സ്വൂഫിസത്തിന്റെ മൗലികത

The Originality of Sufism

മഹാനായ അൻദലൂസിയൻ സ്വൂഫി മുഹ്‌യിദ്ദീൻ ഇബ്‌നു അറബി(റ) ഇപ്രകാരം തുടങ്ങുന്ന ഒരു പ്രാർത്ഥന നടത്താറുണ്ടായിരുന്നു:
“നാഥാ, അങ്ങയുടെ അനന്തമായ ഏകത്വമാകുന്ന സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് എന്നെ പ്രവേശിപ്പിക്കേണമേ (1)”.
സ്വൂഫികളുടെ രചനകളിൽ തങ്ങളുടെ വഴി ലക്ഷ്യമാക്കുന്ന പരമമായ സാക്ഷാത്കാരത്തെ സൂചിപ്പിക്കാൻ ഈ ‘സമുദ്രം’ ആവർത്തിച്ചു പരാമർശിക്കപ്പെടുന്നുണ്ട്. അതിനാൽ, ഈ പ്രതീകത്തിന്റെ അടിസ്ഥാനത്തിൽ, ‘സ്വൂഫിസം എന്നാൽ എന്താണ്?’ എന്ന ചോദ്യത്തിന് നമുക്ക് ഇങ്ങനെയൊരു ഉത്തരം നൽകാം: അനന്തതയുടെ സമുദ്രത്തിൽ നിന്ന് നമ്മുടെ പരിമിതമായ ഈ ലോകത്തിന്റെ തീരങ്ങളിലേക്ക് കാലാകാലങ്ങളിൽ ഒരു മഹാ വേലിയേറ്റ തരംഗം പോലെ ഒരു ദിവ്യവെളിപാട് ഒഴുകിയെത്തുന്നു. അത്തരം തിരമാലകളിലൊന്നിലേക്ക് ഊളിയിട്ട്, അതുവഴി അതിന്റെ നിത്യവും അനന്തവുമായ പ്രഭവസ്ഥാനത്തേക്ക് തിരിച്ചൊഴുകാനുള്ള നിയോഗവും സാധനയും ശാസ്ത്രവുമാണ് സ്വൂഫിസം.
‘കാലാകാലങ്ങളിൽ’ എന്നത് ലളിതവൽക്കരണമാണ്. അതിന് വിശദീകരണം ആവശ്യമുണ്ട്. കാരണം, അത്തരം ഒരു തിരമാലയുടെ ഉത്ഭവസ്ഥാനവും അതിന്റെ ലക്ഷ്യസ്ഥാനവും തമ്മിൽ ഒത്തുനോക്കാവുന്ന ഒരു പൊതുമാനദണ്ഡവുമില്ല. അതിനാൽ, അതിന്റെ പരിമിതമായ അവസ്ഥ അനന്തതയുടെ അംശം ഉൾക്കൊള്ളുന്നതുപോലെ, ഭൗതികമായ അതിന്റെ ക്ഷണികത നിഗൂഢമായി നിത്യതയുടെ ഭാഗമായിത്തീരുകയും ചെയ്യുന്നു. ഭൗതികമായ ഒന്നായതുകൊണ്ടുതന്നെ ചരിത്രത്തിലെ ഏതെങ്കിലും ഒരു പ്രത്യേക നിമിഷത്തിൽ അത് ഈ ലോകത്തെത്തണം. എന്നാൽ ആ നിമിഷം ഒരർത്ഥത്തിൽ കാലത്തിന്റെ പരിമിതികളിൽ നിന്ന് സ്വതന്ത്രമാകുന്നു. പരിശുദ്ധ ഖുർആൻ അവതരിച്ച രാത്രിയെ ഖുർആൻ വിശേഷിപ്പിക്കുന്നത് “ആയിരം മാസങ്ങളെക്കാൾ ഉത്തമം (2)” എന്നാണ്. അതുപോലെ ആരംഭത്തിന് അനുയോജ്യമായ അവസാനവും ഉണ്ടായിരിക്കണം അതിന്. ആ അന്ത്യം പക്ഷേ മാനുഷ്യനു മുൻകൂട്ടി കാണാൻ കഴിയാത്തത്ര വിദൂരമായിരിക്കും. നിത്യമായി നിലനിൽക്കാൻ വേണ്ടിയാണ് ഇലാഹിയായ വ്യവസ്ഥകൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത് (3). നിത്യമായ വർത്തമാനത്തിന്റെ മറ്റൊരു മുദ്ര അതിൽ പതിയുന്നത് ഇപ്രകാരമായിരിക്കും: അത് എപ്പോഴും ഒഴുകിക്കൊണ്ടിരിക്കുകയും എപ്പോഴും പിൻവലിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതായത്, അതിന്റെ പരിധിയിൽ വരുന്ന ഓരോ വ്യക്തിക്കും പ്രായോഗികമായി ഒരേസമയം ഒരു ഒഴുക്കും പിൻവാങ്ങലും അതിലുണ്ടാകും.

