്റ്റീവ് സ്വത്വത്തെ നിർണ്ണയിക്കുന്ന ഘടകങ്ങൾ ജനനം, വംശം, മതം, ഭാഷാപരമായ പശ്ചാത്തലം, ജാതി, ദേശീയത തുടങ്ങിയവയൊക്കെയാണ്. ഉദാഹരണം: ഒരാൾ ഇന്ത്യയിൽ ഒരു മുസ്ലിം അല്ലെങ്കിൽ ദളിത് അല്ലെങ്കിൽ ഹിന്ദു കുടുംബത്തിൽ ജനിക്കുന്നു എന്ന് കരുതുക. വ്യക്തി സ്വയം എന്ത് വിശ്വസിച്ചാലും, ഗവൺമെന്റിന്റെ രേഖകളിലും തിരിച്ചറിയൽ കാർഡുകളിലും സമൂഹത്തിന്റെ കാഴ്ചപ്പാടിലും അയാൾ ആ പ്രത്യേക വിഭാഗത്തിൽപ്പെട്ട ആളാണ്. ഇത് അയാളുടെ ഒബ്‌ജക്റ്റീവ് സ്വത്വമാണ്.
എന്നാൽ എന്താണ് സബ്ജക്റ്റീവ് സ്വത്വം? സബ്‌ജക്റ്റീവ് സ്വത്വം എന്നത് ഒരു വ്യക്തി തനിക്കുള്ള പ്രത്യേക സ്വഭാവങ്ങളോടും ആഭിമുഖ്യങ്ങളോടും തനിയെ താദാത്മ്യം പ്രാപിക്കുകയും അവയെ സ്വന്തം ജീവിതത്തിന്റെ നിർണ്ണായക ഘടകമായി സ്വീകരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. തനിക്ക് ലഭിച്ച അല്ലെങ്കിൽ ഉള്ള ഒരു സ്വത്വത്തോട് വ്യക്തി സ്വന്തം ബോധ്യത്തോടെ താദാത്മ്യം പ്രാപിക്കുകയും (identify with), അതിനെ തന്റെ ജീവിതത്തിന്റെ കാഴ്ചപ്പാടായും മൂല്യമായും സ്വീകരിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇതിന്റെ പ്രധാന സവിശേഷത ഇത് ആന്തരികമാണ് (Internal) എന്നതാണ്. വ്യക്തിയുടെ തിരഞ്ഞെടുപ്പും ആത്മബോധവും ഇവിടെ നിർണ്ണായകമാണ്. ഇത് നിർണ്ണയിക്കുന്ന ഘടകങ്ങൾ രാഷ്ട്രീയ നിലപാടുകൾ, ബോധപൂർവ്വം സ്വീകരിക്കുന്ന പ്രത്യയശാസ്ത്രങ്ങൾ, ആക്ടിവിസം, സ്വന്തം സ്വത്വത്തെക്കുറിച്ചുള്ള വ്യക്തിപരമായ ബോധം തുടങ്ങിയവയൊക്കെയാണ്. ഉദാഹരണം: മുകളിൽ പറഞ്ഞ വ്യക്തി തന്റെ ഒബ്‌ജക്റ്റീവ് സ്വത്വത്തെ (ഉദാഹരണത്തിന്, താൻ ജനിച്ച മതത്തെയോ വംശത്തെയോ) കേവലം ഒരു ഔദ്യോഗിക വിവരമായി കാണാതെ, അതിലെ അനീതികൾക്കെതിരെ പോരാടാനോ അല്ലെങ്കിൽ ആ സംസ്കാരത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനോ ബോധപൂർവ്വം തീരുമാനിക്കുന്നു. അപ്പോൾ ആ സ്വത്വം അയാളുടെ സബ്‌ജക്റ്റീവ് സ്വത്വമായി മാറുന്നു.
പൊതുമണ്ഡലത്തിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും മനുഷ്യർ അണിനിരക്കുന്നതും രാഷ്ട്രീയമായി സംഘടിക്കുന്നതും പ്രഥമമായും സബ്‌ജക്റ്റീവ് സ്വത്വങ്ങളുടെ അടിസ്ഥാനത്തിലാണ്. സബ്‌ജക്റ്റീവ് സ്വത്വത്തിലൂടെയാണ് മനുഷ്യൻ പ്രായോഗിക മണ്ഡലത്തിൽ താൻ ആരാണെന്ന് നിർവ്വചിക്കുന്നതും സ്വയം നിയന്ത്രിക്കുന്നതും. ഒരാൾ ഏതെങ്കിലും ഒരു വിഭാഗത്തിൽ ജനിച്ചു എന്നതുകൊണ്ട് മാത്രം (ഒബ്‌ജക്റ്റീവ് സ്വത്വം) അയാൾ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമാകണമെന്നില്ല. തങ്ങൾ നേരിടുന്ന സാമൂഹിക അവസ്ഥകളെക്കുറിച്ചോ അനീതികളെക്കുറിച്ചോ ബോധവാന്മാരാവുകയും, “ഞാൻ ഈ വിഭാഗത്തിന്റെ ഭാഗമാണ്, ഇതിനായി ഞാൻ നിലകൊള്ളണം” എന്ന് സ്വയം തീരുമാനിക്കുകയും ചെയ്യുമ്പോഴാണ് (സബ്‌ജക്റ്റീവ് സ്വത്വം) മനുഷ്യർ സംഘടിക്കുന്നതും രാഷ്ട്രീയമായി പോരാടുന്നതും.
ചുരുക്കത്തിൽ സമൂഹം അല്ലെങ്കിൽ ജനനം നിങ്ങൾക്ക് തരുന്ന ഒന്നാണ് ഒബ്‌ജക്റ്റീവ് സ്വത്വം; എന്നാൽ “ഞാൻ ആരാണ്” എന്ന് നിങ്ങൾ തന്നെ സ്വയം ബോധ്യപ്പെട്ട് ജീവിക്കുന്നതും പ്രവർത്തിക്കുന്നതുമാണ് സബ്‌ജക്റ്റീവ് സ്വത്വം.

ഒന്നാം നിര മൂല്യങ്ങളും അന്യവൽക്കരണത്തിന്റെ സങ്കീർണ്ണതയും

മനുഷ്യന്റെ വിശ്വാസങ്ങൾ, ആഗ്രഹങ്ങൾ, മൂല്യങ്ങൾ എന്നിവ തമ്മിലുള്ള ബന്ധം ലളിതമായ ഒരു മാനസികാവസ്ഥയല്ല. ഒരു വ്യക്തി ചില ചിന്തകളോ ആഗ്രഹങ്ങളോ വെച്ചു പുലർത്തുന്നു എന്നതുകൊണ്ടു മാത്രം അത് അവരുടെ ആഴത്തിലുള്ള സ്വത്വമായി മാറുന്നില്ല. ബിൽഗ്രാമിയുടെ വാദമനുസരിച്ച്, മനുഷ്യർക്ക് തങ്ങളുടെ സ്വന്തം മൂല്യങ്ങളിൽ നിന്നുതന്നെ അന്യവൽക്കരണം (Alienation) അല്ലെങ്കിൽ അപരിചിതത്വം അനുഭവപ്പെടാൻ ഇടയുണ്ട്. തത്ത്വചിന്താപരമായ ധാർമ്മിക മനഃശാസ്ത്രത്തിൽ ആഗ്രഹങ്ങളെയും മൂല്യങ്ങളെയും വിശകലനം ചെയ്യുമ്പോൾ ഈ തത്ത്വം വ്യക്തമാകുന്നു. ഉദാഹരണത്തിന്, ലഹരിക്കടിമയായ ഒരു വ്യക്തിക്ക് ലഹരി ഉപയോഗിക്കാനുള്ള ശക്തമായ ഒന്നാം നിര ആഗ്രഹം (First-order desire) ഉണ്ടാകാമെങ്കിലും, അത്തരമൊരു ആഗ്രഹം തനിക്കുള്ളതിൽ അയാൾക്ക് സ്വയം അറപ്പോ വിരക്തിയോ അനുഭവപ്പെടാം. സമാനമായി, ഒരു വ്യക്തി താൻ ജനിച്ചുവളർന്ന വംശീയമോ ദേശീയമോ ആയ പശ്ചാത്തലത്തിന്റെ ഭാഗമായി ചില ഒന്നാം നിര മൂല്യങ്ങൾ (First-order values) കൊണ്ടുനടക്കുമ്പോഴും, ബോധപൂർവ്വമായ ചിന്തയിൽ ആ മൂല്യങ്ങളോട് അയാൾക്ക് വിയോജിപ്പോ അകൽച്ചയോ തോന്നാം. ഇതിൽ നിന്ന് വ്യക്തമാകുന്നത്, ഏതെങ്കിലും ഒരു മൂല്യം മനസ്സിൽ ഉള്ളതുകൊണ്ടു മാത്രം അത് ഒരാളുടെ സബ്‌ജക്റ്റീവ് സ്വത്വത്തിന് രൂപം നൽകുന്നില്ല എന്നാണ്.
അഖീൽ ബിൽഗ്രാമിയുടെ ധാർമ്മിക മനഃശാസ്ത്രത്തിലെ (Moral Psychology) വളരെ പ്രധാനപ്പെട്ട മറ്റൊരു ആശയമാണിത്. ആദ്യത്തെ ആശയത്തിൽ (ഒബ്‌ജക്റ്റീവ് – സബ്‌ജക്റ്റീവ് സ്വത്വങ്ങൾ) നമ്മൾ കണ്ടത്, വ്യക്തി ബോധപൂർവ്വം ഉൾക്കൊള്ളുന്ന മൂല്യങ്ങളാണ് സബ്‌ജക്റ്റീവ് സ്വത്വമാകുന്നത് എന്നാണ്. എന്നാൽ, മനുഷ്യന്റെ മനസ്സിലുള്ള എല്ലാ ചിന്തകളും മൂല്യങ്ങളും ആഴത്തിലുള്ള സബ്‌ജക്റ്റീവ് സ്വത്വമായി മാറില്ല എന്നും, ചില മൂല്യങ്ങളിൽ നിന്ന് മനുഷ്യന് സ്വയം അന്യവൽക്കരണം (Alienation) അനുഭവപ്പെടാം എന്നുമാണ് ബിൽഗ്രാമി ഈ വാദത്തിലൂടെ വ്യക്തമാക്കുന്നത്. ഈ ആശയം കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിന് അദ്ദേഹം ചില പോയിന്റുകൾ നൽകുന്നുണ്ട്. അതിൽ ആദ്യത്തേതാണ് ഒന്നാം നിര ആഗ്രഹങ്ങളും മൂല്യങ്ങളും (First-Order Desires & Values). നമ്മുടെ മനസ്സിൽ സ്വാഭാവികമായി ഉണ്ടാകുന്നതോ, ചുറ്റുമുള്ള സാഹചര്യങ്ങളിൽ നിന്നോ പാരമ്പര്യത്തിൽ നിന്നോ സമ്മർദ്ദങ്ങളിൽ നിന്നോ നമ്മുടെ ഉള്ളിലേക്ക് കടന്നുകൂടുന്നതോ ആയ ആഗ്രഹങ്ങളെയും ചിന്തകളെയും മൂല്യങ്ങളെയുമാണ് ‘ഒന്നാം നിര’ (First-order) എന്ന് വിളിക്കുന്നത്. ഇതിന്റെ പ്രത്യേകത ഇവ നമ്മുടെ നിയന്ത്രണത്തിലോ ബോധപൂർവ്വമായ തിരഞ്ഞെടുപ്പിലോ ആകണമെന്നില്ല രൂപപ്പെടുന്നത് എന്നതാണ്. ലഹരിയോടോ ചില ഭക്ഷണങ്ങളോടോ തോന്നുന്ന പെട്ടെന്നുള്ള ആഗ്രഹം ഇതിനുള്ള ഉദാഹരണമാണ്. കൂടാതെ കുട്ടിക്കാലം മുതൽ കേട്ടുപഠിച്ച വംശീയമായോ ജാതീയമായോ ഉള്ള ചില മുൻവിധികളും പരമ്പരാഗത മൂല്യങ്ങളും ഈ ​ഗണത്തിൽ ഉൾപ്പെടും.

രണ്ടാം നിര മൂല്യങ്ങളും ആത്മപരിശോധനാപരമായ അംഗീകാരവും

ഒരു മൂല്യം സബ്‌ജക്റ്റീവ് സ്വത്വമായി മാറണമെങ്കിൽ അതിന് ആത്മപരിശോധനാപരമായ അംഗീകാരം (Reflective Endorsement) അത്യാവശ്യമാണെന്ന് ബിൽഗ്രാമി ചൂണ്ടിക്കാണിക്കുന്നു. ഇവിടെയാണ് ‘രണ്ടാം നിര മൂല്യങ്ങളുടെ’ (Second-Order Values) പ്രസക്തി ഉയർന്നുവരുന്നത്. അദ്ദേഹം വിശദീകരിക്കുന്ന രണ്ടാം നിര ചിന്തകളും വിലയിരുത്തലുകളും (Second-Order Evaluation) എന്താണെന്ന് നോക്കാം:
ഒരു വ്യക്തി തന്റെ ഒന്നാം നിര മൂല്യത്തെ വിലമതിക്കുകയും, താൻ ആ മൂല്യം പുലർത്തുന്നു എന്ന വസ്തുതയെത്തന്നെ സ്വയം പ്രശംസിക്കുകയും മനസ്സാ അംഗീകരിക്കുകയും ചെയ്യുമ്പോൾ (Valuing one’s valuing), അത് ഒരു രണ്ടാം നിര മൂല്യമായി മാറുന്നു. തനിക്കുള്ള ഒരു ചിന്തയോടുള്ള ഈ സവിശേഷമായ അനുഭാവം സ്വത്വ രൂപീകരണത്തിൽ പ്രധാനമാണ്. അതായത്, സ്വത്വമെന്നത് ഒരു വ്യക്തിയുടെ പ്രതിബദ്ധതകളിലും (Commitments) അവയോടുള്ള മൂല്യനിർണ്ണയപരമായ നിലപാടുകളിലുമാണ് കുടികൊള്ളുന്നത്. ഇത്തരത്തിലുള്ള ആത്മപരിശോധനാപരമായ അംഗീകാരം ലഭിക്കുമ്പോൾ മാത്രമേ ഒരു മൂല്യവും വ്യക്തിയുടെ സ്വത്വവും തമ്മിലുള്ള അന്യവൽക്കരണം ഇല്ലാതാവുകയുള്ളൂ.
മനുഷ്യന് തന്റെ സ്വന്തം ചിന്തകളെയും ആഗ്രഹങ്ങളെയും കുറിച്ച് തിരിഞ്ഞുചിന്തിക്കാനും (Reflect) അവയെ സ്വയം വിലയിരുത്താനുമുള്ള കഴിവുണ്ട്. ഇതിനെയാണ് തത്ത്വചിന്തയിൽ ‘രണ്ടാം നിര ചിന്തകൾ’ (Second-order desires/evaluations) എന്ന് വിളിക്കുന്നത്. ഇവിടെ മനുഷ്യൻ സ്വയം ചോദിക്കുന്നു:”എന്റെ ഉള്ളിൽ ഈ ഒരു ആഗ്രഹമോ മൂല്യമോ ഉണ്ട് എന്നത് ശരിയാണ്; എന്നാൽ ഇത് എന്റെ ഉള്ളിൽ ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നുണ്ടോ? ഇത് ശരിയാണോ?”

ബിൽ​ഗ്രാമിയുടെ അടുത്ത പോയിന്റ് അന്യവത്കരണത്തെ കുറിച്ചാണ്. ഇവിടെ അന്യവൽക്കരണം (Alienation) എന്നതുകൊണ്ട് ബിൽ​ഗ്രാമി അർത്ഥമാക്കുന്നത് എന്താണെന്ന് നോക്കാം: ഒരു വ്യക്തിയുടെ മനസ്സിൽ ഒരു ഒന്നാം നിര മൂല്യമോ ആഗ്രഹമോ നിലനിൽക്കുന്നുണ്ട്; എന്നാൽ തന്റെ രണ്ടാം നിര ചിന്തയിലൂടെ അയാൾ അതിനെ തള്ളിക്കളയുകയോ അല്ലെങ്കിൽ അതിനോട് വിയോജിക്കുകയോ ചെയ്യുമ്പോൾ അവിടെ അന്യവൽക്കരണം (Alienation) സംഭവിക്കുന്നു. അതായത്, “ഈ ചിന്ത എന്റെ ഉള്ളിൽ ഉണ്ടെങ്കിലും, അത് യഥാർത്ഥത്തിൽ ‘ഞാൻ’ അല്ല” എന്ന് വ്യക്തിക്ക് തോന്നുന്ന അവസ്ഥയാണിത്. ഉദാഹരണങ്ങളിലൂടെ ഇക്കാര്യം വ്യക്തമാക്കാം:
ലഹരിയോടുള്ള ആഗ്രഹം: ഒന്നാം നിര ആഗ്രഹം: ലഹരിക്ക് അടിമയായ ഒരാൾക്ക് ലഹരി ഉപയോഗിക്കാനുള്ള ശക്തമായ ഉൾപ്രേരണ ഉണ്ടാകുന്നു. രണ്ടാം നിര വിലയിരുത്തൽ: “ഈ ലഹരി എന്റെ ജീവിതത്തെ നശിപ്പിക്കുകയാണ്, ഈ ആഗ്രഹം എന്റെ ഉള്ളിൽ ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല” എന്ന് അയാൾ സ്വയം ചിന്തിക്കുന്നു.
അന്യവൽക്കരണം: ഇവിടെ ലഹരി ഉപയോഗിക്കാനുള്ള ആഗ്രഹം അയാളുടെ ഉള്ളിൽ ഉണ്ടെങ്കിലും, അയാൾ അതിനോട് അറപ്പും അകൽച്ചയും കാണിക്കുന്നു. അതുകൊണ്ട് ആ ആഗ്രഹം അയാളുടെ ആഴത്തിലുള്ള സ്വത്വത്തിന്റെ (Subjective Identity) ഭാഗമല്ല; മറിച്ച് അയാളിൽ വന്നുപെട്ട അയാൾ വശംവദനായ അല്ലെങ്കിൽ അയാളെ സംബന്ധിച്ച് അന്യമായ ഒന്നാണ്.
രണ്ടാമത്തെ ഉദാഹരണം: പരമ്പരാഗത മൂല്യങ്ങളുമായി (Values) ബന്ധപ്പെട്ടതാണ്.
ഒന്നാം നിര മൂല്യം: ഒരാൾ വളരെ യാഥാസ്ഥിതികമോ അല്ലെങ്കിൽ വംശീയ/ജാതീയ മുൻവിധികളുള്ളതോ ആയ ഒരു കുടുംബത്തിൽ ജനിച്ചു വളരുന്നു. ചെറുപ്പത്തിലേ ലഭിച്ച പരിശീലനം കൊണ്ട് അയാളുടെ മനസ്സിന്റെ അടിത്തട്ടിൽ ചില വംശീയ ചിന്തകൾ നിലനിൽക്കുന്നുണ്ടാകാം.
രണ്ടാം നിര വിലയിരുത്തൽ: വളർന്നു വലുതായി ലോകത്തെ അറിയുമ്പോൾ, സ്വന്തം ബോധം ഉപയോഗിച്ച് അയാൾ മനസ്സിലാക്കുന്നു—”എന്റെ ഉള്ളിലുള്ള ഈ വംശീയ മുൻവിധികൾ തെറ്റാണ്, അത് മാനവികതയ്ക്ക് നിരക്കുന്നതല്ല.”
അന്യവൽക്കരണം: തന്റെ ഉള്ളിൽ അറിഞ്ഞോ അറിയാതെയോ കടന്നുകൂടിയ ആ വംശീയ മൂല്യത്തോട് അയാൾക്ക് വലിയ അകൽച്ചയും എതിർപ്പും തോന്നുന്നു. ആ മൂല്യം അയാളുടെ സബ്‌ജക്റ്റീവ് സ്വത്വത്തിന്റെ ഭാഗമാകുന്നില്ല.
ഇവയെല്ലാം സ്വത്വരൂപീകരണത്തെ നിർണ്ണയിക്കുന്ന പ്രധാനഘടകങ്ങൾ തന്നെയാണ്.
ചുരുക്കത്തൽ ബിൽഗ്രാമിയുടെ ഈ വിശകലനം നമ്മെ പഠിപ്പിക്കുന്ന പ്രധാന കാര്യങ്ങൾ ഇവയാണ്: മനസ്സിലുള്ളതെല്ലാം നമ്മളല്ല:
നമ്മുടെ ഉള്ളിൽ ഉണ്ടാകുന്ന എല്ലാ ആഗ്രഹങ്ങളും പരമ്പരാഗതമായി കിട്ടിയ എല്ലാ മൂല്യങ്ങളും നമ്മൾ ബോധപൂർവ്വം സ്വീകരിച്ചതല്ല. അതിനാൽ കേവലം മനസ്സിൽ ഒരു ചിന്ത ഉണ്ടെന്നതുകൊണ്ട് മാത്രം അത് ഒരാളുടെ സ്വത്വമാകില്ല.
സബ്‌ജക്റ്റീവ് സ്വത്വം എന്നത് ബോധപൂർവ്വമായ തിരഞ്ഞെടുപ്പാണ്:
തന്റെ ഉള്ളിലുള്ള ചിന്തകളിൽ ഏതൊക്കെയാണ് ശരി എന്ന് സ്വയം വിലയിരുത്തി, താൻ പൂർണ്ണമനസ്സോടെ താദാത്മ്യം പ്രാപിക്കുന്ന (Identify with) മൂല്യങ്ങളെ മാത്രം തന്റേതായി സ്വീകരിക്കുമ്പോഴാണ് സബ്‌ജക്റ്റീവ് സ്വത്വം രൂപപ്പെടുന്നത്.
ആത്മവിമർശനത്തിനുള്ള ശേഷി: മനുഷ്യന് സ്വന്തം മൂല്യങ്ങളെത്തന്നെ അപഗ്രഥിക്കാനും, തെറ്റായതിനെ തള്ളിക്കളയാനുമുള്ള അപാരമായ ശേഷിയുണ്ട് (Capacity for Self-Evaluation). അന്യവൽക്കരണം എന്നാൽ കേവലം ഒരു നിഷേധാത്മക അവസ്ഥയല്ല, മറിച്ച് മനുഷ്യന് സ്വയം തിരുത്താനും പുനർനിർവ്വചിക്കാനുമുള്ള വഴി കൂടിയാണ്.

പൊരുത്തം, ക്വൈനിയൻ അനുമാനം, ആപേക്ഷിക തിരുത്താനാവായ്മ

രണ്ടാം നിര അംഗീകാരങ്ങൾ അനന്തമായ ചിന്താ പരമ്പരകളിലേക്ക് നയിക്കുന്നത് തടയാൻ പല തത്ത്വചിന്തകരും വിശ്വാസങ്ങളുടെയും മൂല്യങ്ങളുടെയും പരസ്പര ‘പൊരുത്തം’ (Coherence) എന്ന ആശയം ഉന്നയിക്കാറുണ്ട്. ഒരു മൂല്യം വ്യക്തിയുടെ മറ്റ് മൂല്യങ്ങളുമായി ചേർന്നുപോകുമ്പോഴാണ് അത് യുക്തിസഹവും സ്ഥൈര്യമുള്ളതുമായി മാറുന്നത്. എന്നാൽ, കേവലമായ പരസ്പര പൊരുത്തം മാത്രം സ്വത്വത്തെ നിർവ്വചിക്കാൻ പര്യാപ്തമല്ലെന്ന് ബിൽഗ്രാമി വാദിക്കുന്നു. ഇതിനെ അദ്ദേഹം ‘വിശിഷ്ടതയുടെ അഭാവം’ (Distinctiveness Deficit) എന്ന് വിളിക്കുന്നു. ഉദാഹരണത്തിന്, ആഹാര മുൻഗണനകളോ കായിക വിനോദങ്ങളോടുള്ള താല്പര്യമോ ഒരാളുടെ മറ്റു താല്പര്യങ്ങളുമായി ചേർച്ചയുള്ളതായിരിക്കാം, എന്നാൽ അവ വ്യക്തിയുടെ ആഴത്തിലുള്ള ആത്മബോധത്തെയോ സ്വത്വത്തെയോ പ്രതിഫലിപ്പിക്കുന്നില്ല. ഏതൊരു മൂല്യമാണ് ആത്മബോധത്തിന്റെ കേന്ദ്രസ്ഥാനത്ത് നിൽക്കുന്നത് എന്ന് വിശദീകരിക്കാൻ ബിൽഗ്രാമി, ഭൗതികശാസ്ത്ര സിദ്ധാന്തങ്ങളെ അപഗ്രഥിക്കാൻ ഡബ്ല്യു. വി. ഒ. ക്വൈൻ (W.V.O. Quine) ഉപയോഗിച്ച ‘വിശ്വാസങ്ങളുടെ ജാലകം’ (Web of Belief) എന്ന സങ്കൽപ്പത്തെ മൂല്യങ്ങളുടെ മേഖലയിലേക്ക് പ്രയോഗിക്കുന്നു. ബാഹ്യ സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് വലിയ ആഘാതങ്ങളില്ലാതെ വ്യക്തിക്ക് തിരുത്താൻ കഴിയുന്നവയാണ് പരിധീയ മൂല്യങ്ങൾ (Peripheral Values). എന്നാൽ വ്യക്തിയുടെ ആത്മബോധത്തെയും ജീവിത ലക്ഷ്യങ്ങളെയും താങ്ങിനിർത്തുന്നവയാണ് കേന്ദ്രീകൃതവും ആപേക്ഷികമായി തിരുത്താനാവാത്തതുമായ മൂല്യങ്ങൾ (Central and Relatively Unrevisable Values). ഇത്തരം കേന്ദ്രീകൃത മൂല്യങ്ങളെ ലംഘിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുമ്പോൾ, കേവലം ഒരു അഭിപ്രായമാറ്റമല്ല നടക്കുന്നത്, മറിച്ച് വ്യക്തിയുടെ സ്വത്വത്തിന് തന്നെ ഭംഗം സംഭവിക്കുകയും ആത്മബോധം തകരുകയും ചെയ്യുന്നു. ഇത്തരം മൂല്യങ്ങൾക്ക് ‘കൗണ്ടർഫാക്ച്വൽ എൻഡോർസ്‌മെന്റ്’ (Counterfactual Endorsement) ഉണ്ടായിരിക്കും; അതായത്, ഭാവിയിൽ താൻ മാനസികമായി ബലഹീനനാവുകയോ സാഹചര്യം മാറുകയും ചെയ്താൽ പോലും താൻ ഇപ്പോൾ മുറുകെപ്പിടിക്കുന്ന മൂല്യത്തോട് വിശ്വസ്തത പുലർത്താനാണ് വ്യക്തി ഇച്ഛിക്കുന്നത്.

അഖീൽ ബിൽഗ്രാമിയുടെ സ്വത്വ തത്ത്വചിന്തയിലെ ഏറ്റവും ഗൗരവമേറിയതും സൂക്ഷ്മവുമായ ഒരു ഭാഗമാണിത്. ‘ഹോളറി ഫിലോസഫി’ (Holistic Philosophy) എന്ന ശാഖയിലെ ഡബ്ല്യു. വി. ഒ. ക്വൈനിന്റെ (W.V.O. Quine) പ്രശസ്തമായ സങ്കൽപ്പത്തെ മൂല്യങ്ങളുടെയും സ്വത്വത്തിന്റെയും മേഖലയിലേക്ക് പ്രയോഗിച്ചുകൊണ്ട് ബിൽഗ്രാമി നടത്തുന്ന അപഗ്രഥനമാണിത്. ഈ ആശയങ്ങൾ വ്യക്തവും ലളിതവുമായി ഇപ്രകാരം മനസ്സിലാക്കാം:
എന്തുകൊണ്ട് കേവലമായ ‘പൊരുത്തം’ (Coherence) മാത്രം പോരാ? ചില തത്ത്വചിന്തകർ കരുതുന്നത് നമ്മുടെ ഉള്ളിലെ ആഗ്രഹങ്ങളും മൂല്യങ്ങളും തമ്മിൽ പരസ്പര പൊരുത്തം (Coherence) ഉണ്ടെങ്കിൽ അത് നമ്മുടെ സ്വത്വമായി മാറും എന്നാണ്. എന്നാൽ ബിൽഗ്രാമി ഇതിൽ ഒരു പോരായ്മ ചൂണ്ടിക്കാണിക്കുന്നു: ‘വിശിഷ്ടതയുടെ അഭാവം’ (Distinctiveness Deficit) എന്നതാണ് ആ പോരായ്മ. ഇക്കാര്യം ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം:
ഒരാൾക്ക് ഫുട്ബോളിനോടും നീന്തലിനോടും താല്പര്യമുണ്ട്, വ്യായാമം ഇഷ്ടമാണ്, ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ഇഷ്ടമാണ്. ഇവയെല്ലാം പരസ്പരം നല്ല പൊരുത്തമുള്ള (Coherent) കാര്യങ്ങളാണ്. എന്നാൽ, ഫുട്ബോൾ ഇഷ്ടമാണ് എന്നത് അയാളുടെ ആഴത്തിലുള്ള സബ്‌ജക്റ്റീവ് സ്വത്വത്തെ (Subjective Identity) നിർവ്വചിക്കുന്ന ഒന്നാണോ? അല്ല. ജീവിതത്തിൽ ആ ഫുട്ബോൾ കളി ഉപേക്ഷിക്കേണ്ടി വന്നാലും അയാളുടെ സ്വത്വത്തിന് വലിയ തകർച്ചയൊന്നും സംഭവിക്കുന്നില്ല. അതായത്, പരസ്പര പൊരുത്തമുള്ള പല ആഗ്രഹങ്ങളും നമ്മുടെ ഉള്ളിലുണ്ടാകാം; എന്നാൽ അവയെല്ലാം നമ്മുടെ സ്വത്വത്തിന്റെ കേന്ദ്രബിന്ദുവാകണമെന്നില്ല.
ഇനി ക്വൈനിയൻ അനുമാനവും ‘വിശ്വാസങ്ങളുടെ ജാലകവും’ എന്താണെന്ന് നോക്കാം:
അമേരിക്കൻ തത്ത്വചിന്തകനായ ഡബ്ല്യു. വി. ഒ. ക്വൈൻ (W.V.O. Quine) ശാസ്ത്രത്തിലെയും അറിവിലെയും (Epistemology) വിശ്വാസങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് വിശദീകരിക്കാൻ ഉപയോഗിച്ച രൂപകമാണ് ‘Web of Belief’ (വിശ്വാസങ്ങളുടെ ജാലകം/വല). ക്വൈന്റെ വാദപ്രകാരം നമ്മുടെ വിശ്വാസങ്ങളെല്ലാം ഒരു ചിലന്തിവല പോലെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇതിൽ രണ്ട് ഭാഗങ്ങളുണ്ട്:
പരിധീയ മേഖല (Peripheral Region – വലയുടെ അരികുകൾ) ആണ് ഇതിൽ ആദ്യത്തേത്. വലയുടെ പുറംഭാഗത്തുള്ള നൂലുകൾ പോലെയാണിത്. പുറത്തുനിന്നുള്ള അനുഭവങ്ങൾക്ക് അനുസരിച്ച് ഇവ എളുപ്പത്തിൽ മാറ്റാനോ തിരുത്താനോ കഴിയും. ഉദാഹരണം: “ഇന്ന് മഴ പെയ്യും” എന്ന വിശ്വാസം. മഴ പെയ്തില്ലെങ്കിൽ വലിയ ആഘാതമൊന്നുമില്ലാതെ നമ്മൾ ആ വിശ്വാസം തിരുത്തുന്നു.
രണ്ടാം കേന്ദ്രീകൃത മേഖല (Central Region – വലയുടെ നടുഭാഗം) ആണ്. വലയുടെ മധ്യഭാഗത്തുള്ള പ്രധാന നൂലുകൾ. ഗണിതശാസ്ത്ര നിയമങ്ങൾ, യുക്തിയുടെ അടിസ്ഥാന തത്ത്വങ്ങൾ തുടങ്ങിയവ ഇവിടെയാണ് നിൽക്കുന്നത്. ഇവിടെ ഒരു തിരുത്തൽ വരുത്തിയാൽ മൊത്തം വലയും (നമ്മുടെ അറിവിന്റെ വ്യവസ്ഥ തന്നെ) തകർന്നുപോകും. ബിൽഗ്രാമി ക്വൈന്റെ ഈ ഭൗതികശാസ്ത്ര/ജ്ഞാനശാസ്ത്ര മാതൃകയെ മനുഷ്യന്റെ മൂല്യങ്ങളിലേക്കും സ്വത്വത്തിലേക്കും കൂട്ടിച്ചേർക്കുന്നു. നമ്മുടെ മനസ്സിനുള്ളിലെ മൂല്യങ്ങളും ഇതുപോലെ ഒരു വല പോലെയാണ്. ക്വൈനിയൻ മാതൃക ഉപയോഗിച്ച് ബിൽഗ്രാമി മനുഷ്യന്റെ മൂല്യങ്ങളെ രണ്ടായി തിരിക്കുന്നു: അതിൽ ആദ്യത്തേത് പരിധീയ മൂല്യങ്ങൾ (Peripheral Values) ആണ്. നമ്മുടെ ദൈനംദിന ജീവിതത്തിലെ താല്പര്യങ്ങൾ, അഭിരുചികൾ, സൗകര്യങ്ങൾ എന്നിവയാണ് പരിധീയ മൂല്യങ്ങൾ. ഇതിന്റെ സവിശേഷത പുതിയ അനുഭവങ്ങളോ സാഹചര്യങ്ങളോ വരുമ്പോൾ വലിയ മാനസിക സമ്മർദ്ദമില്ലാതെ ഇവ തിരുത്താൻ (revise) സാധിക്കും എന്നതാണ്. ഇതിന് ഉദാഹരണങ്ങളാണ് ചായയാണോ കാപ്പിയാണോ ഇഷ്ടം, ഏത് തരം വസ്ത്രം ധരിക്കണം, ഏത് കായികവിനോദമാണ് ഇഷ്ടം തുടങ്ങിയവ.

കേന്ദ്രീകൃതവും ആപേക്ഷികമായി തിരുത്താനാവാത്തതുമായ മൂല്യങ്ങളാണ് അടുത്തത്. നമ്മുടെ സ്വത്വത്തിന്റെയും ആത്മബോധത്തിന്റെയും ആണിക്കല്ലായി നിൽക്കുന്ന മൂല്യങ്ങളാണിത്. ഇതിന്റെ സവിശേഷത ഇവയെ പെട്ടെന്ന് തിരുത്താനോ ഉപേക്ഷിക്കാനോ കഴിയില്ല (Relatively Unrevisable) എന്നതാണ്. എന്തുകൊണ്ട് ‘ആപേക്ഷികമായി’ എന്ന് പറയുന്നു എന്നാൽ, മനുഷ്യന് ഭാവിയിൽ വലിയ തിരിച്ചറിവുകളിലൂടെ ഇത് മാറാനുള്ള വിദൂര സാധ്യതയുണ്ട്; പക്ഷേ എളുപ്പത്തിൽ മാറ്റിപ്രതിഷ്ഠിക്കാൻ കഴിയില്ല. ഉദാ‌ഹരണം നീതിക്ക് വേണ്ടിയുള്ള നിലപാട്, രാഷ്ട്രീയ അധിനിവേശങ്ങൾക്കെതിരെയുള്ള പോരാട്ടം, അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള വിശ്വാസം, വംശീയതയോടുള്ള എതിർപ്പ് തുടങ്ങിയവയാണ്.
ഒരു വ്യക്തി തന്റെ കേന്ദ്രീകൃത മൂല്യത്തെ ഉപേക്ഷിക്കുകയോ അതിനെതിരെ പ്രവർത്തിക്കാൻ നിർബന്ധിതനാവുകയോ ചെയ്താൽ, അത് കേവലം ഒരു “അഭിപ്രായ മാറ്റം” അല്ല. മറിച്ച്, അയാളുടെ സ്വത്വത്തിന്റെ നട്ടെല്ല് തകരുകയും, “ഞാൻ ആരാണ്?” എന്ന ചോദ്യത്തിന് മുന്നിൽ അയാൾ അപരിചിതനായി മാറുകയും ചെയ്യും.
ബിൽ​ഗ്രാമിയുടെ കൗണ്ടർഫാക്ച്വൽ എൻഡോർസ്‌മെന്റ് (Counterfactual Endorsement) എന്ന ആശയം കൂടി എന്താണെന്ന് നോക്കാം: കേന്ദ്രീകൃത മൂല്യങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയാണ് ബിൽഗ്രാമി പറയുന്ന ‘കൗണ്ടർഫാക്ച്വൽ എൻഡോർസ്‌മെന്റ്’. “യാഥാർത്ഥ്യത്തിന് വിപരീതമായ ഒരു സാഹചര്യം ഭാവിയിൽ ഉണ്ടായാൽ പോലും…” എന്ന് സങ്കൽപ്പിക്കുന്ന ഒന്നാണിത്. ഇതെങ്ങനെയാണ് പ്രവർത്തിക്കുന്നത്? ഒരു വ്യക്തി ഒരു മൂല്യത്തെ തന്റെ സ്വത്വത്തിന്റെ കേന്ദ്രമായി സ്വീകരിക്കുമ്പോൾ അയാൾ സ്വയം കരുതുന്നു:
“ഭാവിയിൽ ഞാൻ മാനസികമായി തളർന്നുപോകുന്ന ഒരു അവസ്ഥ വന്നാലും, വലിയ ഭീഷണികളോ പ്രലോഭനങ്ങളോ നേരിടേണ്ടി വന്നാലും, ഈ മൂല്യത്തിൽ നിന്ന് ഞാൻ വ്യതിചലിക്കരുത്. ഞാൻ ഇപ്പോൾ മുറുകെപ്പിടിക്കുന്ന ഈ നിലപാടിനോട് അന്നും ഞാൻ വിശ്വസ്തത പുലർത്തണം.” ഇതിന് ഉദാഹരണം സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി പോരാടുന്ന ഒരു രാഷ്ട്രീയ പ്രവർത്തകൻ അല്ലെങ്കിൽ ചിന്തകൻ ആണ്.
ജയിലിൽ അടയ്ക്കപ്പെടുകയോ ക്രൂരമായ പീഡനങ്ങൾ നേരിടേണ്ടി വരികയോ ചെയ്യുന്ന ഒരു അവസ്ഥ (Hypothetical condition) ഭാവിയിൽ വന്നാൽ പോലും, താൻ തന്റെ മൂല്യങ്ങളിൽ നിന്ന് പിന്മാറരുത് എന്ന് അയാൾ ഇച്ഛിക്കുന്നു.
താൻ ഭയം കൊണ്ടോ ബലഹീനത കൊണ്ടോ അന്ന് ആ മൂല്യം ഉപേക്ഷിച്ചാൽ, അത് തന്റെ ആത്മബോധത്തിന്റെ പരാജയമായിരിക്കും എന്ന് അയാൾ മുൻകൂട്ടി മനസ്സിലാക്കുന്നു. ഈ തരത്തിൽ, ഒരു തിരുത്തലിനും വിട്ടുകൊടുക്കാൻ മനസ്സില്ലാത്ത ബോധപൂർവ്വമായ ഉറപ്പാണ് (Counterfactual Endorsement) ആ മൂല്യത്തെ അയാളുടെ സബ്‌ജക്റ്റീവ് സ്വത്വത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നത്.
ചുരുക്കത്തിൽ അഖീൽ ബിൽഗ്രാമിയുടെ സ്വത്വ സങ്കൽപ്പത്തിലെ ആശയങ്ങളെ ക്വൈനിയൻ മാതൃകയിലൂടെ വിശദീകരിക്കുമ്പോൾ, മനുഷ്യന്റെ മൂല്യങ്ങളെ പരിധീയ മൂല്യങ്ങളെന്നും (Peripheral) കേന്ദ്രീകൃത മൂല്യങ്ങളെന്നും രണ്ടായി തിരിക്കാം. അറിവിന്റെ വലയുടെ അരികുകളിൽ സ്ഥിതി ചെയ്യുന്ന പരിധീയ മൂല്യങ്ങൾ സാഹചര്യങ്ങൾക്കനുസരിച്ച് എളുപ്പത്തിൽ തിരുത്താവുന്നവയാണ്; ഇവ തകർന്നാലും വ്യക്തിയുടെ സ്വത്വത്തെ ബാധിക്കുകയുമില്ല. എന്നാൽ, വലയുടെ മധ്യഭാഗത്തുള്ള കേന്ദ്രീകൃത മൂല്യങ്ങൾ ആപേക്ഷികമായി തിരുത്താനാവാത്തവയാണ്. ഇവ ഉപേക്ഷിക്കപ്പെട്ടാൽ വ്യക്തിയുടെ സ്വത്വവും ആത്മബോധവും തകരുന്നു. കൂടാതെ, ഏത് പ്രതികൂല സാഹചര്യത്തിലും ഇത്തരം മൂല്യങ്ങളോട് വിശ്വസ്തത പുലർത്തുന്ന ‘കൗണ്ടർഫാക്ച്വൽ എൻഡോർസ്‌മെന്റ്’ ഇവയുടെ പ്രത്യേകതയാണ്. ഒരു വ്യക്തിയുടെ മനസ്സിലുള്ള നിരവധി പൊരുത്തമുള്ള കാര്യങ്ങളിൽ, പ്രതികൂല സാഹചര്യങ്ങളിലും തിരുത്താൻ തയ്യാറാകാത്തതും, തകർന്നാൽ സ്വന്തം നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്നതുമായ കേന്ദ്രീകൃത മൂല്യങ്ങളാണ് ബിൽഗ്രാമിയുടെ കാഴ്ചപ്പാടിൽ ആഴത്തിലുള്ള സബ്‌ജക്റ്റീവ് സ്വത്വത്തിന് രൂപം നൽകുന്നത്.

മൂല്യങ്ങളുടെ സാമൂഹികമാനവും അന്യവൽക്കരണവും

ഡേവിഡ് ഹ്യൂമും ആദം സ്മിത്തും മുന്നോട്ടുവെച്ച ആന്തരികമായ ധാർമ്മിക മനഃശാസ്ത്ര മാതൃകകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ നിലപാടാണ് ബിൽഗ്രാമി സ്വീകരിക്കുന്നത്. മൂല്യങ്ങൾ കേവലം ഒരു വ്യക്തിയുടെ മനസ്സിനുള്ളിലെ സ്വകാര്യ വികാരങ്ങളോ മാനസിക പ്രവണതകളോ (Mental dispositions) മാത്രമല്ല. അവ ബാഹ്യ ലോകത്ത് നിലനിൽക്കുന്ന സാമൂഹികവും നൈതികവുമായ സാധ്യതകളും സാംസ്കാരിക ബാധ്യതകളുമാണ്. മനുഷ്യൻ ജീവിക്കുന്ന സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും ഉൽപ്പന്നമാണ് അവന്റെ മൂല്യങ്ങൾ. ആധുനിക മുതലാളിത്ത സമഗ്രാധിപത്യവും യന്ത്രവൽകൃത ജീവിതവും മനുഷ്യരെ പരസ്പരവും പ്രകൃതിയിൽ നിന്നും അന്യവൽക്കരിച്ചപ്പോൾ, ആധുനികതയുടെ ഈ അന്യവൽക്കരണത്തെയും അപരിചിതത്വത്തെയും (Social alienation) അതിജീവിക്കാൻ സഹായിക്കുന്നത് പങ്കുവെക്കപ്പെടുന്ന സാംസ്കാരിക-സാമൂഹിക മൂല്യങ്ങളാണ്. ഒരു സമൂഹത്തിലെ അംഗങ്ങൾ ഒരേ സംസ്കാരത്തിന്റെ ഭാഗമായ മൂല്യങ്ങളെ ഒരുമിച്ച് നെഞ്ചിലേറ്റുകയും ആ മൂല്യങ്ങളോട് കൂട്ടായ പ്രതിബദ്ധത പുലർത്തുകയും ചെയ്യുമ്പോൾ ശക്തമായ ഒരു സാംസ്കാരിക സ്വത്വം രൂപപ്പെടുന്നു. മതം, വംശം, പ്രാദേശികത എന്നിവയിലൂടെ ഉയർന്നുവരുന്ന ആത്മബന്ധങ്ങൾ കേവലം അന്ധവിശ്വാസങ്ങളല്ല, മറിച്ച് ആധുനിക ലോകത്ത് മനുഷ്യന് സാമൂഹികമായ നിലനിൽപ്പും കൂട്ടായ്മയും നൽകുന്ന ധാർമ്മിക ഘടകങ്ങളാണ്.

സ്വത്വ രൂപീകരണ മാതൃകകളുടെ പഠനപരമായ താരതമ്യം

സ്വത്വ രൂപീകരണത്തെയും മൂല്യങ്ങളെയും സംബന്ധിച്ച് പരമ്പരാഗത ആന്തരിക മാതൃകകളും ബിൽഗ്രാമിയുടെ ഇവാളുവേറ്റീവ് (Evaluative) മാതൃകയും തമ്മിലുള്ള പ്രധാന തത്ത്വചിന്താപരമായ വ്യത്യാസങ്ങളെ ഇങ്ങനെ സം​ഗ്രഹിക്കാം:
പരമ്പരാഗത ആന്തരിക മാതൃകയും (Humean / Minimalist Model) ബിൽഗ്രാമിയുടെ വിശകലന മാതൃകയും (Bilgrami’s Evaluative Model) തമ്മിൽ സ്വത്വത്തെയും മൂല്യങ്ങളെയും കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ വലിയ വ്യത്യാസങ്ങൾ കാണാം. പരമ്പരാഗത മാതൃകയിൽ മൂല്യങ്ങളുടെ പ്രാഥമിക സ്വഭാവം വ്യക്തിഗത ആഗ്രഹങ്ങളും സ്വകാര്യ മാനസിക പ്രവണതകളുമാണ്. ഇതിൽ ഒബ്‌ജക്റ്റീവ് വർഗ്ഗീകരണങ്ങളും ഒന്നാം നിര ആഗ്രഹങ്ങളുമാണ് സ്വത്വത്തെ നിർവ്വചിക്കുന്നത്. ഇവിടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കപ്പെടുന്നതോടെ സ്വത്വം സാക്ഷാത്കരിക്കപ്പെടുന്നു എന്നും, ആഗ്രഹങ്ങളുടെ തീവ്രത അഥവാ ഉത്കടതയാണ് (Intensity) മൂല്യ പ്രാധാന്യം നിർണ്ണയിക്കുന്നത് എന്നും കരുതപ്പെടുന്നു. സാമൂഹിക ബന്ധത്തെ കേവലം വ്യക്തിഗത താല്പര്യങ്ങളുടെ യാന്ത്രികമായ ഒരു കൂട്ടിച്ചേർക്കലായി മാത്രമാണ് ഈ മാതൃക കാണുന്നത്. എന്നാൽ, ബിൽഗ്രാമിയുടെ മാതൃക അനുസരിച്ച് മൂല്യങ്ങൾ ബാഹ്യ ലോകത്ത് നിലനിൽക്കുന്ന സാംസ്കാരിക-ധാർമ്മിക ബാധ്യതകളാണ്. ആത്മപരിശോധനയിലൂടെയുള്ള രണ്ടാം നിര അംഗീകാരത്തിലൂടെയാണ് ഇവിടെ സ്വത്വം നിർവ്വചിക്കപ്പെടുന്നത്. ഇതിൽ വ്യക്തിക്ക് തന്റെ ഒന്നാം നിര മൂല്യങ്ങളിൽ നിന്ന് തന്നെ അന്യവൽക്കരണമോ അപരിചിതത്വമോ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ബിൽഗ്രാമിയുടെ മാതൃകയിൽ മൂല്യ പ്രാധാന്യം നിർണ്ണയിക്കപ്പെടുന്നത് ക്വൈനിയൻ രീതിയിലുള്ള ആപേക്ഷിക തിരുത്താനാവായ്മയുടെ (Unrevisability) അടിസ്ഥാനത്തിലാണ്. കൂടാതെ, സാമൂഹിക ബന്ധം എന്നത് സാംസ്കാരിക പങ്ക്, കൂട്ടായ ഉത്തരവാദിത്തം, കൗണ്ടർഫാക്ച്വൽ പ്രതിബദ്ധത എന്നിവയിലധിഷ്ഠിതമാണെന്നും ഈ മാതൃക വ്യക്തമാക്കുന്നു.

ഉപസംഹാരം

അഖീൽ ബിൽഗ്രാമിയുടെ സ്വത്വത്തെയും മൂല്യങ്ങളെയും കുറിച്ചുള്ള തത്ത്വചിന്താപരമായ നിരീക്ഷണങ്ങൾ മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളെയും സാമൂഹിക ജീവിതത്തെയും കൂട്ടിയിണക്കുന്ന വിലപ്പെട്ട ഉൾക്കാഴ്ചകളാണ് പ്രധാനം ചെയ്യുന്നത്. സബ്‌ജക്റ്റീവ് സ്വത്വത്തിലൂടെയും രണ്ടാം നിര മൂല്യങ്ങളിലൂടെയും രൂപപ്പെടുന്ന ആത്മബോധം വ്യക്തികൾക്ക് പ്രായോഗിക ആത്മനിയന്ത്രണവും ധാർമ്മിക ഉത്തരവാദിത്തവും നൽകുന്നു. കേവലമായ അഹംബോധത്തിനപ്പുറം സാംസ്കാരികവും സാമൂഹികവുമായ ശൃംഖലകളിൽ വേരൂന്നിനിൽക്കുന്ന ഒന്നാണ് മനുഷ്യന്റെ മൂല്യങ്ങൾ എന്ന ബിൽഗ്രാമിയുടെ വാദം, ആധുനിക രാഷ്ട്രീയത്തിലെ സ്വത്വ രാഷ്ട്രീയ ചർച്ചകളെയും സാംസ്കാരിക പഠനങ്ങളെയും കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന ശ്രദ്ധേയമായ ഒരു തത്ത്വചിന്താ ചട്ടക്കൂടാണ്.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy