രിസാലത്തു ആദാബി സുലൂക്കിൽ മുരീദ്: ഭാഗം: 7
ഹബീബ് അബ്ദുല്ലാഹിബ്നു അലവി അൽ ഹദ്ദാദ്(റ):
പരിഭാഷ: മഖ്ദൂമിശാഹ് അൻവാരി
നിസ്കാരത്തിൽ ശരീരചലനങ്ങൾ മാത്രം മതിയോ? ആരാധനകളുടെ ആത്മാവ് എന്താണ്?
നാം നിസ്കരിക്കുമ്പോൾ നമ്മുടെ മനസ്സ് എവിടെയാണ്?
നാം അല്ലാഹുവിലേക്ക് തിരിയുമ്പോൾ അവൻ നമ്മിലേക്ക് തിരിയുന്നുണ്ടോ? നിസ്കാരത്തിൽ അശ്രദ്ധ ഉണ്ടായാൽ സംഭവിക്കുന്നതെന്ത്? ആരാധനകളിലെ ഹൃദയസാന്നിധ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുന്ന ഭാഗം.

ഹേ മുരീദ്! അഞ്ച് സമയത്തെ നിസ്കാരങ്ങൾ അവയുടെ കൃത്യതയോടെ നിർവ്വഹിക്കുന്നതിൽ നീ അതീവ ശ്രദ്ധാലുവായിരിക്കുക. അതായത്, അവയുടെ നിലനിൽപ്പ് പൂർണ്ണമാക്കിക്കൊണ്ടും, പരിശുദ്ധ ഖുർആൻ പാരായണം, വിനയം, റുകൂഅ്, സുജൂദ് എന്നിവയും അവയുടെ മറ്റ് അർക്കാനുകളും (നിർബന്ധ ഘടകങ്ങളും) സുന്നത്തുകളും കൃത്യമായി പാലിച്ചുകൊണ്ടും നിസ്കാരം നിർവ്വഹിക്കുക.
നിസ്കാരത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ, മഹോന്നതനായ അല്ലാഹുവിന്റെ മുമ്പിൽ നിൽക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ഉണ്ടായിരിക്കേണ്ട മഹത്വത്തെക്കുറിച്ച് നിന്റെ ഹൃദയത്തിൽ ബോധം ഉണ്ടാകണം. രാജാക്കന്മാരുടെ രാജാവും സർവ്വാധിപതിയുമായ അല്ലാഹുവിനോട് നീ സംഭാഷണം നടത്താൻ പോവുകയാണെന്ന കാര്യം സൂക്ഷിക്കുക. അശ്രദ്ധയുടെയും ദുസ്സ്വഭാവങ്ങളുടെയും താഴ്വരകളിൽ അലഞ്ഞുതിരിയുന്നവനായും, ഭൗതിക ചിന്തകളുടെയും സങ്കൽപ്പങ്ങളുടെയും ലോകത്ത് കറങ്ങിനടക്കുന്നവനായും ഹൃദയവുമായി നിൽക്കരുത്. അങ്ങനെ വന്നാൽ അത് അല്ലാഹുവിന്റെ കോപത്തിനും, അവന്റെ ദർബാറിൽ നിന്നുള്ള ആട്ടിയിറക്കലിനും കാരണമായിത്തീരും.
നബി (സ) അരുളിയിരിക്കുന്നു: “ഒരു അടിമ നിസ്കാരത്തിലേക്ക് പ്രവേശിക്കുമ്പോൾ അല്ലാഹു തന്റെ വജ്ഹ് അവന്റെ നേരെ തിരിക്കുന്നു. എന്നാൽ അവൻ (നിസ്കാരത്തിനിടയിൽ) ഇങ്ങോട്ടോ അങ്ങോട്ടോ തിരിഞ്ഞാൽ അല്ലാഹു പറയും: ‘ഹേ ആദം സന്തതീ, എന്നെക്കാൾ മികച്ചവനിലേക്കാണോ നീ തിരിയുന്നത്?’ അവൻ രണ്ടാമതും തിരിഞ്ഞാൽ അല്ലാഹു ഇതുപോലെ തന്നെ പറയും. അവൻ മൂന്നാമതും തിരിഞ്ഞാൽ അല്ലാഹു അവനിൽ നിന്ന് തന്റെ വജ്ഹ് തിരിച്ചു കളയും.”
അപ്പോൾ, വെളിയിൽ മുഖം തിരിക്കുന്നവനിൽ നിന്നേ അല്ലാഹു തന്റെ വജ്ഹ് തിരിച്ചു കളയുന്നുള്ളൂവെങ്കിൽ, ദുനിയാവിന്റെ സുഖലോലുപതകളിലേക്കും അതിന്റെ അലങ്കാരങ്ങളിലേക്കും തന്റെ ഹൃദയം കൊണ്ട് നിസ്കാരത്തിനിടയിൽ തിരിഞ്ഞുപോകുന്നവന്റെ അവസ്ഥ എന്തായിരിക്കും? നിശ്ചയമായും സർവ്വശക്തനായ അല്ലാഹു ശരീരങ്ങളിലേക്കും ബാഹ്യരൂപങ്ങളിലേക്കും നോക്കുകയില്ല, മറിച്ച് അവൻ നോക്കുന്നത് ഹൃദയങ്ങളിലേക്കും ആന്തരിക വികാരങ്ങളിലേക്കുമാണ്.
അറിയുക; എല്ലാ ആരാധനകളുടെയും ആത്മാവും അതിന്റെ യഥാർത്ഥ അർത്ഥവും അല്ലാഹുവോടൊപ്പമുള്ള സാന്നിധ്യമാണ് (ഹുളൂർ). അതിനാൽ, സാന്നിധ്യമില്ലാതെ (മനസ്സിന്നിടമില്ലാതെ) ആരാധന നിർവ്വഹിക്കുന്നവന്റെ ആരാധന കാറ്റിൽ പറന്ന ധൂളി (ഹബാഉം മൻസൂർ) പോലെ നിരർത്ഥകമാണ്.
അല്ലാഹുവോടൊപ്പമുള്ള സാന്നിധ്യമില്ലാതെ ആരാധന ചെയ്യുന്നവന്റെ ഉപമ, ചത്ത പെണ്ണാടോ ഒഴിഞ്ഞ പെട്ടിയോ ഒരു മഹാനായ രാജാവിന് ഉപഹാരമായി നൽകുന്നവനെപ്പോലെയാണ്. അങ്ങനെ ചെയ്യുന്നവൻ കഠിനമായ ശിക്ഷയ്ക്കും പ്രതിഫലം നഷ്ടപ്പെടുന്നതിനും എത്രയോ അർഹനാണ്!
തുടരും…