ജലം ഒന്നേയുള്ളൂ, എന്നാൽ ബാഹ്യമായി ഒരേപോലെയുള്ള രണ്ട് ദിവ്യവെളിപാടുകൾ ഉണ്ടാവുകയില്ല. ഓരോ തിരമാലയ്ക്കും അതിന്റെ ലക്ഷ്യസ്ഥാനത്തിന് അനുസൃതമായ സ്വന്തം സവിശേഷതകളുണ്ട്. അതായത്, ദൈവിക നിയോഗത്താൽ അത് ഏത് കാലത്തിലേക്കും ദേശത്തിലേക്കുമാണോ, ഏത് ആവശ്യങ്ങൾക്ക് മറുപടിയായാണോ ഒഴുകിയെത്തിയത്, ആ പ്രത്യേക ആവശ്യങ്ങൾക്ക് അനുസരിച്ചായിരിക്കും അത്. മനുഷ്യർക്കിടയിൽ നിലനിൽക്കുന്ന വ്യത്യസ്ത വംശീയ സ്വീകാര്യതകളും അഭിരുചികളും ഉൾപ്പെടുന്ന ഇത്തരം ആവശ്യങ്ങളെ, തിരമാല കടന്നു പോകുന്ന വഴിയിലെ കുഴികളോടും ഗർത്തങ്ങളോടും ഉപമിക്കാം. ഭൂരിഭാഗം വിശ്വാസികളും ഈ കുഴികളിൽ തിരമാല നിക്ഷേപിച്ചു പോകുന്ന ജലത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതാണ് മതത്തിന്റെ ബാഹ്യ രൂപം രൂപപ്പെടുത്തുന്നത്.
.
എന്നാൽ, നിർവചനപ്രകാരം ആത്മജ്ഞാനികൾ —സ്വൂഫിസം അത്തരം ആത്മജ്ഞാനത്തിന്റെ ഒരു രൂപമാണ്— എല്ലാറ്റിലുമുപരി ‘സ്വർഗ്ഗരാജ്യത്തിന്റെ രഹസ്യങ്ങളിൽ’ വ്യാപൃതരായവരാണ്. അതിനാൽ നമ്മുടെ ഉപമ തുടരുകയാണെങ്കിൽ, തിരമാല അവശേഷിപ്പിച്ചുപോയ ജലത്തേക്കാൾ താരതമ്യപ്പെടുത്താനാവാത്തവിധം പിന്നോട്ട് വലിയുന്ന തിരമാലയിൽ ശ്രദ്ധയൂന്നുന്ന ആളാണ് ആത്മജ്ഞാനി എന്ന് പറയുന്നത് തികച്ചും ശരിയായിരിക്കും. എങ്കിലും, തന്റെ സമാജത്തിലെ മറ്റുള്ളവരെപ്പോലെ തന്നെ, മനുഷ്യൻ എന്ന നിലയിൽ ബാഹ്യരൂപങ്ങളുമായി ബന്ധപ്പെട്ട ആ അവശിഷ്ട ജലം അവനും അനിവാര്യമാണ്. ഇനി, ആത്മജ്ഞാനിയിൽ ഏത് അംശമാണ് പിൻവാങ്ങുന്ന തിരയോടൊപ്പം ഒഴുകിപ്പോകാൻ കഴിയുന്നത് എന്ന് ചോദിച്ചാൽ, അതിന്റെ ഉത്തരത്തിന്റെ ഒരു ഭാഗം ഇതാണ്: അവന്റെ ശരീരവുമല്ല, അവന്റെ ആത്മാവുമല്ല. പുനരുത്ഥാനം വരെ ശരീരത്തിന് പിൻവാങ്ങാൻ കഴിയില്ല. ശരീരവും അതോടൊപ്പം ഭൗതികമായ അവസ്ഥ മുഴുവനും ഉന്നതമായ അസ്തിത്വങ്ങളിലേക്ക് പുനരാഗിരണം ചെയ്യപ്പെടുന്നതിന്റെ ആദ്യ ഘട്ടമാണ് പുനരുത്ഥാനം. ആത്മാവിനാകട്ടെ, ശരീരത്തിന്റെ മരണം വരെ കാത്തിരിക്കേണ്ടതുണ്ട്. അതുവരെ, അമരമാണെങ്കിൽ പോലും, അത് നശ്വരതയുടെ ലോകത്ത് തടവിലാണ്. പതിനൊന്നാം നൂറ്റാണ്ടിലെ മഹാനായ സ്വൂഫി ഗസ്സാലി(റ) യുടെ വിയോഗ വേളയിൽ, അദ്ദേഹം രചിച്ച ഒരു കവിത അദ്ദേഹത്തിന്റെ തലയണയ്ക്കടിയിൽ നിന്ന് കണ്ടെടുക്കപ്പെട്ടു. അതിലെ വരികൾ ഇപ്രകാരമാണ്:
“ഞാനൊരു പക്ഷിയാണ്:
ഈ ശരീരം എന്റെ കൂടായിരുന്നു
ഒരു അടയാളമായി ഇതിനെ ബാക്കിവെച്ച് ഞാനിതാ പറന്നുയർന്നിരിക്കുന്നു.” (4)

മറ്റു മഹത്തുക്കളായ സ്വൂഫികളും ഇതേ അർത്ഥം വരുന്ന കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. എന്നാൽ അവരുടെ എഴുത്തുകളിലൂടെയോ വാക്കുകളിലൂടെയോ ജീവിതത്തിലൂടെയോ അവർ വ്യക്തമാക്കിയിട്ടുള്ള—അതുതന്നെയാണ് നമ്മുടെ ദൃഷ്ടിയിൽ അവരുടെ മഹത്വത്തിന്റെ അളവുകോലും—ഒരു കാര്യമുണ്ട്: ഈ ‘കൂട്’ ഉണ്ടായിരുന്നിട്ടും, മരണത്തിന് മോചിപ്പിക്കാനായി കാത്തിരിക്കേണ്ടതിനേക്കാൾ അളവറ്റ പ്രാധാന്യമുള്ള എന്തോ ഒന്ന് മരണത്തിന് മുന്നേതന്നെ അവരിൽ നിന്ന് പിൻവാങ്ങിയിരുന്നു.
ആത്മീയ സാക്ഷാത്കാരത്തിലൂടെ ആ ഉത്ഭവസ്ഥാനത്തേക്ക് തിരിച്ചൊഴുകുന്നത് എന്താണോ, അതിനെ ബോധത്തിന്റെ കേന്ദ്രം എന്ന് വിളിക്കാം. ആ സമുദ്രം ബാഹ്യമായി ഉള്ളതുപോലെ തന്നെ ആന്തരികമായുമുണ്ട്. ആത്മജ്ഞാനികളുടെ വഴി എന്നത് സ്വന്തം അസ്തിത്വത്തിന്റെ മൂലവേരുകളിലേക്ക് തിരികെ നടക്കുന്ന, അഥവാ ‘പിന്നോട്ടുള്ള’ ക്രമേണയുള്ള ഒരു ഉണർവ്വാണ്. മനുഷ്യന്റെ അഹംഭാവത്തെ അനന്തമായി അതിജീവിക്കുന്ന പരമാത്മാവിന്റെ ഓർമ്മപ്പെടുത്തലാണത്. തിരമാലകൾ പിൻവാങ്ങുന്ന ആ മഹാസമുദ്രത്തിന്റെ ആഴമല്ലാതെ മറ്റൊന്നുമല്ല അത്.

ആദ്യത്തെ ഉപമയെ പൂർണ്ണമാക്കാൻ സഹായിക്കുന്ന തികച്ചും വ്യത്യസ്തമായ മറ്റൊരു ചിത്രം ഉപയോഗിക്കുകയാണെങ്കിൽ, നമുക്ക് ഈ ലോകത്തെ ഒരു പൂന്തോട്ടത്തോട് ഉപമിക്കാം—അല്ലെങ്കിൽ കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ, ഒരു നഴ്സറിത്തോട്ടത്തോട്. കാരണം ഒടുവിൽ മറ്റൊരിടത്തേക്ക് മാറ്റി നടുക എന്ന ഉദ്ദേശ്യത്തോടെയല്ലാതെ അവിടെയൊന്നും നട്ടുപിടിപ്പിച്ചിട്ടില്ല. തോട്ടത്തിന്റെ മധ്യഭാഗം വളരെ ശ്രേഷ്ഠമായ ഇനത്തിൽപ്പെട്ട മരങ്ങൾക്കായി നീക്കിവെച്ചിരിക്കുന്നു. അവ താരതമ്യേന ചെറുതും മൺചട്ടികളിൽ വളരുന്നതുമാണ്. എന്നാൽ അവയിലേക്ക് നോക്കുമ്പോൾ നമ്മുടെ ശ്രദ്ധയാകെ മറ്റെന്തിനേക്കാളും മനോഹരമായ ഒരു മരത്തിലേക്ക് ആകർഷിക്കപ്പെടുന്നു. തഴച്ചുവളരുന്നതിലും കരുത്തിലും അത് മറ്റുള്ളവയെ അപേക്ഷിച്ച് എത്രയോ മുന്നിലാണ്. അതിന്റെ കാരണം ഒറ്റനോട്ടത്തിൽ ദൃശ്യമല്ലെങ്കിലും, യാതൊരു അന്വേഷണവുമില്ലാതെ തന്നെ എന്താണ് സംഭവിച്ചതെന്ന് നമുക്ക് ഉടനടി മനസ്സിലാകും: ആ മൺപാത്രത്തിന്റെ അടിത്തട്ടിലൂടെ എങ്ങനെയോ തന്റെ വേരുകൾ ഭൂമിയുടെ ആഴങ്ങളിലേക്ക് ആഴ്ത്തിയിറക്കാൻ ആ മരത്തിന് കഴിഞ്ഞിരിക്കുന്നു. ആ മരങ്ങൾ ആത്മാക്കളാണ്. ആ മരങ്ങളിലെ ശ്രേഷ്ഠമായ ആ മരമാകട്ടെ, ഹൈന്ദവർ പറയുന്നതുപോലെ ‘ജീവൻമുക്തനായ’ (ജീവിച്ചിരിക്കുമ്പോൾ തന്നെ മോക്ഷം നേടിയ) ഒരാളാണ്. സ്വൂഫികൾ ‘പരമോന്നത പദവി’ എന്ന് വിളിക്കുന്ന അവസ്ഥയിൽ എത്തിയ ആൾ. ആത്മാവിന്റെ ആഴത്തിലുള്ള ‘ഇടുങ്ങിയ കവാടം’ കടന്ന്, ഒരിക്കലും ബന്ധിക്കാൻ കഴിയാത്തതും ദൈവികതയിലേക്ക് തുറക്കുന്നതുമായ ശുദ്ധാത്മാവിന്റെ മണ്ഡലത്തിൽ വേരുറപ്പിക്കാനുള്ള വഴിയും മാർഗ്ഗവുമാണ് സ്വൂഫിസം. അതിനാൽ, പൂർണ്ണതയിലെത്തിയ ഒരു സ്വൂഫി, മറ്റു മനുഷ്യരെപ്പോലെ താൻ ബാഹ്യരൂപങ്ങളുടെ ലോകത്ത് അകപ്പെട്ടവനാണെന്ന് തിരിച്ചറിയുമ്പോൾ തന്നെ, അവരിൽ നിന്ന് വ്യത്യസ്തമായി, തന്റെ തടവറയെക്കാൾ അളവറ്റ പ്രാധാന്യമുള്ള ഒരു സ്വാതന്ത്ര ലോകവും തനിക്കുണ്ടെന്ന് തിരിച്ചറിയുന്നു. അതുകൊണ്ട്, അദ്ദേഹത്തിന് മാനുഷികം, ദൈവികം എന്നിങ്ങനെ രണ്ട് ബോധകേന്ദ്രങ്ങൾ ഉണ്ടെന്ന് പറയാം. ചിലപ്പോൾ ഒന്നിൽനിന്നും മറ്റു ചിലപ്പോൾ മറ്റൊന്നിൽനിന്നും അദ്ദേഹം സംസാരിച്ചേക്കാം. ഇതാണ് സ്വൂഫികളുടെ സംസാരത്തിലെ ബാഹ്യമായ ചില വൈരുദ്ധ്യങ്ങൾക്ക് കാരണം.
ആത്മജ്ഞാനികളുടെ പാത പിന്തുടരുക എന്നാൽ ഒരു അധിക മാനം കൈവരിക്കുക എന്നാണർത്ഥം. കാരണം ഈ പാത ആഴത്തിന്റെ മാനം അല്ലാതെ മറ്റൊന്നുമല്ല (5). അതിനാൽ, പിന്നീട് വിശദമായി കാണാനിരിക്കുന്നതുപോലെ, ആത്മജ്ഞാനി തന്റെ സമൂഹത്തിലെ മറ്റുള്ളവരുമായി പങ്കിടുന്നതും, ആത്മാവിന്റെ തുലനാവസ്ഥയ്ക്ക് അദ്ദേഹത്തിനും ആവശ്യമുള്ളതുമായ ആരാധനാകർമ്മങ്ങൾ പോലും മറ്റുള്ളവരെപ്പോലെ ബാഹ്യമായല്ല നിർവഹിക്കുന്നത്. മറിച്ച്, അദ്ദേഹത്തിന്റെ എല്ലാ ആരാധനകളുടെയും സവിശേഷതയായ അതേ അഗാധമായ ആന്തരിക വീക്ഷണകോണിൽ നിന്നാണ്. ആ വീക്ഷണകോൺ ഉപേക്ഷിക്കാൻ അദ്ദേഹം വ്യവസ്ഥാപിതമായി വിലക്കപ്പെട്ടിരിക്കുന്നു.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, തിരമാല അവശേഷിപ്പിച്ചു പോകുന്ന ജലവും പിൻവാങ്ങുന്ന ജലവും ഒന്നുതന്നെയാണെന്ന സത്യം അദ്ദേഹം കാണാതെ പോകരുത്. അതുപോലെ തന്നെ, ബാഹ്യരൂപങ്ങളിൽ ‘തടവിലാക്കപ്പെട്ട’ ജലം പോലെയായ തന്റെ ആത്മാവ്, പരമോന്നതമായ പരിശുദ്ധാത്മാവിൽ നിന്ന് മൗലികമായി ഭിന്നമല്ലെന്നും, ഒരു പാത്രത്തിലേക്ക് നീട്ടിവെക്കുകയും ഒടുവിൽ പിൻവലിക്കുകയും ചെയ്യുന്ന ഒരു കൈപോലെ അതിന്റെ തന്നെ ഒരു തുടർച്ച മാത്രമാണെന്നും അദ്ദേഹം മറക്കരുത്.

ഈ അധ്യായത്തിന്റെ തലക്കെട്ടിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിൽ, അതിനൊരു കാരണം ‘മൗലികം’ എന്ന വാക്കിന്മേൽ കാലക്രമേണ, മൗലികതയുടെ സത്തയെ സ്പർശിക്കാത്തതും, അതിന്റെ ചില ബാഹ്യഫലങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതുമായ അർത്ഥങ്ങൾ അടിഞ്ഞുകൂടിയതുകൊണ്ടാണ്. അതായത് വ്യത്യസ്തത, അസാധാരണമോ വിസ്മയകരമോ ആയ സവിശേഷത എന്ന നിലയിൽ മാത്രം. ‘മൗലികം’ എന്നത് ‘അസ്വാഭാവികമായത്’ എന്നതിന്റെ പര്യായമായിപ്പോലും ഉപയോഗിക്കപ്പെടുന്നുണ്ട്. ഇത് തികച്ചും വികലമായ ഒരു കാഴ്ചപ്പാടാണ്. കാരണം യഥാർത്ഥ മൗലികത എന്നത് എപ്പോഴും ഒരു മാനദണ്ഡമാണ്. മനുഷ്യന്റെ ഇച്ഛാശക്തികൊണ്ട് നേടിയെടുക്കാൻ സാധിക്കുന്ന ഒന്നല്ല അത്. അതേസമയം വിലക്ഷണമായത് നേടുക ഇരട്ടി എളുപ്പമാണ്. കാരണം അത് കടമെടുക്കലുകളുടെ താന്തോന്നിത്തം മാത്രമാണ്.

‘പാർശ്വ’ സ്വാധീനങ്ങൾക്കൊന്നും വഴങ്ങാത്ത, മലിനമാകാത്ത ശുദ്ധജലം പോലെ, യഥാർത്ഥ ഉറവിടത്തിൽ നിന്നോ ഉത്ഭവത്തിൽ നിന്നോ നേരിട്ട് പ്രവഹിക്കുന്നതാണ് ‘മൗലികം’. അതിനാൽ മൗലികത എന്നത് ആന്തരിക പ്രചോദനത്തോടും, സർവോപരി ദിവ്യവെളിപാടിനോടും ബന്ധപ്പെട്ടിരിക്കുന്നു. കാരണം ഉത്ഭവസ്ഥാനങ്ങൾ ഈ ലോകത്തിനതീതമായതും പരിശുദ്ധാത്മാവിന്റെ മണ്ഡലത്തിൽ സ്ഥിതിചെയ്യുന്നതുമാണ്. ആത്യന്തികമായി, പരമവും അനന്തവും ശാശ്വതവുമായ ഒന്നിൽ കുറഞ്ഞതല്ല ആ ഉത്ഭവസ്ഥാനം—അതിൽ നിന്നാണ് അല്ലാഹുവിന് ‘സൃഷ്ടികർത്താവ്’ അഥവാ അറബിയിൽ ‘അൽ-ബദീഅ്’ (അതിശയകരമായ എന്നും ഇതിനർത്ഥം നൽകാം) എന്ന നാമം ലഭിക്കുന്നത്. അനന്തസാധ്യതകളുടെ ഈ സമുദ്രത്തിൽ നിന്നാണ് ദിവ്യവെളിപാടിന്റെ മഹാ വേലിയേറ്റ തരംഗങ്ങൾ ഒഴുകിയെത്തുന്നത്. അവയോരോന്നും മറ്റൊന്നിൽ നിന്നും ‘അതിശയകരമായി’ വ്യത്യസ്തമാണ്. കാരണം ഓരോ തിരമാലയും താൻ ഉറവെടുത്ത ഏകനും അദ്വിതീയനുമായവന്റെ മുദ്ര വഹിക്കുന്നു. ഈ മുദ്രയാണ് അതിന്റെ അനന്യത. അതേസമയം അവയോരോന്നും അഗാധമായ തലത്തിൽ ഒന്നുതന്നെയാണ്, കാരണം അവയുടെ സന്ദേശത്തിന്റെ കാതൽ ആ ഏകവും അദ്വിതീയവുമായ സത്യം തന്നെയാണ്.

തിരമാലയുടെ ഈ ഉപമയുടെ വെളിച്ചത്തിൽ, മൗലികത ആധികാരികതയുടെയും ഫലപ്രാപ്തിയുടെയും ഉറപ്പാണെന്ന് നമുക്ക് കാണാം. ആധികാരികതയുടെ ഒരർത്ഥത്തിലുള്ള ഭൗമിക മുഖമാണ് സനാതനത്വം. ആ ആധികാരികത രൂപപ്പെടുന്നത് തിരമാലയുടെ ഒഴുക്കിലൂടെയാണ്. അതായത്, ദിവ്യവെളിപാട് അതിന്റെ ദിവ്യമായ ഉത്ഭവസ്ഥാനത്തുനിന്ന് നേരിട്ട് വരുന്നു എന്നതിലൂടെ. ഓരോ ഒഴുക്കിലും ഒരു പിൻവാങ്ങലിന്റെ വാഗ്ദാനവുമുണ്ട്. അതിലാണ് ഫലപ്രാപ്തി കുടികൊള്ളുന്നത്. അതാണ് സത്യത്തിന്റെ അപ്രതിരോധ്യമായ ആകർഷണശക്തിയായ അനുഗ്രഹം.

സ്വൂഫിസം എന്നത് ഇസ്ലാമിൻ്റെ ആത്മജ്ഞാന മാർഗമല്ലാതെ മറ്റൊന്നുമല്ല. അതായത്, ഇസ്ലാമിന്റെ വെളിപാടായി നിലകൊള്ളുന്ന ആ വേലിയേറ്റ തിരമാലയുടെ കേന്ദ്രവും ഏറ്റവും ശക്തവുമായ പ്രവാഹമാണത്. ഇങ്ങനെ പറയുന്നത്, ചിലർ കരുതുന്നതുപോലെ, അതിനെ ഒട്ടും താഴ്ത്തിക്കെട്ടലല്ലെന്ന് തൊട്ടുമുമ്പ് പറഞ്ഞ കാര്യങ്ങളിൽ നിന്ന് വ്യക്തമാണ്. നേരെ മറിച്ച് സ്വൂഫിസം ആധികാരികവും ഫലപ്രദവുമാണെന്നുള്ള സ്ഥിരീകരണമാണ് അത്.

തങ്ങൾ ‘സ്വൂഫികളാണെന്ന്’ അവകാശപ്പെടുകയും, സ്വൂഫിസം ഒരു പ്രത്യേക മതത്തെയും ആശ്രയിക്കാത്തതും എക്കാലത്തും നിലനിന്നിരുന്നതുമാണെന്ന് വാദിക്കുകയും ചെയ്യുന്ന ആധുനിക പാശ്ചാത്യ ലോകത്തിലെ ആയിരക്കണക്കിന് സ്ത്രീപുരുഷന്മാരുടെ കാര്യമെടുത്താൽ—നമ്മുടെ അതേ പ്രാഥമിക ഉപമ വീണ്ടും ഉപയോഗിച്ചാൽ—അറിയാതെ അവർ സ്വൂഫിസത്തെ കൃത്രിമ ഉൾനാടൻ ജലപാതകളുടെ ഒരു ശൃംഖലയായി ചുരുക്കിക്കളയുകയാണ്. അതിന്റെ സവിശേഷതയെയും തന്മൂലം അതിന്റെ മൗലികതയെയും കവർന്നെടുക്കുന്നതിലൂടെ, അതിന്റെ എല്ലാ ഗതിവേഗവും അവർ ഇല്ലാതാക്കുന്നുവെന്ന് തിരിച്ചറിയാൻ അവർക്ക് കഴിയുന്നില്ല. ഇത്തരം ജലപാതകൾ ഉണ്ടെന്ന കാര്യം പറയേണ്ടതില്ല. ഉദാഹരണത്തിന്, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇസ്ലാം നിലയുറപ്പിച്ചതു മുതൽ സ്വൂഫികളും ബ്രാഹ്മണരും തമ്മിൽ ബൗദ്ധികമായ വിനിമയങ്ങൾ നടന്നിട്ടുണ്ട്; ക്രമേണ സ്വൂഫിസം നവപ്ലേറ്റോണിസത്തിൽ നിന്നുള്ള ചില പദങ്ങളും സങ്കൽപ്പങ്ങളും സ്വീകരിക്കുകയും ചെയ്തു. എന്നാൽ, ബാഹ്യവും സമാന്തരവുമായ ആത്മജ്ഞാനപരമായ സ്വാധീനങ്ങൾക്ക് ഇസ്ലാമികമല്ലാത്ത ഘടകങ്ങൾ കൊണ്ടുവരാൻ സാധ്യമാകുന്നതിനും വളരെ മുൻപുതന്നെ സ്വൂഫിസത്തിന്റെ അടിത്തറ സ്ഥാപിക്കപ്പെടുകയും അതിന്റെ പിൽക്കാല ഗതി മാറ്റാനാവാത്തവിധം നിശ്ചയിക്കപ്പെടുകയും ചെയ്തിരുന്നു. അത്തരം സ്വാധീനങ്ങൾ ഒടുവിൽ അനുഭവപ്പെട്ടപ്പോൾ, അവ ഉപരിതലത്തെ മാത്രമേ സ്പർശിച്ചുള്ളൂ.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു പ്രത്യേക ദിവ്യവെളിപാടിനെ പൂർണ്ണമായും ആശ്രയിക്കുന്നതിലൂടെ, സ്വൂഫിസം മറ്റെല്ലാറ്റിൽ നിന്നും പൂർണ്ണമായും സ്വതന്ത്രമാണ്. എങ്കിലും, സ്വയംപര്യാപ്തമായിരിക്കെത്തന്നെ, കാലവും ദേശവും ഒത്തുവന്നാൽ സ്വന്തം തോട്ടത്തിനപ്പുറമുള്ള മറ്റു പൂന്തോട്ടങ്ങളിൽ നിന്നും പൂക്കൾ നുള്ളിയെടുക്കാൻ അതിന് കഴിയും. ഇസ്ലാമിന്റെ പ്രവാചകൻ(സ്വ) പറഞ്ഞിട്ടുണ്ട്: ‘ജ്ഞാനം തേടുക, അത് ചൈനയിലാണെങ്കിൽ പോലും’.

തുടരും…


അടിക്കുറിപ്പുകൾ
(1) ബ്രിട്ടീഷ് മ്യൂസിയം Ms. Or. 13453 (3).
(2) ഖുർആൻ 97:3)
(3) പുറപ്പാട് 12:14.
(4) ബ്രിട്ടീഷ് മ്യൂസിയം Ms. Or.7561,മാർഗരറ്റ് സ്മിത്തിന്റെ Al- Ghazali the Mystic (Luzac, 1944), pp 36-7
(5) അല്ലെങ്കിൽ ഉയരത്തിന്റെ മാനം. ഇത് അതേ മാനത്തിന്റെ തന്നെ പൂരകമായ വശമാണ്. സൂഫികൾ ആൾരൂപമായി കാണുന്ന ജീവന്റെ വൃക്ഷം ചിലപ്പോൾ സ്വർഗ്ഗത്തിൽ വേരുകളുള്ളതായി ചിത്രീകരിക്കപ്പെടാറുണ്ട്. ആത്മീയമായി ആഴവും ഉയരവും ഒന്നാണെന്ന കാര്യം വിസ്മരിക്കപ്പെടാതിരിക്കാനാണത്.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy